Ahlussunnahind

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

December 8, 2022

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

a person drowns underwater

യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

നേർമാർഗത്തിലേക്ക് വഴി കാണിച്ചുതന്ന സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്ന് സർവ്വസ്തുതികളും. അവന്റെ അനുഗ്രഹത്തെ അവൻ നമുക്ക് പൂർത്തിയാക്കി തരുകയും അതിനെ ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാ പൂർവ്വിക മതങ്ങളെയും നിയമസംഹിതകളെയും ദുർബലപ്പെടുത്തുകയും അന്ത്യപ്രവാചകനായി നമ്മുടെ നബി(സ്വ)യെ അവൻ നിയോഗിക്കുകയും നമ്മെ അവിടുത്തെ അനുയായി വൃന്ദങ്ങളിൽപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. സത്യദീനിനെകുറിച്ച് അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ മാർഗം. നിങ്ങൾ അത് പിന്തുടരുക, മറ്റു മാർഗങ്ങൾ പിന്തുടരുത് അവയെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും നിങ്ങളെ ഭിന്നിപ്പിച്ചു കളയും നിങ്ങൾ സൂക്ഷ്മത പാലിക്കാൻ. അവൻ നിങ്ങൾക്ക് നൽകുന്ന ഉപദേശമാണിത്.” (അൽ അൻആം 153)

      ഇതേക്കുറിച്ച് മറ്റൊരിടത്ത് അല്ലാഹു സംശയത്തിനിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നത് കാണുക. വേദക്കാരേ, വേദഗ്രന്ഥത്തിൽ നിന്ന് നിങ്ങൾ മറച്ചുവെച്ചു കൊണ്ടിരുന്ന പലതും നിങ്ങൾക്ക് വെളിപ്പെടുത്തി തന്നു കൊണ്ട് നമ്മുടെ ദൂതൻ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങൾക്കിതാ അല്ലാഹുവിൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹുവിന്റെ പൊരുത്തം നേടിയവരെ അവൻ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരത്തിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് വഴികാണിക്കുകയും ചെയ്യുന്നു. നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (അൽമാഇദ 15-16)

      അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു മതങ്ങളെ സ്വീകരിക്കുന്നവരെ വിശുദ്ധ ഖുർആൻ താക്കീത് ചെയ്യുന്നത് കാണുക. “അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം വിധേയത്തോടോ നിർബന്ധിതമായോ അവന് കീഴ്പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നത്. (ആലു ഇംറാൻ 83)”

      ഇസ്ലാമിക ജീവിതത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരാൻ ഇടയായ ധാരാളം വ്യതിയാനങ്ങൾ പിൽക്കാല മുസ്ലിം സമൂഹത്തിൽ സംഭവിക്കുകയുണ്ടായി. ശുദ്ധ അറബി പ്രകൃതിക്ക് കളങ്കമേൽപ്പിച്ച പേർഷ്യൻ സ്വാധീനം – ഗ്രീക്ക് ഭാരതീയ തത്വശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തതിലൂടെയുണ്ടായ വൈജ്ഞാനിക രംഗത്തുണ്ടായ സ്വാധീനങ്ങൾ ഇസ്ലാമിനെ അപകടപ്പെടുത്താനുള്ള ശിയാ പേർഷ്യൻ ജൂത പദ്ധതികൾ, അതേ തുടർന്നു മുസ്ലിം ലോകത്ത് രൂപപ്പെട്ട ചിന്താ പ്രസ്ഥാനങ്ങളും ദാർശനികരും വഹ്‌യിന്റെ അജയ്യതക്കുമേൽ കരിനിഴൽ വീഴ്ത്തുകയും ബുദ്ധിക്കും മതവിരുദ്ധ ദർശനങ്ങൾക്കും അപ്രമാദിത്വം കൽപിക്കുകയും ചെയ്യുവാൻ തുടങ്ങി, നുബുവ്വത്ത് സ്വപരിശ്രമത്തിലൂടെ നേടിയെടുക്കാൻ കഴിയുന്നതാണെന്ന ഇബ്നുസീനയെ പോലുള്ള ചിന്തകരുടെ വാദങ്ങൾ, അല്ലാഹുവിന് പൊതുവായ കാര്യങ്ങളേ അറിയൂ. വിശദാംശങ്ങൾ അറിയില്ല, ലോകം അനാദിയാണ് പരലോകത്ത് ശരീരത്തോടു കൂടിയുള്ള ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല. ആത്മീയമായ പുനരുത്ഥാനമേ ഉണ്ടാവൂ എന്നീ വാദങ്ങൾ ഉന്നയിച്ചത് കാരണം അബുഹാമിദുൽ ഗസാലിയെ പോലുള്ളവർ അദ്ദേഹം കാഫിറാണെന്ന് പറയുന്നത് കാണാം. (അൽ മുൻഖിദു മിനള്ളലാൽ 144)

      വഹ്‌യിന്റെ സ്വാധീനം ദുർബലപ്പെട്ടുവെന്നും ഇനി മനുഷ്യരെ നയിക്കാൻ തത്വശാസ്ത്രത്തിനേ സാധിക്കൂ എന്ന് പ്രചരിപ്പിച്ചിരുന്ന തീവ്ര ശീഈ ചിന്ത (ബാഥിനി) പേറുന്ന ഇഖ്‌വാനുസ്സുഫാ എന്ന ചിന്താപ്രസ്ഥാനവും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ വെല്ലുവിളിച്ച പ്രസ്ഥാനമാണ്. പിന്നീട് ദൈവിക സ്നേഹത്തിന്റെയും മാനവികതയുടെ വക്താക്കളായി രംഗത്തുവന്ന ജലാലുദ്ദീൻ റൂമിയെ പോലുള്ള സൂഫി ചിന്തകന്മാരും സമൂഹത്തിൽ സർവ്വമത സത്യവാദത്തിന്റെ പ്രചാരകരായി രംഗത്തു വന്നവരാണ്. ഇന്ത്യയിൽ ഇത്തരം ചിന്തകൾ പ്രചരിപ്പിച്ച ദേഹമാണ് ഷാജഹാൻ ചക്രവർത്തിയുടെ പുത്രനായ ദാരാസുക്കോ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തും അതിന്റെ ആശയങ്ങൾ സൂഫിസവുമായി സംയോജിപ്പിച്ചു സർവ്വമത സത്യവാദ ദർശനങ്ങളുടെ പ്രചാരകനായി മാറി അദ്ദേഹം.

      ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം വഹ്ദത്തുൽ വുജൂദ് (അദ്വൈതവാദം) ഹുലൂൽ (അവതാരസിദ്ധാന്തം), ഇത്തിഹാദ്(ദൈവസത്തയിൽ വിലയം പ്രാപിക്കൽ) തുടങ്ങിയ മജൂസി പേർഷ്യൻ ഗ്രീക്ക് ഭാരതീയ തത്വശാസ്ത്രധാരകളുെട സ്വാധീനഫലമായി രൂപപ്പെട്ട സർവ്വമത സത്യവാദ ചിന്തകൾക്ക് ഫൽസഫയുടെയും ബാഥിനിയ്യ (ഗൂഢാർത്ഥവാദം)ത്തിന്റെയും ശീഇസത്തിന്റെയും വികല സൂഫിസത്തിന്റെയും തണലിൽ തലപൊക്കിയെങ്കിലും ധിഷണാശാലികളായ പണ്ഡിതന്മാരുടെ ഇടപെടൽ കാരണം അവക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.

      എന്നാൽ ഹിജ്റ പതിനാലാം നൂറ്റാണ്ടിൽ ദൈവനിഷേധവും മതനിരാസവും മറച്ചുവെച്ചു ഇസ്ലാമിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിലരെ ഫ്രിമേസണറി ശക്തികൾ പടച്ചുവിടുകയുണ്ടായി. ഇസ്ലാം ക്രൈസ്തവത, യഹൂദമതം എന്നിവയുടെ സംയോജനത്തിനായി ചിലർ രംഗത്ത് വരികയുണ്ടായി. ഇറാൻ വംശജനായ ജമാലുദ്ദീൻ അഫ്ഗാനി, തുർക്കിമാനി വംശജനായ ഈജിപ്ഷ്യൻ പരിഷ്കർത്താവ് മുഹമ്മദ് അബ്ദു എന്നിവർ ഇവരുടെ കെണിയിലകപ്പെടുകയുണ്ടായി. മുഹമ്മദ് അബ്ദു, ക്രിസ്തുമതം സ്വീകരിച്ച ശിയാ പണ്ഡിതൻ മിർസാ ബാഖിർ ഇറാനി, ജമാലുദ്ദീൻ അഫ്ഗാനി തുടങ്ങിയവർ മൂന്ന് പ്രമുഖ മതങ്ങളെ സംയോജിപ്പിക്കുവാൻ, ബൈറൂത്തിലെ ചില ചിന്തകരുമായി സഹകരിച്ചു. ജംഇയ്യത്തു തഅ്‌ലീഫി വത്തഖ്‌രീബ് എന്ന സംഘടന രൂപീകരിക്കുകയുണ്ടായി. ഈ സംഘടനയിൽ ഇംഗ്ലീഷുകാർ, ഇറാനികൾ തുടങ്ങിയവർ അംഗങ്ങളായിരുന്നുവെന്ന് മുഹമ്മദ് അബ്ദുവിന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ ശിഷ്യൻ റഷീദ് റിദ പറയുന്നത് കാണാം. (താരീഖുൽ ഉസ്താദുൽ ഇമാം 1/817).

      ആധുനിക കാലത്ത് പുതുലോക ക്രമത്തിന്റെ തണലിൽ “മൂസവി ഈസവി മുഹമ്മദീ” സൗഹൃദം എന്ന പേരിൽ മതസമീകരണ പ്രസ്ഥാനം മത തീവ്രവാദ നിരാസം, മത സാഹോദര്യം തുടങ്ങിയ പേരിൽ രംഗത്ത് വരുകയും ഈജിപ്തിൽ ഈ ലക്ഷ്യത്തിനായി കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുകയുണ്ടായി. “മജ്മഉൽ അദ്‌യാൻ” മത പാർലമെന്റ്, മുസ്ലിം ക്രിസ്ത്യൻ സാഹോദര്യം തുടങ്ങിയ പല പേരുകളിൽ സംഘടനകൾ നിലവിൽ വന്നു. “വഹ്ദത്തുൽ അദ്‌യാൻ”, “തൗഹീദുൽ അദ്‌യാൻ”, “ഇബ്രാഹീമി ഐക്യം”, “ആഗോള മതം”, “മതസഹവർതിത്തം”, “മില്ലിയൂൻ” എന്നിവ ഉദാഹരണം. “വെളിപാടു ഗ്രന്ഥങ്ങളുടെ സംയോജനം” എന്ന പേരിൽ ഖുർആനും തോറയും ബൈബിളും ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കുക വരെ ഉണ്ടായി.

      1986ൽ ഇറ്റലിയിലെ അസീസിയിൽ വെച്ച് മൂന്ന് മതങ്ങളുടെ പ്രതിനിധികൾ സംയുക്തമായി ആരാധനാ ചടങ്ങുകൾ നടത്താൻ പോപ്പ് ആഹ്വാനം ചെയ്യുകയുണ്ടായി. അവിശ്വാസികൾ നേതൃത്വം നൽകിയ ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ ആരാധനാ ചടങ്ങായിരുന്നു അത്. പിന്നീട് ജപ്പാനിലെ കീതോ പർവ്വത നിരകളിൽ വെച്ച് നടന്ന ഇത്തരമൊരു സംയുക്ത പ്രാർത്ഥനാ ചടങ്ങിൽ ലോകത്തിലെ ഏറ്റവും പ്രമുഖമായ മുസ്ലിം സംഘടനാ പ്രതിനിധികൾ വരെ സംബന്ധിക്കുകയുണ്ടായി.

      ലോകസമാധാനം, സാഹോദര്യം, സ്നേഹം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ സുന്ദര മുദ്രാവാക്യങ്ങൾ മുഴക്കി സമകാലിക ലോകത്ത് ആധുനിക ആത്മീയ പ്രസ്ഥാനങ്ങൾ സജീവമായി രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യാഥാസ്ഥിതിക ബുഖാരിമാരും നവോത്ഥാനത്തിന്റെ തൊപ്പി വെച്ചവരും ശിയാക്കളും പല നിഗൂഢ സ്വാമികളുടെയും വിദേശ ഏജന്റുകളുടെയും കൂടെ ഇത്തം വേദികളിൽ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ ആഘോഷിച്ച റജാ ഗരോഡി. ഈ ലക്ഷ്യത്തിനായി “ഇബ്രാഹീമി സമ്മേളനം” എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ച വ്യക്തിയായിരുന്നു. സർവ്വ മത സത്യവാദം സ്ഥാപിക്കാൻ എഴുതിയ ഖുർആൻ ദുർവ്യാഖ്യാനത്തിന് ആശംസയെഴുതി അനുഗ്രഹിച്ചത്. അഹ്‌ലുബൈത്തിന്റെ അഡ്രസ്സിൽ തടിച്ചു കൊഴുത്ത മാന്യദേഹമായിരുന്നുവെന്നത് വളരെ ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇപ്പോൾ, “അൽമില്ലതുൽ ഇബ്രാഹീമിയ്യ,” “അൽബൈത്തുൽ ഇബ്രാഹീമി” തുടങ്ങിയ പേരിൽ മധ്യപൗരസ്ത്യ ദേശത്തെ ഒരു പ്രമുഖ അറബ് രാജ്യം ഈ വഴികേടിന് നേതൃത്വം നൽകുന്നുണ്ട്.

      കേരളത്തിൽ ഈ ചിന്തക്ക് ആദ്യമായി തുടക്കം കുറിച്ചത് ഹദീസ് നിഷേധം, മൂന്ന് നേരത്തെ സംസ്കാരം, അബൂഹുറൈറ(റ) വിരോധം തുടങ്ങിയ ശിയാ ആശയങ്ങൾ പ്രചരിപ്പിച്ച ചേകന്നൂർ മൗലവിയായിരുന്നു അദ്ദേഹത്തിന്റെ തിരോധാനത്തോടെ തന്റെ പ്രസ്ഥാനം ശിഥിലമായെങ്കിലും തന്റെ വിഷം വമിക്കുന്ന ചിന്തകൾ പല മനസ്സുകളെയും മലിനമാക്കിയിരുന്നു. ചേകന്നൂരിസത്തിൽ നിന്ന്, ജാമിത ടീച്ചറെ പോലുള്ള ചിലർ പിന്നീട്, നേരിട്ട് യുക്തിവാദത്തിലേക്ക് കൂടുമാറിയതും നാം കണ്ടു.

      ജമാഅത്ത് പ്രബോധകനായിരുന്ന കെ.ടി. അബ്ദുറഹീം തന്റെ അനുയായി വൃന്ദങ്ങൾക്കിടയിൽ ഇത്തരം ചിന്തകൾ സ്വകാര്യമായി പ്രചരിപ്പിച്ചിരുന്നതായി അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഗത്ഭ ശിഷ്യൻ സി.എച്ച്. മുസ്തഫ മൗലവിയാണ് ഇപ്പോൾ കേരളത്തിൽ ഈ ചിന്തയുടെ പ്രചാരകൻ, ചേകന്നൂരിനെ പോലെ ഒരേ സമയം ശിയാ പ്രബോധനവും സർവ്വ മത സത്യവാദവും പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിന് യാതൊരു പ്രയാസമൊന്നുമില്ല. 2015 നവംബറിൽ പൊന്നാനിയിൽ നടന്ന കേരളത്തിലെ ശിയാ കുടുംബങ്ങൾക്കായി സംഘടിപ്പിച്ച രഹസ്യ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് മുസ്തഫ മൗലവിയും സി. ഹംസ സാഹിബുമായിരുന്നു. ഈ കുറിപ്പുകാരൻ ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഡൽഹിയിെല ഇറാൻ എംബസി നടത്തുന്ന ഇറാൻ കൾച്ചറൽ ഹൗസിലെ ശിയാ പ്രബോധകൻ സയ്യിദ് സാദിഖ് ഹുസൈനി കേരളത്തിൽ രഹസ്യസന്ദർശനം നടത്തിയപ്പോഴും മുസ്തഫ മൗലവി കൂടെയുണ്ടായിരുന്നു. ശിയാക്കളുടെ ജനിക്കാത്ത പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദ് ഒളിവിൽ പോയ ഇറാഖിലെ ഗുഹാമുഖത്ത് വെച്ച് എടുത്ത ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ. ചുരുക്കത്തിൽ ഒരു ഭാഗത്ത് ശീഇസവും മറുഭാഗത്ത് സർവ്വമത സത്യവാദവും സമർത്ഥമായി ചിലവഴിക്കാൻ ഇയാൾക്കുള്ള മിടുക്ക് സമ്മതിച്ചേ മതിയാകൂ.

      എല്ലാവർക്കും സ്വർഗവും മോക്ഷവും മൊത്തവിതരണം ചെയ്യുന്ന ഇദ്ദേഹം സർവ്വ മത സത്യവാദം സ്ഥാപിക്കാൻ എഴുതിയ പുസ്തകത്തിന് ആമുഖമെഴുതി അനുഗ്രഹിച്ചത് കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളിൽ ഒന്നിന്റെ പണ്ഡിതസഭയുടെ മുൻ സംസ്ഥാന കാര്യദർശിയായിരുന്നുവെന്നത്, നവോത്ഥാനം ജമാലുദ്ദീൻ അഫ്ഗാനിയിൽ തന്നെ തിരിച്ചെത്തിയതിന്റെ ഉത്തമ നിദർശമാണ്.

      ഇസ്ലാമിലെ മോക്ഷ സിദ്ധാന്തം എന്ന ക്ഷുദ്ര കൃതിയിൽ സത്യവിശ്വാസികൾക്ക് മാത്രമേ സ്വർഗലബ്ധിയുണ്ടാവൂ എന്ന മുസ്ലിംകളുടെ വിശ്വാസത്തെ പരിഹസിച്ചു കൊണ്ട് പറയുന്നത് ഇങ്ങനെ. “ദൈവമേ സ്വർഗ നരകങ്ങൾ വീതം വെച്ച് നരകത്തിലേക്കുള്ള ആളുകളെ അന്വേഷിക്കുന്ന മതക്കണ്ണിൽ നിന്ന് ഞങ്ങൾക്ക് രക്ഷയൊരുക്കേണമേ (രണ്ടാം പതിപ്പിന്റെ ആമുഖം).”

      ഈ പുസ്തകത്തെ അവതാരിക എഴുതി അനുഗ്രഹിച്ച മുജാഹിദ് പണ്ഡിതനെ ഇങ്ങനെ പ്രശംസിക്കുന്നത് കാണാം. “ഈ പുസ്തകത്തിന് പ്രൗഢവും ഉജ്വലവുമായ അവതാരിക എഴുതി അനുഗ്രഹിച്ച ആദരണീയ പണ്ഡിതൻ സി.എം. മൗലവി ആലുവ അദ്ദേഹം എന്നോട് കാണിക്കുന്ന വാത്സല്യവും സ്നേഹവും എന്റെ കർമ്മവീഥിയിൽ തണലും താങ്ങുമാണ്. വന്ദ്യഗുരു കെടിയുടെ (ജമാഅത്ത് പ്രബോധകനായിരുന്ന കെ.ടി. അബ്ദുറഹീം) ഉറ്റമിത്രമാണ് സി.എം. മൗലവി. എന്റെ ഗുരുവിനോടുള്ള സ്നേഹം അദ്ദേഹം എന്നിലേക്ക് ചൊരിയുകയാണ്. മുജാഹിദ് മൗലവിയുടെ അവതാരിക പുസ്തകം വായിക്കാതെ സംഭവിച്ച അബദ്ധമല്ല എന്ന് വ്യക്തമാണ്. അദ്ദേഹവും സർവ്വമത സത്യവാദക്കാരനായിരുന്ന കെ.ടിയുടെ ആശയ സഹയാത്രികനായിരുന്നു എന്ന് അവതാരിക തുറന്നു കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് സി.എച്ച്. മുസ്തഫ മൗലവി, വേദങ്ങളുടെയും വേദവാക്യങ്ങളുടെയും പൊരുൾ മോക്ഷ സാക്ഷാൽക്കാരമാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു. അതാണ് മനുഷ്യരാശിയുടെ ജീവിതലക്ഷ്യമെന്ന് സവിസ്തരം പ്രതിപാദിക്കുന്നുമുണ്ട് നിത്യപ്രസക്തമായ വേദങ്ങൾ പരസ്പരം സത്യപ്പെടുത്തുകയും ആശയങ്ങൾ അന്യോന്യം സ്ഥിരപ്പെടുത്തുകയുമാണ് യഥാർത്ഥത്തിൽ ചെയ്തുപോരുന്നത്.” (പേജ് 19).
      സി.എച്ച്. മുസ്തഫ മൗലവിയുടെത് ഒറ്റപ്പെട്ട ശ്രമമായി കാണാനാവില്ല. അറബ് ലോകത്തും പാശ്ചാത്യ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അദ്നാൻ ഇബ്രാഹീമിനെ പോലുള്ളവരും, ഇപ്പോൾ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി സ്ഥാപിതമായ സംഘടനകളും ചില അറബ് രാജ്യങ്ങൾ തന്നെയും ഇത്തരം അപകടകരമായ ദൗത്യവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. മുസ്തഫ മൗലവി തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിലും ഇസ്ലാമിലെ മോക്ഷസിദ്ധാന്തം കൃതിയിലും അവതരിപ്പിച്ച അബദ്ധ സിദ്ധാന്തങ്ങളെ പണ്ഡിതനായ ഈ ഗ്രന്ഥത്തിന്റെ മുസ്തഫ മൗലവി ചില തഫ്സീറുകളിലെ പരമാർശങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ച്, പൂർവ്വികരായ പ്രസ്തുത ഖുർആൻ വ്യാഖ്യാതാക്കൾ താൻ ഉന്നയിക്കുന്ന സർവ്വ മത സത്യവാദ സിദ്ധാന്തത്തിനെ പിന്തുണക്കുന്നവരാണെന്ന് സ്ഥാപിക്കാൻ നടത്തുന്ന വ്യഥാ ശ്രമങ്ങൾ ഗ്രന്ഥകാരൻ പണ്ഡിതോചിതമായി കൈകാര്യം ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥം മത യുക്തിവാദികളെയും സർവ്വതന്ത്ര സ്വതന്ത്ര ചിന്തകരെയും ലക്ഷ്യം വെച്ചുകൊണ്ട് എഴുതിയതല്ല. ഇസ്ലാമിക പ്രമാണങ്ങൾ അംഗീകരിക്കുന്ന വിശ്വാസികളെ ഇതിലെ ന്യായങ്ങൾ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മുസ്തഫ മൗലവി തന്റെ വികല സിദ്ധാന്തവുമായി രംഗത്തുവന്ന സമയത്ത് തന്നെ നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും തന്റെ അബദ്ധ വാദങ്ങൾക്ക് മറുപടി പറയാൻ സുബൈർ കൗസരി രംഗത്തുണ്ടായിരുന്നു. എത്ര വലിയവന്മാരും മഹാസംഘടനകളും എതിർത്താലും അല്ലാഹുവിന്റെ പ്രകാശം കെടാതെ കാത്തുസൂക്ഷിക്കാൻ ഒരു ന്യൂനപക്ഷം അന്ത്യനാൾ വരെ പ്രവർത്തിച്ചു കൊണ്ടിരിക്കും. ആഗോള വേദികളിലൂടെയും സർക്കാരുകളെ സ്വാധീനിച്ചും ഇനിയും സർവ്വമത സത്യവാദം പോലുള്ള പ്രസ്ഥാനങ്ങൾ ശക്തമായി രംഗത്തുവരാൻ സാധ്യതയുണ്ട്. രാവിലെ മുസ്ലിമായ ഒരാൾ വൈകുന്നേരത്തോടെ സത്യനിഷേധിയായി മാറുന്ന ഒരു കാലത്തെക്കുറിച്ച് റസൂൽ(സ്വ)യുടെ മുന്നറിയിപ്പ് പുലർന്നു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ.

MORE ON THIS TOPIC

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

a person drowns underwater

യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?

COMMENTS

Leave a Comment

Your email address will not be published. Required fields are marked *