സാലിഹ് പുതുപൊന്നാനി
“അവരുടെ കുതന്ത്രങ്ങളില്‍ ഏറ്റവും ഭീകരമായിട്ടുള്ളത് ഇതാണ്: തങ്ങളുടെ ചിന്താപിഴവുകളെ സാധൂകരിക്കാന്‍ സയ്യിദുനാ അലി റ)ലേക്ക് ചില വചനങ്ങള്‍ ആരോപിക്കുക. എന്നാല്‍, അദ്ദേഹത്തിന്റെ വിശുദ്ധ പക്ഷം നിരപരാധിയായിരിക്കും. അവരതിന് വ്യത്യസ്ഥ വഴികള്‍ സ്വീകരിക്കുന്നതായി നിരന്തരമായ അന്വേഷണങ്ങളില്‍ നിന്നും പരിശോധനയില്‍ നിന്നും മനസ്സിലാകുന്നു. ഒന്ന്: അദ്ദേഹത്തിന്റെതായി ചില വചനങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും നിര്‍മ്മിക്കുക. രണ്ട്: അദ്ദേഹത്തിന്റെ അനുഗ്രഹീത വചനങ്ങളില്‍ നിന്നും ഒന്നോ രണ്ടോ പദങ്ങള്‍ പുനസ്ഥാപിക്കുക/എടുത്തുനീക്കുക. മൂന്ന്: അദ്ദേഹത്തിന്റെ വിശുദ്ധ വചനങ്ങള്‍ അപ്പടി ഉദ്ധരിക്കാതെ അവയുടെ ആശയം മാത്രം ഉദ്ധരിക്കുക.
അതില്‍ യഥാര്‍ത്ഥ പദങ്ങളും ഘടനയും നീങ്ങുന്നതോടെ തെറ്റായ ആശയം ജനിക്കുന്നു. അര്ത്ഥവ്യതിയാനത്തിന് കൊള്ളാവുന്ന പദങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു.
മൂന്നാമത് പറഞ്ഞ ഇനത്തില്‍ പെട്ടതാണ്, അലി (റ) യുടെ വചനസമാഹാരം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന “നഹ്ജുല്‍ ബലാഗ:”. അലിയുടെ യഥാര്‍ത്ഥ വാക്കുകള്‍/ഉപദേശങ്ങള്‍/പ്രഭാഷണങ്ങള്‍ വ്യാപകമായി സ്ഥാനം തെറ്റിച്ചും ദ്വയാര്‍ത്ഥമുള്ള അപര പദങ്ങള്‍ തിരുകിയും തങ്ങളുടെ വാദങ്ങള്‍ക്ക് യോജിക്കുന്നതാക്കി ക്രമീകരിച്ചിരിക്കുകയാണതില്… അവര്‍ പറയുന്നു,ഇവ സമാഹരിച്ചത് സയ്യിദ് റളിയ്യ് ആണെന്ന്. അതാണ് പ്രസിദ്ധവും ശരിയായതും. അദ്ദേഹത്തിന്റെ സഹോദരന് മുര്തളയുടെ സൃഷ്ടിയാണെന്നും അഭിപ്രായമുണ്ട്. ആരുടേതായാലും ശരി, അതിന്റെ സമാഹര്‍ത്താവ് അലിയുടെ ശുദ്ധ വചനങ്ങളെ “കീറാമുട്ടി”യും “ഗുണശൂന്യ”മായതും ആക്കിയിരിക്കുന്നു, യഥാര്‍ത്ഥ പദങ്ങള്‍ ഒഴിവാക്കിയും, വാചക ഘടനയിലെ യോജിപ്പ് പരിഗണിക്കാതെ മുന്നിലേക്കോ പിന്നിലേക്കോ സ്ഥാന മാറ്റം വരുത്തിയും, തനതായ പദങ്ങള്‍ക്കു പകരം വെച്ച് അര്‍ത്ഥവ്യക്തത നശിപ്പിച്ചും മറ്റും. അങ്ങനെ, അഹ്ലുസ്സുന്നയ്ക്ക് അത് മുറുകെ പിടിക്കാന്‍ പ്രയാസകരമായിരിക്കുന്നു.” ( ശാഹ് അബ്ദുല്‍ അസീസ് ദ ഹലവി/ തുഹ്ഫ)
“നഹ്ജുല്‍ ബലാഗയുടെ സമാഹര്‍ത്താവ് മുര്തളയോ അതല്ല, സഹോദരന് റളിയ്യോ എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല അത് അലിയുടെ വചനങ്ങള്‍ അല്ലെന്നും ആരാണോ അലിയുടെതെന്നു പറഞ്ഞ് അവ എഴുതിയത് അയാളുടെതാണെന്നും പറയപ്പെടുന്നുണ്ട്.” ( ./ശദറാത്തുദ്ദഹബ്)
മുര്‍ത്തളയാണ് നഹ്ജുല്‍ ബലാഗയുടെ കര്‍ത്താവ് എന്ന അഭിപ്രായം അല്ലാമാ ഇബ്നു കസീര്‍ ഉദ്ധരിക്കുന്നുണ്ട്. (അല്‍ ബിദായ) എന്നാല്‍, ചരിത്ര സംശോധകരില്‍ പ്രമുഖനായ അല്ലാമാ ദഹബി തന്റെ “സിയറി”ല്‍, സ്ഥിരീകരിക്കുന്നത് ഇങ്ങനെ: “ ഞാന്‍ പറയുന്നു: അല്ലാമാ ശരീഫ് മുര്‍ത്തളയാണ്, ഇമാം അലി റ)യിലേക്ക് ആരോപിക്കപ്പെടാറുള്ള “നഹ്ജുല്‍ ബലാഗ” യുടെ സമാഹര്‍ത്താവ്. അതില്‍ യാതൊരു സനദും ഇല്ല. ചില വചനങ്ങള്‍ അസത്യങ്ങളാണതില്. സത്യമായവ കാണാമെങ്കിലും അവയില്‍ പലതും വ്യാജ നിര്‍മ്മിതികളാണ്. ഇമാം അലി അത്തരം വാക്കുകള്‍ മൊഴിയുകയോ?! അല്ലാഹുവില്‍ അഭയം. അദ്ദേഹത്തിന്റെ സോദരന് റളിയ്യ് ആണ് എന്നും പക്ഷമുണ്ട്. കശ്ഫുള്ളഉനൂന് കര്‍ത്താവ് ഹാജി ഖലീഫ അല്ലാമാ ദഹബിയെ (മീസാനില്‍ നിന്നും) ഉദ്ധരിക്കുന്നു : “വല്ലോരും നഹ്ജുല്‍ ബലാഗ പരിശോധിച്ചാല്‍, അലിയുടെമേല് കെട്ടി വെച്ചിട്ടുള്ള കളവുകള്‍ മാത്രമാണത് എന്ന് അയാള്‍ ഉറപ്പിക്കുന്നതായിരിക്കും”
വിശ്വസിക്കാന്‍ കൊള്ളുന്ന യാതൊരു “സത്യസന്ധത” യും പുലര്‍ത്താത്ത ഒരു കല്പിത രചനയാണ് നഹ്ജുല്‍ ബലാഗ. ഇസ്ലാമിലെ ആധികാരിക ജ്ഞാന സ്രോതസ്സുകളില്‍ പ്രമുഖനായ അലി റ) യുടെ വചനങ്ങള്‍ എന്ന പേരില്‍, വചന കൈമാറ്റ –നിവേദന പ്രക്രിയകള്‍ക്ക് അഹല്സ്സുന്ന സ്ഥാപിച്ച വിശ്വസ്തതാ മാനദണ്ടങ്ങള്‍ ഒന്ന് പോലും ഇല്ലാതെയാണ് ശിഈകള്‍ പ്രചരിപ്പിക്കുന്നത്. സനദ് ഇല്ല. നിവേദകരുടെ യോഗ്യത നിര്‍ണ്ണയിച്ചില്ല. അവര്‍ക്ക് ചരിത്രമില്ല.. ഇതാണ് അവരുടെ “ അല്ലാഹുവിന്റെ വേദത്തിനു ശേഷം ഏറ്റവും ആധികാരികമായ പ്രമാണം” ?!!
അതിനാല്‍ തന്നെ, അഹല്സ്സുന്ന: “നാലാം ഖലീഫയുടെ/ ജ്ഞാന കവാടത്തിന്റെ” വചനങ്ങള്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. ശിഈ പണ്ഡിതന്മാര് രചിച്ച എത്രെയോ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചും സംഗ്രഹിച്ചും മറ്റും സുന്നി ഉലമാക്കള്‍ ജ്ഞാന വിനിമയത്തില്‍ സഹകരിചിട്ടുണ്ടെങ്കിലും വ്യാജമെന്നു പകല്‍ പോലെ തെളിഞ്ഞ നഹ്ജ് പോലെയുള്ളവ പാടെ തിരസ്കരിക്കുകയായിരുന്നു.
ജമാലുദ്ധീന് അഫ്ഗാനി എന്ന കള്ളപ്പേരില്‍ സുന്നി ലോകത്ത് ബ്രിടീഷുകാര്‍ക്കു വേണ്ടി കളിച്ച “അസ്അദാബാദി” യാണ് ശിയാ- സുന്നി ഐക്യസന്ദേശം എന്ന പേരില്‍ ഷിയാ ഗ്രന്ഥങ്ങള്‍ സുന്നികളിലേക്ക് ഇറക്കുമതി ചെയ്തത്. അയാളുടെ ശിഷ്യന്- ജൂതരുടെ മാസോനിക് ചാര സംഘടനയുമായും ഒരിയന്റലിസ്റ്റുകളുമായും അടുത്ത ചാര്‍ച്ചയുള്ള- അബ്ദുവാണ് നഹ്ജുല്‍ ബലാഗ സുന്നി ലോകത്തെത്തിക്കുന്നത്..?!! കേരളത്തില്‍ , ഇറാന് ഫണ്ട്ഉപയോഗിച്ചു പ്രവര്‍ത്തിച്ചിരുന്ന അരീക്കോട് ഇസ്ലാമിക് ഫൌണ്ടേഷന് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. എന്നാല്‍ അവര്‍ക്ക് സാധിക്കാതെ പോയ ആ ശിഈ ദൌത്യം പൂര്‍ത്തീകരിച്ചത് പ്രമുഖ ജമാഅത്ത് പണ്ഡിതന്( പരിഭാഷയില്‍ ആ പാണ്ഡിത്യം തെളിയുന്നില്ല) ഇഎന്‍ ഇബ്രാഹീം മൌലവിയാണ്. കര്‍മകാര്യങ്ങള്‍ ചെയ്യാന്‍ പോലും ദുര്‍ബല ഹദീസുകളും ആസാറുകളും അവലംബിച്ചുകൂടായെന്നു വാശിയുള്ള ഒരു പ്രസ്ഥാനത്തിന്റെ ആധികാരിക വക്താവ്, കളവുകള്‍ മാത്രം നിറച്ച ഈ ക്ഷുദ്ര കൃതി, വിശദീകരണങ്ങള്‍/ പഠനക്കുറിപ്പുകള്‍ ഒന്നുമില്ലാതെ, വിവേചന ശേഷിയില്ലാത്ത സാധാരണ മലയാളവായനക്കാര്‍ക്ക് വിട്ടുകൊടുത്തത് ഒരുപാട് ആലോചിക്കാന്‍/ അന്വേഷിക്കാന്‍ പ്രേരണ നല്കുന്നു..