ഹസ്രത്ത് മുആവിയ(റ) (ഒന്ന്)
ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി
ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട വ്യക്തിത്വമാണ് ഹസ്രത്ത് മുആവിയ ചൈന മുതൽ സ്പെയിൻ വരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന് അസ്ഥിവാരമിട്ടത് അദ്ദേഹം തുടക്കം കുറിച്ച ഉമവീ ഖിലാഫത്തോട് കൂടിയായിരുന്നു. ഹസ്രത്ത് ഉമർ(റ)നെ വധിച്ചു കൊണ്ടാരംഭിച്ച പേർഷ്യൻ ശീഈ വഞ്ചനകൾക്കും ചതിപ്രയോഗങ്ങൾക്കും തടയിട്ടതാണ് ശിയാകൾക്ക് മുആവിയ(റ)യേടും ബനൂഉമയ്യ ഖിലാഫത്തിനോടും കുടിപ്പക യുണ്ടാകാൻ കാരണം മുസ്‌ലിം മനസ്സുകളിൽ ബനൂഉമയ്യത്തിനോട് വെറുപ്പും വിദ്വേഷവും ജനിപ്പിക്കാൻ അവർ ഒരു തിസീസ് നിർമിക്കുകയുണ്ടായി. അഥവാ അബൂസുഫ്‌യാനും കുടുംബവും അവസാന ഘട്ടത്തിൽ ഗത്യന്തരമില്ലാതെയാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും അതുകൊണ്ടവരുടെ ഇസ്‌ലാം ആശ്ലേഷണം അസ്വീകാര്യമാണെന്നുമായിരുന്നു പ്രസ്തുത സിദ്ദാന്തം. തങ്ങൾ ആദരിക്കുന്ന ഹസ്രത്ത് അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബടക്കം പലരും വൈകിയാണ് ഇസ്‌ലാമിലെത്തിച്ചേർന്ന കാര്യം അവർ സൗകര്യപൂർവ്വം മറച്ചുവെക്കുകയും ചെയ്യുന്നു. മാത്രമല്ല ഇസ്‌ലാം സ്വീകരിച്ചശേഷം അബൂ സുഫ്‌യാൻ മുആവിയ(റ) എന്നിവർ ഇസ്‌ലാമിന്റെ മാർഗ്ഗത്തിൽ നൽകിയ ധീരോദാത്തമായ സംഭാവനകൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കൂടാതെ ബനൂ ഉമയ്യക്കാർ ജാഹിലിയ്യാ കാലത്തേ കുഴപ്പക്കാരായി രുന്നുവെന്ന് തെളിയിക്കാൻ അവരുടെ പൂർവ്വീകനായ അബ്ദുശ്ശംസിനെയും ബനൂ ഹാഷിമിന്റെ പൂർവ്വീകനായ ഹാഷിമിനെയും ബന്ധിപ്പിച്ച് ഒരു കെട്ടുകഥയും ശിയാക്കൾ പ്രചരിപ്പിക്കാറുണ്ട്. സയാമീസ് ഇരട്ടകളായി പിറന്ന ഇവരെ വേർപെടുത്തപ്പെടുകയാണുണ്ടയതെന്നും അവരിലൊരാളെ നന്മയുടെ പ്രതീകമായും അപരനെ തിന്മയുടെ പ്രതീകവുമായാണ് ശിയാക്കൾ പ്രചരി പ്പിച്ചത്. ഹാശിമിന്റെ പേരമകൻ അബൂലഹബിനെ വിശുദ്ധ ഖുർആൻ ശപിച്ച കാര്യമൊന്നും ഇവർക്ക് ബാധകമല്ല. കഥയിൽ ചോദ്യമില്ലല്ലോ?.
മക്കാവിജയത്തിനുശേഷം തന്റെ ഇസ്‌ലാം സ്വീകരണംപ്രഖ്യാപിച്ച അബ്ബാസുബ്നു അബ്ദുൽ മുത്തലിബും ഇതേ രീതി സ്വീകരിച്ച മുആവിയ(റ)വും തമ്മിൽ എന്തുവ്യത്യാസമാണുള്ളത്. ഇതിലൊരാൾ ശിയാക്കൾക്ക് സ്വീകാര്യനും മറ്റെയാൾ അസ്വീകാര്യനുമാകുന്നതെന്തുകൊണ്ട്? ചരിത്ര യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ഇസ്‌ലാമിസ്റ്റുകളും സുന്നീ ബഹുജനങ്ങളും ശിയാവാദങ്ങളു ന്നയിച്ച് ഇസ്‌ലാമിന്റെ മഹാനായ ഈ ചരിത്രപുരുഷനെതിരിൽ ദുരാരോപ ണങ്ങൾ എയ്യുന്നു.
ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിപ്പിച്ച വ്യക്തിത്വത്തെ തെറിയഭിഷേകം ചെയ്യുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ കൊടിയ വിരോധികളായ പല യൂറോപ്യൻ ചിന്തകരും യാഥാർത്ഥ്യം ബോധ്യപ്പെടുമ്പോൾ സത്യദീൻ പുൽകുമ്പോൾ ഇവരാരും അവരുടെ പൂർവ്വ ചരിത്രം പരതി നോക്കി അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ മുതിരാറില്ല. പ്രത്യുത അവരുടെ ഇസ്‌ലാം ആശ്ലേഷത്തെ ആഘോഷി ക്കാറാണ് പതിവ്. ഹസ്രത്ത് അബൂസുഫ്‌യാന്റെ കുടുംബത്തിനു മാത്രം ഇതൊന്നും ബാധകമല്ലാത്തത് എന്തു കൊണ്ടായിരിക്കും. നബി(സ) അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതൊന്നും ഇവർക്ക് സ്വീകാര്യമല്ലാതിരിക്കാൻ കാരണമെന്തായിരിക്കും. ഹസ്രത്ത് മുആവിയെക്കുറിച്ച് നബി(സ)യും സ്വഹാ ബികളും ആദ്യ കാലത്തെ ഇസ്‌ലാമിക സമൂഹത്തിൽ ജീവിച്ച പ്രമുഖരും എന്താണ് അഭിപ്രായപ്പെട്ടതെന്നു നോക്കാം.
എന്റെ സമുദായത്തിൽ ആദ്യമായി യുദ്ധത്തിനുവേണ്ടി സമുദ്ര സഞ്ചാരം നടത്തുന്നവർക്ക് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു എന്ന് നബി(സ) പറഞ്ഞ പ്പോൾ ഉമ്മു ഹറാം ചോദിച്ചു. “പ്രവാചകരേ ഞാൻ അക്കൂട്ടത്തിൽ ഉണ്ടാവുമോ.” നബി(സ) പറഞ്ഞു. “അതെ, നീ അതിലുണ്ടാവും”. ഇത് മുആവിയ(റ)ന്റെ മഹത്വത്തെയാണ് കുറിക്കുന്നത്. കാരണം ആദ്യമായി നാവികസേന സജ്ജീകരിച്ചത് ഇദ്ദേഹമാണ്. ഇതിന്റെ തുടർച്ചയായ ഹദീസിൽ ആദ്യമായി സീസറിന്റെ കൊട്ടാരം ആക്രമിക്കുന്നവർ പാപങ്ങൾ പൊറുക്കപ്പെട്ടവരാണെന്നും പ്രവാചകൻ അരുൾ ചെയ്യുന്നുണ്ട്. ഇത് മുആവയയുടെ മകൻ യസീദിന്റെ മഹത്വത്തെയാണ് ഉദ്ഘേഷിക്കുന്നത്. കാരണം അദ്ദേഹമാണ് ആദ്യമായി കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചത് (ഫത്ഹുൽ ബാരി 12/61).
ഇമാം ബുഖാരി കിതാബുൽ ജിഹാദ് എന്ന അധ്യായത്തിലും ഇമാം മുസ്‌ലിം കിതാബുൽ ഇമാറ എന്ന അധ്യായത്തിലും അനസ് ബിൻ മാലിക്(റ) ൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) ഒരിക്കൽ ഖുബായിലെ ഉമ്മുഹറാം ബിൻതു മൽഹാന്റെ വീട്ടിൽ ഉച്ചയുറക്കത്തിലായിരുന്നു. പിന്നീട് ചിരിച്ചുകൊണ്ട് അവിടുന്ന് എഴുന്നേറ്റു. അവർ പറഞ്ഞു: എന്തിനാണ് താങ്കൾ ചിരിച്ചത് എന്ന് ഞാൻ ചോദിച്ചു. അവിടുന്ന ഇങ്ങനെ മറുപടി പറഞ്ഞു.
എന്റെ സമുദായത്തിൽപെട്ട ചിലയാളുകൾ മഞ്ചലുകളിൽ കയറിയ രാജാക്കന്മാരെപ്പോലെ ഈ സമുദ്രത്തിലൂടെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നതായി എനിക്ക് സ്വപ്ന ദർശനമുണ്ടായി. ഇതുകേട്ട് ഉമ്മു മൽഹാൻ പറഞ്ഞു. ഞാനും ആ കൂട്ടത്തിലുണ്ടാകാൻ താങ്കൾ അല്ലാഹുവിനോടു പ്രാർത്ഥിക്കണം. റസൂൽ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. വീണ്ടും നബി(സ) തല നിലത്തു വെക്കുകയും ചിരിച്ചുകൊണ്ട് എഴുന്നേൽക്കുകയും ചെയ്തു. അപ്പോൾ ഞാൻ ചോദിച്ചു. എന്തിനാണ് താങ്കൾ ചിരിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞതുപോലെ അല്ലാഹുവിന്റെ വഴിയിൽ യോദ്ധാക്കളായ എന്റെ സമുദായത്തിൽ പെട്ട ചിലരെ എനിക്ക് കാണിക്കുകയുണ്ടായി എന്ന് നബി (സ) പറയുകയുണ്ടായി. എന്നെ അക്കൂട്ടതിൽ പെടുത്താൻ താങ്കൾ അല്ലാഹുവിനോട് തേടണം എന്നു ഉമ്മു മൽഹാൻ പറയുകയുണ്ടായി. നീ അവരിൽ ആദ്യ സംഘത്തിൽ പെട്ടവരാണ്. എന്ന് നബി(സ) പ്രതികരിച്ചു. ഉമ്മു മൽഹാൻ മുആവിയ (റ)ന്റെ നാവികപ്പടയിൽ സൈപ്രസ്സിലേക്ക് യാത്രചെയ്യുകയും കപ്പലിൽ നിന്ന് പുറത്ത് കടക്കുമ്പോൾ വാഹനപ്പുറത്ത് നിന്ന് വീഴുകയും അവിടെവെച്ച് മരണപ്പെടുകയുണ്ടായി.
ഇബ്നു അബ്ബാസ് (റ) പറയുന്നു: ഹിന്ദിന്റെ മകൻ (മുആവിയ) എത്ര മഹത്വമുള്ളവനാണ്. അദ്ദേഹം ഇരുപത് വർഷക്കാലം ഞങ്ങളെ ഭരിച്ചു. അദ്ദേഹം നിലത്തു നിന്നോ മിമ്പറിൽ നിന്നോ ഞങ്ങൾക്ക് യാതൊരു വിഷമവും വരുത്തിയിട്ടില്ല. ഞങ്ങളുടെയും അദ്ദേഹത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തിയില്ല. ഞങ്ങളോടുള്ള ബന്ധം കൂട്ടിച്ചേർക്കുകയും ഞങ്ങളുടെ ആവശ്യ ങ്ങൾ പൂർത്തീകരിച്ചുതരുമായിരുന്നു (താരീഹ് ദിമശ്ഖ് 62:127).
ഇബ്നുകസീർ അൽബിദായ വന്നിഹായ എന്ന ഗ്രന്ഥത്തിൽ ഇതേക്കുറിച്ച് പറയുന്നു: “ഉസ്മാനുബ്നു അഫ്ഫാന്റെ കാലത്ത് ഹിജ്റ 27ൽ സൈപ്രസ്സ് ആക്രമിച്ചു കീഴടക്കിയ സന്ദർഭത്തിലാണിത്. ആ യാത്രയിൽ ഉമ്മു ഹറാം തന്റെ ഭർത്താവ് ഉബാദത്ത്ബ്നു സ്വാമിത്തിന്റെ കൂടെയുണ്ടായിരുന്നു. അവരുടെ കൂടെ അബുദ്ദർദാഅ്, അബൂദർറ് തുടങ്ങിയ സ്വഹാബികളും ഉണ്ടായിരുന്നു. ഉമ്മു ഹറാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മരണം വരിച്ചു. അവരുടെ ഖബ്ർ ഇപ്പോഴും സൈപ്രസ്സിൽ കാണാം”.
ഇബ്നുകസീർ തുടരുന്നു: “നബി(സ) രണ്ടാമതു പറഞ്ഞ കോൺസ്റ്റാ ന്റിനോപ്പ്ൾ ആക്രമിച്ച സൈന്യത്തിന്റെ തലവൻ യസീദ്ബ്നു മുആവിയ ആയിരുന്നു. ഇത് നുബുവ്വത്തിന്റെ ഏറ്റവും മഹത്തായ സാക്ഷ്യങ്ങളിൽ പെട്ടതാണ്”.
ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ട ഈ ഹദീസ് നമ്മുടെ നബി തിരുമനേനിയുടെ നുബുവ്വത്തിന്റെ പ്രത്യക്ഷ തെളിവു മാത്രമല്ല സ്വഹാബികളെ ആക്ഷേപിക്കുന്നവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മുആവിയ(റ)ന്നും മകൻ യസീദി നുമുള്ള ഏറ്റവും വലിയ അംഗീകാരവും അവരുടെ മഹത്വം വെളിപ്പെടുത്തു ന്നതുമായ തെളിവുകൂടിയാണ് ഈ ഹദീസ്.
ശാമിലെ ഏറ്റവും വലിയ പണ്ഡിതനും താബിഇയുമായ അബൂ ഇദ്‌രീസ് അൽ ഖൗലാനിയിൽ നിന്ന് ഇമാം തിർമുദി ഉദ്ധരിക്കുന്നു: “ഉമൈറുബ്നു സഅദ് അൽ അൻസാരിയിലെ ഹിംസിന്റെ ഗവർണർ പദവിയിൽ നിന്ന് നീക്കി മുഅാവയി(റ)നെ ഉമർ (റ) തൽസ്ഥാനത്ത് നിയമിച്ചപ്പോൾ ഉമൈറിനെ നീക്കി മുആവിയയെ നിയമിച്ചുവെന്ന് ആളുകൾ അടക്കം പറഞ്ഞു. ഉമൈർ(റ) ഭൗതിക വിരക്തനായിരുന്നു. അപ്പോൾ അദ്ദേഹം ജനങ്ങളോട് പറഞ്ഞു: “നിങ്ങൾ മുആവിയയെ കുറിച്ച് നല്ലത് മാത്രം പറയുക. അല്ലാഹുവേ അദ്ദേഹം മുഖേന സന്മാർഗ്ഗം നൽകേണമേ എന്ന നബി(സ) പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.” മുആവിയ(റ)ന്ന് നബി(സ) നൽകിയ പ്രസ്തുത അംഗീകാരത്തിന് ഉമർ(റ) സാക്ഷിയാണെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) യുടെ പ്രസ്തുത പ്രാർത്ഥന ഉദ്ധരിച്ചത് അദ്ദേഹമാണ്. മുആവിയക്ക് വേണ്ടി സ്ഥാനം ത്യജിക്കേണ്ടിവന്ന ഉമൈറുബ്നു സഅദും ഇതിനു സാക്ഷിയാണ് (തിർമുദി 1969).
ഉസ്മാൻ(റ)ശേഷം അദ്ദേഹത്തെപ്പോലെ(മുആവിയ) സത്യംകൊണ്ട് വിധി നൽകിയ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ലെന്നും സഅദുബ്നു അബീവഖാസ് പറഞ്ഞതായി ലൈസുബ്നു സഅദിനെ ഉദ്ധരിച്ചുകൊണ്ട് ഇബ്നു കസീർ അൽബിദായ വന്നിഹാദയിൽ(8/133) ഉദ്ധരിക്കുന്നത് കാണാം. നിങ്ങളുടെ ഈ ഇമാമിനെക്കാൾ (മുആവിയ) നബി(സ) യുടെ നമസ്കാരത്തോട് സാമ്യമുള്ള നമസ്കാരം മറ്റൊരാൾ നിർവഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്ന് അബുദ്ദർദാഅ് ശാമുകാരോട് പറഞ്ഞകാര്യം മിൻഹാജുസ്സുന്നയിൽ(3/185)ൽ ഇബ്നുതൈമിയ്യ ഉദ്ദരിക്കുന്നത് കാണാം. മുഅാവിയ(റ)യെക്കാൾ ഭരണത്തിന് യോജിച്ച മറ്റൊരാളെ ഞാൻ കണ്ടിട്ടില്ലെന്ന് ഹസ്രത്ത് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഹുമാം ഇബ്നു മുനബ്ബഹിനെ ഉദ്ദരിച്ചുകൊണ്ട് മുസന്നഫിന്റെ കർത്താവായ അബ്ദു റസാഖിൽ നിന്ന് ഇബ്നുകസീർ നിവേദനം ചെയ്യുന്നുണ്ട് (അൽബിദായ വന്നിഹായ 8/135). സഹീഹുൽ ബുഖാരിയിലെ മനാഖിബുസ്സ്വഹാബയിൽ ഇബ്നു അബീമുലൈക് ഉദ്ധരിക്കുന്ന ഹദീസിൽ ഇബ്നു അബ്ബാസിനോട് ഒരാൾ ചോദിച്ചു: “അമീറുൽ മുഅ്മിനീൻ മുആവിയയിൽ നിങ്ങൾക്കു മാതൃകയില്ലേ. അദ്ദേഹം ഒരു റക്അത്ത് മാത്രമാണ് വിത്റ് നമസ്കരിച്ചത്.” അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: അദ്ദേഹം ഫഖീഹാണ്. ഇമാം തിർമിദി മനാഖിബു സ്സ്വഹാബയിൽ നബി(സ) പറഞ്ഞതായി അബ്ദുറഹ്‌മാനുബ്നു അബീഉമൈറിൽ നിന്ന് ഉദ്ധരിക്കുന്നു. “അല്ലാഹുവേ അദ്ദേഹത്തെ സന്മാർഗ്ഗ ദർശകനും സന്മാർഗ്ഗിയുമാക്കേണമേ. അദ്ദേഹം മുഖേന സന്മാർഗ്ഗം നൽകേണമേ.”
അബ്ദുറഹ്മാന്ബ്നു അബീഉമൈറിൽ നിന്ന് ത്വബ്റാനി നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ: “അല്ലാഹുവേ അദ്ദേഹത്തിന് വിശുദ്ധ ഖുർആനും ഹിസാബും പഠിപ്പിക്കേണമേ. ശിക്ഷയിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണം നൽകേണമേ.” ഈ ഹദീസിന്റെ അവസാനം അദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ എന്നു കൂടി ഇമാം ബുഖാരി തന്റെ താരീഖിൽ ചേർത്തു പറഞ്ഞിട്ടുണ്ട്.
ഇബ്നുകസീർ തന്റെ ചരിത്ര ഗ്രന്ഥത്തിൽ അംറുബ്നുൽ ആസ്(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. “മുആവിയ(റ)നേക്കാൾ നേതൃപാടവമുള്ള ഒരാളെ ഞാൻ കണ്ടി ട്ടില്ല.” അപ്പോൾ ജിബില്ല ഇബ്നു സജീം ചോദിച്ചു “ഉമർ(റ)വും അദ്ദേഹത്തിന്റെ അത്ര വരില്ലെന്നാണോ നിങ്ങൾ പറയുന്നത്”. “ഉമർ(റ) അദ്ദേഹത്തേക്കാൾ മഹാനാണ്. അദ്ദേഹം ഉമറിനേക്കാൾ നേതൃപാടവുമുള്ളവനാണ്” എന്നദ്ദേഹം പ്രതിവചിച്ചു.
ഞങ്ങൾ അഅ്മശിന്റെ അടുത്തിരിക്കുമ്പോൾ ആളുകൾ ഉമറുബ്നു അബ്ദുൽ അസീസിന്റെ നീതിയെക്കുറിച്ചു പറഞ്ഞു. അപ്പോൾ അഅ്മഷ് പറഞ്ഞു: “മുആവിയയുടെ പ്രവൃത്തികൾ കണ്ടിരുന്നെങ്കിൽ നിങ്ങൾ എന്തായിരി ക്കും പറയുക.” “നിങ്ങൾ മുആവിയയുടെ കർമ്മങ്ങൾ കണ്ടിരുന്നെങ്കിൽ അദ്ദേഹം മഹ്‌ദിയാണെന്ന് പറയുമായിരുന്നു. ” (അൽ ഇബാന ഇബ്നു ബത്വ: 300).
മുആഫിബ്നു ഇംറാനോട് മുആവിയ(റ) ആണോ ഉമറുബ്നു അബ്ദുൽ അസീസ് ആണോ ശ്രേഷ്ഠൻ എന്നു ചോദിച്ചപ്പോൾ ഉമറിനെക്കാൾ അറുനൂറ് ഇരട്ടി ശ്രേഷ്ഠതയുള്ള ആളായിരുന്നു മുആവിയ എന്നാണ് മറുപടി പറഞ്ഞത്. ഇതേ ചോദ്യം താബിഈ പ്രമുഖനായ അബ്ദുല്ലാഹിബ്നു അൽമുബാറ ക്കിനോട് ചോദിച്ചപ്പോൾ റസൂൽ(സ്വ) സ്വഹാബത്തിൽപെട്ട മുആവിയയുടെ മൂക്കിൽ പ്രവേശിച്ച പൊടിപടലത്തിന് ഉമറുബ്നു അബ്ദുൽ അസീസിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുആവിയ(റ)യെയും ഉമറുബ്നു അബ്ദുൽ അസീസിനെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അത്യന്തം പ്രകോപിതനായിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “മുആവിയ(റ) നബി യുടെ എഴുത്തുകാരനും അളിയനും വഹ്‌യിന്റെ സംരക്ഷണം ഏൽപ്പിക്കപ്പെട്ട വനുമായിരുന്നു.” ഭക്തനും സാധുവുമായിരുന്ന അബൂദർറ് അധികാരത്തിൽ പങ്കാളിത്തമാവശ്യപ്പെട്ടപ്പോൾ നിങ്ങൾ ദുർബലനാണ് അധികാരം അമാന ത്താണ് ശരിയായ നിലയിൽ നിർവഹിക്കാൻ കഴിയാത്തവർക്ക് അന്ത്യദിനത്തിൽ അത് നിന്ദ്യതയും ഖേദവും വരുത്തുമെന്നായിരുന്നു തിരുനബിയുടെ പ്രതിക രണം. എന്നാൽ മുആവിയ(റ)നോട് നബി(സ) പറഞ്ഞു: “മുആവിയാ.. നിങ്ങൾക്ക് അധികാരം ലഭിച്ചാൽ അല്ലാഹുവിനെ സൂക്ഷിക്കുകയും നീതിപൂർവ്വം ഭരിക്കു കയും ചെയ്യുക”. ഈ ഉപദേശത്തിൽ മുആവിയ(റ)ന്ന് അധികാരം ലഭിക്കുമെന്ന പ്രവചനം ഒളിഞ്ഞുകിടപ്പുണ്ട്.
2 thoughts on “ഹസ്രത്ത് മുആവിയ(റ) (ഒന്ന്)”
lnformative,jazakumullah
JAZAKALLAH