ഹസ്രത്ത് മുആവിയ(റ) (രണ്ട്) – പ്രഥമ നവോത്ഥാന നായകൻ
ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി
മുആവിയ(റ) നിർവഹിച്ച മഹത്തായ ചരിത്ര നിയോഗം നാം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹത്തെയും ഉമവീ ഖിലാഫത്തിനെയും വികലമായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള ശീഈ ഗുഢോദ്ദേശ്യം മനസ്സിലാക്കണം. ഇസ്ലാമിക സമൂഹത്തെ തകർക്കാനുള്ള പേർഷ്യൻ ശീഈ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:
പേർഷ്യൻ സാമ്രാജ്യത്തിന്റെ അടിവേരറുത്ത് ഹിജ്റ 27ൽ നടന്ന നഹാവന്ദ് യുദ്ധത്തെ തുടർന്നു പേർഷ്യക്കാർ ഇസ്ലാമിനെ ഉന്മൂലനം ചെയ്യാൻ നടത്തിയ ഗൂഢ പദ്ധതികൾ; ഇതിന്റെ ഭാഗമായി ഇസ്ലാമിനെ ആഭ്യന്തരമായി ശിഥിലമാക്കാനുള്ള വഴികളാലോചിക്കാൻ, പേർഷ്യൻ രാജാവ് യസ്ദുജുർദിന്റെ നേതൃത്വത്തിൽ നഹാവന്ദിൽ നടന്ന രഹസ്യ സമ്മേളനം. പ്രസ്തുത സമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം നടന്ന ഖലീഫ ഉമർ ഇബ്നുൽ ഖത്താബിന്റെ വധം. ഉസ്മാൻ(റ)ന് എതിരെ നടന്ന കലാപങ്ങളും അദ്ദേഹത്തിന്റെ വധവും അലി(റ)ന്റെ ഭരണകൂടത്തിൽ കലാപകാരികൾ നേടിയെടുത്ത സ്വാധീനം. പ്രമുഖ സ്വഹാബികളായ അലി(റ), തൽഹ(റ), സുബൈർ(റ), ആയിശ(റ), മുആവിയ(റ) എന്നിവർക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങൾ, ജമൽ സിഫീൻ യുദ്ധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ചാലക ശക്തികൾ. ഇസ്ലാമിക സമൂഹത്തിന്റെ നായകരായ അലി, അംറുബ്നുൽ ആസ്, മുആവിയ എന്നിവർക്കെതിരെ നടന്ന ആസൂത്രിത വധശ്രമങ്ങൾ. ഹസൻ(റ)നെ ഉപയോഗിച്ച് ഇറാഖുകാരെ മുആവിയ(റ)നെതിരിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ. ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞ ഹസൻ(റ) മുആവിയക്ക് ബൈഅത്ത് ചെയ്ത് ഇസ്ലാമിക സമൂഹത്തെ രക്ഷപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷം നൽകി കൊലപ്പെടുത്തിയ സംഭവം, ഹുസൈൻ(റ) ഉപയോഗിച്ച് ഇറാഖ് കേന്ദ്രീകരിച്ച് സമാന്തര ഭരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ.
ഉസ്മാൻ(റ)ന് അധികാരമേറ്റെടുത്ത് ആറ് വർഷം പിന്നിട്ടപ്പോൾ വിധ്വംസക ശക്തികൾ തുടക്കം കുറിച്ച കലാപശ്രമങ്ങൾ പിന്നീട് ആറ് വർഷം പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ വധത്തിൽ കലാശിച്ചു. പിന്നീട് അധികാരമേറ്റെടുത്ത അലി(റ)യെ സമാധാനത്തോടെ ഭരിക്കാൻ അനുവദിച്ചില്ല, അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെയും വധിക്കുകയാണുണ്ടായത്. രണ്ട് ഖലീഫമാരുടെ പതിനൊന്ന് വർഷം നീണ്ടുനിന്ന ഭരണകാലം കാറ്റിലും കോളിലും പെട്ടു ആടിയുലഞ്ഞ കപ്പലിന്റെ പരുവത്തിലായിരുന്നു. പിന്നീട് മുആവിയ(റ) അധികാരം ഏറ്റെടുത്തതോടെ തന്റെ മുൻഗാമികളുടെ കാലത്തെ അസ്വസ്ഥതകൾ തരണം ചെയ്തു സുസ്ഥിര ഭരണം തിരിച്ചു കൊണ്ടുവരാനും തടസ്സപ്പെട്ട ഇസ്ലാമിക ജൈത്രയാത്രകൾ തുടരാനും സാധിച്ചു. സുസ്ഥിരതയും നീതിയും പുരോഗതിയും കാരുണ്യവും സമാധാനവും നിറഞ്ഞ ഇരുപത് വർഷക്കാലത്തെ ഭരണം കാഴ്ചവെക്കാനും ദിഗ്വിജയങ്ങൾ വരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
അദ്ദേഹം നേരിട്ട വെല്ലുവിളികൾ
തനിക്ക് മുമ്പ് ഇസ്ലാമിക രാഷ്ട്രം ചുരുങ്ങിയ അതിരുകൾക്കുള്ളിൽ പരിമിതമായ ചെറിയ രാഷ്ട്രമായിരുന്നു. നബിﷺയുടെ ശിക്ഷണം ലഭിച്ച തലമുറ അവസാനിച്ചു കൊണ്ടിരുന്ന ഘട്ടത്തിലാണ് താൻ അധികാരമേറ്റത്. വ്യത്യസ്ത സംസ്കാരം പുലർത്തിപ്പോന്ന പല വിഭാഗങ്ങളും ഇസ്ലാമിലേക്ക് കടന്നുവന്നു. ഇസ്ലാമിനെ തകർക്കാൻ തക്കം പാർത്തിരുന്ന പേർഷ്യക്കാരെപ്പോലുള്ള പലരും ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായി. മതചിട്ടയിലും സംസ്കാരത്തിലും മാനസികാവസ്ഥയിലും അജഗജാന്തരമുണ്ടായിരുന്ന രണ്ട് തലമുറകൾ രൂപപ്പെട്ടു.പുതിയ തലമുറയിൽ വന്ന മാറ്റങ്ങൾ പഴയ തലമുറക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സമൂഹത്തിൽ രൂപപ്പെട്ട ഗുരുതരമായ പ്രതിസന്ധിയെ മറികടക്കാൻ ഇച്ഛാശക്തിയും ഉൾക്കാഴ്ചയും കാര്യശേഷിയുമുള്ള ഒരു നായകൻ അനിവാര്യമായിരുന്നു.
നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് സമുദായ ഗാത്രത്തെ സംരക്ഷിക്കാൻ രഹസ്യ നിരീക്ഷണ സംവിധാനം അനിവാര്യമായിരുന്നു. ഗൂഢോദ്ദേശകരും പുതുവിശ്വാസികളും മദീനയിൽ ഒഴുകിയെത്തുന്നത് തടയാനും ഖലീഫയുടെ പൊടുന്നെയുള്ള നിര്യാണം മൂലം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നത് തടയുന്നതിന് നേരത്തെ തന്നെ, പിൻഗാമിയെ നിശ്ചയിക്കുന്ന സമ്പ്രദായത്തിന്റെ അഭാവവുമെല്ലാം കാരണം മൂന്ന് ഖലീഫമാർ ചതിപ്രയോഗത്തിലൂടെ കൊല്ലപ്പെടുകയുണ്ടായി.
ഖലീഫ ഉമർ(റ)ന്റെ വധം ഭരണസംവിധാനത്തെ അധികമൊന്നും ഉലച്ചില്ലെങ്കിലും ഉസ്മാൻ(റ)ന്റെ വധം സൈനികമായ വിപ്ലവത്തിലൂടെയായിരുന്നു. പിന്നീട് വിപ്ലവക്കാർ, ഭരണസംവിധാനത്തിൽ പിടിമുറുക്കുകയുണ്ടായി. അലി(റ) തന്നെ നിയന്ത്രിച്ചിരുന്ന ശക്തികളെ കുറിച്ച് അതീവ സങ്കടത്തോടും രോഷത്തോടും കൂടി നടത്തിയ പ്രതികരണങ്ങൾ “നഹ്ജുൽ ബലാഗ”യിൽ കാണാം. അദ്ദേഹം പറഞ്ഞു: “നാമവരെയല്ല ഭരിക്കുന്നത് അവർ നമ്മെയാണ് ഭരിക്കുന്നത്.” തന്റെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “അനുസരിക്കപ്പെടാത്തവന് അഭിപ്രായമില്ല.”
അങ്ങേയറ്റം പരിതാപകരമായ പ്രസ്തുത സാഹചര്യത്തെ നേരിടാൻ അതിശക്തനും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഒരാൾ ഭരണസംവിധാനത്തിന് ചുക്കാൻ പിടിക്കാൻ മുന്നോട്ടു വരേണ്ടതുണ്ടായിരുന്നു. നേതൃപാടവം പാരമ്പര്യമായി ലഭിച്ച പുതിയ തലമുറയുടെ നിലപാടുകൾ മനസ്സിലാക്കാനും അവരെ ഉൾക്കൊള്ളാനുള്ള പ്രാപ്തിയും നയ നിലപാടുകളുമുള്ള ഒരാളെയായിരുന്നു ഇസ്ലാമിക സമൂഹത്തിന് ആവശ്യമുണ്ടായിരുന്നത്. മുആവിയ(റ)യായിരുന്നു പ്രസ്തുത ദൗത്യത്തിന് നിയുക്തനായത്. ദമസ്കസായിരുന്നു അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രം, ഗവർണർ പദവിയിൽ ഇരുപത് വർഷത്തെ പരിചയം അദ്ദേഹത്തെ നല്ലൊരു ഭരണതന്ത്രജ്ഞനാക്കി മാറ്റിയിരുന്നു.
അങ്ങേയറ്റത്തെ സംഘർഷം നിമിത്തം തകർച്ചയെ നേരിട്ട ഇസ്ലാമിക രാഷ്ട്രത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റാൻ മുആവിയ(റ)ന്റെ നവോത്ഥാന പരിശ്രമങ്ങളും നയതന്ത്രജ്ഞത മൂലവും സാധ്യമായി. ഉസ്മാൻ(റ)ന്റെ മൃദുലവും അലി(റ)ന്റെ കണിഷമായ സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്മിശ്രമായ സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. “വാക്ക് മതിയായിരുന്ന അവസ്ഥയിൽ ഞാൻ ചാട്ട ഉപയോഗിക്കില്ല, ചാട്ട മതിയാവുന്നിടത്ത് ഞാൻ വാൾ പ്രയോഗിക്കില്ല. ഞാൻ എപ്പോഴും എനിക്കും അവർക്കുമിടയിൽ ഒരു മുടിനാര് മുറിയാതെ ബാക്കിവെക്കും, അവർ അത് വലിച്ചാൽ ഞാൻ അതിനെ അയച്ചുവിടും. അവർ അയച്ചുവിട്ടാൽ ഞാൻ അത് വലിക്കും.” (ഉയൂനുൽ അഖ്ബാർ 1/62)
ബുദ്ധിസാമർത്ഥ്യത്തിലും ഉൾക്കാഴ്ചയിലും പ്രശ്നപരിഹാരത്തിലും ദൂരക്കാഴ്ചയിലും അറബികൾ ഉപമിക്കാറുള്ള നാല് പേരിൽ ഒരാൾ അദ്ദേഹമായിരുന്നു. ഹൃദയവിശാലതയിലും സഹനത്തിലും അദ്ദേഹം ഉന്നത മാതൃകയായിരുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അധികാരത്തിന് മുആവിയ(റ)യേക്കാൾ യോജിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; ആളുകൾ അദ്ദേഹത്തിൽ നിന്ന് വിശാലമായ ഒരു താഴ്വര കൊതിച്ചിരുന്ന അദ്ദേഹം പരുക്കനായ ഹൃദയവിശാലതയില്ലാത്ത, ക്ഷിപ്രകോപിയോ ആയിരുന്നില്ല.” (ത്വബരി 2/440)
എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയുള്ളതിനാലാണ് പ്രവാചകന് ശേഷം ഇത്ര നേതൃപാടവമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തെ കുറിച്ച് പറയാൻ ഇബ്നു ഉമറിനെ പ്രേരിപ്പിച്ചത്. തന്റെ മുൻഗാമികളായ ഉസ്മാൻ(റ), അലി(റ) എന്നിവരുടെ തലമുറ നേരും നെറിയുമുള്ള ദീനും സത്യസന്ധതയുമുള്ള തലമുറയായിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെ ബാഹ്യസ്ഥിതിയിൽ വീക്ഷിച്ചാൽ മതിയായിരുന്നു. ജനങ്ങളോട് ദയാവായ്പോടെ പെരുമാറിയ തന്റെ മുൻഗാമികളുടെ നിലപാടുകൾ മതിയായിരുന്നില്ല, തന്റെ കാലത്ത് കുഴപ്പങ്ങളുടെ പ്രഭവകേന്ദ്രങ്ങളെ തിരിച്ചറിയാനും, പ്രചാരണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും രഹസ്യാന്വേഷണവും ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങളും ആവശ്യമായിരുന്നു.
എല്ലാവരെയും നിഷ്കളങ്കതയോടെ കണ്ട നിലപാടുകൾക്ക് സമൂഹം വലിയ വില കൊടുക്കേണ്ടി വന്ന ഉമർ(റ)യെ ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയ ഉസ്മാൻ(റ)നെതിരിൽ വിപ്ലവകാരികളെ ഇളക്കിവിട്ടതും അലി(റ)ന്റെ കാലത്ത് അധികാര കേന്ദ്രങ്ങളിൽ പിടിമുറുക്കാനും സാധിച്ചു പ്രസ്തുത ശക്തികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തെ തകർത്ത് പേർഷ്യൻ മജൂസി ഭരണകൂടത്തെ പുനഃപ്രതിഷ്ഠിക്കുക മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ മുആവിയ(റ) രംഗത്തുവന്ന് തന്റെ പുതിയ നയ നിലപാടുകളിലൂടെ അവരുടെ ഗൂഢപദ്ധതികൾ തകർക്കുകയും ഇസ്ലാമിക ഭരണ സംവിധാനത്തിന് പുതുജീവൻ നൽകുകയും ചെയ്തു. സജ്ജനങ്ങൾക്ക് സമാധാനപൂർവ്വം കഴിയാനും, കുഴപ്പക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും നിരീക്ഷിക്കുവാനുമുള്ള സംവിധാനങ്ങൾ നിലവിൽ വന്നു.
ഇസ്ലാമിക സാമ്രാജ്യം വിസ്തൃതമായതോടു കൂടി കൂടുതൽ സൗകര്യപ്രദമായ തന്റെ വിശ്വസ്ത ജനങ്ങളുടെ കേന്ദ്രവുമായ ദമസ്കസിലേക്ക് തലസ്ഥാനം മാറ്റി സ്ഥാപിച്ചു. ഇസ്ലാമിക ജൈത്രയാത്രകൾ വ്യാപകമായതിന് ശേഷം മദീനയുടെ സാഹചര്യങ്ങൾക്ക് മാറ്റം വന്നിരുന്നു. വ്യത്യസ്ത രാജ്യങ്ങൾ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായപ്പോൾ തലസ്ഥാന നഗരിയായി തുടരാൻ മദീനയെക്കാൾ യോജിച്ച പട്ടണങ്ങൾ നിലവിൽ വന്നു. ഭൂരിപക്ഷ സ്വഹാബികളും മദീനയിൽ നിന്ന് വ്യത്യസ്ത ദിക്കുകളിലേക്ക് മാറി താമസിച്ചു. രാഷ്ട്രീയ സാമ്പത്തിക രംഗത്ത് മറ്റു നഗരങ്ങളെക്കാൾ പിന്നിലായിരുന്ന മദീനയെ പടിഞ്ഞാറിനും കിഴക്കിനുമിടയിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ മദീനയോടടുത്ത് സ്ഥിതി ചെയ്യുന്നതുമായ നഗരമായിരുന്ന ദമസ്കസ് അലി(റ) തന്റെ കാലത്ത് രാജ്യ തലസ്ഥാനം കൂഫയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അവിടെ അടിഞ്ഞുകൂടിയ പേർഷ്യൻ മജൂസിധാരകൾ സുഗമമായി ഭരിക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല.
ഭരണത്തിലിരിക്കുന്നവർ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ മരണം വരെ കാത്തിരിക്കുന്നത്, പല അനിശ്ചിതത്വങ്ങളും അന്തസംഘർഷങ്ങളും വഴിവെക്കാനിട യായി. സമുദായത്തിന് ഇത് മൂലം വലിയ വില കൊടുക്കേണ്ടിവന്നു, രാഷ്ട്ര വിപുലീകരണത്തിന് അത് വിഘാതമായിത്തീരുകയും ചെയ്തു. അബൂബക്കർ(റ) ചെയ്തത് പോലെ തന്റെ പിൻഗാമിയായി ഉമർ(റ)യെ നിശ്ചയിക്കുകയോ, ഉമർ(റ)യെ പോലെ ആറംഗസമിതി തെരഞ്ഞെടുക്കുകയോ ആയിരുന്നു ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണാൻ കഴിവുള്ള ആളായിരുന്നു. മുആവിയ(റ). അടുത്ത ഖലീഫയെ നിശ്ചയിക്കുന്നത് കേവല യാദൃശ്ചികതകൾക്ക് വിട്ടുനൽകാതെ, തന്റെ ജീവിതകാലത്ത് തനിക്ക് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലുള്ളപ്പോൾ തന്നെ, തന്റെ പിൻഗാമിയെ നിർണയിക്കുന്നത് ഇസ്ലാമിക സമൂഹത്തിന്റെ സുഗമമായ ഗമനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. നിതാന്ത ചിന്തക്കും അന്വേഷണത്തിനും ദീർഘകാലത്തെ ഭരണപാടവത്തിന്റെയും വെളിച്ചത്തിൽ, ഖലീഫയുടെ ബന്ധുക്കൾക്ക് അധികാര കൈമാറ്റം നടത്തുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നദ്ദേഹം മനസ്സിലാക്കി എന്നും തന്റെ കൂടെ നിന്ന ശാമുകാർക്ക് സ്വീകാര്യമാവുക അതു മാത്രമാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. തന്റെ മകൻ യസീദ് അതിന് ഏറ്റവും യോഗ്യനായി അദ്ദേഹം വിലയിരുത്തി. വളരെകാലത്തെ കൂടിയാലോചനകൾക്കും സുദീർഘ പഠനത്തിനും അന്വേഷണങ്ങൾക്കും, സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തിയതിനും ശേഷമായിരുന്നു അദ്ദേഹം പ്രസ്തുത തീരുമാനത്തിലെത്തി ചേർന്നത്. കൂടാതെ തന്റെ പിൻഗാമികളായി നിർദ്ദേശിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഹുസൈൻ, ഇബ്നു സുബൈർ, ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, അബ്ദുറഹ്മാൻ ഇബ്നു അബീബക്ർ, അബ്ദുർറഹ്മാൻ ഇബ്നു ഖാലിദ് എന്നിവർ ശാമുകാർക്കിടയിൽ യാതൊരു സ്വാധീനവും ഉള്ളവരല്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ശാമുകാരുടെ പിന്തുണയില്ലാതെ, ഭരണം തുടരാൻ സാധിക്കുമായിരുന്നില്ല, ശാമിൽ നിന്നു വളർന്ന തന്റെ മകനെ പിൻഗാമിയായി നിശ്ചയിക്കാൻ ഇതദ്ദേഹത്തെ പ്രേരിപ്പിച്ചു. കോൺസ്റ്റാന്റനോപ്ൾ പിടിച്ചടക്കാൻ പോയ സൈന്യത്തിന്റെ നേതൃസ്ഥാനം തന്റെ മകൻ യസീദിനായിരുന്നു. പ്രസ്തുത സൈന്യത്തിൽ പ്രമുഖരായ സഹാബികളും, അബൂ അയ്യൂബ് അൽ അൻസാരി, ഹുസൈൻ ബിൻ അലി തുടങ്ങിയവരും യസീദിന്റെ നേതൃത്വത്തിൽ അണിനിരന്ന സൈനികരായിരുന്നുവെന്നകാര്യം ഓർക്കുക. (തുടരും).