അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ)
🖋അബ്‌ദുറഹ്‌മാൻ ആദൃശ്ശേരി
സഹാബികൾ തമ്മിൽ നടന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ആരോ ചർച്ച ചെയ്തപ്പോൾ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ഇപ്രകാരം പറയുകയുണ്ടായി: “ആ രക്തം പുരളാതെ അല്ലാഹു നമ്മുടെ കരങ്ങളെ കാത്തു. അപ്രകാരം അക്കാര്യം ചർച്ച ചെയ്തു നാം നമ്മുടെ നാവിനെ മലിനമാക്കരുത്.” ഈ വിഷയത്തിൽ നാം പുലർത്തേണ്ട സമീപനം ഇതാണ്. എന്നാൽ ഇസ്ലാമിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കൾ മഹത്തുക്കളായ നമ്മുടെ പൂർവ്വികരെക്കുറിച്ച് ഹീനമായ പ്രചാരവേലകൾ നടത്തുമ്പോൾ ഇസ്ലാമിന്റെ മുഖം വികൃതമാവുന്നത് നമുക്ക് നോക്കിനിൽക്കാനാവില്ല, സഹാബികളും താബിഉകളും സ്റ്റേജുകളിലും പേജുകളിലും തരംതാഴ്ത്തപ്പെടുമ്പോൾ, ചരിത്രബോധമുള്ളവർ പ്രതികരിക്കാതെ കാഴ്ചക്കാരായി നിൽക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്.
ഏതൊരു സമൂഹവും തങ്ങളുടെ ഗതകാല ചരിത്രത്തിൽ നിന്ന് ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്നവരും പൂർവികരുടെ സംഭാവനകൾ വിലമതിക്കുന്നവരുമാണ്. എന്നാൽ സമകാലിക മുസ്ലിം സമൂഹം ശിയാക്കൾ, ഓറിയന്റലിസ്റ്റുകൾ തുടങ്ങിയ അവരുടെ ആദർശ ശത്രുക്കൾ രേഖപ്പെടുത്തിയ ചരിത്രം പാടിപ്പുകഴ്ത്തുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന കാഴ്ചയാണ്. കാണുന്നത് ചരിത്ര വസ്തുതകൾ, അന്വേഷിക്കാനോ, വ്യാജ ചരിത്ര നിർമിതിയുടെ വക്താക്കളെ കണ്ടെത്താനോ ആരും ശ്രമിക്കുന്നില്ല. പൂർവ്വികരെ നിന്ദിക്കുകയും അവരുടെ സംഭാവനകൾ തമസ്കരിക്കുകയും ചെയ്യുന്ന മാലപ്പാട്ടുകളും കിസ്സപ്പാട്ടുകളും പാടിപ്പറഞ്ഞ ഗതകാല ചരിത്രമാണ് നമ്മുടേത്. തെറ്റായ ചരിത്ര നിർമിതികൾക്ക് മേൽക്കൈ ലഭിച്ചപ്പോഴും ശരിയായ ചരിത്ര രചനകൾ എക്കാലത്തും നിലനിന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് കണ്ടെത്താനും പ്രചരിപ്പിക്കാനും വ്യാജ ചരിത്ര നിർമിതികളെ പ്രതിരോധിക്കാനും വേണ്ടത്ര ശ്രമങ്ങൾ ഉണ്ടായില്ല എന്നത് വസ്തുതയാണ്. ശിയാ നിവേദകന്മാരായിരുന്നു ആദ്യമായി ഇസ്ലാമിക ചരിത്രം രേഖപ്പെടുത്തിയത്. പിന്നീട് വന്ന സുന്നി ചരിത്രകാരന്മാരും അവരുടെ നിവേദനങ്ങൾ നിരൂപണ വിധേയമാക്കാതെ തങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. തബരിയെ പോലുള്ള സുന്നി ചരിത്രകാരന്മാർ, തങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളിൽ അത്തരം നിവേദനങ്ങൾ ഉൾക്കൊള്ളിച്ചെങ്കിലും തങ്ങളുടെ രചനകളിലെ അത്തരം നിവേദനങ്ങളിലെ സത്യസന്ധമായത് മാത്രം സ്വീകരിക്കേണ്ടതാണെന്ന് ആമുഖത്തിൽ കുറിച്ചത് ത്വബരിയെ ഉദ്ധരിക്കുന്നവർ പിൽക്കാലത്ത് ശ്രദ്ധിക്കാതെ പോയി. നിവേദകരുടെ പേരുകൾ ഉദ്ധരിക്കുന്നത് കൊണ്ട് ചരിത്രബോധമുള്ളവർക്ക് വ്യാജ ചരിത്രകാരന്മാരെ, തിരിച്ചറിയാനും സാധിക്കും. എന്നാൽ ചരിത്രബോധമില്ലാത്ത പ്രഭാഷകരും എഴുത്തുകാരും, പൊതുജനങ്ങളും ഇതൊന്നും പരിശോധിക്കാതെ, കേട്ടത് മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങിയതാണ്. നമ്മുടെ ചരിത്രത്തെ കളങ്കപ്പെടുത്തിയത്. മുഖ്യധാരാ ചരിത്രം വായിക്കുന്ന ഒരാൾക്ക് നമ്മുടെ പൂർവ്വികരെ കുറിച്ച് മനസ്സിലാക്കാൻ കഴിയുക, അവർ ചതിയന്മാരും വഞ്ചകരും, അധികാരത്തിന് വേണ്ടി എന്ത് ഹീനവൃത്തിയും ചെയ്യാൻ മടിക്കാത്തവരും, പൊതുമുതൽ യഥേഷ്ടം കൈകാര്യം ചെയ്യുന്ന ധൂർത്തിന്റെയും പൊങ്ങച്ചത്തിന്റെയും മൂർത്തീ ഭാവങ്ങളുമായിട്ടായിരിക്കും. പള്ളിക്കൂടങ്ങളിലും പള്ളി മിമ്പറുകളിലും സർവകലാശാലകളിലും വരെ, വ്യാജ ചരിത്രങ്ങൾ പഠിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതും വികലചരിത്രമാണ്.
വ്യത്യസ്ത സമൂഹങ്ങൾ തങ്ങളുടെ പൂർവ്വികരെ കുറിച്ചും ചരിത്ര പുരുഷന്മാരെ കുറിച്ചും അഭിമാനം കൊള്ളുമ്പോൾ മുസ്ലിംകൾ അവരുടെ ഉത്തമ നൂറ്റാണ്ടിലെ ചരിത്രപുരുഷന്മാരുടെ കഥകൾ കേൾക്കുമ്പോൾ അപമാനഭാരത്താൽ തലതാഴ്ത്തേണ്ടി വരുന്നു. ഇസ്ലാം മഹത്തായൊരു വിശ്വാസദർശനവും നാഗരികതയുമാണെങ്കിലും ഈ വ്യാജ ചരിത്രനിർമിതി അംഗീകരിക്കുന്നതിലൂടെ അത് നബി(സ്വ)ക്ക് ശേഷം കേവലം രണ്ട് ഖലീഫമാരുടെ കാലത്ത് മാത്രമാണ് അതിന്റെ ആദിമശോഭയിൽ നിലനിന്നതെന്ന് വിശ്വസിക്കേണ്ടി വരും. പൂർവ്വികരെ വിശിഷ്യാ ബനൂ ഉമയ്യയെയും അവരുടെ പൂർവ്വികരായ അബൂ സുഫ്‌യാൻ(റ) മകൻ മുആവിയ(റ) അദ്ദേഹത്തിന്റെ മകൻ ഖലീഫ യസീദ് എന്നിവരെ തമസ്കരിക്കുന്നതിലൂടെ മാത്രമേ അവർ ഇസ്ലാമിന് നൽകിയ തുല്യതയില്ലാത്ത സംഭാവനകളെ തമസ്കരിക്കാനാവൂ. ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ ഇസ്ലാമിന്റെ വെന്നിക്കൊടി പാറിച്ച ഉഖ്ബത്ത് ബിൻ നാഫിഅ്, സ്പെയിൻ കീഴടക്കിയ അബ്ദുറഹ്മാൻ ദാഖിൻ മുതൽ, ഇന്ത്യയിൽ ഇസ്ലാമിക സന്ദേശമെത്തിച്ച അബ്ദുൽ മലിക് ഹസ്രത്ത് ഉസ്മാൻ(റ) ഖുർആൻ ക്രോഡീകരിച്ചു. അതിനെ സംരക്ഷിച്ചുവെങ്കിൽ വഹ്‌യ് എഴുതിയവരിൽ പ്രമുഖനായിരുന്നു നബി(സ്വ) ഭാര്യാസഹോദരൻ മുആവിയ(റ). സ്പെയിൻ, ലബനാൻ, ശാം, തുർക്കി, ഇന്ത്യ, അർമേനിയ, അസർബൈജാൻ, ജോർജിയ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഖസാക്കിസ്ഥാൻ തുടങ്ങിയ ഭൂപ്രദേശങ്ങൾ ഇസ്ലാമിന്റെ കുടക്കീഴിൽ വന്നത് ഉമവികളുടെ സൈനിക മുന്നേറ്റങ്ങളിലൂടെയായിരുന്നു. ഇസ്ലാമിന്റെ പ്രചാരണത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചവരാണ് ഉമവികൾ. അതാണ് ഇസ്ലാമിന്റെ ശത്രുക്കളുടെ കണ്ണിൽ കരടാവാൻ കാരണം. ഇസ്ലാമിക ഖിലാഫത്തിനെ അട്ടിമറിച്ച് ശിയാ ഖിലാഫത്ത് സ്ഥാപിക്കുന്നതിനെ തടഞ്ഞുനിർത്തിയത് മുആവിയ(റ)ന്റെ ഇടപെടലുകളായിരുന്നു. അതാണ് ഉമവികളോട് തീർത്താൽ തീരാത്ത പകയുണ്ടാകാൻ കാരണം.
സഹാബികൾ നബിയുടെ വിയോഗത്തിന് ശേഷം മുർതദ്ദുകളായി എന്നാണ് ശിയാവിശ്വാസം. അബൂബക്കർ(റ), ഉമർ(റ) തുടങ്ങിയ സഹാബികളെ നേരിട്ടു ആക്രമിക്കുന്നത്. സുന്നികൾക്ക് ഉൾകൊള്ളാൻ പ്രയാസമുള്ളത് കൊണ്ട് അവർ കർബല എന്ന തുരുപ്പുശീട്ട് ഉപയോഗിച്ചാണ് സുന്നി സമൂഹങ്ങളിൽ സഹാബിവിരോധം കുത്തിവെക്കുന്നത്. ക്രൂരനായ യസീദ് നബി ﷺയുടെ പേരമകൻ ഹുസൈൻ(റ)യെയും കുടുംബത്തെയും കർബലയിൽ കൊലപ്പെടുത്തി. സഹാബികളെ വാളിൻതുമ്പിൽ നിർത്തി, മുആവിയ(റ) തന്റെ മകനെ അധികാരത്തിലേറ്റി, മുആവിയ(റ)യെ ഉന്നതാധികാരങ്ങളും ഗവർണറുമാക്കിയതിലൂടെ ഉമറും(റ) അബൂബക്കറും(റ) ഈ കുറ്റത്തിൽ പങ്കാളികളായി, ഇങ്ങനെ പോകുന്നു ശിയാക്കളുടെ സഹാബി വിമർശനങ്ങളുടെ ചുവടുകൾ. ശിയാക്കളും അവരുടെ അനുഗാമികളുമായ സുന്നി ചരിത്രകാരന്മാരുടെയും ഉദ്ധരണികൾ വിശ്വസിച്ച് പാമരസമൂഹം യസീദ് ബ്നു മുആവിയ(റ)യെ ചരിത്രത്തിൽ തുല്യതയില്ലാത്ത കുറ്റവാളിയായി ആഘോഷിച്ചു. അശ്അരി വിശ്വാസ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ, യസീദിനെ ശപിക്കാമോ എന്ന അനാവശ്യ ചർച്ച വരെ പിൽക്കാലത്ത് ഉന്നയിക്കപ്പെട്ടു. എന്റെ തലമുറയാണ് ഉത്തമ തലമുറ പിന്നീട് അതിനോടടുത്ത തലമുറയും പിന്നീട് അതിനടുത്ത തലമുറയും എന്ന ഹദീസ് ഉരുവിടുന്നവര് തന്നെയാണ് ഉത്തമ നൂറ്റാണ്ടെന്ന് നബി(സ) പ്രഖ്യാപിച്ച തലമുറയിലെ മഹത്തുക്കളെക്കുറിച്ച് കേട്ടാലറക്കുന്ന ദുരാരോപണങ്ങൾ പ്രചരിപ്പിക്കുന്നതും എന്നത് വിരോധാഭാസമായി തോന്നാറുണ്ട്.
പന്ത്രണ്ട് ഖലീഫമാരുടെ കാലം വരെയും ഈമാനികശക്തിയും പ്രതാപവുമുള്ളതായിരിക്കും. (മുസ്ലിം) എന്ന ഹദീസിന്റെ താൽപര്യത്തിൽ മുആവിയ(റ)യും യസീദും എല്ലാ ഉൾപ്പെടും എന്നത് ആർക്കെങ്കിലും നിഷേധിക്കാനാവുമോ. ഈ ഹദീസിന്റെ വിശദീകരണത്തിൽ, നാല് ഖലീഫമാരും പിന്നീട് ഇസ്ലാമിന് ശക്തിയും പ്രതാപവും ഉണ്ടായ മുആവിയ(റ) യസീദ്,അബ്ദുൽ മാലിക് അദ്ദേഹത്തിന്റെ നാല് മക്കൾ (ഉമർ ബിൻ അബ്ദുൽ അസീസ് എന്നിവരാണ് ഇതിന്റെ താൽപര്യം എന്ന് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയുടെ വ്യാഖ്യാനമാണ് ഏറ്റവും ശരിയായിട്ടുള്ളത്. കാരണം ഇസ്ലാമിക സമൂഹം ഇവരുടെ കാലത്തിന് ശേഷം അക്കാലത്തുണ്ടായത് പോലെ ശക്തിയും പ്രതാപത്തോടും ജൈത്രയാത്രകൾ നടത്തിയതായി കാണാൻ സാധിക്കില്ല.
മുആവിയ(റ)യുടെ മാതാവ് ഉഹ്ദിൽ വെച്ച് ഹംസ(റ)ന്റെ കരൾ ചവച്ചു തുപ്പി എന്ന ഒരു കെട്ടുകഥ പ്രചരിപ്പിക്കപ്പെട്ടതും ഉമവി വിരോധത്തിന്റെ ഭാഗമാണ്. ജുബൈർ ബിൻ മുത്ഉം ആണ് തന്റെ അടിമയെ ഉഹ്ദിൽ വെച്ച് ഹംസ(റ)യെ കൊലപ്പെടുത്താൻ ശട്ടം കെട്ടിയത്. ബുഖാരി ഉദ്ധരിക്കുന്നത് പ്രകാരം ജുബൈർ ബിൻ മുത്അമായിരുന്നു തന്റെ പിതൃവ്യർ ത്വഈമ ബിൻ അദിയ്യിനെ ഹംസ(റ) ബദ്റിൽ വെച്ചു കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഹംസ(റ)യെ വധിച്ചത്. ഹംസ(റ)യെ കൊലപ്പെടുത്തായിൽ സ്വതന്ത്രനാക്കാമെന്നായിരുന്നു ജുസൈർ വഹ്ശിക്ക് നൽകിയ വാഗ്ദാനം. പിന്നീട് ഇസ്ലാം ആശ്ലേഷിച്ച വഹ്ശിയുടെ പശ്ചാതാപം നബി സ്വീകരിച്ചു. എന്നാൽ ഹംസ(റ)യുടെ സ്മരണകൾ ഉണർത്തുന്നത് കാരണം വഹ്ശിയോടു നബി(സ) തന്റെ മുന്നിൽ നിന്ന് മാറിനിൽക്കാൻ പറഞ്ഞിരുന്നു. എന്നാൽ തന്റെ പിതൃവ്യന്റെ കരൾ ചവച്ചു തുപ്പിയിട്ടുണ്ടെങ്കിൽ ഹിന്ദ് ബിൻത് ഉത്ബയോടും ഇസ്ലാം സ്വീകരിച്ചതിന് ശേഷം നബി(സ) തന്റെ മുന്നിൽ പ്രത്യക്ഷപ്പെടരുതെന്ന് പറഞ്ഞോ? ഒരിക്കലുമില്ല. അവരെ ആദരിക്കുകയും അവർ വളരെ കുലീനമായി നബിയോടു ഇടപഴകിയതായും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ദുർബലമായ നിവേദനങ്ങൾ പൊക്കിപ്പിടിച്ചാണ് ഹിന്ദ്(റ)നെതിരിൽ ചരിത്രകാരന്മാർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വാദത്തിന് വേണ്ടി ഇക്കാര്യം സമ്മതിച്ചാൽ പോലും തന്റെ മുൻചെയ്തികളെ ഒരാൾ ഇസ്ലാം ആശ്ലേഷിക്കുന്നതോടെ മാപ്പാക്കപ്പെടുന്നതാണെന്ന് നബിവചനം സൗകര്യപൂർവ്വം വിസ്മരിക്കലാണ്. ബദ്റിലും ഉഹ്ദിലും മുസ്ലിംകൾക്കെതിരിൽ പട നയിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുതയും ചെയ്ത എത്രയോ പേർ പിന്നീട് ഇസ്ലാമിന്റെ ധീര യോദ്ധാക്കളായി മാറി. എന്നാൽ ഇതൊന്നും ഉമവികൾക്ക് ബാധകമല്ല എന്നാണ് ഇവരുടെ വാദം.
ശിയാക്കൾ ഏറ്റവും ഹീനനായി ചിത്രീകരിക്കുന്ന യസീദ് ബിൻ മുആവിയ(റ)യുടെ ഭാര്യമാരിൽ ഒരാൾ അലി(റ)യുടെ സഹോദരൻ ജഅ്ഫർ ഇബ്നു അബീത്വാലിബിന്റെ പുത്രൻ അബ്ദുല്ലയുടെ മകൾ ഉമ്മു മുഹമ്മദായിരുന്നുവെന്ന് എത്ര പേർക്കറിയാം?
ഹിജ്റ 26-ാം വർഷം ജനിച്ച യസീദ് ഉന്നതമായ ദീനീശിക്ഷണവും ആയോധനകലകളും ക്ഷമ, സത്യസന്ധത ചെറുപ്പത്തിലേ അഭ്യസിപ്പിച്ചിരുന്നു. മരുഭൂമിയിലെ പരുക്കൻ ജീവിതവും സ്വഭാവങ്ങളും പഠിക്കാൻ പിതാവ് അദ്ദേഹത്തെ കൽബ് ഗോത്രക്കാരുടെ അടുത്തേക്കയച്ചു. നഗരത്തിലെ ആഢംബര ജീവിതശൈലികൾ വർജിക്കാൻ ഇതുപകരിച്ചു. യുദ്ധ പരിശീലനം നൽകുകയും ജനങ്ങളെ നയിക്കേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിക്കാൻ ഹജ്ജിന്റെ അമീറായി നിശ്ചയിക്കുകയും ചെയ്തു.
സഹാബികളുടെ തൊട്ടടുത്ത ഗണത്തിൽ ഇമാം അബൂ സുർഅ അദ്ദേഹത്തെ എണ്ണി മുആവിയ(റ)യിൽ നിന്ന് അദ്ദേഹം ചില ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ് തന്റെ സുഹ്ദിൽ അദ്ദേഹത്തെ ഉദ്ധരിച്ചതായി കാണാം.
യസീദിനെതിരിൽ കാലാൾപട നയിച്ച മദീനയിലെ വിപ്ലവകാരികളും അവരുടെ നേതാവ് അബ്ദുല്ല ഇബ്നു മുതീഅ്അദ്ദേഹം നിസ്കാരം ഉപേക്ഷിക്കുന്നവനാണെന്നും മറ്റു പല അപവാദങ്ങളും പറഞ്ഞപ്പോൾ അലി(റ)യുടെ പുത്രൻ മുഹമ്മദ് ബിൻ അലി(റ) അതിന് ഇപ്രകാരം മറുപടി പറയുകയുണ്ടായി. “നിങ്ങൾ പറയുന്നതൊന്നും ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നമസ്കാരം കൃത്യമായി നിർവ്വഹിക്കുന്നതും ഉത്തമചര്യ പാലിക്കുന്നതും ഇസ്ലാമിക വിധികളെകുറിച്ച് ചോദിക്കുന്നതും സുന്നത്ത് പിന്തുടരുന്നതും കണ്ടിട്ടുണ്ട്.”
യസീദിന്റെ കൂടെ കഴിഞ്ഞ അലി(റ) പുത്രൻ മുഹമ്മദ് ബിൻ അലിയുടെ ഈ സാക്ഷ്യത്തിനു മുമ്പിൽ പിൽക്കാല ചരിത്രകാരന്മാരുടെയും വ്യാജ നിർമ്മിതിക്കാരുടെയും മുഴുവൻ ദുരാരോപണങ്ങളും ചില്ലുകൊട്ടാരം കണക്കെ തകർന്നു വീഴുന്നത് കാണാം. സഹാബികൾ അദ്ദേഹത്തെ ഖലീഫയായി ബൈഅത്ത് ചെയ്തു. പ്രമുഖ സഹാബികളായ ഇബ്നു ഉമർ, ഇബ്നു അബ്ബാസ്, മുആവിയ, മസ്‌ലമ ഇബ്നു മഖ്‌ലദ്, നുഅ്മാൻ ഇബ്നു ബഷീർ, അബ്ദുല്ല ഇബ്നു ജഅ്ഫർ, ദഹാഖ് ഇബ്നു ഖൈസ്, അംറ് ഇബ്നു ഹദീഫ് എന്നിവർ ഇവരിൽ ചിലരത്രെ. സഹാബികളും താബിഉകളും അദ്ദേഹത്തിന്റെ കീഴിൽ ജിഹാദ് ചെയ്യുകയും ചെയ്തു. ലൈസ് ബിൻ സഅ്ദ്, ഇബ്നു ഹസം, ഇബ്നു കസീർ, ഇബ്നുൽ അറബി, അബൂഹാമിദ് അൽഗസാലി തുടങ്ങിയവർ അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സഹാബികളിൽ പാണ്ഡിത്യം കൊണ്ട് പ്രശസ്തനായിരുന്ന അബ്ദുല്ല ഇബ്നു മസ്ഊദ്(റ)ന്റെ ശിഷ്യനും തന്റെ വിജ്ഞാന സദസ്സുകളിലെ സാന്നിധ്യവുമായിരുന്നു തന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളുമായിരുന്നു അദ്ദേഹം (കിതാബുദ്ദഅ്‌വാത് – ബുഖാരി).
യസീദിനെതിരിൽ കലാപവുമായി രംഗത്ത് വന്നവരെ അക്കാലത്തെ ഏറ്റവും പ്രഗത്ഭ സഹാബി ഇബ്നു ഉമർ(റ) വിശേഷിപ്പിച്ചത് വഞ്ചകർ എന്നായിരുന്നു. വഞ്ചകർക്ക് അന്ത്യനാളിൽ പതാക നാട്ടപ്പെടും എന്ന തിരുവചനം അദ്ദേഹം അവരെ ഓർമ്മിപ്പിച്ച കാര്യവും ബുഖാരിയിൽ കാണാം.
“മദീനക്കാർ യസീദ് ബിൻ മുആവിയ(റ)യെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ അബ്ദുല്ല ഇബ്നു ഉമർ തന്റെ മക്കളെയും ബന്ധുക്കളെയും ഒരുമിച്ചു കൂടി. ഓരോ വഞ്ചകനും അന്ത്യനാളിൽ ഒരു പതാക നാട്ടപ്പെടും” എന്ന് നബി(സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് എന്ന് പറയുകയുണ്ടായി. (ബുഖാരി). അദ്ദേഹം പറഞ്ഞു. ഈ മനുഷ്യനോട് (യസീദ്) നാം അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ അനുസരണ പ്രതിജ്ഞ ചെയ്ത ശേഷം അയാൾക്കെതിരിൽ കലാപത്തിനു പുറപ്പെടുന്നതിനേക്കാൾ വലിയ വഞ്ചന എനിക്കറിയില്ല. നിങ്ങൾ ആരെങ്കിലും അങ്ങനെ ചെയ്താൽ ഞാനും അവനും തമ്മിൽ യാതൊരു ബന്ധവുമില്ല. അദ്ദേഹം നമസ്കരിക്കാറില്ല എന്ന് പറഞ്ഞപ്പോൾ, ഞാൻ അദ്ദേഹം കൃത്യമായി നമസ്കരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ കലാപകാരികൾ പറഞ്ഞു അത് നിങ്ങളെ കാണിക്കാൻ ചെയ്തതായിരിക്കുമെന്നായിരുന്നു. അപ്പോൾ ഇബ്നു ഉമർ ചോദിച്ചു. എന്നെ ഭയപ്പെട്ടോ പ്രീതിപ്പെടുത്താനോ ഭക്തി നടിക്കാനോ എന്ന ആവശ്യമാണ് അദ്ദേഹത്തിനുള്ളത് എന്നായിരുന്നു അദ്ദേഹം മദ്യം സേവിച്ചു എന്ന് നിങ്ങൾ പറഞ്ഞ കാര്യം നിങ്ങൾ കണ്ടിരുന്നോ? നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങളും അതിൽ പങ്കാളികളാണ്, നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ അറിയാത്തത് പറയാൻ നിങ്ങൾക്കവകാശമില്ല. അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും അക്കാര്യം സത്യമാണ്. ആ സാക്ഷ്യം അംഗീകരിക്കാൻ അല്ലാഹു എന്നെ അനുവദിക്കുന്നില്ല. നിങ്ങളുടെ കാര്യത്തിൽ ഞാനില്ല എന്നദ്ദേഹം പറഞ്ഞു. ഞങ്ങൾ നിങ്ങളെ അധികാരത്തിലേറ്റാം എന്നവർ പറഞ്ഞു. മുന്നിൽ നിന്ന് നയിച്ചോ പിന്നിൽ നിന്ന് പിന്തുണച്ചോ നിങ്ങൾ പറയുന്ന കാര്യത്തിന് വേണ്ടി പോരാടാൻ എനിക്കാവില്ല എന്ന് അബ്ദുല്ല ഇബ്നു ഉമർ അവരോടു പറഞ്ഞു. നിങ്ങൾ നിങ്ങളുടെ പിതാവിന്റെ കൂടെ യുദ്ധം ചെയ്തിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ എന്റെ പിതാവിനെ പോലുള്ളവരെ കൊണ്ടുവന്നാൽ അദ്ദേഹത്തിനു വേണ്ടിയാണോ യുദ്ധം ചെയ്തത് അതിന് വേണ്ടി ഞാനും യുദ്ധം ചെയ്യാം അദ്ദേഹം പറഞ്ഞു. എന്നിൽ നിങ്ങളുടെ രണ്ട് മക്കളെ ഞങ്ങളോടൊപ്പം അയക്കുക എന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അവരെ അയക്കുകയാണെങ്കിൽ ഞാനും യുദ്ധം ചെയ്തു എന്ന് മറുപടി പറഞ്ഞു. എന്നാൽ ഞങ്ങളോടൊപ്പം വന്ന് യസീദിനെതിരിൽ യുദ്ധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുക എന്നാവശ്യപ്പെട്ടപ്പോൾ, ഞാൻ ഇഷ്ടപ്പെടാത്ത കാര്യത്തിന് ഞാൻ ജനങ്ങളോട് കൽപിക്കുകയോ? അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ അല്ലാഹുവിനോടും ജനങ്ങളോടു ഗുണകാംക്ഷയില്ലാത്തവനായി മാറും. അദ്ദേഹം പറഞ്ഞു. എങ്കിൽ ഞങ്ങൾ നിങ്ങളെ വെറുക്കുന്നു. അവർ പറഞ്ഞു. എന്നാൽ അല്ലാഹുവിനെ സൂക്ഷിക്കാനും സൃഷ്ടാവിനെ വെറുപ്പിച്ച് സൃഷ്ടികളെ പ്രീതിപ്പെടുത്തരുതെന്ന് ഞാൻ ആജ്ഞാപിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. (ഇബ്നു കസീർ)
മദീനയിൽ യസീദിനെതിരിൽ കലാപം നടത്തിയവരുടെ നേതാവ് അബ്ദുല്ല ഇബ്നു മുതീഇനെ ആ സമയത്ത് ഇബ്നു ഉമർ(റ) സന്ദർശിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം ഇബ്നു ഉമറിനെ സ്വീകരിക്കാൻ തലയണ കൊണ്ടുവരാനാവശ്യപ്പട്ടു. ഇത് കേട്ട ഞാൻ ഇരിക്കാൻ വന്നതല്ല, റസൂലിൽ നിന്ന് കേട്ട ഒരു ഹദീസ് നിങ്ങളെ കേൾപ്പിക്കാൻ വന്നതാണ് എന്നു പറഞ്ഞുകൊണ്ട് “ഒരാൾ ഭരണാധികാരിയോടുള്ള പ്രതിജ്ഞ ലംഘിച്ചാൽ അയാൾ യാതൊരു പ്രമാണവുമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടും. ഒരാൾ തന്റെ ഭരണാധികാരിയോടു അനുസരണ പ്രതിജ്ഞ ചെയ്യാതെ മരണപ്പെട്ടാൽ, അവൻ ജാഹിലിയ്യ മരണം വരിക്കുന്നതാണ്.” (മുസ്ലിം) എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്ന് പറയുകയുണ്ടായി. മദീനയിലെ ചിലർ തനിക്കെതിരിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതറിഞ്ഞ യസീദ് അവരെ കാര്യങ്ങൾ ബോധിപ്പിക്കാൻ പ്രമുഖ സഹാബി നുഅ്മാൻ ബിൻ ബശീർ(റ)നെ പറഞ്ഞയച്ചു. അദ്ദേഹത്തെ അവർ അനുസരിച്ചില്ല. പിന്നെ പലരെയും പറഞ്ഞയച്ചു. പല സഹാബികളും അവരെ ഉപദേശിച്ചു. ഹി. 63-ൽ അബ്ദുല്ല ഇബ്നു മുതീഇന്റെ നേതൃത്വത്തിൽ ഖലീഫക്കെതിരിൽ പ്രക്ഷോഭത്തിന് ഒരുങ്ങി. അവർ മദീനയിലെ ഗവർണർക്ക് ബനൂ ഉമയ്യക്കാർക്കുമെതിരിൽ കലാപം അഴിച്ചുവിട്ടു. ഇതറിഞ്ഞ യസീദ് ഫലസ്തീൻ, ജോർദാൻ, ഡമസ്കസ്, ഹിംസ്, ഖൻസരീൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഭടന്മാരെ മദീനയിലേക്കയച്ചു. അവരോട് മൂന്ന് ദിവസം മദീനക്കാരോട് സമാധാനപരമായി ഖലീഫയെ അനുസരിക്കാൻ ആവശ്യപ്പെടാൻ പറയുകയും അനുസരിക്കാത്ത പക്ഷം കലാപം അടിച്ചമർത്താൻ കൽപിക്കുകയും ചെയ്തു. സൈനിക നേതാവ് മുസ്ലിം ഇബ്നു ഉഖബ മദീനയിലെ കലാപകാരികളോട് ഖലീഫയും അവരും തമ്മിലുള്ള ബന്ധം ഓർമ്മപ്പെടുത്തി. രക്തം ചിന്തുന്നതിലുള്ള തന്റെ പ്രയാസവും അവരെ അറിയിച്ചു. അവർക്ക് മൂന്ന് ദിവസം പുനരാലോചന നടത്താൻ അനുവദിച്ചു. അവർ യുദ്ധം ചെയ്യാനൊരുങ്ങിയപ്പോൾ, അവരെ ഗുണദോഷിച്ചു. മതവിരുദ്ധരെയും തെമ്മാടികളെയും ഖലീഫക്കെതിരിൽ സംഘടിപ്പിച്ചു. ഈ നിഷേധിയെ നിങ്ങൾ അനുസരിക്കരുതെന്ന് അവരെ അദ്ദേഹം ഉപദേശിച്ചു. (ത്വബരി 5/487).
എന്നാൽ കലാപകാരികൾ യുദ്ധത്തിന് ധൃതി കൂട്ടിയതുകൊണ്ട് മറ്റു വഴികളുണ്ടായിരുന്നില്ല. കലാപം അടിച്ചമർത്തിയ ശേഷം മൂന്ന് ദിവസം സൈനികർ സ്വൈര്യവിഹാരം നടത്തിയതിനെ ഇബ്നു കസീറിനെ പോലുള്ളവർ വിമർശിച്ചത് കാണാം. ഏതായാലും ഈ ദാരുണ സംഭവത്തിന് വഴിവെച്ചത് കലാപകാരികളായിരുന്നു. അവർ മദീന ഗവർണറെ പുറത്താക്കുകയും ബനൂ ഉമയ്യക്കാരെ മദീനയിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്തതാണ് കലാപം അടിച്ചമർത്താനും തുടർന്നുള്ള അനിഷ്ട സംഭവങ്ങൾക്കും കാരണമായത്. ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ടെങ്കിലും നുവൈരി പറയുന്നത് മക്കക്കാർ നൂറ് പേരും മദീനയിലെ ഇരുനൂറ് പേരും കൊല്ലപ്പെട്ടു എന്നാണ്. (നിഹായതുൽ അറബ് 20/495). മദീനയിലെ ബഖീഇൽ ഹർറ രക്തസാക്ഷികളുടെ ഖബറുകൾ എന്ന് പരിചയപ്പെടുത്തുന്ന സ്ഥലം വളരെ കുറച്ചുപേരെ മാത്രം ഉൾക്കൊള്ളുന്ന ബഖീഇലെ ഒരു പ്രദേശമാണ്. ബനൂ ഉമയ്യയോട് വിദ്വേഷം പുലർത്തുന്ന മസ്ഊദി, യഅ്ഖൂബി പോലുള്ള ശിയാ ചരിത്രകാരന്മാർ സംഭവം ദുരന്തത്തിന് കാരണം യസീദിന്റെ മതവിരുദ്ധതയും അക്രമവും അനീതിയുമൊക്കെയാണെന്ന് പറഞ്ഞ് പൊലിപ്പിക്കുന്നത് കാരണം എന്നാൽ ആ വാദം മുഹമ്മദ് ബിൻ അലി(റ) തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പൊളിച്ചടുക്കിയത് നാം കണ്ടു. മസ്ഊദി പറയുന്നത് യസീദിലും നന്നായി ഫിർഔൻ തന്റെ പ്രജകളോട് നീതി കാണിച്ചുവെന്നാണ്. (മുറൂജുദഹബ് 3/78). ശിയാ ചരിത്രകാരനിൽ നിന്ന് നീതി പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ? യസീദിനെ പ്രകോപിപ്പിക്കുകയും അദ്ദേഹം അവരോട് സൗമ്യമായി പെരുമാറിയപ്പോൾ തിരിച്ചു ക്രൂരമായി പെരുമാറുകയും അദ്ദേഹത്തിന്റെ ആളുകളെ പുറത്താക്കുകയും ചെയ്തതാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് ആധുനിക കാലത്തെ പ്രമുഖ ഗവേഷകൻ മുഹമ്മദ് കുർദ് അലി പറയുന്നത്.
(തുടരും)