Ahlussunnahind

സഖലൈനിയും ഖുമൈനിസ്റ്റുകളും

December 21, 2016

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

സാലിഹ് പുതുപൊന്നാനി

സുന്നികള്‍ അഹ്ലുല്‍ബൈത്തിന്‍റെ വഴി അവഗണിച്ചവരും അവരുടെ ശത്രുക്കളുമാണ്, അവരെ സ്നേഹിക്കത്തവരും സഹായിക്കാത്തവരും ആണെന്നെല്ലാം ശീഈകള്‍ ആരോപിക്കാറുണ്ട്. അഹ്ലുല്‍ബൈത്തിനോടുള്ള സ്നേഹം മൊത്തം ഏറ്റെടുത്തവരാണ് ശീഈകള്‍. ശിയാക്കളെന്നാല്‍ അലിയാരുടെയും സന്താനങ്ങളുടെയും പാര്‍ട്ടി എന്നൊരു തെറ്റായ ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.സത്യത്തില്‍ സംഗതി നേര്‍വിപരീതമാണെന്ന് കാണാം. അതുമനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തില്‍ വിഷയം പഠിക്കണമെന്നില്ല.

അഹ്ലുസ്സുന്നയുടെ അസ്ഥിവാരം തന്നെ അഹ്ലുല്‍ ബൈത്തിനോടുള്ള സ്നേഹത്തിന്മേലാണ്. അവരെ സ്നേഹിക്കല്‍ എല്ലാ സ്ത്രീ പുരുഷന്മാരുടെമേല്‍ വാജിബാണെന്ന് പഠിപ്പിക്കുന്നു, അത് തിരുനബിയോടുള്ള സ്നേഹത്തിന്‍റെ ഭാഗവും അനുബന്ധവുമാണ്. അഹ്ലുല്‍ബൈത്തിന്‍റെ മഹത്വം പറയുന്ന ധാരാളം കിതാബുകള്‍ ആദ്യകാലം മുതല്‍ അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ രചിച്ചു. ഹദീസ് സമാഹാരങ്ങളില്‍ അഹ്ലുല്‍ബൈത്തിലൂടെ കടന്നുവരുന്ന പ്രവാചകമൊഴികള്‍ക്കു വലിയ സ്ഥാനം കല്പിച്ചു. അവരുടെ മഹത്വം പറയുന്ന പ്രത്യേക അദ്ധ്യായങ്ങള്‍ ഇല്ലാത്ത ഹദീസ് സമാഹാരങ്ങള്‍ സുന്നികള്‍ക്കില്ലതന്നെ. സ്വഹീഹുല്‍ ബുഖാരിയില്‍ മാത്രം അലി റ ന്‍റെ മഹത്വം അറിയിക്കുന്ന ഇരുപത്താറു ഹദീസുകള്‍ ഉള്ളപ്പോള്‍, സ്വിദ്ധീഖുല്‍ അക്ബറിന്റെ മഹിമ പറയാന്‍ ഏഴു ഹദീസുകള്‍ കാണുന്നുള്ളൂ.

അലി റ നെ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ്‌ അതിനുപിന്നില്‍. ആദ്യ മൂന്നു ഖലീഫമാരില്‍ നിന്നുള്ള ഹദീസുകളെക്കാള്‍ കൂടുതല്‍ അലിയാര്‍ തങ്ങള്‍ വഴിക്കുള്ള ഹദീസുകള്‍ സുന്നി സുനനുകളിലും മുസ്നദുകളിലും കാണാം. സ്വഹീഹൈനിയില്‍ മാത്രം അലി റ വഴിക്കുള്ള തൊണ്ണൂറു ഹദീസുകള്‍ ഇടംപിടിച്ചപ്പോള്‍, ഇസ്നാ അശരീ ശീഈകളുടെ ‘ബുഖാരി’യായ കുലൈനിയുടെ ഉസ്വൂലുല്‍ കാഫിയില്‍ അലി റ യുടെ വെറും അറുപത്താറു ഹദീസുകള്‍! അതേ കാഫിയില്‍ ഹസന്‍ റ, ഹുസൈന്‍ റ എന്നിവരില്‍ നിന്നും ഓരോ ഹദീസുവീതം മാത്രം !! സയ്യിദത്തുനാ ഫാത്വിമാ റ ല്‍ നിന്നും ഒറ്റ ഹദീസുപോലുമില്ല. സയ്യിദ് മുഹമ്മദ്‌ ബാഖിര്‍ റ ല്‍നിന്നും ഇരുന്നൂറ്റി നാല്പത് ഹദീസുകള്‍ സുന്നികളുടെ ഒമ്പത് സ്വിഹാഹുകളില്‍ ഉണ്ട്. സയ്യിദ് ജഅഫരുസ്സ്വാദിഖ് റ ല്‍ നിന്നും നൂറ്റിനാല്പത്തി മൂന്നു ഹദീസുകളും. ജഅഫര്‍ റ ന്‍റെ രണ്ടു ഹദീസുകള്‍ ഇമാം ബുഖാരി അദബുല്‍ മുഫ്രദില്‍ ഉദ്ദരിക്കുന്നു. ഹജ്ജ് സംബന്ധമായ സുന്നികളുടെ ഏറ്റവും പ്രധാനമായ ഹദീസ് ജാബിര്‍ റ വഴി ജഅഫര്‍ സ്വാദിഖ് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസ് ആണെന്നോര്‍ക്കുക. ആധികാരികതയുള്ളതും സനദ് പറയുന്നതുമായ ഹദീസുകളുടെ കാര്യമാണി പ്പറഞ്ഞത്. സുന്നീ തഫ്സീര്‍ കിതാബുകളില്‍ അഹ്ലുല്‍ബൈത്ത് പ്രമുഖരുടെ വീക്ഷണങ്ങള്‍ എത്രയെത്ര സ്ഥലങ്ങളില്‍ കടന്നുവരുന്നു. അവലംബിക്കാന്‍ കൊള്ളുന്ന തഫ്സീര്‍ ഗ്രന്ഥമായി ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സര്ടിഫെയ് ചെയ്ത തഫ്സീര്‍ ബഗവി യില്‍ പോലും ചുരുങ്ങിയത് ഇരുപത് ആയത്തുകളുമായി ബന്ധപ്പെടുത്തി അഹ്ലുല്‍ ബൈത്തിന്‍റെ മഹത്വം ഉല്ഘോഷിക്കുന്നു. അതില്‍ പല ആയത്തുകളും വിദൂര ബന്ധമേ ഉള്ളൂ എന്നിരിക്കിലും. ആത്മവിശുദ്ധി, സദ്‌സ്വഭാവം തുടങ്ങിയ സംഗതികള്‍ പറയുന്ന ഗ്രന്ഥങ്ങളില്‍ അഹ്ലുല്‍ബൈത്ത് പ്രമുഖര്‍ സുന്നീ കിതാബുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ആത്മീയ പരിശീലന വഴികളായ ത്വരീഖത്ത് സംവിധാനങ്ങളില്‍ അഹ്ലുല്‍ബൈത്ത് നായകരും അവരുടെ പിന്‍ തലമുറകളും മഹാ ഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നു. അഹ്ലുല്‍ ബൈതിനു വേണ്ടി സ്വലാത്തും സലാമും അര്‍പ്പിക്കാത്ത സുന്നിയുണ്ടാവുക അസാധ്യം.

അഹ്ലുല്‍ബൈതിനെ സംരക്ഷിക്കാന്‍ ഹജ്ജാജ്,വലീദ് തുടങ്ങിയ മര്‍വാനികളോടും അബ്ബാസികളായ മറ്റു നാസ്വിബികളോടും പട പൊരുതിയവരാണ് സുന്നികള്‍. ഒട്ടേറെപേര്‍ അക്കാരണത്താല്‍ വധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമുണ്ടായി. ആ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷി ആയ ശാമുകാരന്‍ പ്രസിദ്ധ മുഹദ്ദിസ് ഇമാം നസാഈ ഒരുദാഹരണം. അലിറ യുടെ മനാഖിബ് വിവരിക്കുന്ന ഒരു രിസാല രചിച്ചതിന് ജീവന്‍ നഷ്ടമായ മഹാ സുന്നിയാണ് അദ്ദേഹം. ‘ഹസനും ഹുസൈനും തിരു ദൂതരുടെ സന്താനങ്ങള്‍ തന്നെ’ എന്ന് ക്രൂരനായ ഹജ്ജാജിന്റെ മുന്നില്‍ പ്രഖ്യാപിച് ജീവത്യാഗം ചെയ്ത സഈദ് ബ്നു ജുബൈര്‍ മറ്റൊരുദാഹരണം. അസ്സന്ദര്‍ഭത്തില്‍ തഖിയ കാണിച്ചു ഭീരുക്കളായി മാര്‍വാനികളുടെ കൂട്ടത്തില്‍ ചേര്‍ന്നവരാണ് ഈ ‘അഹ്ലുല്‍ബൈത്ത്’ സ്നേഹികള്‍. അന്നവര്‍ പണവും സ്ഥാനവും മോഹിച് മര്‍വാനികള്‍ക്കൊപ്പം ചേര്‍ന്ന് അവരെപ്പോലെ മുദ്രാവാക്യം മുഴക്കി. അഹ്ലുല്‍ബൈതിനെ സംരക്ഷിക്കാന്‍ ഒരൊറ്റ ‘ശീഈ’ നേതാവിനെയും അന്ന് കണ്ടില്ല. അഹ്ലുസ്സുന്ന പക്ഷേ പ്രതികരിച്ചു. അഹ്ലുല്‍ബൈതിനെ നിരാകരിക്കുന്ന നാസ്വിബികളെയും സ്വഹാബാ പ്രമുഖരെ പഴിക്കുന്ന ശീഈകളെയും ഒരേസമയം പ്രതിരോധിക്കാന്‍ അഹ്ലുസ്സുന്ന കാണിച്ച ആര്‍ജ്ജവം കൊണ്ടാണ് സ്വഹാബത്തും അഹ്ലുല്‍ബൈത്തും ഒരുപോലെ പിന്‍തലമുറക്ക് വിനഷ്ടമാകാതിരുന്നത്; അവരുടെ മുഴുവന്‍ മഹത്വങ്ങളോടെ സംരക്ഷിക്കപ്പെട്ടത്.

അഹ്ലുല്‍ബൈതിലെ അംഗങ്ങളെ പക്ഷപാതലേശമന്യേ ഉള്‍കൊള്ളുന്നവരാണ് സുന്നികള്‍. അതില്‍ സുന്നികള്‍ക്ക് കക്ഷി ഭേദമില്ല. അക്കാര്യത്തില്‍ സുന്നി ഉപഗ്രൂപുകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുമില്ല. എല്ലാവരേക്കുറിച്ചും നല്ലതേ പറയാനുള്ളൂ. നല്ലതേ ചിന്തിക്കുന്നുള്ളൂ. എന്നാല്‍ ശീഈകള്‍ “കുറച്ചു പേരെക്കൊണ്ട് വിശ്വസിക്കുന്നു; വേരെചിലരെ നിഷേധിക്കുന്നു”. ഒരു ഇമാമിനെ വാഴ്തുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ സഹോദരങ്ങളെയും ബന്ധുക്കളെയും തള്ളുന്നു. തങ്ങളുടെ തീരുമാനപ്രകാരം ഒരു ഇമാമിന്‍റെ ഏതെങ്കിലുമൊരു മകന് മാത്രം ഇമാമത്ത് കല്പിക്കുന്നു. മറ്റു മക്കളെ അയോഗ്യരാക്കുക മാത്രമല്ല, ശപിക്കുകയും നീണ്ട പഴിപറയുകയും ചെയ്യുന്നു.

അലിയുടെയോ സന്താനങ്ങളുടെയോ ഇമാമത്ത് അര്‍ഹത അഹ്ലുസ്സുന്ന നിഷേധിക്കുന്നില്ല. അബൂബകരും ഉമറും ഉസ്മാനും അലിയും അതാതുകാലത്തെ ഇമാമതിനു അര്‍ഹരായിരുന്നു എന്ന് മാത്രമാണ് സുന്നി നിലപാട്. അര്‍ഹതയുള്ള ഏതൊരു വ്യക്തിയെയും ഇമാമായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അത് സാധുവാകുന്നതാണ് എന്ന് സുന്നികള്‍ പറയുന്നു. എന്നാല്‍, അര്‍ഹതയില്ലാത്ത ഒരാള്‍ ബലാല്‍ക്കാരമായി ഖിലാഫത്ത് പദവിയില്‍ ഉപവിഷ്ടനായാല്‍ അയാളെ ‘അക്രമിയായ രാജാവ്’ എന്ന് പറയും. അര്ഹതയോടെയാണെങ്കില്‍ അയാളുടെ ഇമാമത്ത് അംഗീകരിക്കും. ഖുറൈശിയും വിശ്വാസിയും ആയിരിക്കുക എന്നതാണ് അര്‍ഹതയുടെ അടിസ്ഥാനം.

അര്‍ഹതയുള്ളവരുടെ ഇമാമത്ത് അപ്പപ്പോള്‍ വകവെച്ചുകൊടുക്കണമെന്ന ശീഈ നിലപാട് അര്‍ത്ഥരഹിതമാണ്. കാരണം, അലിയുടെ കാലത്ത് ജീവിച്ചിരുന്ന ഹസന്‍ ഹുസൈന്‍ മാരുടെ ഇമാമത്ത് ശീഈകള്‍ പോലും അമ്ഗീകരിക്കില്ലല്ലോ. ഹസന്‍ ഉള്ളപ്പോള്‍ ഹുസൈനെയും ഇമാമത്തില്‍ അവരോധിക്കില്ല. അവര്‍ പരിചയപ്പെടുത്തുന്ന ഓരോ ഇമാമിന്‍റെ കാലത്തും അര്‍ഹതയുള്ള വേറെയും ഇമാം ജീവിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള ഇമാം രംഗം വിടുമ്പോഴേ അര്‍ഹതയുള്ള അടുത്ത ആളെ നോക്കേണ്ടതുള്ളൂ. ഇമാമത്ത് അര്‍ഹതയുള്ള ആളുകള്‍ ഉണ്ടെന്നുവെച്ച് , തിരഞ്ഞെടുക്കപ്പെടുകയോ പിടിച്ചെടുക്കുകയോ ചെയ്ത അര്‍ഹതയുള്ള ഏതെങ്കിലും വ്യക്തിയെ തള്ളാനും താഴെ ഇറക്കാനും അഹ്ലുസ്സുന്നയെന്നല്ല, ശീഈകള്‍ക്കും പ്രായോഗികതലത്തില്‍ സാധിച്ചിട്ടില്ല. മുഹമ്മദ്‌ ബിന്‍ അലി റ തന്നെ അലി സൈനുല്‍ ആബിദീന്‍ തങ്ങളുടെ ഇമാമത്ത് അംഗീകരിച്ചില്ല. അലി സൈനുല്‍ ആബിദീന്‍ തങ്ങളുടെ മക്കളായ സൈദും മുഹമ്മദും പരസ്പരം അംഗീകരിച്ചില്ല. ഇക്കാരണത്താല്‍ ഇവരുടെയൊന്നും ഈമാന്‍ തകരാറില്‍ ആയിട്ടില്ലെങ്കില്‍ പിന്നെ എല്ലാവരുടെയും അര്‍ഹത അംഗീകരിക്കുന്ന സുന്നികളെ പഴിക്കുന്നതിന്റെ കാര്യമെന്ത്?!

സുന്നികളുടെ വ്യവഹാരത്തില്‍ അഞ്ചുതരം അഇമ്മത്ത് ഉണ്ട്. ഒന്ന്, ഇസ്ലാമിക രാഷ്ട്രം ഭരിക്കുന്ന നായകന്‍. ആ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് ചില യോഗ്യതകള്‍ അഹ്ലുസ്സുന്ന നിര്‍ണ്ണയിക്കുന്നു. ഖുറൈശിയും സത്യവിശ്വസിയുമായ പുരുഷന്‍ ആയിരിക്കുക എന്നതാണ് അതില്‍ മുഖ്യം. അവിശ്വാസവും വികല വിശ്വാസങ്ങളും വ്യാപിക്കുന്നത് കണ്ട്, ശരിയായ ഇസ്ലാമികമായ വിശ്വാസസംഹിതകള്‍ സമാഹരിച്ചു ക്ളിപ്തപ്പെടുത്തിയ ജ്ഞാനപ്രമുഖരായ മഹാന്മാരാണ് രണ്ടാമത്തെ ഇനം ഇമാം., അതായത് ആഖീദയിലെ ഇമാം, ഈമാന്‍റെ ഇമാം. മൂന്നാമത്തെ ഇമാം ഇസ്ലാമിന്‍റെത്. എന്നുവെച്ചാല്‍, പ്രമാണങ്ങള്‍ പരിശോദിച് കര്‍മപരമായ മത നിര്‍ദേശങ്ങളുടെ സ്വഭാവവും വിധിയും നിര്‍വചിച്ച ഇമാം. അടുത്തത് ഇഹ്സാന്റെ ഇമാം. ഈമാനും ഇസ്‌ലാമും കളങ്കം പുരളാതെ അവയുടെ തികവോടെ നിലനിര്‍ത്തിക്കൊണ്ട് മനസ്സും സ്വഭാവവും പരിശുദ്ധമാക്കാന്‍ ആവശ്യമായ തത്വങ്ങളും പ്രയോഗങ്ങളും മുറകളും പഠിപ്പിച്ച ഗുരു. നിസ്കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാമാണ് അഞ്ചാമത്തേത്. ഇയാള്‍ക് ചില യോഗ്യതകള്‍ വെച്ചിട്ടുണ്ട്. ഇപ്പറഞ്ഞ ഇമാമുകള്‍ ഖുറൈശി ആയിരിക്കണമെന്ന യാതൊരു നിര്‍ബന്ധവും അഹ്ലുസുന്നയ്ക്കില്ല. അഹ്ലുല്‍ ബൈത്ത് ആയിരിക്കണമെന്ന് തീരെയില്ല. യോഗ്യതയുള്ള ആര്‍ക്കും ആകാം. എന്നാല്‍ അഹ്ലുല്‍ബൈത് പാരമ്പര്യമുള്ള ഒരാള്‍ യോഗ്യതകള്‍ തെളിയിച്ചാല്‍ അവര്‍ക്ക് മുന്ഗണന കല്‍പിക്കാന്‍ അഹ്ലുസ്സുന്ന റെഡി യാണ്. അതിനാല്‍ത്തന്നെ, ഈമാന്‍- ഇസ്‌ലാം- ഇഹ്സാന്‍ എന്നീ ത്രിതലങ്ങളുടെ ഇമാമായി അഹ്ലുസ്സുന്ന സ്വീകരിച്ചുവരുന്ന പ്രമുഖന്മാര്‍ ആരും അഹ്ലുല്‍ബൈത്തില്‍ പെട്ടവരല്ല. എന്നാല്‍, ആത്മജ്ഞാന പാതയില്‍ സബ് ഇമാമുകളായി അഹ്ലുല്‍ബൈത്ത് പ്രമുഖരെ ധാരാളമായി അഹ്ലുസ്സുന്ന അവലംബിച്ചുപോരുന്നു. വിലായത്ത് നേടുകയും ആ വഴിയില്‍ ഖുത്വുബ് വരെ ഉയരുകയും ചെയ്തവരില്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരും അല്ലാത്തവരും ഉണ്ട്. ഉണ്ടാകാം. അലി റ വില്‍ നിന്നെന്ന പോലെ അബൂബകര്‍, ഉമര്‍ തുടങ്ങിയ മറ്റുപല സ്വഹാബികളില്‍ നിന്നും പകര്‍ന്നുകിട്ടിയ ജ്ഞാനവും ദര്‍ശനവും ജീവിതവും അടിസ്ഥാനമാക്കിയാണ് അഹ്ലുസ്സുന്നയുടെ ഈമാനും ഇസ്‌ലാമും ഇഹ്സാനും രൂപപ്പെട്ടിട്ടുള്ളത്.

“നിങ്ങള്‍ക്ക് ഞാന്‍ രണ്ടുഭാരമുള്ള കാര്യങ്ങള്‍ തന്നേച്ചു പോകുന്നു, അവ മുറുകെ സ്വീകരിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിതെറ്റില്ല: അല്ലാഹുവിന്‍റെ കിതാബും എന്‍റെ ഇത്റത്തും , അതായത് എന്‍റെ വീട്ടുകാര്‍” എന്ന തിരു ഉപദേശം അവഗണിക്കുന്നവരാണ് ശീഈകള്‍. ബൈബിളിനും തൗറാത്തിനും കല്പിക്കുന്ന വിലപോലും വിശുദ്ധ ഖുര്‍ആനിന് ശീഈകള്‍ കല്പിക്കുന്നില്ല. ഇത്റത്ത് എന്നാല്‍ ‘ആഖാരിബ്’= ബന്ധുക്കള്‍ എന്നാണ് അര്‍ത്ഥമെന്ന് ഭാഷാ പടുക്കള്‍ ഏകോപിച്ചു പറയുന്നു. ശീഈകള്‍ക്ക് തിരുദൂതരുടെ മുഴുവന്‍ ഇത്റത്തിനെയും ഉള്‍കൊള്ളാന്‍ സാധിച്ചില്ല. തിരുദൂതരുടെ പിതൃവ്യനായ അബ്ബാസ് റ നെയും അദ്ദേഹത്തിന്‍റെ സന്താനങ്ങളെയും, തിരുദൂതരുടെ അമ്മായി സ്വഫിയ്യ റ യുടെ പുത്രനായ സുബൈര്‍ പോലുള്ളവരെയും പടിക്കുപുറത്ത് നിര്‍ത്തിയിരിക്കയാണ് റാഫിദികള്‍.

അതിലെന്തല്ഭുതം! ‘അഹ്ലുല്‍ കിസാ/ അബാ’ എന്നറിയപ്പെടുന്ന അഹ്ലുല്‍ബൈത് പ്രധാനികള്‍ തിരുദൂതര്‍ സ്വ , ഫാത്തിമ റ, അലി റ, ഹസന്‍ റ , ഹുസൈന്‍ റ എന്നീ ഐവരാണല്ലോ. നബിതങ്ങളുടെ പുത്രിമാരായിട്ടുപോലും സയ്യിദതുനാ റുഖയ്യ റ , സയ്യിദത്തുനാ ഉമ്മുകുല്സൂം റ എന്നിവരെ ശീഈകള്‍ അഹ്ലുല്‍ബൈതില്‍ ഉള്പെടുത്താറില്ല. ഹസന്‍ ഹുസൈന്‍ എന്നിവരുടെ സന്താനങ്ങള്‍ക്ക് ‘അഹ്ലുല്‍ബൈത്ത്’ മഹത്വം ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് തിരുനബിയുടെ പെണ്മക്കളെ അതില്‍ പെടുത്തുന്നില്ല?! ഫാത്വിമ റ യുടെയും അലി റ ന്‍റെയും (ഹസന്‍ ഹുസൈന്‍ എന്നിവരോഴികെയുള്ള) മറ്റു മക്കളെ അകറ്റിയവരും ഇകഴ്ത്തുന്നവരുമാണ് ശീഈകള്‍. ഹസന്‍ റ ന്‍റെ പുത്രന്‍ ഹസനുല്‍ മുസന്നാ റ യെയും അദ്ദേഹത്തിന്‍റെ പുത്രന്‍ അബ്ദുല്ലാഹില്‍ മഹ്ള് റ നെയും അദ്ദേഹത്തിന്‍റെ പുത്രനും ‘അന്നഫ്സുസ്സകിയ്യ’ എന്ന അഭിധേയത്തില്‍ അറിയപ്പെടുന്ന മഹാ സാത്വികനുമായ മുഹമ്മദ്‌ റ നെയും മുര്‍ത്തദ്ദുകളായാണ് ഇവര്‍ ഗണിക്കുന്നത്. പൊതുവില്‍ ഹസനീ പരമ്പരയെത്തന്നെ ഇസ്നാ അശരികള്‍ എഴുതിത്തള്ളിയിരിക്കയാണ്. വലിയ പണ്ഡിതനും ഭക്തനും സൂക്ഷ്മജീവിതത്തിനുടമയുമായ സയ്യിദുനാ സൈദ്‌ ബ്നു അലി സൈനുല്‍ ആബിദീന്‍, ഹുസൈന്‍ റ ന്‍റെ പരമ്പരയിലായിരുന്നിട്ടു പോലും അവരെ ചീത്ത പറയാന്‍ ഇസ്നാ അശരിയടക്കമുള്ള ശീഈകള്‍ക്ക് യാതൊരു സങ്കോചവുമില്ല. സൈദ്‌ റ നാകുന്നു മുഹമ്മദുല്‍ ബാഖിറിനേക്കാള്‍ കൂടുതല്‍ യോഗ്യതയെന്ന് പ്രഖ്യാപിച്ച ഹസനിയ്യും ഹുസൈനിയ്യുമായ ഒരു സംഘം സാദാത്തുക്കളെത്തന്നെ പിഴച്ചവരും വഴികെട്ടവരും ആയി ശീഈകള്‍ ആക്ഷേപിക്കുന്നു. എന്നാല്‍, സാദാത്തുക്കളുടെ വംശചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം പറയുന്നു, അക്കാലത്തെ ബഹുഭൂരിഭാഗം ഹസനീ ഹുസൈനീ സയ്യിദ്മാര്‍ സൈദ്‌ റ ന്‍റെ ഇമാമത് സ്വീകരിച്ചവരായിരുന്നുവെന്ന്. പിന്നീട് വന്ന ‘പന്ത്രണ്ടന്മാര്‍’ പറയുന്നതോ, സൈദ്‌ റ ന്‍റെ ഇമാമത്ത് വാദിക്കുന്നവര്‍ നരകത്തില്‍ ശാശ്വതമായി വസിക്കേണ്ട കാഫിറുകളാകുന്നുവെന്നും?! സൈദ്‌ റ ന്‍റെ പുത്രന്‍ സയ്യിദുനാ യഹ് യ റ ശീഈ ചിത്രങ്ങളില്‍ ഇല്ലതന്നെ. ഹുസൈനീ പരമ്പരയിലെ പ്രമുഖനും ഇസ്നാ അശരികളുടെ ഏഴാമത്തെ ഇമാമുമായ മൂസല്‍കാളിം റ ന്‍റെ പുത്രനും അത്യുന്നത ഔലിയാക്കളില്‍ പെട്ട മഹാനുമായ സയ്യിദ് ജഅഫര്‍ റ നെ ഇവര്‍ ‘കദ്ദാബ്’/ പെരുങ്കള്ളന്‍ എന്ന് വിളിച്ചു. പത്താമത്തെ ഇമാം അലി യ്യുല്‍ ഹാദി റ യുടെ പുത്രനും പതിനൊന്നാമത്തെ ഇമാം ഹസനുല്‍ അസ്കരി റ ന്‍റെ സഹോദരനുമായ സയ്യിദുനാ ജഅഫര്‍ റ നെയും ഇവര്‍ ആദരിച്ചത് ‘കദ്ദാബ്’ എന്നാക്ഷേപിച്ചായിരുന്നു. സയ്യിദ് ഇബ്രാഹീം ബ്നു അബ്ദില്ലാഹ്, സയ്യിദ് സകരിയ്യ ബ്നു മുഹമ്മദ്‌ അല്‍ബാഖിര്‍, സയ്യിദ് മുഹമ്മദ്‌ ബ്ന്‍ അബ്ദില്ലാഹ് ബ്നില്‍ ഹുസൈന്‍ ബ്നില്‍ ഹസന്‍, മുഹമ്മദ്‌ ബ്നുല്‍ഖാസിം ബ്നുല്‍ ഹസന്‍, യഹ് യ ബ്നു ഉമര്‍ (ഹസന്‍ റ ന്‍റെ പൗത്രന്‍) തുടങ്ങിയ ഒരുപാട് സയ്യിദുമാര്‍ പന്ത്രണ്ടന്മാരുടെ വിശ്വാസത്തില്‍ കാഫിര്‍ മുര്‍ത്തദ്ധുകള്‍ ആകുന്നു. നഊദുബില്ലാഹി!! അപ്പോള്‍ സത്യത്തില്‍ നാസ്വിബികള്‍ ആരാണ്?

ഇമാമുമാരെ പന്ത്രണ്ടില്‍ നിജപ്പെടുത്തിയത് എന്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് കൃത്യമായ വിശദീകരണമില്ല. അവര്‍ക്ക് ശേഷം അഹ്ലുല്‍ബൈത്തില്‍ അര്ഹരും യോഗ്യരുമായ സാദാത്തുക്കള്‍ ഇല്ലാത്തതുകൊണ്ടായിരുന്നോ? എത്രയെത്ര ഖുതുബുകള്‍ വരെ കഴിഞ്ഞുപോയി! പക്ഷേ, അഹ്ലുല്‍ബൈതിനെ സ്നേഹിക്കുന്നവര്‍, സഖലൈന്‍ മുറുകെ പിടിച്ചവര്‍ എന്നെല്ലാം പെരുമ്പറ മുഴക്കുന്നവര്‍ അവരെയെല്ലാം ‘തെമ്മാടിക്കുഴി’യില്‍ അടക്കം ചെയ്യുകയായിരുന്നു. ആമൂലാഗ്രം അഹ്ലുല്‍ബൈത്തിന്‍റെ വഴിയല്ല ശീഈകളുടെത്. ആഖിറത്തില്‍ അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അഹ്ലുല്‍ബൈത്തില്‍ ചിലരെഉയര്‍ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യുന്ന ശീഈ അഭ്യാസത്തിനു അവര്‍ പരലോകത്ത് എന്ത് ന്യായം പറഞ്ഞു രക്ഷപ്പെടാന്‍?

പ്രധാന അവലംബം:

അല്ലാമാ ശാഹ് അബ്ദുല്‍ അസീസ്‌ ഫാറൂഖി, തുഹ്ഫതുല്‍ ഇസ്നാ അശരിയ്യ.

MORE ON THIS TOPIC

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

COMMENTS

Leave a Comment

Your email address will not be published. Required fields are marked *