Ahlussunnahind

two roads between trees
two roads between trees

ശീ‌ഈ സുന്നി ഭിന്നത അടിസ്ഥാനപരം തന്നെ

December 28, 2016

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

ഇൽയാസ് മൗലവി

ശീ‌ഈ സുന്നി ഭിന്നത ‘പ്രബോധനം’ ഒരു ചർച്ചയാക്കിയിരിക്കെ അതിൽ ഇടപെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കേവലം ഒരു വൈജ്ഞാനിക സംവാദമെന്ന നിലക്കല്ല ഈ ചർച്ചയിൽ ഇടപെടുന്നത്, പ്രത്യുത ശിയാ വിശ്വാസ സംഹിത ശരിയാണെന്നും അഹ്‌ലുസ്സുന്നയുടെ ആദർശവും വിശ്വാസവും അബദ്ധമാണെന്ന് തെറ്റിദ്ധരിച്ച് ധാരാളം സഹോദരങ്ങൾ കേരളത്തിൽ ശീ‌ഈസം പുണരുകയും അവരുടെ ജീവിതം തദടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുകയും , തങ്ങളുടെ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ശീ‌ഈ ചിഹ്നങ്ങളും അവരുടെ ഇമാമുമാരുടെ പേരുകളും മറ്റും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നേരിട്ടറിവുള്ളതിനാൽ കൂടിയാണ്. 

ശീ‌ഈകൾ ഒരുപാട് വിഭാഗങ്ങളും കക്ഷികളുമൊക്കെയാണെങ്കിലും ഇന്ന് മുഖ്യധാരയിൽ നിൽക്കുന്നതും ഭരണ രാഷ്ട്രീയ സാമ്പത്തിക

സ്വാധീനമുള്ളതുമായ വിഭാഗം ‘അൽ ഇമാമിയ്യ അൽ ഇസ്നാ അശരിയ്യ ‘ എന്ന ഖുമൈനിയുടെ വിഭാഗമാണ്. ആർ. യൂസുഫ് തന്നെ എഴുതിയ പോലെ മറ്റു ശിയാ വിഭാഗങ്ങളെ ഇമാമിയ്യ ശീ‌ഈകൾ തന്നെ ഇസ്ലാമിന്റെ പടിക്ക് പുറത്ത് നിർത്തിയിരിക്കെ നമ്മുടെ ചർച്ച ഇമാമിച്ച ശീ‌ഈകളിൽ കേന്ദ്രീകരിക്കാവുന്നതാണ്. 

പ്രിയ സുഹൃത്ത് ആർ.യൂസുഫ് എഴുതി: ”നമുക്ക് യോജിക്കാനാവാത്ത നിലപാടുകൾ സ്വീകരിക്കുന്നവരുമായി സംവാദത്തിലേർപ്പെടുമ്പോൾ ദീക്ഷിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മറു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഗരിമയുള്ള പണ്ഡിതന്മാർ പറയുന്നതാണ് അവരുടെ വാദം എന്ന് സൗമ്യമായെങ്കിലും സമ്മതിക്കുക എന്നത്” (പ്രബോധനം ലക്കം 2873) സൗമ്യമായല്ല ശക്തമായി തന്നെ സമ്മതിച്ച് കൊണ്ടാണ് ഈ പ്രതികരണം. ഇപ്പറഞ്ഞത് കേവല സമ്മതമായാൽ പോരാ , അത് പ്രയോഗത്തിൽ പാലിക്കുക വേണമെന്ന് നാം നിഷ്കർഷ പുലർത്തുയും വേണം. ഗരിമയുള്ള പണ്ഡിതന്മാരാണ് എന്നതും എതിരാളികളല്ല പറയേണ്ടത്. അതിലും മേൽപ്പറഞ്ഞ മാനദണ്ഡം നാം അംഗീകരിക്കണം. 

ഗരിമയുള്ള പണ്ഡിതന്മാർ?!

സുന്നി ലോകത്ത് ഗരിമയുള്ള പണ്ഡിതന്മാരെന്ന് സർവ്വരും അംഗീകരിക്കുന്നവരാണ് നാല് മദ്ഹബിന്റെ ഇമാമുകൾ. അതുപോലെ ബുഖാരി, മുസ്ലിം തുടങ്ങിയ സുന്നത്ത് ക്രോഡീകരിച്ച ഇമാമുകൾ . ഇതേ നിലവാരത്തിലുള്ള ശിയാ വിഭാഗത്തിലെ പണ്ഡിതന്മാരും ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളും തന്നെയാണ് അവരുടെ മൗലികാദർശങ്ങളും അടിസ്ഥാനതത്വങ്ങളും വിശദീകരിച്ചിട്ടുള്ളത്. അതിൽ ഏറ്റവും മുൻ നിരയിലുള്ളതും എന്നും ശീ‌ഈകൾ അവലംബിക്കുന്നതുമായ ഇമാമാണ് അൽ കുലൈനിയും അദ്ദേഹത്തിന്റെ ഗ്രന്ഥമായ അൽകാഫിയും. ശീ‌ഈ ഹദീസ് സമാഹാരമായ ഈ ഗ്രന്ഥത്തിന് സുന്നികൾ ബുഖാരിക്ക് സ്ഥാനമാണ് ശീ‌ഇകൾ നൽകുന്നത്. 

കുലൈനിയും അൽകാഫിയും

കുലൈനിയുടെ ഗ്രന്ഥത്തെപ്പറ്റി ശിയാ പണ്ഡിതന്മാരുടെ അഭിപ്രായം കാണുക.മുഹമ്മദ് ബാഖിർസദ്ർ പറയുന്നു.: അൽകാഫിയാണ് നാല് പ്രാമാണിക ഗ്രന്ഥങ്ങളിൽ ഏറ്റവുമാദ്യം വിരചിതമായ ഗ്രന്ഥം.മുഹമ്മദ് ബിൻ യഅ്ക്കൂബ് ബിൻ ഇസ്ഹാഖ് അൽ കുലൈനിയാണ് അതിന്റെ കർത്താവ് .അദ്ദേഹം സിഖത്തുൽ ഇസ്ലാമും തന്റെ കാലഘട്ടത്തിലെ ഇമാമിയ്യ ശിയാക്കളുടെ ഏറ്റവും അഗ്രഗണ്യനായ ഇമാമുമായിരുന്നു. അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം മഅസൂമായ ഇമാമിൽ നിന്നുള്ള ഏറ്റവും സത്യസന്ധവും വിശ്വസ്തവുമായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ടതാണ്. ഇതര ഗ്രന്ഥങ്ങൾക്കൊന്നും അതിനോട്, കിടപിടിക്കാനാകാത്തതും … (ബാഖിർസദ്റിന്റെ അശ്ശരീഅ എന്ന ഗ്രന്ഥം:121)

ആധുനിക കാലത്ത് ജീവിച്ച ആധികാരിക ശീ‌ഈ പണ്ഡിതനാണ് അബ്ദുൽ ഹുസൈൻ അൽ മൂസവി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അൽകാഫി, അത്തഹ്ദീബ്, അൽ ഇസ്തിബ്സാർ, മൻലാ യഹ്ളുറഹുൽ ഫഖീഹ് എന്നീ നാല് ഗ്രന്ഥങ്ങൾ മുതവാതിറും അതിലെ ഉള്ളടക്കം സ്വഹീഹുമാണ്. അൽകാഫിയാണ് അതിലേറ്റവും ആദ്യത്തേതും ഏറ്റവും പ്രമുഖവും ഏറ്റവും ഭദ്രവുമായിട്ടുള്ളത്. (അൽ മുറാജആത് 113)

കാഫിറാക്കാനല്ല പിഴവ് തിരുത്താൻ

ശീ‌ഈകളെ ഇസ്ലാമിന്റെ പടിക്ക് പുറത്ത് നിർത്തലോ അവരെ കാഫിറാണെന്ന് മുദ്രകുത്തലോ ഇവിടെ ഉദ്ദേശ്യമില്ല. അവരുമായുള്ള ഭിന്നത കേവലം ശാഖാപരമായി കണ്ട് നിസ്സാരവത്കരിക്കുന്നതും ശരിയല്ല. അവരെ മുസ് ലിംകളായി കാണുന്നതോടൊപ്പം തന്നെ അവരുടെ വിശ്വാസ വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കലും അത് തിരുത്താൻ വേണ്ടി ഗുണകാംക്ഷയോടെ ഉപദേശിക്കലും അവരുമായി മാന്യമായി സംവദിക്കലും തീർച്ചയായും ഇസ്ലാമിക പണ്ഡിതന്മാരുടെ ബാധ്യതയാണ്. അത് പക്ഷേ ഐക്യത്തിന് തടസ്സമാകുമെന്ന് കണ്ട് പാടില്ലെന്ന് വാദിച്ചാൽ ഇസ്ലാമിക പ്രബോധനം തന്നെ വേണ്ടെന്ന് വെക്കേണ്ടി വരും. ഹാറൂൻ നബി (അ) ന്റെ നിലപാട് ഇവിടെ തെളിവാക്കുന്നതും വളരെ ശ്രദ്ധിച്ച് വേണം. അതിന്റെ വിശദീകരണത്തിൽ മ3ലാനാ മൗദൂദി എഴുതിയത് വളരെ ശ്രദ്ധാർഹമാണ്. ഇവിടെ വളരെ പ്രസക്തവും. അതിങ്ങനെ വായിക്കാം:”ഹസ്രത് ഹാറൂന്റെ ഈ മറുപടിക്ക് സമുദായത്തിന്റെ ഐക്യമാണ്, സമുദായം സന്മാർഗത്തിൽ നിലകൊള്ളുന്നതിനേക്കാൾ പ്രധാനം എന്നോ , ശിർക്ക് അംഗീകരിച്ച് കൊണ്ടായാലും ഐക്യം നിലനിർത്തുകയാണ് വേണ്ടതെന്നോ , സമൂഹത്തിന്റെ അടിത്തറ സത്യമാകട്ടെ അസത്യമാകട്ടെ, ഏകോപിച്ച് നിൽക്കുക എന്നതാണ് ഭിന്നിപ്പിനേക്കാൾ ഉൽകൃഷ്ടം എന്നോ ഒന്നും അർത്ഥമില്ല. ഈ സൂക്തത്തിന് ആരെങ്കിലും അങ്ങനെയൊരു അർത്ഥം മനസ്സിലാക്കുകയാണെങ്കിൽ അവൻ ഖുർആനിൽ നിന്ന് സന്മാർഗത്തിന് പകരം ദുർമാർഗമാണ് സ്വീകരിക്കുന്നത്.(തഫ്ഹീം. ത്വാഹ: 94 ) 

ഭിന്നത ശാഖാപരമോ???? 

ആർ.യൂസുഫ് എഴുതുന്നു: ” ശീ‌ഈകളും സുന്നികളും രണ്ട് ചിന്താധാരയാണ് എന്നത് ശരി തന്നെയാണ്. എന്നാൽ തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽ ഭിന്നതയില്ല എന്നിരിക്കെ ഭിന്നത ശാഖാപരമല്ല ,അടിസ്ഥാനപരം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്.? തൗഹീദിന്റേയും രിസാലത്തിന്റെയും വിശദാംശങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തലാണ് ഇമാമത്ത് എന്ന് വാദിക്കാം. ഹാകിമിയ്യത്തിന്റെ വിഷയത്തിൽ ഭിന്നിക്കുന്നവരും ഇതേ അളവ്കോൽ വെച്ച് ഇസ്ലാമിന്റെ പുറത്ത് നിർത്തപ്പെടേണ്ടി വരും എന്ന കാര്യം മറക്കാതിരുന്നാൽ മതി. 

( പ്രബോധനംലക്കം2873) 

ശീ‌ഈ സുന്നി ഭിന്നത ശാഖാപരമായ കാര്യങ്ങളിലാണെന്ന് ആർ.യൂസുഫ് സമർത്ഥിക്കുന്നു. ഇവിടെ അടിസ്ഥാനപരം ശാഖാപരം എന്ന് വേർതിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്.? അത് വ്യക്തമായെങ്കിലേ വിഷയത്തിന്റെ മർമ്മം പിടി കിട്ടുകയുള്ളൂ. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്ന് സാമാന്യവത്കരിച്ച് പറഞ്ഞാൽ പോര, അത് അൽപം കൂടി വിശദീകരിച്ച് മൂർത്തമായി തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ഖാദിയാനികളും ഇത് മൂന്നും അംഗീകരിക്കുന്നുണ്ടെന്ന് വാദിക്കുന്നവരാണ്. സാക്ഷാൽ ഇബ്‌ലീസ് അടക്കം തൗഹീദ് അംഗീകരിക്കുന്നുണ്ട് എന്നാെരാൾക്ക് വാദിക്കാം. ഇബ്‌ലീസ് മുശ്രിക്കാണെന്നല്ല , കാഫിർ ( ധിക്കാരി ) എന്നാണ് പൊതുവെ വിശ്വാസം. തങ്ങളും രിസാലത്തിൽ വിശ്വസിക്കുന്നു എന്ന് ഖാദിയാനികൾ വാദിക്കുന്നു. എന്നാൽ മുഹമ്മദ് നബിക്ക് (സ) ശേഷവും പ്രവാചകന്മാർ ആഗതരാവും എന്ന് കൂടി അവർ വിശ്വസിക്കുന്നു. പരലോക വിശ്വാസവും (ആഖിറത്ത് ) അവർ നിഷേധിക്കുന്നില്ല. യഥാർത്ഥത്തിൽ തൗഹീദിന്റേയും രിസാലത്തിന്റെയും താൽപ്പര്യമെന്താണെന്നും അവയിൽ വിശ്വസിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥമെന്താണെന്നും അറിയുന്നവർക്കേ അവരുടെ വാദത്തിന്റെ നിരർത്ഥകത ബോധ്യമാവുകയുള്ളൂ. മുങ്ങിച്ചാവാൻ നേരത്ത് മൂസയുടെ റബ്ബിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് ഫിർഔൻ പറഞ്ഞത് ഖുർആനിലുണ്ട് .അത് വെച്ച് ഫിർഔൻ മുഅമിനാണെന്ന് വാദിച്ചാൽ അത് എത്രമാത്രം അബദ്ധമാണോ അതിനേക്കാൾ ഒട്ടും കുറവല്ല ഖാദിയാനികളുടെ വാദവും .

എന്താണ് അടിസ്ഥാനപരം

യഥാർത്ഥത്തിൽ ഒരാളുടെ ഈമാനും ഇസ്ലാമും ശരിയും സ്വീകാര്യവുമായി തീരാൻ അനിവാര്യമായതും ഏതൊരു കാര്യം പറയുകയോ ചെയ്യുകയോ വിശ്വസിക്കുകയോ വഴി ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയും ചെയ്യുന്നുവോ അത്തരം വിഷയങ്ങൾക്ക് അടിസ്ഥാനകാര്യങ്ങൾ എന്ന് സാമാന്യമായി പറയാം .

ഇങ്ങനെ നോക്കുമ്പോൾ ശീ‌ഈകൾ കക്ഷിഭേദമന്യേ അംഗീകരിച്ച അടിസ്ഥാനമാണ് ഇമാമത്ത് എന്നത്. അത് കേവലം ശാഖാപരമായി കണ്ട് നിസ്സാരവൽക്കരിക്കാൻ തടസ്സം മറ്റാരുമല്ല അവരുടെ ആചാര്യന്മാരും അവരുടെ ഗ്രന്ഥങ്ങളുമാണ് .സുന്നികളും ശീഈ കളും തമ്മിൽ അടിസ്ഥാന വിഷയങ്ങളിൽ തർക്കമില്ലെന്നും ശിയാക്കൾ ഇമാമത്ത് എന്നത് കൂട്ടിച്ചേർത്തു എന്നത് മാത്രമേ ഉള്ളൂ എന്നും ലാഘവ സ്വരത്തിൽ ആലു കാശിഫുൽ ഗിത്വാ പറഞ്ഞത് വായിച്ചപ്പോൾ ട്രെയിൻ തട്ടി അപകടത്തിൽ പെട്ടവനെ കണ്ടു മടങ്ങുകയായിരുന്ന ഒരുത്തനോട് കാര്യമായി വല്ല പരിക്കും പറ്റിയോ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ “ഏയ് ” കാര്യമായി പരിക്കൊന്നുമില്ല.തല ഉടലിൽ നിന്ന് അൽപം വേറിട്ട് കിടക്കുന്നുണ്ടെന്ന് മാത്രം ” എന്ന് പറഞ്ഞതാണ് ഓർമ്മ വന്നത്. കൈക്കോ, കാലിനോ ഒന്നും പരിക്കില്ല. ശരീരത്തിൽ മറ്റു മുറിവുകളൊന്നുമില്ല.തലയൽപം വേറിട്ട് കിടക്കുന്നുണ്ട്, അത്രക്ക് നിസ്സാരം!!.

റബ്ബിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് ഫിർഔൻ പറഞ്ഞത് ഖുർആനിലുണ്ട് .അത് വെച്ച് ഫിർഔൻ മുഅമിനാണെന്ന് വാദിച്ചാൽ അത് എത്രമാത്രം അബദ്ധമാണോ അതിനേക്കാൾ ഒട്ടും കുറവല്ല ശീ‌ഇകളുടെ വാദവും .

ഇമാമത്ത് ശീ‌ഈസത്തിന്റെ മൗലികാദർശo 

ഈ ഇമാമത്ത് സിദ്ധാന്തമാണ് ശിയായി സത്തിന്റെ കാതൽ. അത് തിരുത്തുന്നതോടെ ശിയാഇസം ഇല്ലാതായി. അത് സ്ഥാപിക്കാൻ വേണ്ടിയാണ് ശിയാക്കളുടെ മറ്റുള്ള എല്ലാ സിദ്ധാന്തങ്ങളും ഉൽഭവം കൊണ്ടത്.

നബി തിരുമേനിക്ക് ശേഷം മുസ്ലിംകളുടെ ഇമാമാകേണ്ടത് അലിയാണെന്നതും ശേഷം അദ്ധേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ടവരാണെന്നതും അല്ലാഹു വിന്റെ നിർദേശമാണെന്നാണ് ശിയാക്കളുടെ അഖീദ. ഈ അഖീദ സ്ഥാപിക്കാൻ വേണ്ടി അവർക്ക് ചെയ്യേണ്ടി വന്ന കാര്യങ്ങൾ കൂട്ടത്തിൽ ഇങ്ങിനെ മനസ്സിലാക്കാം. 

അല്ലാഹു അത് നബിയോട് വ്യക്തമായി നിർദ്ദേശിച്ചിരിക്കേ എന്തുകൊണ്ട് അത് ഖുർആനിൽ രേഖപ്പെടുത്തപ്പെട്ടു കാണുന്നില്ല എന്ന സ്വഭാവിക ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഇങ്ങനെ: യഥാർത്ഥത്തിൽ ഖുർആനിൽ വ്യക്തമായി തന്നെ അതുണ്ടായിരുന്നു.പക്ഷെ ക്രോഡീകരണ വേളയിൽ അബൂബക്റും സ്വഹാബിമാരും ആസൂത്രിതമായ നീക്കത്തിലൂടെ അവ ഒഴിവാക്കുകയായിരുന്നു.

‘ ഇത് സംബന്ധമായി ഖുമൈനി പറയുന്നത് കാണുക: ഇത്തരം ആയത്തുകൾ ഖുർആനിൽ നിന്ന് അടർത്തി മാറ്റുക. അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു.അതു പോലെ ആകാശ ലോകത്തു നിന്നവതീർണമായ ഗ്രന്ഥത്തിൽ കൃത്രിമം നടത്തി കൊണ്ട് ഖുർആനിന്റെ മേൽ മറയിടാനും മാലോകരുടെ ദൃഷ്ടിയിൽ നിന്ന് അത് മറച്ച് വെക്കാനും(കശ്ഫുൽ അസ്റാർ: 114)

നന്നേ ചുരുങ്ങിയത് 9ഗ്രന്ഥങ്ങൾ ഖുർആനിലെ കൈ കടത്തുലകൾ സ്ഥാപിക്കാൻ വേണ്ടി മാത്രം ശിയാ പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് ശിയാക്കളുടെ മുഹദ്ദിസെന്നറിയപ്പെടുന്ന നൂരി തമ്പJറസിയുടെ “ഫസലുൽ ഖിത്വാബ് ഫീ ഇസ് ബാതി തഹ് രീഫി കിതാബി റബ്ബിൽ അർബാബ് ” എന്ന ഗ്രന്ഥം. പരിശുദ്ധ ഖുർആനിൽ കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഖണ്ഡിതമായ പ്രഖ്യാപനം എന്ന് ആശയം. എന്നാൽ താൻ തന്നെ സംരക്ഷിക്കുമെന്ന് അല്ലാഹു പ്രഖ്യാപിച്ച ,അതങ്ങിനെത്തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മുസ്ലിം ലോകം ഇന്നോളം വിശ്വസിക്കുന്ന പരിശുദ്ധ ഖുർആൻ തനതായ രീതിയിൽ ഇന്ന് നിലവിലില്ലാ എന്ന സ്ഥാപിക്കാൻ ഒരു ഇസ്ലാമിക പണ്ഡിതൻ ഒരുമ്പെട്ടു എന്നതല്ല അത്. ” ഇസ്ലാമിക വിപ്ലവത്തിന്റെ നാട്ടിൽ ഔദ്യോഗികമായി അടിച്ച് പ്രസിദ്ധീകരിക്കുകയും ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും ചെയ്തതാണ് ഏറെ കൗതുകം .

നബി (സ) വ്യക്തമായിത്തന്നെ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കെ എന്ത് കൊണ്ട് സ്വഹാബിമാരാരും അത് നടപ്പിലാക്കിയില്ല. ആ നിർദേശം നടപ്പാക്കാൻ ഒന്നും ചെയ്തില്ല ?ഇതിന്റെ മറുപടി അവരെ സ്വഹാബിമാരെ ഒന്നടങ്കം മുർതദ്ദാക്കുന്നതിലേക്ക് നയിച്ചു.അബൂബക്കറും ഉമറും അധികാരം ഗൂഡാലോചനയിലൂടെ തട്ടിയെടുത്തു. എന്നാൽ ഈ അനീതിയെ മറ്റു സ്വഹാബിമാർ എന്തുകൊണ്ട് പിന്തുണച്ചു? അല്ലാത്തവർ മിണ്ടാതിരുന്നു എന്ന ചോദ്യത്തിന് അവർ കണ്ട മറുപടി മൂന്നോ പേരൊഴികെ, ഏറിയാൽ ഏഴോ പോരൊഴികെ എല്ലാ സഹാബികളും മുർതദ്ദായിപ്പോയെന്നും അവർ പലരും മുനാഫിഖുകളുമായിരുന്നു എന്നുമാണ് –

ഇമാം അലിയും ഹസനും ഹുസൈനുമെല്ലാം ഇവർക്ക് ബൈഅത്ത് ചെയ്യുകയുണ്ടായല്ലോ എന്നു ചോദിച്ചാൽ അതും ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് .അതിനവരുടെ മറുപടി മറ്റൊരു സിദ്ധാന്തം ആവിഷ്കരിച്ചു കൊണ്ടായിരുന്നു. അതായത് തഖിയ്യത്ത് അഥവാ ഉള്ളിലുള്ളത് പ്രകടിപ്പിക്കാതെ പുറമെ മറ്റൊരു നിലപാട് പ്രകടിപ്പിക്കൽ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അതെന്നാണ്.

എന്താണ് തഖിയ്യ ?

പ്രവാചകന് ശേഷം താനും തന്റെ സന്താന പരമ്പരയിൽപെട്ടവരുമാണ് അനന്തര ഗാമിയും മുസ്ലിംകളുടെ ഇമാമുമെന്ന കാര്യം തിരുമേനി തന്നെ അല്ലാഹു വിന്റെ നിർദേശപ്രകാരം അലി (റ)യോട് വസ്വിയ്യത്ത് ചെയ്തിരിക്കെ എന്തുകൊണ്ടാണദ്ദേഹം അബൂബക്റ്നും ഉമറിനും ഉസ്മാനുമെല്ലാം ബൈഅത്ത് ചെയ്യുകയും അവരുടെ ഏറ്റവും അടുത്ത സഹകാരിയും സഹായിയും ആയി എന്നത് ന്യായമായ ഒരു ചോദ്യമാണല്ലോ. ചരിത്ര യാഥാർത്ഥ്യമായ ഇതിനെ തള്ളിക്കളയാനോ നിഷേധിക്കാനോ സാധ്യവുമല്ല.

ഇവിടെയാണ് ശിയാക്കൾ തങ്ങളുടെ ആദർശത്തിൽ “തഖിയ്യ “എന്ന സിദ്ധാന്തം ആവിഷ്കരിക്കുന്നത് .അടവുനയം അഥവാ യാഥാർത്ഥ്യം മനസ്സിലൊളിപ്പിച്ച്‌ പുറത്ത് മറ്റൊരു മുഖം പ്രകടിപ്പിക്കുക.ഈ തഖിയ്യയുടെ അടിസ്ഥാനത്തിലാണ് അലിയും തന്റെ സന്താനങ്ങളായ ഹസ നും ഹുസൈനും തുടങ്ങി എല്ലാ ഇമാമുമാരുടെയും സമീപനങ്ങളെയും നിലപാടുകളെയും മനസ്സിലാക്കേണ്ടത് എന്നാണ് . തെറ്റ് പറ്റാത്തവരും ധീരരും മഅ്സുമുകളായ കലൈനിയുടെ രിവായത്ത് പ്രകാരം പ്രവാചകനേക്കാൾ ധീരരായ_ ഇവർ തനി കാപട്യമായിരുന്നു ആവർത്തിച്ചിരുന്നത് എന്ന് ജൽപിക്കുന്നതിലെ തമാശ ചെറുതല്ല. ഇതേ അടിസ്ഥാനത്തിലാണ് ഖുർആനിൽ കൈകടത്തലുകളും കൃത്രിമവും നടന്നിട്ടുണ്ടെന്ന ശിയാ പാരമ്പര്യവിശ്വാസത്തെ പിൽക്കാലത്ത് ചിലർ തള്ളിപ്പറഞ്ഞതെന്നാണ് അവർ തന്നെ വ്യക്തമാക്കുന്നത് .

‘തഖിയ്യ’ എന്താണെന്ന് അവരുടെ താത്വികാചാര്യന്മാരിൽപ്പെട്ട പണ്ഡിതൻ ”മുഫീദ്” വിശദീകരിക്കുന്നതിങ്ങനെ: ”തഖിയ്യ” എന്നാൽ സത്യം മൂടി വെക്കുക. യഥാർത്ഥ വിശ്വാസം മറച്ചുവെക്കുക .എതിരാളികളാരാണെന്ന് ഗോപ്യമാക്കി വെക്കുക. ദീനി ലോ ദുനിയാവിലോ വല്ല ബുദ്ധിമുട്ടും വരുത്തി വെക്കുന്ന തരത്തിൽ എതിരാളി ക ളുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയും ചെയ്യുക. ” ( ശറഹു അഖാഇദിസ്സ ദുഖ്: 261) മറ്റൊരു പണ്ഡിതൻ മുഹമ്മദ് ജവാദ് മുഗ്നിയ വിഷദീകരിക്കുന്നു” നിന്റെ തടി കേടാകാതിരിക്കാനും നിന്റെ സമ്പത്തിന് വല്ല കോട്ടവും തട്ടാതിരിക്കാനും നിന്റെ അഭിമാനം കാത്തുസൂക്ഷിക്കുവാനും, വേണ്ടി യഥാർത്ഥ വിശ്വാസം മറച്ച് വെച്ച് കൊണ്ട് നേർ വിപരീതം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുക ” .( അശ്ശീഅ ഫിൽ മീസാൻ: 100)

തഖിയ്യ ഉപേക്ഷിച്ചവന് ഈമാനില്ല !

ഈ സിദ്ധാന്തം ഗതികെട്ടവന്റെ രക്ഷാമാർഗമോ, നിർബന്ധിത സാഹചര്യത്തിൽ മാത്രം അനുവദിനീയമാകുന്ന കാര്യമോ ആണെങ്കിൽ മനസ്സിലാക്കാൻ കഴിയും.എന്നാൽ ഒരു വിശ്വാസിയുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരവുമായത് വേറെയില്ലാത്തതുമായ കാര്യമായിട്ടാണ് ശിയാക്കളിതിനെ പരിഗണിക്കുന്നതും വിശ്വസിക്കുന്നതും (തഫ്സീറുൽ ഹസൻ അൽ അസ്കരി: 293 നമ്പർ: 163, അതേ ഗ്രന്ഥം :293 നമ്പർ:165). തഖിയ്യ കൊണ്ട് നടക്കാത്ത വർക്ക് ഈമാൻ തന്നെയില്ല എന്നും(ഉസുലുൽ കാഫി: 2/573) പ്രവാചകന്മാരുടെ മഹത്വത്തിന്റെ മാനദണ്ഡം ശത്രുക്കളുടെ മുമ്പിൽ ഈ അടവുനയം സ്വീകരിച്ചതായിരുന്നു എന്നും ( ഖുമൈനിയുടെ അൽ മഖാസി ബുൽ മുഹർമ എന്ന ഗ്രന്ഥം 2/163) ഇതുപേക്ഷിക്കുന്നവർ നമസ്കാരം ഉപേക്ഷിക്കുന്നവരെ പോലെയാണെന്നും (മൻ ലാ യഹ്ളു റു ഹുൽ ഫഖീ ഹ് :2/3 13 ) ഇതു പേക്ഷികുന്നവർ കാഫിറാകുന്നു എന്നുമെല്ലാം (അൽ ഇഹ്തിഖാ ദാത്ത്, ഇബ്നു ബാബ വൈ ഹി :1 141, 115) ആണ് ശിയാക്കൾവിശ്വസിക്കുന്നത് അതവർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ശിയാക്കൾക്ക് അധികാരമോസ്വാധീനമോ ഇല്ലാത്ത രാജ്യങ്ങളിൽ അത് മുസ്‌ലിം രാജ്യങ്ങളാണെങ്കിൽ തന്നെ വിശ്വാസമനുസരിച്ചുള്ള ഇമാമുമാരുടെ ഭരണമല്ലാത്തതിനാൽ അത്തരം നാടുകളെ ദാറുത്തഖിയ്യ എന്നാണ് അവർ വിളിക്കുക ( അടവുനയം പുലർത്തേണ്ട പ്രദേശം എന്നർത്ഥം). ഇത്തരം നാടുകളിൽ ഈ ഒരു നയം സ്വീകരിക്കൽ വാജിബാണ് (ദീനിയായ നിർബന്ധ ബാധ്യത) എന്നാണ് അവരുടെ വിശ്വാസം ( ജാമിഉൽ അഖ്ബാർ: 110, ബിഹാറുൽ അൻവാർ: 72/395). 

സുന്നികളുടെ പിന്നിലുള്ള നമസ്കാര തഖിയ! 

സുന്നികളുടെ പിന്നിൽ അവർ നമസ്കരിക്കുന്നത് പോലും ഈ അടവുനയത്തിന്റെ ഭാഗമായാണെന്നും തദ്വാരാ അങ്ങനെ നമസ്കരിക്കുന്നതു വഴി പ്രതിഫലം നഷ്ട്ടപ്പെട്ടു പോകുമെന്ന് കരുതേണ്ടതില്ലെന്നും അടവുനയം തങ്ങളുടെ ദീനിന്റെ ഒരു പ്രധാന ഘടകമായിരിക്കെ അങ്ങനെ നമസ്കരി ക്കുന്നവരുടെ നമസ്കാരം സാധുവാണെന്നും തങ്ങളുടെ ഇമാമുമാരുടെ പിന്നിൽ നിന്നും നമസ്കരിക്കപ്പെടുന്നതും പോലെ പരിഗണിക്കപ്പെടുമെന്നും ഖുമൈനിയടക്കം വ്യക്തമാക്കുന്നു ( ജാമിഉൽ അ ഖ്ബാർ: 110, ബിഹാറുൽ അൻവാർ: 72/42l, ഖുമൈനിയുടെ രിസാലത്തുൽ ഫിത്ത ഖിയ്യ: 2/108). 

അലിയും ഇമാമുമാരും കാപട്യം സ്വീകരിച്ചുവോ? 

ഇമാം അലി, ഹസൻ, ഹുസൈൻ, ഇമാം ജഅഫറുസ്സ്വാദിഖ് തുടങ്ങിയ സുന്നികൾ വളരെയേറെ ബഹുമാനിച്ചാ ദരിക്കുന്ന മഹാൻ മ്മാരുടെ വാക്കുകളും പ്രവർത്തനങ്ങളുമെല്ലാം ശിയാക്കളുടെ വിശ്വാസാദർശങ്ങൾക്കും, വിഭാവനകൾക്കും എതിരാണെന്നും അവർ അംഗീകരിക്കുന്നു. അലി അബൂബക്കറിന് ബൈഅത്ത് ചെയ്തതും ഖിലാഫത്ത് കാലത്തുടനീളം കൂടെ നിന്ന് സഹായിച്ചതും ഉമറിന്റെ വലം കയ്യായി പ്രവർത്തിച്ചതും തന്റെ മകളായ ഉമ്മുകുൽസൂ മിനെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കാൻ മാത്രം സ്നേഹ ബന്ധം പുലർത്തിയതുമെമെല്ലാം തഖിയ്യയുടെ ഭാഗമാണെന്നാണ് ശിയാക്കളുടെ വിശ്വസം ( ഫുറൂ ഉൽകാഫിഫീ ബിഹാ മിശിമിർ ആത്തുൽ ഉഖൂൽ: 2/10 ). എന്ന് വെച്ചാൽ യാഥാർ ത്ഥത്തിൽ അലി അവരുടെ ശത്രുവായിരുന്നു എന്നും, അത് മറച്ചുവെച്ച് തികഞ്ഞ കാപട്യം പുലർത്തുകയായിരുന്നു അദ്ദേഹം എന്നും. ഇത്തരം കാഴ്ചപ്പാടുകൾ പുലർത്തുന്നവരോട് എങ്ങനെ സത്യസന്ധമായി ഇടപെടാനാകും? ഇവർ പറയുന്നത് മനസ്സിലുള്ളത് തന്നെയോ എന്നെങ്ങനെ ഉറപ്പിക്കും? ഖുർആനിൽ കൃത്രിമം നടന്നിട്ടില്ല എന്ന അവരിലെ ചില പണ്ഡിതന്മാരുടെ വാദം എങ്ങനെ മുഖവിലക്കെടുക്കും? വിശിഷ്യാ അതേ പണ്ഡിതന്മാർ തന്നെ നേർ വിപരീതം വേറെ ഇടങ്ങളിൽ രേഖപ്പെടുത്തുകയും, മറ്റു ചിലർ ഖുർആനിൽ കൃത്രിമം നടന്നിട്ടില്ല എന്ന വാദം തഖിയ്യയുടെ അടിസ്ഥാനത്തിലുള്ള വാദമാണെന്ന് പറയുകയും ചെയ്തിരിക്കേ . 

ഖുർആനിൽ കൃത്രിമം നടന്നു! 

എന്നാൽ ഇമാം അലിയുടെ ക്രോഡീകരണത്തിൽ അതുണ്ടായിരുന്നു. യഥാർത്ഥ ഖുർആനുമായി മഹ്ദി അന്ത്യദിനത്തിന് മുമ്പ് ആഗതനാവുബോൾ സംശയാലുക്കൾക്ക് കാര്യം ബോധ്യപ്പെടും. കൈ കടത്തലുകൾക്ക് വിധേയമാക്കപ്പെട്ടതാണ് നിലവിലുള്ള ഖുർആൻ. അത് സമർത്ഥിക്കാൻ വേണ്ടി മാത്രം അവർ ഒരു പാട് ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. എറ്റവും പ്രസിന്ധമാണ് ”ഫസ് ലുൽ ഖിത്വാബ് ഫീ ഇസ്ബാതി തഹ് രീഫീ കിതാബി റബ്ബിൽ അർബാബ്” (ത്വബറസി). ഇമാമത്ത് ദൈവദത്തമാണെന്നും ഓരോ ഇമാമിനെയും അല്ലാഹു തന്നെ നേരിട്ട് നിശ്ചയിച്ചതാണെന്നും സിദ്ധാന്തിച്ചത് അവരെ ആദർശപരമായി വളരെ അപകടകരമായ മറ്റൊരു സിദ്ധാന്തത്തിലേക്ക് നയിച്ചു.അതാണ് ഇമാമുമാരുടെ പാപ സുരക്ഷിതത്വം അഥവാ ഇസ്വ് മ ത്ത്. എന്നു വെച്ചാൽ തെറ്റുപറ്റാതെ പ്രവാചകൻമാരെ അല്ലാഹു സംരക്ഷിച്ച പോലെ ഇമാമുകൾക്കും ഈയൊരു പരിരക്ഷ ഉണ്ട്.ഇവർ തെറ്റു ചെയ്യുകയില്ല ,പ്രവാചകന്മാർക്ക് വഹ് യ് ലഭിക്കുന്നതു പോലെ അവർക്ക് ദിവ്യവെളിപാടുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അവർക്ക് അദൃശ്യങ്ങൾ ദൃശ്യമാകും.അവരെന്തെങ്കിലും അറിയണമെന്നാഗ്രഹിക്കുമ്പോൾ അത് അറിയും. എത്രത്തോളമെന്നു വെച്ചാൽ അവരുടെ മരണം പോലും അവർ തീരുമാനിക്കും പോലെയേ നടക്കൂ. 

ഇമാമത്തിനെക്കുറിച്ച് ശീ ഈ പ്രമാണങ്ങൾ 

പ്രവാചകത്വം പോലെ ദൈവദത്തമായ ഒരു പദവിയാണ് ഇമാമത്ത് (അഖാഇദുസ്സ ദൂഖ്: 106). അലി (റ) പറഞ്ഞതായി ശിയാക്കളുടെ ആധികാരിക ഇമാം ബഹ്റാനിപറയുന്നു :എന്റെ വിലായത്ത് അംഗീകരിക്കാൻ കൂട്ടാത്തവർ മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല ( ബീഹാറുൽ അൻവാർ: 3/26). നിഅമ തുല്ല അൽജസാ ഇരിപറയുന്നു: മുസ് ലിംകളുടെ മൊത്തം ഇമാമത്ത് എന്നത് പ്രവാചകത്വത്തെക്കാളും രിസാലത്തിനെക്കാളും ഉപരിയായ സ്ഥാനമാണ് (സഹ്റുൽ റബീഅ:12).ഇമാമത്താണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഏറ്റവും മഹത്തായത് ഉസൂലുൽ കഫി: 1/124). ഖുമൈനി പറയുന്നത് കാണുക: “നന്മുടെ മദ്‌ഹബിന്റെ അനിവാര്യമായ തേട്ടങ്ങളിൽ പെട്ടതാണ് നിയോഗിതരായ പ്രവാചകന്മാർക്കോ ദൈവസാമീപ്യം സിദ്ധിച്ച മലക്കുകൾക്കോ പ്രാപിക്കാൻ കഴിയാത്ത ഉന്നതപദവി നമ്മുടെ ഇമാമുകൾക്കുണ്ട് എന്ന വിശ്വാസം”. (ഇസ്‌ലാമിക ഗവൺമെന്റ്: 52 ) ഇവിടെ ഖുമൈനിയുടെ വീക്ഷണത്തിൽ മലക്കുകളും പ്രവാചകന്മാരുമെല്ലാം ഇമാമിന്റെ താഴെയാണ്. 

ഇമാമത്തിൽ വിശ്വസിക്കാത്തവർ കാഫിർ! 

ഇമാം അലിയുടെ വിലായത്ത് അംഗീകരിക്കാത്തവർ ഇസ്‌ലാമിന് പുറത്താകുന്നു (ബീഹാറുൽ അൻവാർ: 27/238). അവർ വിഗ്രഹാരാധകരെപ്പോലെയാകുന്നു (അൽബസ്വാഇർ: 105). അലിയുടെയും അദ്ദേഹത്തിന് ശേഷമുള്ള ഇമാമുമാരെയും നിഷേധിക്കുന്നവർ പ്രവാചകത്വം നിഷേധിക്കുന്നവരെപ്പോലെയാകുന്നു. ഇമാം അലിയെ അംഗീകരിക്കുകയും ശേഷം വന്നവരിൽ ആരെയും അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവർ മറ്റുള്ള പ്രവാചകന്മാരെ അംഗീകരിക്കുകയും മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വം നിരസിക്കുകയും ചെയ്യുന്നതു പോലെയാണ്.ശീഈ വിഭാഗത്തിലെ സ്വദൂഖ് (പരമസത്യസന്ധൻ) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രമുഖ മുഹദ്ദിസായ ഇബ്നു ബാബ വൈ ഹി അൽഖുമ്മിയുടെ വീക്ഷണമാണിത് (ബിഹാറുൽ അൻവാർ: 27/61,62). യൂസുഫുൽ ബഹ്റാനിയെന്ന ശീഈകളുടെ മഹാ പണ്ഡിതൻ പറയുന്നു: ഇമാമത്ത് എന്നത് ദീനിന്റെ മൗലികാടിസ്ഥാന (ഉസൂലുദ്ദീൻ ) മായിരിക്കെ അത് നിഷേധിക്കുന്നതും അല്ലാഹു വിനെയും റസൂലിനെയും നിഷേധിക്കുക വഴി കാഫിറാകുകയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല (അൽ ഹദാഇഖുന്നാളിറ: 18,153). ഇത് കേവലം ശീഈ കളിലെ തെറിച്ച ചില ശീ‌ഈ തീവ്രവാദികളുടെ അഭിപ്രായമല്ല. അവരുടെ മഹാഗുരു മുഫീദ് അക്കാര്യം വ്യക്തമാക്കുന്നു : “ഇമാമുമാരിൽ ആരെങ്കിലുമൊരാളെ അംഗീകരിക്കാൻ വിസമ്മദിക്കുകയും അവരെ നിരുപാധികം അനുസരിക്കണമെന്ന അല്ലാഹു വിന്റെ കർശന നിർദ്ദേശം തള്ളുകയും ചെയ്തവരാവട്ടെ അവർ കാഫിറുകളും വഴിപിഴച്ചവരും നരകത്തിൽ ശാശ്വത വാസത്തിനർഹരുമാണെന്ന കാര്യത്തിൽ ഇമാമിയ്യ ശീഈ കൾ ഏകോപിച്ചിരിക്കുന്നു (ബിഹാറുൽ അൻവാർ:22/391) .

ഇന്നത്തെ ശീ‌ഈ വിഭാഗത്തിലെ മുഖ്യധാരയിലുള്ള, ഇറാനിലും ഇറാഖിലും ഭരണവും സ്വാധീനവുമുള്ള, ഖുമൈനി പ്രധിനിധീകരിക്കുന്ന ഇസ്നാഅശരികളായ ശീഈകൾ അവലംബിക്കുന്ന ചില ഗ്രന്ഥങ്ങളിൽ വന്ന അധ്യായങ്ങളുടെ തലക്കെട്ടുകൾ മാത്രം ഇവിടെ ചേർക്കട്ടെ. ദൈർഘ്യം ഭയന്നാണ് അതിലെ ഉള്ളടക്കങ്ങൾ പൂർണ്ണമായി ഇവിടെ ചേർക്കാത്തത്. ഇപ്പറഞ്ഞതൊന്നും ആര്. യുസുഫ് വിചാരിക്കുന്നതുപോലെ ശീഈ വിഭാഗത്തിലെ ഒറ്റപ്പെട്ട ശബ്ദമോ ആവരംഗീകരിക്കാത്ത ഗ്രന്ഥങ്ങളിൽ നിന്നുള്ളതോ അല്ല. ഖുമൈനിയുടെ പ്രസ്താവന നാം മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. 

പ്രാമാണിക ഗ്രന്ഥങ്ങളും ഉള്ളടക്കവും 

ഇമാമുകൾ വല്ലതും അറിയണമെന്ന് ഉദ്ദേശിച്ചാൽ അതറിയും എന്ന് വ്യക്തമാക്കുന്ന അധ്യായം ( മൂന്ന് ഹദീസുകൾ, ബിഹാറുൽ അൻവാർ:26/117) ഇമാമുകൾ എപ്പോഴാണ് തങ്ങൾ മരിക്കുക എന്നും, തങ്ങളുദ്ദേശിക്കുമ്പോൾ അല്ലാതെ മരിക്കുകയില്ലെന്നും വൃക്തമാക്കുന്ന അധ്യായം (8ഹദീസുകൾ, ഉസൂലുൽ കാഫി; 1/186-188) അവർ മനസ്സുകളിലുള്ളത് അറിയുന്നു. മരണത്തിന്റേയും ആപത്തിന്റേയും വിവരങ്ങൾ അറിയുന്നു. (ബിഹാറുൽ അൻവർ; 26/137,153) 43 ഹദീസുകൾ. ഇമാം അലി പ്രവാചനേക്കാൾ ധീരനാണ്.(ബിഹാറുൽ അൻവർ) ഇമാമുമാരുടെ ഖബർ സിയാറത്ത് ചെയ്യണം, ഇമാം ഹുസൈന്റെ ഖബറിടം സിയാറത്ത് ചെയ്യാത്തവർ നരകാവകാശികളാണ്. അവിടെ ചെന്ന് ഖബറിലെ ഇമാമിനോട് പ്രാര്ത്ഥിക്കണം. സാക്ഷാൽ ശിർക്കൻ ആശയങ്ങളുള്ള പ്രാര്ത്ഥനാ വാചകവും കാണാം.(ബിഹാറുൽ അൻവാർ:98/253) ഇമാം ഹുസൈന്റെ ഖബറിടം ഭൂമിയിലെ ഏറ്റവും മഹത്തായ ഇടമാണ്. (അൽ അർദ് വത്തുര്ബത്തൂൽ ഹുസൈനിയ്യ. ആലുകാശിഫുൽഗിത്വഃ55-56). ഹുസൈൻ(റ)ന്റെ ഖബർ സിയാറത്ത് ചെയ്യുന്നത് 20 ഹജ്ജ് ചെയ്യുന്നതിനേക്കാൾ ശ്രഷ്ഠമാണ്. (ഫുറൂഉല്കാഫിഃ4/764) ആഇശയും ഹഫ്സയും. അവരുടെയും അവരുടെ പിതാക്കന്മാരുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ-ചേർന്ന് തന്ത്രം മെനഞ്ഞ് വിഷം കൊടുത്ത് പ്രവാചകനെ കൊല്ലുകയായിരുന്നു. (ഹിയാത്തുൽഹബ് ഖുലൂസ്ഃ2/700)നഊദുബില്ലാഹ്. സൂറത്തുന്നൂറിലെ സൂക്തങ്ങൾ പ്രവാചകന്റെ പരിശുദ്ധിയാണ് വ്യക്തമാക്കുന്നത്.അല്ലാതെ വ്യഭിചാരിണിയായ ആഇശയുടെയല്ല.(അസ്വിറാതുൽ മുസ്തഖീംഃ3/165).ഈ ഗ്രന്ഥത്തിലെ ഈയുദ്ധരണി വന്ന അധ്യായത്തിന്റെ തലക്കെട്ട് ഇങ്ങനെ വായിക്കാം.(തിന്മകളുടെ മാതാവിനെ പറ്റിയുള്ള അധ്യായം). 

തഫ്സീറിലും തിരിമറികൾ 

ശിയാക്കളുടെ ആധികാരിക തഫ്സീറിൽ സൂറത്തുത്തഹ് രീമിലെ കാഫിറുകളുടെ മോഡലായി അല്ലാഹു പറഞ്ഞ നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാർ എന്ന് പറഞ്ഞത് ആഇശയെയും ഹഫ്സയെയും പറ്റിയാണ് എന്ന് പച്ചയായി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.അതും വ്യാഖ്യാതാവിന്റെ അഭിപ്രായമല്ല. പ്രത്യുത അവരുടെ ഇമാം അബൂജഅ്ഫിറിന്റെ രിവായത്തായിട്ടാണുള്ളത് എന്നതാണ് ഏറെ കൗതുകം (അൽ മീസാനു ഫി തഫ്സീറുൽ ഖുർആൻ:19/346).രണ്ട് പേരും തിരുമേനിയെ വഞ്ചിച്ചു വ്യഭിചാരക്കുറ്റം ചെയ്തു (തഫ്സീറുൽ ഖുമ്മിഃ811).ശിയാക്കളുടെ ആധികാരിക ഇമാം മജ്‌ലിസി രേഖപ്പെടുത്തിഃമഹ്ദി അവരുടെ മേൽ വ്യഭിചാരത്തിന്റെ ഹദ്ദ് നടപ്പാക്കുകയും ചെയ്യും.(ബിഹാറുൽ അൻ വാർ52/314)എറിഞ്ഞുകൊല്ലുമെന്നര്ത്ഥം.

അവരുടെ വലിയ പുരോഹിതൻ അലിഗുറവി പറഞ്ഞു: നബി(സ) യുടെ ജനനേന്ദ്രിയം നരകത്തിൽ പ്രവേശിക്കേണ്ടി വരും. കാരണം ചില ബഹുദൈവ വിശ്വാസിനികളെ തിരുമേനി ഭോഗിച്ചിട്ടുണ്ട് ( കശ് ഫൂൽ അസ്റാർ:24 മൂസവി ) .

ശിയാക്കളുടെ അഖീദയും ഉസൂലുകളുo വിശദീകരിക്കുന്ന, ശിയാക്കൾ പൊതുവയും ഖുമൈനിയുൾപ്പടെ ഇറാനിലെ മുഖ്യ വിഭാഗം പിൻപറ്റുന്ന ഇമാമിയ്യാ ശിയാക്കൾവിശേഷിച്ചും സർവാത്മനാ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളാണിവയത്രയും . ഇന്നും ഇറാൻ , ഇറാഖ് രാജ്യങ്ങളിലുൾപ്പെടെ ശീഈകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവയൊക്കെയും.

ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ശാഖാപരമായി കണ്ടു കൊണ്ട് ശീഈകളുടെ രാഷ്ട്രീയ നിലപാടുകൾ മാത്രം പരിഗണിച്ചു കൊണ്ട് ബാക്കിയുള്ളതെല്ലാo മറക്കാനും പൊറുക്കാനും മാത്രമേ ഉള്ളൂ എന്ന ജൽപനം പായസത്തിൽ വിഷം കലർന്നിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞശേഷം അതിൽ ധാരാളം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യുമെല്ലാം ഉണ്ടെന്ന് പറഞ്ഞ് അതെടുത്ത് കുടിക്കുന്നതുപോലെ ആത്മഹത്യപരമാണ്.

സുന്നീ ഗ്രന്ഥങ്ങളിലെ അബദ്ധങ്ങൾ

ഇത്തരം വിഷലിപ്തമായതും , ഒരു യഥാർത്ഥ മുസലിമിനെ തന്റെ ദീനിൽ നിന്ന് തന്നെ തെറിപ്പിക്കുന്നതുമായ രേഖകൾ, ഉദ്ധരണികൾ നിവേദനങ്ങൾ അഹ്‌ലു സ്സുന്നത്തിന്റെ ഗ്രസ്ഥങ്ങളിലും കാണാമല്ലോ. അതുപോലെത്തന്നെയല്ലേ ഇതും പരിഗണിക്കേണ്ടതുള്ളൂ എന്നും ചോദിച്ചേക്കാം. ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത അഹ്‌ലുസ്സുന്നയുടെ പ്രാമാണികരമായ ഇമാമുകൾ എല്ലാവരും തന്നെ ഇങ്ങനെ വല്ലതും കണ്ടാൽ അംഗീകരിക്കരുതെന്നാണ് പഠിപ്പിച്ചിട്ടുള്ളത് . മാത്രമല്ല ഇങ്ങനെയുള്ള അബദ്ധങ്ങളും അപകടകരമായ ഉദ്ധരണികളും പരമാബദ്ധങ്ങളും വെളിച്ചത്ത് കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമങ്ങൾ . അത്തരം അബദ്ധങ്ങളിൽ വിശ്വസിച്ചു പോകാതിരിക്കാനവശ്യം ആവശ്യമായ ശക്തവും ഭദ്രവുമായ മാനദണ്ഡങ്ങളും നിബന്ധനകളും കൂടി വ്യക്തമാക്കിയിട്ടുണ്ട് അവർ . അഹ്‌ലുലുസ്സുന്ന പൊതുവെ അംഗീകരിക്കന്ന നാല് മദ്ഹബിന്റെ പണ്ഡിതന്മാരോ ഇമാമുകളോ ഇത്തരം യാതൊന്നും ഉദ്ധരിച്ചിട്ടുമില്ല. അതുപോലെ തന്നെ ശീഈകൾ വിശ്വസിക്കുന്നതു പോലെ തങ്ങളുടെ ഇമാമുകൾ തെറ്റുപറ്റാത്ത മഅസൂമുകളാണെന്നോ അവരുടെ അഭിപ്രായങ്ങൾ പ്രമാണമാണെന്നോ സുന്നികൾ ആരും തന്നെ വിശ്വസിക്കുന്നില്ല.

ഇമാമുമാരുടെ അബദ്ധങ്ങളും ശീഈ നിലപാടും

എന്നാൽ ഇന്ന് വരെ തങ്ങളുടെ ആധികാരികവും പ്രാമാണകവുമായ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടുകിടക്കുന്ന പരാമൃഷ്ട കാര്യങ്ങൾ പോലെയുള്ളവ ശീ‌ഈകൾ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പല രൂപത്തിൽ അവരത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം!!! ശിയാ ലോകം അംഗീകരിക്കുന്ന ഒരു പണ്ഡിതന്നും ഇവ തള്ളിക്കളഞ്ഞിട്ടില്ല. ഖമൈനിയുൾപ്പടെ അവ ഉറപ്പിച്ചും തറപ്പിച്ചും സമർത്ഥിക്കുകയാണ് ചെയ്തിട്ടുള്ളത് . ഒറ്റപ്പെട്ട ചില കാര്യങ്ങൾ നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെശിയാക്കളുടെ അംഗീകരിക്കപ്പെട്ട വക്താക്കളായിരുന്നില്ല. തഖിയ്യയുടെ ഭാഗമായില്ലാതെ അത്തരം നിരൂപണങ്ങളെ കാണാനും കഴിയില്ല എന്നതിന് അവരുടെ തന്നെ മറ്റു ഗ്രന്ഥങ്ങൾ തെളിവാണ്. ഇന്നും ഇറാനുൾപ്പടെയുള്ള രാജ്യങ്ങളിൽ ഒദ്യോഗികവും അല്ലാതെയും ഇത്തരം ഗ്രസ്ഥങ്ങളും പ്രഭാഷണങ്ങളും അഭംഗുരം തുടരുകയും ചെയ്യുന്നു.

സുന്നികൾ കാഫിറാക്കുന്നില്ല

ഇവിടെ പരസ്പരം കാഫിറാക്കുന്ന പ്രവണത ഇരുപക്ഷത്തും ഒരുപോലെയാണെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ വളരെ വലിയ അന്തരം ഇവിടെയുണ്ട്. സുന്നി പക്ഷ ത്തുള്ള ചിലർ അങ്ങനെ എഴുതുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരാരും തന്നെ അഹ്‌ലുസ്സുന്നയുടെ ആധികാരിക വക്താക്കളല്ല. നാലു മദ്ഹബിന്റെ ഇമാമുമാർ മുതൽ സ്വതന്ത്ര വീക്ഷാഗതിക്കാരായ ഇമാം ഇബ്നു തൈമിയ്യ മുതൽ ശൈഖ് ഇബ്നു ബാസ് വരെയുള്ള ശക്തമായ ശിയാ വിരുദ്ധ നിലപാടുള്ള പണ്ഡിതന്മാർ ഉൾപ്പടെയുള്ള വർ ശിയാക്കൾ കാഫിറാണെന്ന് വിധിച്ചിട്ടില്ല. എന്നല്ല ഖാദിയാനികൾ ഇസ്ലാമിന് പുറത്തുള്ള മതമാണെന്നും അവരെ മുസ്ലിംഗകളായി അംഗീകരിക്കാനോ പുണ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനോ പാടില്ലെന്നും വിധിച്ചപ്പോൾ ശിയാക്കളെ മുസ്ലിംകളായി തന്നെ അംഗീകരിച്ച ഹജ്ജിനും ഉംറക്കുമെല്ലാം അനുവാദം നൽകുകയായിരുന്നു അവരെല്ലാം… ശിയാക്കൾ ഇന്നും ഹജ്ജും ഉംറയുമെല്ലാം നിർവഹിച്ചു വരികയുo ചെയ്യുന്നുണ്ട്. എന്നാൽ ഇമാം അലിയുടെ ഇമാമത്ത് അംഗീകരിക്കാത്തവർ കാഫിറുകളാണെന്ന് വളരെ സ്പഷ്ടമായി ശിയാക്കളുടെ മൗലിക പണ്ഡിതന്മാരും ഗ്രന്ഥങ്ങളും വ്യക്തമാക്കിയത് നാം കണ്ടല്ലോ ശിയാക്കളെ പറ്റി അത്തരം ഒരു ഉദ്ധരണി ബുഖാരി മുസ്ലിം പോലുള്ള ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ വന്നതായി അറിയില്ല.

ശിയാ സുന്നി മാത്രമല്ല എല്ലാ മുസ്ലിം വിഭാഗങ്ങളും സംഘടനകളും ഐക്യപ്പെടുന്നത് എല്ലാ നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും തദ്വിഷയകമായി നടത്തപ്പെടുന്ന ഏതൊരു കാൽവെപ്പും പിന്തുണക്കേണ്ടതാണെന്നും വലിയ ആഗ്രഹമുണ്ട്.നടപ്പുള്ള കാര്യമല്ലെങ്കിലും.പക്ഷെ അതോടൊപ്പം ഒരു വിഭാഗത്തെപ്പറ്റി അഭിപ്രായം രൂപീകരിക്കുന്നതിന് ചില അടിസ്ഥാനങ്ങൾ നാം പാലിച്ചേ പറ്റൂ. നിലവിലുള്ളതും മുമ്പ് രചിക്കപ്പെട്ടതുമായ ശിയാ സുന്നി തർക്കങ്ങളുടെ അടിസ്ഥാനങ്ങൾ ചർച്ച ചെയ്യുന്ന സാധ്യമായ എല്ലാ റഫറൻസുകളും രേഖകളും പ്രമാണങ്ങളും വച്ച് നമുക്ക് പരിശോധിച്ച് നോക്കാം. ഇവിടെ സമന്വയത്തിന്റെ വല്ല രജത രേഖകളും തെളിഞ്ഞ് വരുന്നുണ്ടോ എന്ന്? ബുഖാരിയും മുസ്ലിമും തള്ളിപ്പറഞ്ഞ് സുന്നികൾ വല്ല ധാരണക്കും തയ്യാറാവാത്തത് പോലെ കാഫിയും ബിഹാറും അവഗണിച്ച് ശിയാക്കളും ചർച്ചക്ക് തയ്യാറാവുകയില്ല. തയ്യാറാവുന്ന അന്ന് ശിയാഇസം അവസാനിച്ചു.ശിയാക്കളെ കാഫിറാക്കാൻ പോയിട്ട് അവരെ പറ്റി വ്യക്തമായ ഒരു പരാമർശം പോലും ബുഖാരിയിലോ മുസ്ലിമിലോ കാണാൻ സാധിക്കുകയില്ല.എന്നാൽ അൽകാഫി എന്ന ശിയാക്കളുടെ ബുഖാരിയിൽ മുൻ ചൊന്ന എല്ലാം ഉണ്ടെന്ന് മാത്രമല്ല അവ സ്വഹീഹും മുതവാതിറും ആണെന്ന് കൂടി അവർ വിശ്വസിക്കുന്നു. (ഇത്രയധികം ആളുകൾ കളവ് പറയുന്നതിൽ ഏകോപ്പിക്കുമെന്ന് സാമാന്യബുദ്ധി ഒരിക്കലും അംഗീകരിക്കാത്തത്രയും എണ്ണം നിവേദകന്മാരിലൂടെ ഉദ്ധരിക്കപ്പെടുന്ന വാക്കാണ് മുതവാത്വിറെന്ന് പറയുന്നത്).

തള്ളിയാൽ ഖുർആൻ ആയത്ത് തള്ളുന്ന അതേ ഗൗരവമായിട്ടുമാണ് ശിയാക്കൾ പരിഗണിക്കുന്നത്.ഇന്നും ആ നിലപാടിൽ മാറ്റമൊന്നുമില്ല. 

ഐക്യത്തിന് തടസ്സം നിസ്സാരമല്ല

ചുരുക്കത്തിൽ പ്രവാചകൻമാർക്കല്ലാതെ മറ്റാർക്കും ഇസ്മത്ത് (പാപ സുരക്ഷിതത്വം) ഇല്ലാ എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ പ്രവാചകൻമാരെക്കാളും മലക്കുകളേക്കാളും പരിശുദ്ധരും മഅസൂമുകളുമാണ് തങ്ങളുടെ ഇമാമുകൾ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. അബൂബക്കറും ഉമറും ഉസ്മാനും അലിയുമെല്ലാം സച്ചരിതരായ ഖലീഫമാരും സ്വർഗാവകാശികളുമാണെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ ആദ്യത്തെ മൂന്ന് ഖലീഫമാരും കാഫിറുകളും നരകാവകാശികളും ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു. സ്വഹാബിമാരുടെ പേര് കേൾക്കുമ്പോൾ സുന്നികൾ റളിയല്ലാഹുഅൻഹു എന്ന് ചൊല്ലുമ്പോൾ ശിയാക്കൾ ലഅ്നത്ത് ചൊല്ലുന്നു. അവരെ ഇസ്ലാമിലെ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മാതൃകാപുരുഷൻമാരായി സുന്നികൾ വിശ്വസിക്കുമ്പോൾ മൊത്തം സ്വഹാബിമാരിൽ മൂന്നോ നാലോ ഏറിയാൽ ഏഴ് പേരൊഴിച്ചുള്ള വർ ഒന്നടങ്കം മുർത്തദ്ദുകളും ( ഇസ്ലാമിൽ നിന്നും പുറത്ത് പോയവർ) മുനാഫിക്കുകളുമാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു. പ്രവാചകത്വ പരിസമാപ്തിയോടെ വഹ് യ് നിലച്ചുവെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ തങ്ങളുടെ ഇമാമുകൾക്ക് വഹ് യ് അഭംഗുരം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. സ്വഹാബി വനിതകളിൽ ഉന്നതശീർഷയും പണ്ഡിതയും പല സ്വഹാബിമാരുടെയും ഗുരുഭൂതയുമായ സത്യവിശ്വാസികളുടെ മാതാവായി ആഇശ(റ)യെ സുന്നികൾ മനസിലാക്കുമ്പോൾ അവർ ശപിക്കപ്പെട്ടവരും വൃത്തികെട്ടവളുമായി ശിയാക്കൾ വിശ്വസിക്കുന്നു. അവർക്കെതിരെ മുനാഫിക്കുകൾ നടത്തിയ കുപ്രചരണത്തിന്റെ മുനയൊടിച്ചു കൊണ്ട് അല്ലാഹു നേരിട്ട് ഇടപെടുകയും ഒന്നിലധികം ഖുർആനിക സൂക്തങ്ങൾ ഇറക്കി അവരുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു എന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അവർ വ്യഭിചാരകുറ്റം ചെയ്തതായും അന്ത്യദിനത്തിന്റെ അടയാളമായി മഹ്ദി ആഗതനായാൽ ആഇശയെ പുനരുജ്ജീവിപ്പിച്ച് ആദ്യം ചെയ്യുന്ന നടപടി വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ അവരെ ഹദ്ദശിക്കുകയുമായിരിക്കും എന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. ഒരു ജൂത സ്ത്രീ തിരുമേനിയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്നാണ് സുന്നികൾ വിശ്വസിക്കുന്നതെങ്കിൽ ആഇശയും ഹഫ്സയും തിരുമേനിയെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. പിശാചുപോലും ഓടിയൊളിക്കുന്നത്ര ശക്തനായ, സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട, രക്തസാക്ഷിയായ ( ശഹീദ്) പ്രവാചകന് ശേഷം ലോകത്തിന് മാതൃകാഭരണം കാഴ്ച്ചവെച്ച ഏറ്റവും ദീർഘകാലം ഭരിച്ച മഹാനാണ് ഉമർ (റ) എന്ന് സുന്നികൾ, അല്ല ലോകം വിശ്വസിക്കുമ്പോൾ ഏറ്റവും വലിയ താഗൂത്തും ജിബ്തുമാണ് ഉമർ എന്ന് ശിയാക്കൾ വിശ്വസിക്കുന്നു. അതും കടന്ന് ഘാതകനായ അബൂ ലുഅ്ലൂഅയെ വീരപുരുഷനായി വാഴിക്കുകയും തൽപേരിൽ ജാറം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രമാക്കുകയും ചെയ്തിരിക്കുന്നു ശിയാക്കൾ. അദ്ദേഹം രക്തസാക്ഷിയായ ദിവസം ശീഈ കൾക്ക് ആഘോഷ ദിനമാണ്. മുഹമ്മദ് ബാഖിർ അൽ മജ്‌ലിസി രേഖപ്പെടുത്തി: “ഉമർ കാഫിറാണെന്ന് സംശയിക്കാൻ ബുദ്ധിയുള്ള ഒരാൾക്കും വകുപ്പില്ല. അല്ലാഹു വിന്റെയും റസൂലിന്റെയും ശാപം അവനുണ്ടാകട്ടെ, അത് പോലെ ആരൊക്കെ അവനെ മുസ്ലിമാണെന്ന് കണക്കാക്കിയോ അവർക്കും ശാപം, അവനെ ശപിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നവർക്കും ശാപം.” (മജ് ലിസിയുടെ ജലാഉൽ ഉയൂൻ: 45, ഖുമൈനിയുടെ കശ് ഫുൽ അസ് റാർ :126) എന്നിവ നോക്കുക പരിശുദ്ധ ഖുർആൻ ദൈവിക സംരക്ഷണം സിദ്ധിച്ചതും, മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാക്കത്തതുമായി ഇന്നും നിലകൊള്ളുന്നു. അത് അങ്ങനെ എന്നും നിലനിൽക്കുമെന്നും സുന്നികൾ വിശ്വസിക്കുമ്പോൾ പതിനായിരക്കണക്കിന് ആയത്തുകളുള്ള യഥാർത്ഥ ഖുർആൻ വിനഷ്ടമായി പോയെന്നും അബൂബക്കറും ഉമറുമുൾപ്പെടെയുള്ള സ്വഹാബിമാർ വെട്ടിത്തിരുത്തിയ ഖുർആനാണിന്നവശേഷിക്കുന്നതെന്നും ശിയാക്കൾ വിശ്വസിക്കുന്നു. യഥാർത്ഥ ഖുർആനുമായി മഹ്ദി അന്ത്യദിനത്തിന് മുമ്പ് വരുമ്പോൾ ‘  ഇക്കാര്യം എല്ലാവർക്കും ബോധ്യമാവുമെന്നും അവർ വിശ്വസിക്കുന്നു. പരിശുദ്ധ ഖുർആന്റെ അമാനുഷികതയും സവിശേഷതകളും വ്യക്തമാക്കി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ സുന്നികൾ രചിക്കുമ്പോൾ ഖുർആനിൽ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടു ണ്ടെന്ന് തെളിയിക്കാൻ ഗ്രന്ഥം രചിക്കുന്ന തകൃതിയിലായിരുന്നു ശിയാ പുരോഹിതന്മാർ. ചുരുങ്ങിയത് ഒമ്പത് ഗ്രന്ഥങ്ങൾ തദാവശ്യാർത്ഥം അവർ രചിച്ചിട്ടുണ്ട്. 

ഐക്യശ്രമം അനുഭവങ്ങളിലൂടെ 

ശീഈ സുന്നി ഭിന്നതകൾക്കിടയിൽ സമരസപ്പെടലിന്റെ സാധ്യതകൾ വ്യാപിപ്പിക്കാൻ ശ്രമിച്ച പണ്ഡിതൻമാർ ഇരുകൂട്ടരിലുമുണ്ടായിരുന്നുവെന്ന് വി.എ. കബീർ പ്രകടിപ്പിച്ചത് എടുത്തുദ്ധരിച്ചിരിക്കുന്നു ആർ.യൂസുഫ് ആ പണ്ഡിതൻമാരുടെ അനുഭവം എന്തായിരുന്നു എന്നതിനെപ്പറ്റി കൂടി എഴുതിയിരുന്നെങ്കിൽ യാഥാർത്ഥ്യം വ്യക്ത്മായേനെ. ഏതൊരന്വേഷണവും പാതിവഴിയിൽ നിർത്തിയാലുള്ള അപകടമാണിപ്പറഞ്ഞതും.സിറിയയിലെ ഇഖ് വാൻ കാര്യദർശിയും സുപ്രസിദ്ധ പണ്ഡിതനുമായിരുന്നു ഡോ.മുസ്തഫസ്സി ബാഇയുടെ അനുഭവം മാത്രം വായനക്കാരുടെ അറിവിലേക്കായി പകർത്തട്ടെ 

മുസ്തഫസ്സി ബാഇയുടെ അനുഭവം 

ശിയാ സുന്നി സമവായത്തിനായി അക്ഷീണം യത് നിച്ച മഹാനായ പണ്ഡിതനാണ് യശശരീരനായ ഡോ.മുസ്ത്വഫ അസ്സി ബാഈ .തദാവശ്യാർത്ഥം ഒരു വലിയ സമ്മേളനം തന്നെ സംഘടിപ്പിക്കണമെന്നദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ശിയാക്കളടെ പല തലസ്ഥാനങ്ങളും കേന്ദ്രങ്ങളും സന്ദർശിക്കുകയും അവിടുങ്ങളിലുള്ള പ്രഗൽഭരായ ശിയാ പണ്ഡിതൻമാരുമായും നേതാക്കൻമാരുമായും പലകുറി കൂടിക്കാഴ്ച്ചകളും സംഭാഷണങ്ങളും ചർച്ചകളുമെല്ലാം നടത്തി. ആ കൂട്ടത്തിൽ ഏറ്റവും അധികം തൽപരനായി മുന്നോട്ട് വന്ന് പിന്തുണ പ്ര ഖ്യാപിച്ച ശിയാക്കളുടെ മുൻനിര നേതാവും . പണ്ഡിതനുമാണ് അബ്ദുൽ ഹുസൈൻ ശറഫുദീൻ അൽ മുസവി ശിയാ വിഭാഗത്തിലെ രാ ഷ്ടിയനേതാക്കൻമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം സി ബാഈ സമീപിച്ചിരുന്നു. അദ്ദേഹത്തിന് ആത്മവിശ്വാസം വർദ്ധിച്ചു. ശുഭപ്ര തീക്ഷയോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതായി അദ്ദേഹം മനസ്സിലാക്കി എന്നാൽ പ്ര തീക്ഷിതമായി എല്ലാം തകിടം മറിഞ്ഞു. ഈ രംഗത്ത് തനിക്ക് ഏറ്റവും േപ്രാത്സാഹനവും പിന്തുണയും നൽകി മുന്നോട്ടുവന്ന മുസവിതന്നെയായിരുന്നു വില്ലൻ. മഹാനായ സ്വഹാബി അബു ഹുറയ്റയെ കാഫിറും മുനാഫിഖുമാക്കി ചിത്രീകരിച്ചു കൊണ്ടും അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുക്കൊണ്ടും ഒരു ഗ്രന്ഥം തന്നെ രചിച്ചു മുസവി.അബു ഹുറയ്റനരകാവകാശിയാണെന്ന് റസൂൽ (സ) പ്ര വച്ചിച്ചിട്ടുണ്ടെന്ന് വരെ തട്ടി വിട്ടിട്ടുണ്ട് പ്രസ്തുത ഗ്രന്ഥത്തിൽ. താനുമായുള്ള സംഭാഷണത്തിൽ സ്വീകരിച്ച സമീപനത്തിൽ നിന്ന് തികച്ചും വിരുദ്ധമായസമീപനമായിരുന്നു ഗ്രന്ഥത്തിലുടനീളം മുസവി പുലർത്തിയിരുന്നത്. അതിൽ ഡോ.സി ബാഈ നിരാശയും ഞെട്ടലും പ്രകടിപ്പിച്ചു കൊണ്ട് തന്റെ വിഖ്യാത ഗ്രന്ഥമായ സുന്നത്തും ഇസ്‌ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും എന്നഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഒന്നിച്ചുള്ള ചർച്ചകളിലും സംഭാഷണങ്ങളിലും സദസ്സുകളിലും വെച്ച് ഭംഗിവാക്ക് പറയലാണ് തഖ് രീബിന്റെ മാർഗത്തിൽ ശിയാ പണ്ഡിതന്മാർ ആകെ ചെയ്തിട്ടുള്ള സംഭാവന. ഒരു വശത്തിങ്ങനെ ചെയ്യുബോൾ തന്നെ മറുവശത്ത് സ്വഹാബിമാരെ ശപിക്കലും തെറിയാഭിഷേകം ചെയ്യലും അഭംഗുരം തുടരുകയും ചെയ്യും. അല്ലാതെ സുന്നികളു മായി യഥാർത്ഥത്തിൽ തന്നെ സമവായം ഇറാനി ലോ ഇറാഖി ലോ ഉള്ള ശിയാ പണ്ഡിതന്മാരുടെ അജണ്ടയിൽ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല. അഖ്‌രീബിന്റെ പേരിൽ പരമാവതി സുന്നികളെ ശിയാ ഇസ ത്തിലേക്ക് അടുപ്പിക്കുക എന്നതാണ് ഈദൃശമായി അവരുടെ ഇതപര്യന്തമുള്ള സമീപനവും അവരിൽ നിന്നുള്ള അനുഭവവും പഠിക്കുന്നത്. മനസ്സാക്ഷിയുള്ള ഒരാൾക്കും കേൾക്കാൻ കഴിയാത്ത അസഹ്യമായ ശൈലിയിൽ ബഹു ഭൂരിഭാഗം സ്വഹാബിമാരെയും തെറിയഭിഷേകം ചേയ്തും ശാപവാക്കുകൾ ചൊരിഞ്ഞും മുസ്ലിം സമൂഹത്തിൽ ഛിദ്രതയുടെ അഗ്നി ആളിക്കത്തിക്കാനാണവർ ഗ്രന്ഥ രചനയിലൂടെ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്.(ഡോ. മുസ്ത്വഫസ്സി ബാഇ യുടെ സുന്നത്തും ഇസ്ലാമിക നിയമാവിഷ്കാരത്തിൽ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥം കാണുക). ശൈഖ് ഖറദാവി ഈ രംഗത്ത് മുന്നിട്ടിറങ്ങിയതിനെപ്പറ്റി സലിം മൗലവി എഴുതിയിട്ടുണ്ട്. സലഫി വിഭാഗത്തിൽ നിന്ന് അതിന്റെ പേരിൽ അദ്ദേഹത്തിന് കേൾക്കേണ്ടി വന്ന ശകാരങ്ങളും പഴിയും കനത്തതായിരുന്നു. ശൈഖ് മൂസാ ജാറുല്ലാ, ശൈഖ് സഈദ് ഹവ്വ, ശൈഖ് അലി അസ്സാലൂസ്, ഡോ.ഇ മാറ തുടങ്ങിയ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുഭവങ്ങൾ അവർ തന്നെ സ്വതന്ത്ര രചനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട് ഐക്യശ്രമം എന്തുകൊണ്ട് പരാജയപ്പെടുന്നു.! 

ഇത്തരം ശ്ര മങ്ങളൊക്കെയും പരാചയത്തിൽക്കലാശിച്ചതിന്റെ ഒരേയൊരു കാരണം ശിയാക്കളുടെ മൗലികമായ വിശ്വാസാദർശങ്ങൾ തന്നെയാണ്. സുന്നികളെ പറ്റിയും മുസ്ലിം ലോകം അംഗീകരിക്കുന്ന പ്രമാണങ്ങൾക്ക് നേരെയും ഉത്തമ നൂറ്റാണ്ടിലെ മാത്യ കാ പുരുഷന്മാരായ സ്വഹാബത്തിന് നേരെ യും പ്ര വാചക പത്നിമാരെയും പറ്റി അവർ ഇന്നും വെച്ച് പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വിഷമിപ്തവും പ്രകോപനപരവുമായ കാര്യങ്ങൾ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ ശീഈ ലോകം മുറുകെ പിടിച്ചു കൊണ്ടിരിക്കുനതിനാൽ അത്തരം മൗലികാടിത്തറകളിൽ നിന്ന് രൂപപ്പെടുന്ന നയസമീപനങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നത് അസ്ഥാനതാണ്. സമാനതകൾ തുറന്നു കാട്ടാം പക്ഷെ, ഏതു വിഷയത്തിൽ? ഇമാമത്ത് വിശദാംശങ്ങളിൽ കൂട്ടിച്ചേർത്തതോ?! 

ആർ.യു സുഫ് എഴുതുന്നു: തൗഹീദിന്റെയും രിസാലത്തിന്റെ യും വിശദാംശങ്ങളിൽ കുട്ടിച്ചേർക്കൽ നടത്തലാണ് ഇമാമത്ത് എന്ന് വാദിക്കാം. ഇവിടെ ആർക്കാണ് അങ്ങനെയൊരു വാ വാദം? ശീഈ കൾക്കോ സുന്നികൾക്കോ ഇല്ലാത്ത ഒരു വാദം സ്വയം ഉന്നയിക്കുകയും എന്നിട്ടതിന് മറുപടി പറയുകയും ചെയ്യുകയാണദ്ദേഹം. അത് വളരെയെളുപ്പമുള്ള കാര്യമാണ്. ഇവിടെ തൗഹീദിന്റെ യും രിസാലത്തിന്റെ യും വിശദാംശങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തി എന്നല്ല ശീഈ കൾഇമാമത്തിനെ പറ്റി വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.പ്രത്യത അത് തങ്ങളുടെ അടിസ്ഥാന വിശ്വാസമാണെന്ന് മാത്രമല്ല ഈമാൻ കാര്യങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണെന്നാണ്. അതിലുപരി അതംഗീകരിക്കാത്തവർ കാഫിറാണെന്നാണ്. 

സുന്നീ പരിസരത്തെ ശീഈ കൾ! 

ഇവിടെ ശീഈകളെ കാഫിറാക്കണമെന്നോ, അവരെ ഇസ്‌ലാമിന്റെ പടിക്ക് പുറത്ത് നിർത്തണമെന്നോ ഒന്നും ശൈഖ് ഖറദാവി ഉൾപ്പെടെയുള്ളവർ ആരും തന്നെ ആവശ്യപ്പെട്ടിട്ടില്ല. അപകടകരമായ വിശ്വാസങ്ങൾ തിരുത്തണെന്നും എങ്കിലേ ഒരു സമവായത്തിനുള്ള ഭൂമിക ഒരുങ്ങുകയുള്ളു എന്നും അല്ലാത്തപക്ഷം അവരുടെ ഈമാനിനും ഇസ്‌ലാമിനും ക്ഷതം പറ്റുമെന്നും ഉണർത്തുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സാക്ഷാൽ സലഫി പണ്ഡിതന്മാർ ജീവിക്കുന്ന അറേബ്യയിൽ ശിയാക്കൾക്ക് ഹജ്ജും ഉംറയും നിർവ്വഹിക്കാൻ അനുവാദവും സൗകര്യവും നൽകപ്പെട്ടിരിക്കുന്നത്. അവിടങ്ങളിൽ ശീ‌ഈകൾക്ക് പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിക്കാനും ശീ‌ഈ മദ്ഹബനുസരിച്ചു പഠിക്കലും പഠിപ്പിക്കലുമെല്ലാം അഭംഗുരം തുടരുന്നതും.

ഇറാനിലെ സുന്നികൾ: വസ്തുതകൾ 

മറുഭാഗത്ത് ഇറാനിൽ സുന്നികളുടെ അവസ്ഥ പറയാതിരിക്കുന്നതാവും നല്ലത്. ” ഇസ്ലാമിക വിപ്ലവം” നടന്ന ഇറാനിൽ ഏതാണ്ട് 30 ശതമാനത്തോളം സുന്നികളുണ്ട്. പക്ഷേ അവരെ എല്ലാ അർത്ഥത്തിലും പാർശ്വവത്കരിക്കുന്ന സമീപനമാണ് ഇറാൻ ഭരണകൂടം നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മജൂസികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും ഭരണ രാഷ്ട്രീയ മേഖലകളിൽ സുന്നികളേക്കാൾ പരിഗണനയും സ്വാധീനവും ഉണ്ട്. അഹ്‌ലുസ്സുന്നക്ക് മാത്രം ഇല്ല. എന്തിനധികം ലോകത്ത് ക്രിസ്ത്യാനികളുടെ ശ്രീകോവിലായ വത്തിക്കാനിൽ പോലും ജുമുഅ നടക്കുന്ന പള്ളികളുണ്ട്. സുന്നികൾക്ക് ജുമുഅ നടത്താൻ ഒരു പള്ളിയില്ലാത്ത ലോകത്തെ തന്നെ ഒരേയൊരു നഗരം ഒരു പക്ഷേ ടെഹ്റാനായിരിക്കും. കടുത്ത ഇറാൻ ശിയാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സൗദിയിൽ ശിയാക്കൾക്ക് പള്ളികളുണ്ട്. സമന്വയത്തിന് ഇറങ്ങിപ്പുറപ്പെട്ട പണ്ഡിത സംഘത്തിൽപ്പെട്ട ഒരു അംഗം ഈയുള്ളവനോട് പറയുകയുണ്ടായി.: ഞങ്ങൾ സുന്നികളുടെ ചിലവിൽ ടെഹ്റാൻ സിറ്റിയിൽ ഒരു പളളിയുണ്ടാക്കിക്കൊള്ളട്ടെ? എന്ന് റഫ്സഞ്ചാനിയോട് ചോദിച്ചപ്പോൾ നിഷേധാത്മകമായിരുന്നു പ്രതികരണം ‘ലാ ശീഈയ ,ലാ സുന്നിയ്യ , ഇസ്ലാമിയ്യ ഇസ്ലാമിയ്യ ‘ എന്ന മുദ്രാവാക്യം ശിയാ വിപ്ലവം വിജയിപ്പിക്കാനുള്ള ‘ പാലം കടക്കുവോളം നാരായണാ ‘ തന്ത്രമായിരുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ഖബർ സിയാറത്തും ഇസ്തിഗാസയും ഒരു പോലെയോ.? 

ഇസ്തിഗാസയെയും മഖ്ബറ സന്ദർശനത്തേയും കൂട്ടിക്കുഴച്ച് ഉദാഹരിക്കുന്നതിലെ തമാശ ചെറുതല്ല. രണ്ടും ഒരേ അളവുകോൽ വെച്ച് അളക്കുന്നത് എത്രമാത്രം ബാലിശമാണെന്ന് തൽക്കാലം വിശദീകരിക്കുന്നില്ല. ഇന്ന് ലോകത്ത് തൊട്ടു കൂട്ടാൻ പോലുമില്ലാത്ത മുഅതസിലികളും ഇന്ന് ഏറ്റവും കൂടുതൽ നിലവിലുള്ള അശ്അരികളും തമ്മിൽ ഭിന്നത ഇന്ന് ഒരു സങ്കീർണ്ണ പ്രശ്നമായി അനുഭവപ്പെടാത്തത് ഇവിടെ എടുത്തുദ്ധരിച്ചത് അതിനേക്കാൾ വലിയ തമാശയായി. മുഅ്തസിലുകൾ സജീവരായിരുന്ന കാലത്ത് പണ്ഡിതന്മാർ അവരുടെ വഴികെട്ട ചിന്തകളെ വളരെ ശക്തവും യുക്തവുമായ ശൈലിയിൽ കൈകാര്യം ചെയ്തതിന് ചരിത്രം തെളിവാണ്. 

അല്ലെങ്കിൽ ശീ‌ഈകൾക്കെതിരെ ആയുധമെടുക്കണമെന്നും അവരെ കാഫിറും മുർതദ്ദുമായി മുദ്രകുത്തണമെന്നുമല്ല ഖറദാവി ഉൾപ്പെടെയുള്ള മിതവാദികളായ പണ്ഡിതന്മാരും മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളും പറയുന്നത്. പ്രത്യുത ആദർശ സംവാദവും പ്രമാണത്തിൽ ഊന്നിയുള്ള ചർച്ചകളും നടക്കുക തന്നെ വേണം എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അങ്ങനെ നടക്കുമ്പോൾ എതിരാളികളെ സുഖിപ്പിക്കാനുള്ള വർത്തമാനം പറഞ്ഞ് ചായ കുടിച്ച് പിരിയലല്ല മറിച്ച് തങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യുക തന്നെയാണ് വേണ്ടത്. ആ യാഥാർത്ഥ്യം വിസ്മരിച്ച് ശീ‌ഈ സുന്നി ഭിന്നത ശാഖാപരമാണെന്ന് ആവർത്തിച്ചത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാവുന്നില്ല.

ശീ‌ഈ വിശ്വാസം വിശദീകരിക്കേണ്ടതാര്.?

ആ തലത്തിൽ നിന്നു കൊണ്ടാണ് സലീം മൗലവി ശീ‌ഈകളുടെ ഇമാമത്ത് സിദ്ധാന്തം അവതരിപ്പിച്ചത്.(പ്രബോധനം ലേഖനം) അതേപ്പറ്റി ആർ.യൂസുഫ് മൗനം പാലിച്ചതുകൊണ്ടായില്ല. ഇമാമത്തുമായി ശീഈകൾക്കിടയിൽ സർവ്വസമ്മതങ്ങളായ ഇത്തരം കാഴ്ചപ്പാടുകളെപ്പറ്റിയും വിശ്വാസങ്ങളെക്കുറിച്ചും അദ്ദേഹത്തിന് എന്ത് പറയാനുണ്ട്? ഇനി ഇതും ശാഖാപരമാണെങ്കിൽ അടിസ്ഥാന പരമായ വിഷയങ്ങൾ ഏതാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. യഥാർത്ഥത്തിൽ ‘കണ്ട നീയവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ’ എന്ന തത്വം വെച്ച് ശീ‌ഈകളുടെ ആധികാരിക ഗ്രന്ഥങ്ങളും അവരുടെ താത്വികാചാര്യന്മാരും ഇമാമുകളും പറയുന്നതും രേഖപ്പെടെുത്തിയതൊന്നുമല്ല, ഞാനീപ്പറയുന്നതാണ് ശരി എന്നാണെങ്കിൽ അതിന് മറുപടി അർഹിക്കുന്നില്ല. 

ആർ.യൂസുഫ് എഴുതി: ഇബ്നു സബഇനേയോ ഉമറിന്റെ ഘാതകനെയോ പുകഴ്ത്തുന്ന മേൽവിലാസമുള്ള ഏതെങ്കിലും ശീഈ പണ്ഡിതനെ ചൂണ്ടിക്കാണിക്കാനാവാത്തതിനാലാവാം യൂട്യൂബ് പ്രസംഗങ്ങളിൽ പരതേണ്ടി വരുന്നത്. വലിയ ഒരു ചിന്താധാരയായ ശീ‌ഈകളിൽ നൂറുകണക്കിന് അവാന്തര വിഭാഗങ്ങളുണ്ടെന്നിരിക്കെ, അവരിൽ ചിലർ ഇസ്നാ അശരിയാ, സൈദിയ തുടങ്ങിയ പ്രബല ശീ‌ഈ വിഭാഗങ്ങളുടെ അഭിപ്രായത്തിൽ ഇസ്ലാമിന്റെ തന്നെ പടിക്ക് പുറത്ത് നിർത്തപ്പെടേണ്ടവരായിരിക്കെ അവരിലൊക്കെ കാണുന്ന വിശ്വാസപരമായ വൈകല്യം ചൂണ്ടിക്കാണിച്ചും അത്തരക്കാരിലെ കടുംപിടുത്തക്കാരായ ചിലരുടെ പ്രഭാഷണങ്ങൾ നോക്കിയുമല്ല ഒരു വിഭാഗത്തെ വിലയിരുത്തേണ്ടത് .(പ്രബോധനം ലക്കം 2873) 

യൂട്യൂബിന്റെ പ്രസക്തി

ആദ്യമായി വിവര സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ച ഈ കാലത്ത് യൂട്യൂബിൽ അഭയം തേടുന്നത് ഗതികേടുകൊണ്ട് മാത്രമാകണമെന്നില്ല എന്നും, ബുദ്ധിയും വിവേകവും വിജ്ഞാനവും യോഗ്യതയും കൈമുതലാക്കിയ ഒരുപാട് ചിന്തകന്മാരുടെയും പണ്ഡിതന്മാരുടേയും പ്രഭാഷണങ്ങളും സംവാദങ്ങളും നേരിട്ടു കാണുന്ന രൂപത്തിൽ അനുഭവിക്കാൻ സാധിക്കുമെന്നത് കൊണ്ടു കൂടിയാകാമല്ലോ. അദ്ദേഹം എഴുതിയ പോലെ പടിക്ക് പുറത്ത് നിർത്തപ്പെട്ട ഒരു തീവ്രവാദിയുടെ തെറിച്ച അഭിപ്രായമൊന്നുമല്ല സലീം മൗലവി ഉദ്ധരിച്ചത്, പ്രത്യുത ഇന്നത്തെ ആധികാരിക ശീ‌ഈ വിഭാഗമായ, ഭരണവും സ്വാധീനവുമുള്ള ,ഖുമൈനി പ്രതിനിധാനം ചെയ്യുന്ന ഇസ്‌നാ അശരികൾ കൊണ്ടു നടക്കുന്ന അവരുടെ ഗ്രന്ഥങ്ങളും ആചാര്യന്മാരും പഠിപ്പിച്ച കാര്യങ്ങളിൽ നിന്ന് ഭിന്നമായതൊന്നും യൂട്യൂബ് ക്ലിപ്പിലില്ല. 

യൂട്യൂബ് സംബന്ധമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, കേവലം ഏകപക്ഷീയമായ അവതരണങ്ങൾ ഉള്ള ക്ലിപ്പുകളേക്കാൾ ശീ‌ഈ സുന്നീ ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരും ചിന്തകന്മാരും അണിനിരന്ന സംവാദങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. യൂറോപ്പിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന ‘അൽ മുസ്തഖില്ല’ എന്ന ചാനലിൽ മാസങ്ങളോളം നീണ്ടു നിന്ന പ്രഗൽഭരെ അണിനിരത്തി നടന്ന സംവാദം ഏതാണ്ട് മുഴുവനും യൂടൂബിൽ ലഭ്യമാണ്. ശുദ്ധ ഇസ്ലാമിസ്റ്റും മിതവാദിയുമായ പണ്ഡിതൻ ഡോ: മുഹമ്മദ് അൽ ഹാശിമിയായിരുന്നു ആ സംവാദങ്ങളുടെ അവതാരകനും സംവിധായകനും. താൽപ്പര്യമുള്ളവർക്ക് അതിൽ തീർച്ചയായും ധാരാളം പഠിക്കാനുണ്ട്. അതിൽ പലതും ഈയുള്ളവൻ ലൈവായി തന്നെ കണ്ടതാണ്.അങ്ങനെയാണ് ശീ‌ഈസം പഠിക്കണമെന്ന ബോധ്യമുണ്ടാകുന്നത്.

ചക്കളത്തിപ്പോര് മാത്രം കണ്ടു ശീലിച്ച കേരളീയ മുസ്ലിംകൾക്ക് അതിൽ പങ്കെടുത്തവർ പ്രകടിപ്പിച്ച സംവാദ മര്യാദയും മാന്യതയും സംസ്കാരവും ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ മാതൃകാപരം തന്നെയായിരുന്നു. കൂടാതെ ഈജിപ്തിൽ ഡോ:മുർസി അധികാരത്തിലിരുന്ന ഒരു വർഷം ഇസ്‌ലാമിക ചാനലുകൾ സർവതന്ത്ര സ്വതന്ത്രരായി നിറഞ്ഞാടിയപ്പോൾ ചില ചാനലുകൾ (അസ്സ്വഫ, അൽഹാഫിദ്, അന്നാസ്) പോലുള്ളവ സമാന സ്വഭാവത്തിലുള്ള സംവാദങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

സിറിയൻ പ്രശ്നവും പണ്ഡിത നിലപാടും

സിറിയൻ പ്രശ്നത്തിന്റെ അടിവേരുകൾ തിരിച്ചറിയുന്നതിലും, അവിടെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളുടെ സ്വഭാവം മനസ്സിലാക്കുന്നതിലും ചില മുൻധാരണകൾ ആർ.യൂസുഫിന്റെ ലേഖനത്തെ സ്വാധീനിച്ചതായി മനസ്സിലാവുന്നുണ്ട്. മുമ്പ് ഒരു ലേഖനം തദ് സംബന്ധമായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. ഇന്ന് ലോകത്ത് നിലവിലുള്ള നിക്ഷ്പക്ഷമായ പണ്ഡിതന്മാരുടെ , ഭരണാധികാരികൾക്കനുകൂലമായ ഫത്‌വകൾ നൽകുന്നവരിൽ പെടാത്ത, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും വിലമതിക്കുന്ന ആധികാരിക പണ്ഡിത സംഘടനയാണ് ഡോ: ഖറദാവിയുടെ നേതൃത്വത്തിലുള്ള ലോക പണ്ഡിത സമിതി. ഒടുവിൽ തുർക്കിയിൽ സമ്മേളിച്ച അതിന്റെ ജനറൽ ബോഡിയിൽ അറബ് വസന്തത്തിനേറ്റ തിരിച്ചടിയും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകൾ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും വലിയ ഒരു അജണ്ടയായിരുന്നു. അവർ സിറിയൻ പ്രശ്നത്തെ പഠിച്ചതും വിലയിരുത്തിയതും അഭിപ്രായം പറഞ്ഞതും ഇടപെട്ടതുമൊന്നും ആർ.യൂസുഫിന് ദഹിച്ചിട്ടില്ല. അതിൽ രോഷം പൂണ്ടാണ് മുമ്പത്തെ ലേഖനം എഴുതിയത്. അതിന്റെ ബാക്കിയാണ് ഇക്കഴിഞ്ഞ ലേഖനത്തിലും പ്രകടിപ്പിച്ചിട്ടുള്ളത്.

സിറിയയും ഇറാനും 

സ്വാഭാവികമായും ശിയാ സുന്നി സംഘട്ടനം തന്നെയായി മാറിയ സാഹചര്യത്തിൽ, പിഞ്ചു കുട്ടികൾ, സ്ത്രീകൾ, രോഗികൾ, വൃദ്ധന്മാർ തുടങ്ങി അനേകം സിവിലിയൻമാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ലോകത്തെ നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ചില പണ്ഡിതന്മാരുടെ ഇടപെടലുകൾ ശ്രദ്ധയിൽ പെട്ടത്. നേരത്തേ ഹിസ്ബുള്ളക്കും ലബനാനുമെതിരെ ഇസ്രയേൽ നരനായാട്ട് തുടങ്ങിയപ്പോൾ അതിനെതിരെ ഹിസ്ബുല്ലക്ക് വേണ്ടി നിലയുറപ്പിച്ച പണ്ഡിതന്മാർ കൂടിയായിരുന്നു അവർ . എന്നാൽ സിറിയൻ പ്രശ്നത്തിൽ ഇറാന്റെ നിലപാടും , ഇറാനിയൻ സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലും പരസ്യമായപ്പോൾ പതിറ്റാണ്ടുകൾ സ്വേച്ഛാധിപത്യത്തിന്റെ കീഴിൽ ശ്വാസം മുട്ടി കഴിഞ്ഞ സിറിയൻ ജനത തെരുവിലിറങ്ങിയപ്പോൾ അതിനെ അടിച്ചമർത്താൻ ബശ്ശാർ ഭരണകൂടം ഇസ്രയേലിനേയും കടത്തിവെട്ടി സ്വന്തം രാജ്യനിവാസികളെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഇസ്ലാമിക മനസ്സിന് പകരം ശിയാ മനസ്സ് പുറത്തെടുക്കുകയായിരുന്നു ഇറാൻ. എന്ത് വില കൊടുത്തും ബശ്ശാർ ഭരണകൂടത്തെ നിലനിർത്തൽ ഇറാന്റെ മുഖ്യ ലക്ഷ്യമായി മാറി. ഹിസ്ബുല്ലയെയും എന്തിനധികം സ്വന്തം സൈന്യത്തേയും കമാന്റർമാരേയും ആയുധങ്ങളും വാരിക്കോരി നൽകി ഇറാൻ ശക്തമായി തന്നെ ബശ്ശാറിനൊപ്പം നിലയുറപ്പിച്ചു.ഹമാസ് ആട്ടിയോടിക്കപ്പെട്ടു. സ്വന്തം രാജ്യ നിവാസികളുടെ വികാരം മാനിച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്  സുതാര്യവും ജനാധിപത്യപരവുമായ മാർഗേനെ അധികാരത്തിൽ വന്ന ഒരു ഭരണകൂടമായിരുന്നു ബശ്ശാറിന്റേതെങ്കിൽ ഈ നിലപാട് മനസ്സിലാക്കാമായിരുന്നു. പിന്നെയെന്താണ് ഇറാനെ ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. 

ഈജിപ്തിലും ടുണീഷ്യയിലും ജനകീയ വിപ്ലവം അരങ്ങേറിയപ്പോൾ ഉണ്ടായതിൽ നിന്ന് വ്യത്യസ്തമായി സിറിയയിലെ ബശ്ശാറിനെ സംരക്ഷിക്കാൻ ഇറാൻ പരസ്യമായി രംഗത്ത് വന്നു. ഇറാനിയൻ സൈന്യം നേരിട്ട് ആയുധമെത്തിച്ച് ബശ്ശാറാകുന്ന സ്വേച്ഛാധിപതിയെ എന്തു വില കൊടുത്തും താങ്ങി നിർത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു ജനാധിപത്യ രൂപത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായത് കൊണ്ടോ, നീതിയിലും സമത്വത്തിലും അധിഷ്ടിതമായി പ്രജകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണാധികാരിയായിരുന്നു എങ്കിലോ ഇസ്ലാമിക വിപ്ലവത്തിന്റെ പ്രാണേതാക്കൾക്ക് അങ്ങനെയൊരിടപെടൽ എങ്ങനെ ഇസ്ലാമിക ബാധ്യതയായി മനസ്സിലാക്കാൻ സാധിക്കും! എന്നാൽ ക്രൂരതയുടേയും നിഷ്ഠൂരമായ ചെയ്തികളുടെയും പ്രതീകമായ ബശ്ശാറിന് വേണ്ടി സ്വന്തം ആയുധവും സൈന്യവും നേരിട്ടയച്ച് യുദ്ധം ചെയ്യാൻ, അല്ല സ്വന്തം പ്രജകളെ കൊന്നൊടുക്കാൻ സഹായിച്ചതിന് പിന്നിൽ ഒരു കാരണമേയുള്ളൂ. അത് ബശ്ശാർ ഒരു ശീ‌ഈ വിശ്വാസിയാണ് എന്നത് മാത്രമാണ്. ഇറാന്റെ ഈ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ ബശ്ശാറിന് ഖദ്ദാഫിയുടെ ഗതികേട് വരാനൊട്ടും താമസമുണ്ടാകുമായിരുന്നില്ല. ഇവിടെയാണ് പണ്ഡിത സമിതി ഇടപട്ടതും അഭിപ്രായം പറഞ്ഞതും. വസ്തുത ഇതായിരിക്കെ പ്രശ്നത്തെ ശീ‌ഈ സുന്നി സംഘട്ടനമാക്കി മാറ്റുന്നതിൽ പണ്ഡിതമിതിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ല. 

ഈ നരനായാട്ടിനെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും അക്രമികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു എന്ന ഇസ്ലാമിക ബാധ്യത നിർവഹിക്കുന്നതിലപ്പുറം യാതൊന്നും ഖർദാവിയുൾപ്പെടെയുളള പണ്ഡിത നേതൃത്വം ചെയ്തിട്ടില്ല. 

യഥാർത്ഥത്തിൽ സുന്നികളെ സംബന്ധിച്ച് ശീ‌ഈകളുടെ വിശ്വാസം കൂടി അവരുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ വന്നത് നാം തിരിച്ചറിഞ്ഞാൽ സിറിയയിൽ ഇറാന് എന്താണ് കാര്യം എന്ന ചോദ്യത്തിന് ഉത്തരം കിട്ടും. സുന്നികളെയും അവരേറ്റവും കൂടുതൽ ബഹുമാനിച്ചാദരിക്കുന്ന സ്വഹാബിമാരേയും പറ്റി ഇന്നും ശീഈകൾ വെച്ച് പുലർത്തുന്ന തരംതാണ വിശ്വാസത്തിന്റെ കാഠിന്യം മനസ്സിലാവണമെങ്കിൽ അവരുടെ ഏറ്റവും വലിയ ആധികാരിക ഗ്രന്ഥങ്ങളിൽപ്പെട്ട അൽകാഫിയിലൂടെ മാത്രം ഒന്നു കണ്ണോടിച്ചാൽ മതി.

ഒരു ജൂതനോട് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ ആരാണ് എന്ന് ചോദിച്ചാൽ മൂസ നബിയുടെ ശിഷ്യന്മാരും സന്തതസഹചാരികളുമാണെന്നവർ മറുപടി പറയും. ക്രിസ്ത്യാനികളോടാണ് ചോദ്യമെങ്കിൽ യേശുവിന്റെ ശിഷ്യന്മാരെന്നവർ മറുപടി പറയും. എന്നാൽ ആരാണ് ഏറ്റവും വൃത്തികെട്ടവർ എന്ന് ഒരു ശീ‌ഈയോട് ചോദിച്ചാൽ മുഹമ്മദിന്റെ സന്തത സഹചാരികളായിരുന്നവർ എന്നായിരിക്കും മറുപടി. അവർ കഴിഞ്ഞാൽ അവരെ പിൻപറ്റിയവരും അവരെ സ്നേഹിച്ചവരും എന്നായിരിക്കും മറുപടി.! 

സുന്നികൾ ശീ‌ഈ സങ്കൽപ്പത്തിൽ

സുന്നികളെ സംബന്ധിച്ച് അവരുടെ രക്തത്തിന് പവിത്രതയില്ല. എങ്കിലും അവരെ നേരിടുന്നത് ശ്രദ്ധിച്ച് വേണം. വല്ല മതിലും അവരുടെ മേൽ മറിച്ചിട്ടോ വെള്ളത്തിൽ മുക്കിയോ അവരുടെ കഥ കഴിക്കാനായാൽ അങ്ങനെ ചെയ്യുക. (ബിഹാറുൽ അൻവാർ: 27/231) , അവന്റെ സമ്പത്ത് കവർന്നെടുക്കാൻ സാധിച്ചാൽ അങ്ങനെ ചെയ്യുകയും അഞ്ചിലൊരു ഭാഗം നമുക്ക് എത്തിച്ച് തരികയും ചെയ്യുക. ( തഹ്ദീബുൽ അഹ്കാം 4/122) 

ഇതിന്റെയൊക്കെ പ്രയോഗവത്കരണമായിരുന്നു താർത്താരികളോടൊപ്പം ചേർന്ന് ശീഈകൾ ബാഗ്ദാദിൽ ചെയ്തത്. കുരിശു സൈന്യത്തോടൊപ്പം ചേർന്ന് സ്വലാഹുദ്ദീൻ അയ്യൂബിക്കെതിരെ അണിനിരന്നതിലൂടെ ചരിത്രം കണ്ടത്. ഇന്ന് സ്വേച്ഛാധിപതിയായ ബശ്ശാറിനൊപ്പം ചേർന്ന് അവർ ചെയ്ത് കൊണ്ടിരിക്കുന്നത് മറ്റൊന്നല്ല. 

ആർ.യൂസുഫ് എഴുതി: ശീഈ സുന്നി ഭിന്നത മുസ്ലിം ലോകത്ത് ചോരപ്പുഴകൾ സൃഷ്ടിക്കുമ്പോൾ അഭിപ്രായ ഭിന്നതകൾ നിലനിർത്തിക്കൊണ്ട് തന്നെ ഇരുകൂട്ടരും തമ്മിലുള്ള സമാനതകൾ തുറന്ന് കാട്ടി ‘തആലൗ ഇലാ കലിമത്തിൻ സവാഇൻ ബയ്നനാ വ ബയനകും’ എന്ന തത്വത്തിലൂന്നി സമരസപ്പെടേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുമ്പോൾ ഒരിക്കലും തീരാത്ത അഭിപ്രായ ഭിന്നത അടിസ്ഥാനപരമായിത്തന്നെ ശീഈകൾക്കും സുന്നികൾക്കും ഇടയിൽ നിലനിൽക്കുന്നു എന്ന മറുവാദം ഉയർത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. (പ്രബോധനം ലക്കം 2873)

ഇത്രയും എഴുതിയത് വായിച്ച ശേഷം ശീ‌ഈ സുന്നി ഭിന്നതയുടെ ആഴവും പരപ്പും വിശദീകരിക്കുന്നതിന്റെ പ്രാധാന്യവും ഗ3രവവും മനസ്സിലായിട്ടുണ്ടെന്ന് പ്രതീക്ഷിക്കട്ടെ.

ശീ‌ഈ സുന്നി ഭിന്നത കേവലം ശാഫിഈ ഹനഫീ ഭിന്നത പോലെയാണെന്നും അതൊന്നും ചർച്ച ചെയ്ത് സമയം കളയാൻ മാത്രം ഗൗരവമുള്ള കാര്യമല്ലെന്നും വിശ്വസിക്കുകയും, ഇന്ന് യഥാർത്ഥ ഇസ്ലാമിക ഭൂമിയിൽ നിന്ന് കൊണ്ടുള്ള ,രാഷ്ട്രീയ രംഗത്തെ, ശക്തവും യുക്തവുമായ നിലപാട് സ്വീകരിക്കുന്നത് ഇറാനും ശീ‌ഈ കളുമാണെന്ന് തെറ്റിദ്ധരിച്ച്, പല ഇസ്ലാമിക ബോധമുള്ള ചെറുപ്പക്കാരും അഭിമാനം കൊള്ളുന്നതിന്റെ അർത്ഥശൂന്യത വ്യക്തമാക്കുകയാണ് ഇത്ര വിശദമായി ഇത് എഴുതാൻ കാരണം. 

യഥാർത്ഥത്തിൽ ശിയാ സുന്നി തർക്കം ശാഫിഈ സലഫി തർക്കം പോലെ ഫിഖ്ഹി മസ്അലകളിലുള്ള തർക്കമല്ല എന്ന വസ്തുത മനസ്സിലായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. ശരിയാണ്, ഫിഖ്ഹി മസ്അലകളിലെ തർക്കങ്ങൾ ധാരാളമുണ്ട്. അതിന്റെ തലങ്ങളിൽ അത് തള്ളാനും കൊള്ളാനും ഇജ്തിഹാദിയായ ഭിന്നതയായി കണ്ട് ലളിതവത്ക്കരിക്കാനും ഒരു പക്ഷേ സാധിച്ചേക്കാം. എന്നാൽ ആദർശത്തിന്റേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിലുള്ള തർക്കങ്ങൾ അങ്ങനെ നിസ്സാരമായി കാണാൻ കഴിയില്ല. സ്വന്തം ആദർശത്തിന്റെ സുഭദ്രതയെപ്പറ്റി ആത്മവിശ്വാസമുള്ളവർക്ക് ഏതായാലും കഴിയില്ല.

ലഭ്യമായിടത്തോളം റഫറൻസുകളും, ഇരു വിഭാഗവും തമ്മിൽ നേർക്കുനേരെ നടന്ന ധാരാളം സംവാദങ്ങൾ ശ്രവിക്കുകയും ചെയ്തതിൽ നിന്ന് മനസ്സിലാക്കിയ ബോധ്യമായ കാര്യങ്ങളാണിവിടെ കുറിച്ചത്. അവയിൽ തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കിൽ പ്രമാണ സഹിതം അറിവുള്ളവർ ചൂണ്ടിക്കാണിച്ച് തരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിച്ച് കൊള്ളട്ടെ. (അവസാനിച്ചു )

MORE ON THIS TOPIC

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

COMMENTS

Leave a Comment

Your email address will not be published. Required fields are marked *