ഹസ്രത്ത് മുആവിയ (നാല്)
ധർമ്മ സമരത്തിലേക്കുള്ള തിരിച്ചുപോക്ക്
ഹസ്രത്ത് ഉസ്മാൻ(റ)ന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ശീഇസം എന്ന ജൂത നിർമിതിയുടെ സ്ഥാപകനായ അബ്ദുല്ലാ ഇബ്നു സബഇന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ട കലാപം കാരണം ജിഹാദീ പരിശ്രമങ്ങൾ നിലച്ചുപോയി കലാപം ഉസ്മാൻ(റ)ന്റെ ജീവൻ അപഹരിച്ചു. പിന്നീട് വന്ന ഖലീഫമാരായ അലി(റ)ന്റെയും ഹസൻ(റ)ന്റെയും കാലത്ത് ശിയാക്കൾ സൃഷ്ടിച്ച അശാന്തിയും അസ്ഥിരതയും കാരണം ജിഹാദ് നിലച്ചുപോവുകയാണുണ്ടായത്. എന്നാൽ പൂർവ്വ പ്രതാപത്തോടു കൂടി ജിഹാദ് തിരിച്ചു കൊണ്ടുവരാൻ മുആവിയ(റ)ക്ക് സാധിച്ചു. വർദ്ധിച്ച തോതിൽ നവീന സങ്കേതങ്ങൾ ഉപയോഗിച്ച് അദ്ദേഹം ജിഹാദീ രംഗം സജീവമാക്കി തന്റെ മുൻഗാമികളുടെ കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി കാലോചിതമായ പരിഷ്കാരങ്ങൾ ജിഹാദീ രംഗത്ത് നടപ്പിലാക്കി. നാവികസേനാ രൂപീകരണവും നാവികയുദ്ധവും ഇതിൽ എടുത്തുപറയേണ്ടതാണ്.
റോമിനെതിരിൽ ശൈത്യകാലത്തും ഉഷ്ണകാലത്തും നിരന്തരമായ സൈനിക നടപടികൾ തുടർന്നു കൊണ്ടിരുന്നു. ശത്രുവിനെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു ലക്ഷ്യം, അബ്ദുർറഹ്മാൻ ബിൻ ഖാലിദ് ബിൻ വലീദ്, ബുസ്റ് ഇബ്നു അർഥഅ് എന്നിവരായിരുന്നു സൈനിക നേതാക്കൾ. മാലിക് ഇബ്നു ഹുബൈറ, അബ്ദുല്ലാ ഇബ്നു ഖൈസ് അൽ ഫസാരി ഫുളാല ഇബ്നു ഉബൈദ് അൽ അൻസാരി അബൂ അബ്ദിർറഹ്മാൻ അൽ ഖൈനി എന്നിവരുടെ നേതൃത്വത്തിലുള്ള ശൈത്യകാല സേന ഹി. 43ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ അടുത്ത് വരെ എത്തിച്ചേർന്നു.
ഹി. 50ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ കര നാവികസേനകളടങ്ങുന്ന ഒരു വലിയ സൈനിക സംഘത്തെ മുആവിയ(റ) തയ്യാറാക്കി. കരസേനയുടെ നേതൃത്വം സുഫ്‌യാൻ ഇബ്നു ഔഫിനും സൈന്യത്തിന്റെ പൊതു നേതൃത്വം തന്റെ മകൻ യസീദിനും നൽകി എന്നാൽ യസീദ് പ്രസ്തുത സൈന്യത്തിന്റെ കൂടെ പുറപ്പെട്ടില്ല നാവികസേനയെ നയിച്ചത് ഖുസ്റ് ബിൻ അർഥഅ് ആയിരുന്നു മുസ്ലിം സേന റോമൻ തലസ്ഥാനം ഉപരോധിച്ചെങ്കിലും ഇരുപക്ഷങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ പോരാട്ടത്തിൽ മുസ്ലിംകൾക്ക് വലിയ നഷ്ടം സംഭവിക്കുകയാണുണ്ടായത്. അതറിഞ്ഞ മുആവിയ(റ) തന്റെ മകൻ യസീദിന്റെ കീഴിൽ വലിയ സൈന്യത്തെ അങ്ങോട്ടയച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുല്ലാഹ് ഇബ്നു ഉമർ അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്, അബ്ദുല്ല ഇബ്നു സുബൈർ, ഹുസൈൻ ഇബ്നു അലി തുടങ്ങിയ പ്രമുഖ സ്വഹാബികൾ ഉൾപ്പെട്ടതായിരുന്നു പ്രസ്തുത സൈന്യം. പ്രസ്തുത സംഘം കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചേർന്നതോടെ മുസ്ലിംകളുടെ ആവേശം വർദ്ധിക്കുകയും ഉപരോധം ശക്തമാവുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്ൾ ജയിച്ചടക്കാൻ സാധിച്ചില്ലെങ്കിലും റോമയെ ഭയപ്പെടുത്താൻ മുസ്ലിംകൾക്ക് സാധിച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുൽ അസീസ് ബിൻ സറാറ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. നിരന്തരമായ സൈനിക നീക്കങ്ങളിലൂടെ റോഡസ്, അർവാദ് ദ്വീപുകൾ പിടിച്ചടക്കി കൊണ്ടും. ബൈസന്റൈൻ സാമ്രാജ്യത്വത്തെ സമ്മർദ്ദത്തിലാക്കാൻ മുആവിയ(റ)ക്ക് സാധിച്ചു. അർവാദ് ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മുആവിയ(റ) ഹിജ്റ 54-60 കാലഘട്ടങ്ങളിൽ രണ്ടാം കോൺസ്റ്റാന്റിനോപ്ൾ ഉപരോധം നടത്തിയത്. നാവികപ്പട സൈനികരെ ഈ ദ്വീപിൽ നിന്ന് കോൺസ്റ്റാന്റിനോപ്ളിലേക്ക് എത്തിക്കുകയായിരുന്നു. കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണം റോമിനെ വളരെയധികം പ്രയാസത്തിലാക്കി. അവർക്ക് വൻ നഷ്ടം വരുത്തിവെക്കാനായെങ്കിലും പൂർണമായി വിജയിക്കാൻ മുസ്ലിംകൾക്കായില്ല ചരിത്രത്തിലാദ്യമായി മുസ്ലിം നാവികസേന രൂപീകരിക്കാനായി ഹി. 54ൽ ഈജിപ്തിലെ റൗദ ദ്വീപിൽ കപ്പൽ നിർമ്മാണശാലക്ക് മുആവിയ(റ) തുടക്കം കുറിച്ചു. മധ്യധരണ്യാഴിയിലെ ദ്വീപുകളിലേക്ക് ഇസ്ലാമിക പ്രചരണത്തിനായി പ്രബോധക സംഘങ്ങളെ പറഞ്ഞയക്കുകയും ചെയ്തു. ഹി. 48ൽ മുസ്ലിംകൾ സ്പെയിനിനടുത്തുള്ള സിസിലിയിലെത്തിച്ചേരുകയും ഫുദാല ഇബ്നുൽ അൻസാരി ജൽസ ദ്വീപ് കീഴടക്കുകയും ചെയ്തു.
ഹി. 41ൽ മുആവിയ ബിൻ ഹുദൈജ് മൊറോക്കോയുടെ ഗവർണറായി നിയമിതനായപ്പോൾ ബൻസർക്ക് കീഴടക്കി. ഹി. 45ൽ ഖൈറുവാനിലെ (തുനീഷ്യ) ഖമൂനിയയിൽ പ്രവേശിക്കുകയും ചെയ്തു. അബ്ദുല്ലാ ഇബ്നു സുബൈർ അതേവർഷം തന്നെ സൂസ (മൊറോക്കോ) കീഴടക്കി. ഉഖ്ബത്ത് നാഫിഇന്റെ നേതൃത്വത്തിൽ ആഫ്രിക്കൻ വിജയം പൂർത്തിയാക്കി സുദാൻ, മൊറോക്കോ, ലിബിയ, തുനീഷ്യ എന്നീ പ്രദേശങ്ങൾ ഇസ്ലാമിന്റെ കൊടിക്കൂറക്ക് കീഴിലായി. ഹി. 41ൽ പൗരസ്ത്യ രാജ്യങ്ങളിൽ പെട്ട സിജിസ്ഥാൻ (ഇന്നത്തെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ പെടുന്ന വിശാല മേഖല) പല പ്രദേശങ്ങളും മുസ്ലിംകൾ കീഴടക്കി ഇന്നത്തെ ഇറാൻ, തുർക്കുമെനിസ്ഥാൻ, ഉസ്ബകിസ്ഥാൻ, താജികിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾകൊള്ളുന്ന ഖുറാസാനിലെ ഖൂഹിസ്ഥാൻ പ്രവിശ്യ ഹി. 43ല് മുസ്ലിംകൾ അധീനപ്പെടുത്തി. ഹി. 55ൽ ഉബൈദുല്ല ഇബ്നു സിയാദ് ജൈഹൂൻ നദി മുറിച്ചു ബുഖാറ കുന്നുകളിൽ എത്തിച്ചേർന്നു. ഹി. 44ൽ മുസ്ലിംകൾ മുഹല്ലബ് ഇബ്നു അബീ സുഫ്റയുടെ നേതൃത്വത്തിൽ സിന്ധ് പ്രദേശവും ഗോർ പീഡഭൂമിയും കീഴടക്കി. ഈ പ്രദേശത്തുകാർ നിരന്തരം കരാർ ലംഘിച്ചതിനാൽ വലീദ് ഇബ്നു അബ്ദുൽ മാലികിന്റെ കാലത്താണ് ഈ മേഖല പൂർണമായി ഇസ്ലാമിക ഭരണത്തിനു കീഴിൽ വന്നത്.
മുആവിയ(റ) കീഴിലുള്ള നാവികസേന
പൗരാണിക കാലത്തെന്ന പോലെ വർത്തമാന കാലത്തും തന്ത്രപ്രധാനമായ മേഖലയാണ് മധ്യധരണ്യാഴി മേഖല. ഹസ്രത്ത് ഉസ്മാൻ(റ)ന്റെ കാലം വരെ കേവലമൊരു റോമൻ പ്രദേശമായിട്ടാണ് ഗണിച്ചിരുന്നത്. അവർ ജിബ്രാൾട്ടർ ഉൾക്കടൽ മുതൽ സിറിയൻ തീരങ്ങൾ വരെ നിരുപാധികം കടൽ പ്രയാണം നടത്തുകയും, അർവാദ്, സൈപ്രസ് തുടങ്ങിയ ദ്വീപുകൾ തങ്ങളുടെ സൈനികത്താവളങ്ങളായി ഉപയോഗിച്ച് ഇസ്ലാമിക രാഷ്ട്രത്തിനെതിരിൽ ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരുന്നു. മുസ്ലിംകൾ തങ്ങളുടെ തീരങ്ങൾ ആക്രണമകാരികളിൽ നിന്ന് പ്രതിരോധിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. വലിയ ബാധ്യത വരുന്നതും എന്നാൽ ഫലപ്രദമല്ലാത്തതുമായിരുന്നു പ്രസ്തുത നടപടി. റോമക്കാർ ചില മുസ്ലിംകളുടെ അധീനതയിലുള്ള ചില ദ്വീപുകൾ റോമക്കാർ തിരിച്ചു പിടിക്കാനും തുടങ്ങി. ഈ സന്ദർഭത്തിലാണ് മഹാനായ മുആവിയ(റ) രംഗത്തു വന്നു മേഖലയിലെ രാഷ്ട്രീയ സമവാക്യം മുസ്ലിംകൾക്ക് അനുകൂലമാക്കി തീർത്തത്. മധ്യധരണ്യാഴിയുടെ സൈപ്രസ്, അർവാദ്, റോഡസ് തുടങ്ങിയ തന്ത്രപ്രധാനമായ ദ്വീപുകൾ ജയിച്ചടക്കുകയും അറ്റ്ലാന്റിക് സമുദ്രം വരെയുള്ള മുഴുവൻ തീരദേശ നഗരങ്ങളും സ്വന്തമാക്കുകയും ചെയ്തത്. അതോടെ ബൈസന്റൈൻ സാമ്രാജ്യം കിഴക്കൻ രാഷ്ട്രങ്ങൾ പിടിച്ചടക്കാനുള്ള മോഹം ഉപേക്ഷിക്കുകയും മധ്യധരണ്യാഴിയിൽ നിന്ന് അറബികളെ തുരത്താനുള്ള പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
മുസ്ലിം ചരിത്രത്തിൽ ആദ്യമായി കടലുകൾ താണ്ടിക്കടന്നുള്ള സമുദ്രാന്തര പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് മുആവിയ(റ) ആയിരുന്നു. നേതൃഗുണവും കുടുംബ പൈതൃകവും ഭരണപാടവവും ഒന്നിച്ച് മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അമ്പതിൽ പരം ശൈത്യ – വേനൽകാല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് അബ്ദുല്ലാഹ് ഉസനുഖൈസ് അൽ ഫസാരിയായിരുന്നു. ഹി. 27ൽ സൈപ്രസ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് മുആവിയ(റ) ആയിരുന്നുവെങ്കിൽ രണ്ടാം കോൺസ്റ്റാന്റിനോപ്ൾ ഉപരോധത്തിന് നേതൃത്വം നൽകിയത് തന്റെ മകൻ യസീദ് ആയിരുന്നു. ഇവ രണ്ടിനെക്കുറിച്ചുള്ള തിരുമേനിയുടെ പ്രവചനം നാം ഉദ്ധരിക്കുകയുണ്ടായി.
ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി നാവി യുദ്ധം എന്ന ആശയത്തിന് തുടക്കം കുറിച്ചത് മുആവിയ(റ)യായിരുന്നുവെന്നതിൽ തർക്കമില്ല. ഉമർ(റ)ന്റെ കാലത്തായിരുന്നു അതിന്റെ പ്രാരംഭം കുറിച്ചത്. അറബികളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെട്ട ചില വ്യക്തികൾ നടത്തിയ വാണിജ്യയാത്രകളല്ലാതെ ഈ മേഖലയിൽ വലിയ പ്രാവീണ്യമുണ്ടായിരുന്നില്ല. മധ്യധരണ്യാഴി റോമക്കാരുടെ മേധാവിത്തത്തിലായിരുന്നു. റോമൻ കടൽ എന്നായിരുന്നു അതിനെ അറബികൾ വിളിച്ചിരുന്നത്. ഈ മേഖലയിൽ റോമൻ ശക്തിയോടേറ്റുമുട്ടാനുള്ള കരുത്തും പരിചയവും അറബികൾക്കുണ്ടായിരുന്നില്ല. കടലാക്രമണവും കപ്പൽ നിർമ്മാണവും വലിയ സാങ്കേതിക വൈരുദ്ധ്യം ആവശ്യമുള്ള മേഖലയാണ് ആ വിഷയത്തിൽ അറബികൾക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കടൽ സഞ്ചാരം അവരെ സംബന്ധിച്ച് ഭീതിജനകമായിരുന്നു. കരസേന കൊണ്ട് പരിഹരിക്കാവുന്നതായിരുന്നില്ല ഈ രംഗത്തെ പരിചയക്കുറവ്.
മുആവിയ(റ) ശാമിന്റെ ഗവർണറായി നിയമിതനായപ്പോൾ കിഴക്കൻ റോം (തുർക്കി) സിറിയക്കടുത്തായിരുന്നത് കൊണ്ട് ഒരു നാവിക സേനയുണ്ടാക്കാൻ ഖലീഫ ഉമർ(റ)നോട് നിർബന്ധം പിടിച്ചു. എന്തുത്തരം പറയണമെന്നറിയാതെ ഖലീഫ പരിഭ്രമിച്ചു. കടൽ എന്താണെന്ന് വിശദീകരിക്കാൻ ഉമർ(റ) അംറുബ്നുൽ ആസ്വിനോടാവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്തേഭജനകമായ വിശദീകരണം കേട്ടപ്പോൾ അദ്ദേഹം കടൽ സഞ്ചാരത്തിൽ നിന്ന് പിറകോട്ടടിച്ചു. പിന്നീട് ഉസ്മാൻ(റ) അധികാരമേറ്റപ്പോഴും മുആവിയ(റ) നാവികപ്പട രൂപീകരിക്കാൻ സമ്മതം ചോദിച്ചു അദ്ദേഹത്തിന് കത്തയച്ചു. താൽപര്യമുള്ളവരെ മാത്രം അതിന് തിരഞ്ഞെടുക്കണമെന്ന നിബന്ധനയോടുകൂടി അദ്ദേഹം ആ നിർദ്ദേശം അംഗീകരിച്ചു. അദ്ദേഹം അതംഗീകരിക്കുകയും നാവികപ്പടയുടെ തലവനായി അബ്ദുല്ല ഇബ്നു ഖൈസ് അൽ ഫസാരിയെ ചുമതലപ്പെടുത്തുകയും ചെയ്ത് ഒരാളും മുങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ അദ്ദേഹം അമ്പത് സമുദ്രയുദ്ധങ്ങൾക്ക് നേതൃത്വം നൽകി. (സ്വഹീഹുതാരീഖുത്തബരി 3/311) ശാമിന്റെ തീരദേശങ്ങളായ അക്ക, സുവർ, തറാബൽസ് തുടങ്ങിയ സ്ഥലങ്ങളിൽ കപ്പലുകൾ നിർമിക്കപ്പെട്ടു.
അങ്ങനെ മുആവിയ സൈപ്രസ് ദ്വീപ് ആക്രമിച്ചു. ഈജിപ്ഷ്യൻ സേന ഈ ആക്രമണത്തിൽ അദ്ദേഹത്തെ സഹായിച്ചു. പ്രസ്തുത സൈന്യത്തിൽ പ്രമുഖ സഹാബി ഉബാദത്ത് ഇബ്നു സാമിത് തന്റെ പത്നി ഉമ്മു ഹറാം എന്നിവർ ഉണ്ടായിരുന്നു. തിരുമേനി അവരോട് അതേക്കുറിച്ചുള്ള തന്റെ സ്വപ്നദർശനങ്ങളെക്കുറിച്ച് സന്തോഷ വാർത്തയറിയിച്ചത് നാം തുടക്കത്തിൽ ഉദ്ധരിക്കുകയുണ്ടായി.
മുആവിയ(റ) ശാം ഭരണകാലത്ത് നാവികമുന്നേറ്റം തുടർന്നു. ഹിജ്റ മുപ്പതിൽ സൈപ്രസിന്റെയും ഗ്രീക്കിന്റെയും ഇടയിലുള്ള റോഡസ് ദ്വീപ്, ജനാദ ബിൻ ഉമയ്യയുടെ നേതൃത്വത്തിൽ മുസ്ലിംകൾ കീഴടക്കി. ഹിജ്റ മുപ്പത്തിനാലിൽ ശാമിന്റെയും ഈജിപ്തിന്റെയും നാവികസേനകൾ അബ്ദുല്ല ഇബ്നു ഖൈസിന്റെയും അബ്ദുല്ല ഇബ്നു അബീസർഹിന്റെയും നേതൃത്വത്തിൽ റോമാ സാമ്രാജ്യത്തിനെതിരിൽ നടന്ന പ്രസിദ്ധമായ ദാതുസ്സവാരി യുദ്ധത്തിൽ റോം വമ്പിച്ച പരാജയം രുചിച്ചു. മുസ്ലിംകൾ ഹിജ്റ ഇരുപത്തിഒമ്പതിൽ, അർവാദ് ദ്വീപ് കീഴടക്കി. റോമിന്റെ കീഴിലുള്ള ക്രീത്ത് ദ്വീപ് ആക്രമിക്കുകയും അതിന്റെ ചില ഭാഗങ്ങൾ പിടിച്ചടക്കുകയും ചെയ്തു. ഹി. 36ൽ ഇറ്റലിയുടെ കിഴക്കുള്ള സിസിലി ആക്രമിച്ചെങ്കിലും മുആവിയ(റ)യുടെ കാലത്ത് അത് ജയിച്ചടക്കാൻ സാധിച്ചില്ല.
ആദ്യം ഈജിപ്തിലെ റൗളയിലും പിന്നീട് ശാമിന്റെ തീരപ്രദേശങ്ങളിലും ആരംഭിച്ച കപ്പൽ നിർമ്മാണം വികസിക്കുകയും മുആവിയ(റ)യുടെ ഭരണത്തിന്റെ അന്ത്യത്തിൽ ആയിരത്തി എണ്ണൂറ് കപ്പലുകളുള്ള വലിയ ഒരു നാവികസേന മുസ്ലിംകൾ സ്വായത്തമാക്കി. മുആവിയ(റ)യ്ക്ക് ശേഷം ഉമവികൾ കപ്പൽ നിർമ്മാണകലയിൽ കൂടുതൽ പ്രാവീണ്യം നേടി. കപ്പൽ നിർമാണ ശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ കൂടുതൽ വികസിക്കുകയും നാഗരിക പുരോഗതി നേടുകയും ചെയ്തു. ജനങ്ങൾ അവിടെ വാസസ്ഥലങ്ങളും മറ്റും നിർമ്മിക്കാൻ മുന്നോട്ടു വന്നു. കപ്പൽ നിർമ്മിക്കേണ്ടതിന് മേൽനോട്ടം വഹിക്കാൻ നിർമാണകലയിൽ വൈദഗ്ധ്യം നേടിയ ഒരു മുതവല്ലിയെ ചുമതലപ്പെടുത്തി. യോഗ്യരായ ആശാരിമാർ ഇരുമ്പ് പണിക്കാർ എന്നിവരെ നാട്ടിൽ നിന്നോ അടുത്ത പ്രദേശങ്ങളിൽ നിന്നോ കണ്ടെത്തി ഏറ്റവും സാങ്കേതിക മികവ് പുലർത്തുന്ന പണിക്കാരെ നിയമിക്കുക ഇയാളുടെ ചുമതലയായിരുന്നു. തടി, ആണി തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു നൽകലും ഗുണമേന്മ ഉറപ്പു വരുത്തലും മുതവല്ലിയുടെ ഉത്തരവാദിത്തത്തിൽ വരും. ചുരുക്കത്തിൽ ആധുനിക കാലത്തെ കമ്പനി മേധാവിയുടെ ഉത്തരവാദിത്തം ഉമവി കാലത്തെ കപ്പൽ നിർമ്മാണ രംഗത്തെ മുതവല്ലിയിൽ ചെന്ന് ചേരുന്നതാണ്.
ഒരു ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളായ എല്ലാ ചേരുവകളും ഇസ്ലാമിക രാഷ്ട്രത്തിന് പകർന്നു നൽകിയ അതിഭാവുകത്വമുള്ള മഹാനായ ഭരണാധികാരിയായിരുന്നു മുആവിയ(റ) എന്ന് ഇതിൽ നിന്നും ഗ്രഹിക്കാം. അക്കാലത്ത് മുസ്ലിംകൾക്ക് ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന മേഖലകളിലേക്കാണ് അദ്ദേഹം തന്റെ ഭാവനാമികവു കൊണ്ട് കാലെടുത്തു വെച്ചത് ഉമർ(റ) അദ്ദേഹത്തോട് പറഞ്ഞത് മുസ്ലിംകളെ നാശത്തിലേക്ക് നയിക്കുന്ന കടൽയാത്രക്ക് താൻ അനുവദിക്കുകയില്ല എന്നായിരുന്നു. കടൽയാത്രക്ക് നേതൃത്വം നൽകുക മാത്രമല്ല, മുസ്ലിംകൾക്ക് പരിചിതമല്ലാത്ത കപ്പൽ നിർമ്മാണ മേഖലയിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. റോമാ സാമ്രാജ്യത്തെ വെല്ലുന്ന നാവികപ്പട രൂപീകരിക്കുകയും റോമാ തടാകം എന്നറിയപ്പെട്ടിരുന്ന മധ്യധരണ്യാഴിയെ അറബിക്കടലാക്കി മാറ്റുകയും ചെയ്തു.
മുആവിയ(റ)ന്റെ നവോത്ഥാന പരിശ്രമങ്ങളുടെ ചില വശങ്ങൾ മാത്രമാണിവിടെ ഉദ്ധരിച്ചത്. പാഠശാലകൾ നിർമ്മിക്കാൻ നേതൃത്വം നൽകിയതും ഗവേഷണ കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചതും വലിയ ഗ്രന്ഥശാലകളും ആധുനിക കാലത്തെ പ്രാഥമിക പഠന കേന്ദ്രങ്ങൾക്ക് സമാനമായ കുത്താബുകൾക്കും അദ്ദേഹം തുടക്കം കുറിച്ചു അങ്ങനെ ഇസ്ലാമിക രാഷ്ട്രത്തിൽ ഭരണ, സാമ്പത്തിക, രാഷ്ട്രീയ, നീതിന്യായ രംഗത്ത് ശാന്തിയും സമാധാനവും കളിയാടുകയും തദ്വാരാ ഇസ്ലാമിന്റെ സന്ദേശവുമായി ഭൂഖണ്ഡങ്ങളിലേക്ക് തിരിക്കാനും ലോകത്താകമാനം ഇസ്ലാമിക സന്ദേശമെത്തിക്കാനും അവർക്ക് കഴിഞ്ഞു.
– അബ്ദുറഹ്മാൻ ആദൃശ്ശേരി
മുൻ ലേഖനങ്ങൾ
ഹസ്രത്ത് മുആവിയ(റ)യുടെ മഹത്വങ്ങൾ
മുആവിയ(റ); പ്രഥമ നവോത്ഥാന നായകൻ
ഹസ്രത്ത് മുആവിയ (മൂന്ന്) സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ