Ahlussunnahind

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

October 13, 2023

Related Articles

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ഡോക്ടർ അബ്ദുറഹ്മാൻ ആദൃശേരി.

അല്ലാഹു പ്രവാചക നിയോഗത്തിലൂടെ മാനവ ജീവിതത്തിന് നവചൈതന്യവും ആത്മീയ ശോഭയും പ്രധാനം ചെയ്തു. ഇരുൾ പരത്താൻ വെമ്പി നിൽക്കുന്ന മനുഷ്യകുലത്തിന്  തൗഹീദിന്റെ ദീപം നൽകി വീണ്ടും ശോഭനമാക്കി മാറ്റി. കെട്ടുപോയ അതിൻ്റെ ജീവന്  ആത്മചൈതന്യം നുകർന്ന് ജീവസുറ്റതാക്കി. സാക്ഷിയും  പ്രത്യാശയും താക്കീതും നൽകുന്നവരായും തിരുമേനി കടന്നു വന്നു. ജ്വലിക്കുന്ന വിളക്കായി അല്ലാഹുവിലേക്ക് ക്ഷണിക്കാൻ തിരുദൂതർ നിയോഗിക്കപ്പെട്ടു.

 ജനപദങ്ങൾ ഇരുൾ പകുത്തുമാറ്റി തൗഹീദിന്റെ പ്രകാശപദത്തിലേക്ക് ഒഴുകിയെത്തി. ബധിര കർണ്ണങ്ങൾ കേൾക്കാൻ തുടങ്ങി. അന്ധത ബാധിച്ച കണ്ണുകൾ സത്യം തിരിച്ചറിഞ്ഞു. അടഞ്ഞുപോയ ഹൃദയങ്ങൾ തൗഹീദിന്റെ ശുദ്ധ വായു ശ്വസിക്കാൻ തുടങ്ങി. സൂര്യനേക്കാൾ ആ പ്രവാചകൻ മാനവകുലത്തിന് ആകമാനം വെളിച്ചം പകർന്നു. വരണ്ടുണങ്ങിയ ഭൂമിയിൽ വർഷിച്ച പേമാരിയെക്കാൾ അവിടുന്ന് മാനവ ഹൃദയങ്ങൾക്ക് ജീവജലം നൽകി. പ്രതിഭത്വം എത്രമേൽ സമ്പൂർണ്ണമാണെങ്കിലും ആ പ്രവാചകനേക്കാൾ സമ്പൂർണ്ണനായ മനുഷ്യനെ മാനവകുലം ദർശിച്ചിട്ടില്ല. അയാൾ എത്ര വലിയ സിദ്ധിയും തത്വജ്ഞാനിയും പ്രതിഭാശാലിയുമാണെങ്കിലുംശരി.

തിരുമേനിയുടെ ജീവിതത്തിൻ്റെ സകലമാനങ്ങളെക്കുറിച്ചും അനുയായികൾ രേഖപ്പെടുത്തിയിട്ടുണ്ട്; പെരുമാറ്റം, സ്വഭാവമഹിമ, ആരാധനകൾ, വിധിവിലക്കുകൾ, ഉറക്കവും ഉണർച്ചയും, നടത്തവും ഇരിത്തവും, ഭക്ഷണമാര്യാദകൾ, കുടുംബത്തോടും കൂട്ടുകാരോടുമുള്ള ഇടപെടലുകൾ, സന്തോഷ സന്താപ വേളകൾ, മൗനവും സംസാരവും, ഔദാര്യവും വിട്ടുവീഴ്ചയും, ലജ്ജയും വിനയവും, വസ്ത്രവും വേഷവും, ജീവിതവും ചര്യകളും, കുളിയും ദേഹശുദ്ധിയുമെല്ലാം എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നാൽ തൻ്റെ അനുയായികളിൽ പലർക്കും നബിചര്യയെ കുറിച്ച്  കാര്യമായി ഒന്നുമറിയില്ല എന്നത് ഏറെ ദുഃഖകരമായ വസ്തുതയാണ്. മനുഷ്യകുലത്തിന് യാതൊരു മാതൃകയും നൽകാത്തവരുടെ തടവറകളിൽ കഴിയുന്ന കലാകായിക രംഗത്തെ പലരേയും എത്രയെത്ര ആരാധനാപൂർവ്വം ആഘോഷിക്കപ്പെടുന്നു.

നബിചരിത്രം പഠിച്ചാണ് മാനവ ഐക്യത്തിന് മാതൃകയായ സഹാബികളും താബിഉകളും വിജ്ഞാന പടുക്കളും ധീരയോദ്ധാക്കളും മാതൃക ഭരണാധികാരികളും, ചതിയും വഞ്ചനയും അറിയാത്ത വാണിജ്യ കുലപതികളും ഈ സമുദായത്തിന്റെ ചരിത്രത്തിലും വർത്തമാനത്തിലും ഉദയം കൊണ്ടത്. ഈ സമുദായത്തിന്റെ സച്ചരിതരായ പൂർവികർക്ക് ,മാതൃകയായ സഹാബികളും താബിഉകളും   തങ്ങളുടെ മക്കളെ ചെറുപ്പത്തിലേ നബി ചരിത്രം പകർന്നു നൽകുകയും ചര്യകൾ അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ  മാധ്യമങ്ങളിൽ നിത്യജീവിതത്തെ വികൃതമായി അവതരിപ്പിക്കുന്ന എത്രയെത്ര ഉള്ളടക്കങ്ങളാണ്. ബാലമനസ്സുകളെ അത് എത്രമാത്രം മലീമസമാക്കുന്നു. എന്നാൽ നാം  ഇതിനെ പ്രതിരോധിക്കാൻ എന്താണ് ചെയ്യുന്നത്? മാനവരിൽ മഹോന്നതനായ തിരുനബിയുടെ വ്യക്തിത്വത്തെ കരിവാരി തേക്കുന്നതു വരെ നിസ്സംഗരായി നോക്കി നിൽക്കേണ്ട അവസ്ഥയാണ് നമുക്കുള്ളത്. പ്രവാചക ജീവിതത്തിന്റെ എല്ലാ വശങ്ങളും സഹൃദയർക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ടെന്ന് ഓർക്കണം.

ഖുർആൻ നബിയെ പരിചയപ്പെടുത്തുന്നത് “താങ്കൾ ഉൽകൃഷ്ട സ്വഭാവത്തിലാണ്” (അൽ ഖലം 4) അല്ലാഹുവിന്റെ പ്രീതിയും പരലോകം മോക്ഷവും കൊതിക്കുകയും അല്ലാഹുവിനെ ഏറെ സ്മരിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ദൂതനിൽ  അത്യുന്നതമായ മാതൃകയുണ്ട്”. (അൽ അഹ്സാബ്, 21) “താങ്കളെ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല” (അൽ അമ്പിയാ, 108) എന്തൊരു സുന്ദരമായ പ്രസ്താവനയാണിത്, ആരുടേതാണീ പ്രസ്താവന, രക്ഷിതാവായ അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്.അല്പമെങ്കിലും ചിന്താശേഷിയുള്ളവർ  സഗൗരവം ചിന്തിക്കേണ്ടതാണിത്. അഥവാ,ചരിത്രത്തിന്റെ ദശാസന്ധിയുടെ ഉത്ഥാനപതനത്തിലൂടെ കടന്നുപോയ മാനവകുലത്തെ പ്രവാചക തിരുമേനി എങ്ങിനെയാണ് മാറ്റി പണിതത് എന്ന ചരിത്രം. മനുഷ്യൻ മനുഷ്യന്റെ അടിമകളായി കഴിഞ്ഞ കാലത്ത് ജാതി മത ഭേദമന്യേ  മുഴുവൻ മനുഷ്യർക്കും തുല്യ നീതി നടപ്പാക്കിയത്! അന്നേ വരെ നിലവിൽ ഉണ്ടായിരുന്ന മനുഷ്യത്വ രഹിതമായ ചട്ടങ്ങളെയും ചിട്ടകളെയും മാറ്റിയ ചരിത്രം എത്രമാത്രം ഹൃദയഹാരിയാണ്. സത്യാവശ്വാസികൾക്ക് എന്നോ അറബികൾക്കെന്നോ പൗരസ്ത്യ ദേശത്തിനെന്നോ അല്ല അല്ലാഹു പറഞ്ഞത്, മുഴുവൻ ചരാചരങ്ങൾക്കും കാരുണ്യമായിട്ടാണ് ഞാൻ താങ്കളെ നിയോഗിച്ചത് എന്നാണ്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിൽ ഉച്ചനീച്ചത്വങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ജന സമൂഹത്തിൽ ജീവിക്കുന്ന നാം ഈ സന്ദേശം എത്ര മാത്രം ഉച്ചത്തിൽ വിളിച്ചു പറയേണ്ടതുണ്ട്. സർവോപരി അത് ജീവിതത്തിൽ പുലർത്തേണ്ടതുണ്ട് എന്ന് ഓർക്കുക. ജീവിതത്തിന്റെ ലക്ഷ്യവും അർത്ഥവും അറിയാതെ, സമൂഹവും പാരമ്പര്യവും അടിമത്വ ജീവിതത്തിൽ അടിച്ചേൽപ്പിച്ച ശിർക്കിന്റെയും കുഫ്രിന്റെയും നീരാളി പിടുത്തത്തിൽ വിലയേറിയ ജീവിതം ഹോമിയ്ക്കാൻ വിധിക്കപ്പെട്ടവനെ, വിളക്കിന്റെ അഗ്നിനാളങ്ങളിൽ പെട്ടു കരിഞ്ഞു പോകുന്ന ഈയ്യാംപാറ്റകളെ ആട്ടിയകറ്റുന്നവനെ പോലെ നബി തിരുമേനി രക്ഷേപ്പെടുത്തി. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് ഇതാണ് സൂചിപ്പിക്കുന്നെത്. നബി (സ) പറഞ്ഞു “എന്റെയും നിങ്ങളുടെയും ഉദാഹരണം വിളിക്കു കത്തിച്ച ഒരാളുടെതാണ്. പ്രാണികളും പാറ്റകളും അതിലേക്ക് വന്നു പതിക്കാൻ തുടങ്ങി അയാൾ അവയെ തടയുന്നു .അപ്രകാരം ഞാനും നിങ്ങളെ നരകത്തിൽ പതിക്കുന്നതിൽ നിന്നും നിങ്ങളുടെ ഊരക്ക് പിടിച്ചു വലിക്കുന്നു, എന്നാൽ നിങ്ങൾ എന്റെ കരങ്ങളിൽ നിന്ന് വഴുതി പോവുന്നു. (മുസ്ലിം ). റഹ്മാൻ,റഹീം, റഊഫ് തുടങ്ങി കാരുണ്യത്തെ കുറിക്കുന്ന നാമങ്ങൾ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഗുണങ്ങളിൽ പെടുന്നു. ഇതിൽ റഊഫ്, റഹീം എന്നീ വിശേഷണങ്ങൾ നബി തിരുമേനിയേയും വർണിക്കുന്നതിൽ വിശാലമായ അർത്ഥങ്ങളുണ്ട്. ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. മനുഷ്യ ജീവന്റെ സംരക്ഷണം മതത്തിന്റെ സവിശേഷ താല്പര്യത്തിൽ പെട്ടതാണ്. അല്ലാഹു കാരുണ്യവാനും പൊറുക്കുന്നവനുമാണ്. മുഴുവൻ ചരാചരങ്ങളെയും ചൂഴ്ന്ന് നിൽക്കുന്നതാണ് അവന്റെ കാരുണ്യം അവന്റെ കോപത്തെ അതിജയിക്കുന്നതാണ്. അവന്റെ കാരുണ്യവർഷങ്ങൾ. ജീവനുള്ള എല്ലാത്തിലും അവന്റെ കരുണയുടെ സ്പർശമുണ്ട്. തന്റെ കരുണയുടെ നൂറിൽ ഒരു അംശം മാത്രമാണ് അഖില ചരാചരങ്ങളിലും അവൻ സന്നിവിശേഷിപ്പിച്ചത്. ബാക്കി അവൻ തനിക്കായി സൂക്ഷിച്ചിരിക്കുന്നു.

അല്ലാഹുവിന് നൂറ് കാരുണ്യമുണ്ട്. അതിൽ ഒന്ന് മാത്രം അവൻ മനുഷ്യൻ ജിന്നുകൾ കിളികൾ വന്യ മൃഗങ്ങൾ എന്നിവക്ക് ഇറക്കി കൊടുത്തു.അതിൽ നിന്നാണ് അവർ പരസ്പര കരുണയും ദയയും കാണിക്കുന്നത്.  വന്യമൃഗം തന്റെ കുഞ്ഞിനോട് കരുണ കാണിക്കുന്നത് അത് കൊണ്ടാണ്. ബാക്കി തൊണ്ണൂറ്റിഒമ്പത് കരുണകൾ അന്ത്യ നാളിൽ തന്റെ സൃഷ്ടികൾക്ക് പകർന്നു നൽകാൻ ബാക്കി വെച്ചേക്കുന്നു (മുസ്ലിം).

ലോകത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച തിരുദൂതരുടെ ജീവിതം മുഴുവൻ കാരുണ്യമാണ്. തന്റെ നടപടികളും പെരുമാറ്റങ്ങളും കരുണാമയമാണ്. താൻ കൊണ്ട് വന്ന ശരീഅത്ത് കാരുണ്യവർഷമാണ്. ആയിരകണക്കിന് വർഷങ്ങൾ, ജീവനോടെ ഭർത്താവിന്റെ ചിതയിൽ ഹോമിക്കപ്പെട്ട സ്ത്രീരത്നങ്ങളും ,അവരെ അതിലേക്ക് എടുത്ത് ചാടാൻ കല്പിച്ച നിയമവ്യവസ്ഥയും നിലനിന്നിരുന്നത് ഓർക്കുമ്പോഴാണ്, നിങ്ങളിൽ ഏറ്റവും മാന്യൻ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ് എന്ന നബിയുടെ പ്രഖ്യാപനം ചേർത്ത് വായിക്കേണ്ടത്.

പതിനേഴാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച പോർച്ചുഗീസുകാർ, അന്ന് കേരളത്തിൽ പാലങ്ങൾക്ക് ഉറപ്പ് കിട്ടാനായി ബാലിക ബാലന്മാരെ ബലി നൽകിയിരുന്നു എന്ന് രേഖപെടുത്തിയത് ഓർത്തുപോകുമ്പോൾ, കാരുണ്യവാനായ അല്ലാഹുവിന്റെ ദീനിൽ കുഞ്ഞുങ്ങളോട് പുലർത്തേണ്ട ദയാവായ്പ്പിന്റെ ചരിത്രം കാരുണ്യത്തിന്റെ പ്രവാചകൻ ഓർമപ്പെടുത്തിയ എപ്രകാരം എന്ന് ഓർക്കുക. സ്ത്രീകളെ ആർത്തവ നാളുകളിൽ വീടുകളിൽ നിന്ന് പുറത്താക്കി ദയാ രഹിതമായി പെരുമാറിയിരുന്ന സമൂഹത്തിൽ ജീവിക്കുന്ന നാം ആർത്തവ കാലത്ത് സ്ത്രീകളോട് എങ്ങനെ വർത്തിക്കണമെന്ന് പഠിപ്പിച്ച പ്രവാചന്റെ കരുണയുടെ പാഠങ്ങൾ ഓർക്കുക. സന്യാസി പദത്തിന് അവിവാഹിതനായി കഴിയണമെന്ന നിയമം നിലനിൽക്കുന്ന വ്യവസ്തികൾക്ക് ഇടയിൽ, “ഞാൻ നോമ്പെടുക്കുന്നു നോമ്പ് ഒഴിവാക്കുന്നു രാത്രി നമസ്കരിക്കുന്നു രാത്രി ഉറങ്ങുന്നു, സ്ത്രീകളെ വിവാഹം കഴിക്കുന്നു, എന്റെ ചര്യ ഉപേക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല” എന്ന് പ്രഖ്യാപിച്ചത്, ഭക്തിയുടെ പേരിൽ ഇതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവരോട് ആണെന്ന് ഓർക്കുക.   താഴ്ന്ന ജാതിക്കാരെന്റെ മുഖത്തേക്ക് മൂത്രം ഒഴിക്കുന്ന സ്വകാര്യ ചുറ്റുപാടിൽ,” ജനങ്ങൾ ഒരു ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരെന്ന” പ്രവാചകവചനം,നമുക്ക് പ്രചോദനമാണ്.  അറബിക്ക് അനറബിയേക്കാൾ,വെളുത്തവന് കറുത്തവനേക്കാൾ യാതൊരു പ്രേത്യേകതയുമില്ലെന്ന് അവിടുന്ന് ഉത്ഘോഷിച്ചു. വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും അതിന് വേണ്ടി പോരാടുന്നവനും, അതിന്റെ പേരിൽ മരിക്കുന്നവനും നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ചു.  തിരുമേനി കൊണ്ടുവന്ന  ശരീഅത്തിൽ മനുഷ്യന് എളുപ്പം നൽകുന്ന പ്രയാസങ്ങൾ ദൂരീകരിക്കുന്ന എത്രയെത്ര സൗകര്യങ്ങളാണുള്ളത്.

ഏറ്റവും എളുപ്പമുള്ളേത് സ്വീകരിക്കാൻ ഉള്ള സൗകര്യം; പ്രാർത്ഥനയിൽ നിൽക്കാൻ കഴിയാത്തവന് ഇരിക്കാനും, അതിന് കഴിയാത്തവന് കിടന്നും അനുഷ്ടിക്കുവാൻ ഉള്ള സൗകര്യം, ജലശുദ്ധീകരണത്തിന് കഴിയാത്തവന് തയമ്മം ചെയ്യാം, യാത്രക്കാരന് നോമ്പ് നീട്ടിവെക്കാം. ശിക്ഷകളിൽ ഇളവുകൾ നൽകാം; കൊല്ലപ്പെട്ടവരുട ബന്ധുക്കൾ മാപ്പ് നൽകിയാൽ കൊലയാളിയുടെ ജീവൻ രക്ഷിക്കാം. സ്ത്രീകളെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവാക്കി ;അവർക്ക് ആർത്തവ കാലത്ത് നമസ്കാരത്തിന് ഇളവ്.  ശത്രുവിന് മാപ്പ് നൽകിയാലുള്ള  പ്രതിഫലം. ശരീഅത്തിന്റെ അടിസ്ഥാനശിലകൾ കാരുണ്യത്തിലും ലാളിത്യത്തിലുമാണ്. എളുപ്പമാകുന്നതിലും പ്രയാസം നീക്കുന്നതിലുമാണ്. പ്രയാസഘട്ടങ്ങളിൽ ആനുകൂല്യങ്ങൾ (റുഖ്സ്വ) ,അത് സ്വീകരിക്കുന്നത് അല്ലാഹുവിന് ഇഷ്ടകരമാണെന്ന് പ്രഖ്യാപനം. അനിവാര്യഘട്ടങ്ങളിൽ നിഷിദ്ധങ്ങൾ പോലും അനുവദനീയം. എല്ലാത്തിന്റെയും അടിസ്ഥാനം അനുവദനീയം. ഊഹങ്ങളിൽ സ്ഥാപിക്കപെടാത്ത നിയമം, സംശയങ്ങൾക്ക് പ്രസക്തി നൽകാത്തതും മറവിക്കും അനുബന്ധങ്ങൾക്കും വിട്ടുവീഴ്ച നൽകുകയും ചെയ്യുന്ന നിയമ വ്യവസ്ഥ. ഉമർ ബിൻ ഖത്താബ് (റ) ഉദ്ധരിക്കുന്നു: യുദ്ധത്തിൽ പിടിക്കപ്പെട്ട ബന്ധികളെ നബി (സ) യുടെ അടുത്ത കൊണ്ട് വന്നു, അതിൽ കുട്ടി നഷ്ട്ടപെട്ട ഒരു സ്ത്രീയുടെ സ്തനത്തിൽ പാൽ കെട്ടി കിടന്നു,  കുഞ്ഞിനെ ലഭിച്ച ആ സ്ത്രീ അതിനെ എടുത്ത് തന്റെ മാറോടണച്ചു പാൽ കൊടുക്കാൻ തുടങ്ങി, അപ്പോൾ പ്രവാചകൻ ചോദിച്ചു “ഈ സ്ത്രീ ഈ കുഞ്ഞിനെ തീയിലെറിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?” ഞങ്ങൾ അങ്ങനെ കരുതുന്നില്ല” എന്ന് ഞങ്ങൾ പറഞ്ഞു. “ഇവർക്ക് ഈ കുഞ്ഞിനോട് ഉള്ളതിനേക്കാൾ അല്ലാഹു തന്റെ ദാസന്മാരോട് ദയാവായ്പ്പുള്ളവനാണ്” എന്ന് പ്രവാചകൻ പറഞ്ഞു.

“ജനങ്ങളോട് കരുണ കാണിക്കാത്തവരോട് അല്ലാഹു ദയ കാണിക്കുകയില്ല” (മുസ്ലിം).

“നമ്മുടെ കുഞ്ഞുങ്ങളോട് കരുണ കാണിക്കാത്തവരും പ്രായമായവരെ ആദരിക്കാത്തവരും നമ്മളിൽ പെട്ടവനല്ല” (തീർമിദി)

അബൂദർദാഇൽ നിന്ന് നിവേദനം

“എന്റെ പ്രിയൻ എന്നോട് അഞ്ച് കാര്യങ്ങൾ വസിയ്യത്ത് ചെയ്തു; പാവങ്ങളോട് കരുണ കാണിക്കുകയും അവരുടെ കൂടെ ഇരിക്കുകയും ചെയ്യുക തന്നെക്കാൾ താഴ്ന്നവരിലേക്ക് നോക്കുക, ഉന്നതരിലേക്ക് നോക്കാതിരിക്കുക, കുടുംബങ്ങൾ തിരിഞ്ഞു കളഞ്ഞാലും ബന്ധങ്ങൾ ചേർക്കുക, കൈപ്പുള്ളതാണെങ്കിലും സത്യം പറയുക, ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാ എന്ന് പറയുക”.(അഹ്‌മദ്‌).

അബു മൂസ (റ) പറയുന്നു “ഒരാളെ എന്തെങ്കിലും കാര്യത്തിനായി പറഞ്ഞയച്ചാൽ നബി (സ) ഇങ്ങനെ പറയുമായിരുന്നു “നിങ്ങൾ ജനങ്ങൾക്ക് സന്തോഷ വാർത്ത അറിയിക്കുക വെറുപ്പിക്കരുത്, എളുപ്പമുണ്ടാകുക പ്രയാസമുണ്ടക്കരുത്” (ബുഖാരി)

പ്രവാചകരേ, ബഹുദൈവവിശ്വാസികൾക്ക് എതിരിൽ പ്രാർത്ഥിച്ചാലും എന്ന് ആരോ പറഞ്ഞപ്പോൾ” ഞാൻ ശപിക്കാനായി നിയോഗിക്കപെട്ടവനല്ല, ഞാൻ കരുണക്കായി നിയോഗിക്കപ്പെട്ടവനാണ്.എന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത് (മുസ്ലിം).

തിരുമേനിയുടെ യുദ്ധരീതികളെ കുറിച്ച് അനുയായികൾ പറയുന്നു, യുദ്ധത്തിന് പുറപ്പെടുമ്പോൾ നബി തിരുമേനി ഇങ്ങനെ ഉപദേശിച്ചു, മരങ്ങൾ മുറിക്കരുത് കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ, രോഗികൾ എന്നിവരെ കൊല്ലരുത്. മൃതദേഹങ്ങൾ ഛിതൃവധം ചെയ്യുകയോ കെട്ടിടങ്ങൾ തകർക്കുകയോ ആരാധനാലയങ്ങൾ നശിപ്പിക്കുകയോ ചെയ്യരുത്.എന്നുമാത്രം അല്ല ബന്ധികളോട് നന്മ ചെയ്യാനും അവർക്ക് ഭക്ഷണം നൽകാനും കൂടി അവിടുന്ന് കല്പിച്ചു. മതേതര രാജ്യത്ത് ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ, ഭരണ കൂടം ഒത്താശയോടെ തകർക്കുകയും അവരുടെ വീടുകൾ സർക്കാർ സംവിധാനം ഉപയോഗിച്ചു തകർക്കുകയും ചെയുന്ന കാലത്ത് എത്രമാത്രം പ്രസക്തമാണ് ഈ ഉപദേശങ്ങൾ.

“അദ്ദേഹം കൊണ്ട് വന്നതിൽ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതരിക്കെപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്തവർ തന്നെയാണ് വിജയികൾ” (ഖുർആൻ)

MORE ON THIS TOPIC

Related Articles

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

COMMENTS

Leave a Comment

Your email address will not be published. Required fields are marked *