ശീഇസം പ്രചരിപ്പിച്ച അത്യാചാരങ്ങൾ
മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാന്റെ ഭരണകാലത്താണ് ശീഇസത്തിന്റെ ആരംഭം, യമൻ വംശജനായ അബ്ദുല്ല ഇബ്നു സബഅ് എന്ന യഹൂദിയാണ് മുസ്ലിമായി ചമഞ്ഞ് ഇസ്ലാമിന് പരിചയമില്ലാത്ത, തന്റെ യഹൂദ മതത്തിലെ പല സിദ്ധാന്തങ്ങളും കൂടിക്കലർത്തി അലി(റ)വിനെ നബിയുടെ പിൻഗാമിയായി അവതരിപ്പിച്ച് തന്റെ ഗൂഢപദ്ധതിക്ക് തുടക്കം കുറിച്ചത്, മരണപ്പെട്ട പ്രവാചകൻ തിരിച്ചുവരും. നബി കുടുംബമായ അലി(റ)യെയാണ് നബി പിൻഗാമിയായി നിർദ്ദേശിച്ച ഭരണാധികാരി, സഹാബികൾ, കാഫിറുകളാണ്. അലിയിൽ ദൈവിക സ്വത്വം ഒളിഞ്ഞു കിടപ്പുണ്ട്. യഹൂദനായ ഇബ്നു സബഅ് അസ്ഥിവാരമിട്ട ശീഇസം ആദ്യഘട്ടത്തിൽ നബി കുടുംബത്തിന് ദിവ്യത്വം കൽപിക്കുകയും തഖിയ്യ റുജ്അ, ബദാഅ് തുടങ്ങിയ ചില ജൂതസിദ്ധാന്തങ്ങൾ രഹസ്യമായി പ്രചരിപ്പിക്കുകയും അലിക്ക് ദിവ്യത്വം കൽപിക്കുകയും നബി കുടുംബത്തിന് വിശുദ്ധ പരിവേശം നൽകുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് രണ്ട് മൂന്ന് ഘട്ടങ്ങളിലായ സംഭവിച്ച വികാസങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രീതിയിൽ പരിവർത്തിപ്പിക്കപ്പെട്ടത്.
അങ്ങേയറ്റം അപരിഷ്കൃതരായ അറബികൾ നാഗരിക കേന്ദ്രമായിരുന്ന പേർഷ്യയെ കീഴടക്കിയത് അവർക്ക് ഒരിക്കലും ഉൾകൊള്ളാനായില്ല, തങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന മിഥ്യാധാരണയിൽ കഴിയുകയായിരുന്നു പേർഷ്യൻ സമൂഹം. യാതൊരു ഭൗതിക സംവിധാനങ്ങളുമില്ലാതെ, ഉമർ(റ)ന്റെ കാലത്ത് മുസ്ലിംകൾ പേർഷ്യയെ കീഴടക്കി. ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ കഴിയാതെ പലരും ഇസ്ലാം സ്വീകരിച്ചത്. അതിന്റെ ഉള്ളിൽ കയറി അതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഭരണവർഗത്തിന് ദിവ്യത്വം കൽപിച്ചിരുന്ന പേർഷ്യക്കാർ മുസ്ലിംകളായതോടുകൂടി നബി കുടുംബത്തിന് ദിവ്യത്വം കൽപിക്കുന്ന ശിയാ ഇസ്ലാമിലേക്ക് ആകൃഷ്ടരായി. പിന്നീട് ശീഇസത്തിന്റെ വികാസപരിണാമ ഘട്ടങ്ങളിൽ അഹ്മദ് അമീൻ പ്രസ്താവിച്ച പോലെ ശത്രുതയും വിദ്വേഷവും നിമിത്തം ഇസ്ലാമിന്റെ തകർച്ച സ്വപ്നം കണ്ട എല്ലാരുടെയും അഭയകേന്ദ്രമായി മാറി ശീഇസം. ജൂത ക്രൈസ്തവ, ഹൈന്ദവ, സ്വരാഷ്ട്ര അധ്യാപനങ്ങൾ ഇസ്ലാമിൽ കടത്തി കൂട്ടാൻ ആഗ്രഹിച്ചവരെല്ലാം നബി കുടുംബസ്നേഹം അതിനുള്ള മറയായി കണ്ടു തങ്ങൾക്ക് തോന്നുന്നതെല്ലാം ആ മതത്തിൽ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തു. (അഹ്മദ് അമീൻ ഫജ്റുൽ ഇസ്ലാം 276).
ശീഇസം അതിന്റെ വിശ്വാസാചാരങ്ങൾ, യഹൂദ, ക്രൈസ്തവ, സൗരാഷ്ട്ര ഭാരതീയ, മതങ്ങളിൽ നിന്നും സാബിഇ, തത്വശാസ്ത്ര ചിന്താധാരകളിൽ നിന്നുമാണ് സ്വീകരിച്ചത്. ഇസ്ലാമിക വിശ്വാസദർശനത്തെ തകർക്കുകയും ശരീഅത്തിനെ നിർവീര്യമാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇസ്ലാം അനുവദിച്ച പലതും അവർ നിഷിദ്ധമാക്കി. ഇസ്ലാം വിലക്കിയ പലതും അവർ വാരിപ്പുണർന്നു. തങ്ങളുടെ ഇമാമുമാരിൽ വിശ്വസിച്ചവർക്ക് ശരീഅത്തിന്റെ കീർത്തനങ്ങൾ പാലിക്കാതെ തന്നെ മോക്ഷം ലഭിക്കുമെന്നവർ പ്രചരിപ്പിച്ചു.
ഗൈബത്ത് (അദൃശ്യലോകത്ത് കഴിയൽ) റുജ്അ (മരണശേഷം ഭൂമിയിലേക്ക് തിരിച്ചുവരൽ), ബദാഅ് (അല്ലാഹു തന്റെ ആദ്യ തീരുമാനം പിൻവലിച്ച് മറ്റൊന്ന് തീരുമാനിക്കൽ), തനാസുഖ് (അവതാരസിദ്ധാന്തം) തുടങ്ങിയ പല അനിസ്ലാമിക വിശ്വാസങ്ങളും അന്യായമായി അവർ ജഅ്ഫർ ബിൻ മുഹമ്മദ് എന്ന സാത്വികനായ പണ്ഡിതന്റെ പേരിൽ പ്രചരിപ്പിച്ചു.
അലി(റ)യെയും നബി കുടുംബത്തെയും ദിവ്യത്വ പദവിയിലേക്ക് ഉയർത്തുകയും അവർ നബിക്കും മലക്കുകൾക്കും പ്രാപിക്കാൻ കഴിയാത്ത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു.
ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ ഇമാമുമാരായ അലി, ഹസൻ, ഹുസൈൻ(റ) എന്നിവർക്കാണ് അല്ലാഹു ഏൽപ്പിച്ചിട്ടുള്ളതെന്നും ബാക്കിവരുന്ന ഇമാമുകളാണ് സൃഷ്ടി, ഉപജീവനം, മരണം, ജീവിതം, പുനർജന്മം എന്നിവ നൽകുന്നതെന്നും ഇവർ വിശ്വസിക്കുന്നു.
പേർഷ്യയും ശീഇസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇബ്നുഹസം പറയുന്നത് കാണുക. “ഇസ്ലാമിനോട് പകയുള്ള ഒരു വിഭാഗം പേർഷ്യക്കാർ ഉള്ളിൽ കയറിക്കൂടി അതിനെ തകർക്കാൻ ശ്രമിച്ചു. അവരിൽ ചിലർ അതിനെ തകർക്കാൻ ശ്രമിച്ചു. അവരിൽ ചിലർ ഇസ്ലാമാശ്ലേഷിച്ചതായി നടിച്ച് അഹ്ലുബൈത്തിനോടുള്ള സ്നേഹം ഭാവിച്ച് ശീഇസം സ്വീകരിച്ചു. പിന്നീടവർ ശിയാക്കളെ പല കോലവും കെട്ടിച്ചു. ഇസ്ലാമിൽ നിന്ന് തന്നെ അവരെ ബഹിഷ്കൃതരാക്കി.” (അൽമിലൽ വൽ അഹ്വാഅ് 2/115)
സൻആയിൽ നിന്നുള്ള യഹൂദ വംശജൻ അബ്ദുല്ല ഇബ്നു സബഅ് മുസ്ലിമാണെന്ന് നടിച്ച് ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് പ്രത്യക്ഷപ്പെട്ടു ഓരോ പ്രവാചകന്മാർക്കും ഓരോ പിൻഗാമി (വസിയ്യ്) ഉണ്ടെന്നും നബിയുടെ വസിയ്യ് അലി(റ) ആണെന്നും തൗറാത്തിലുണ്ടെന്നും അയാൾ പ്രചരിപ്പിച്ചു താൻ നബികുടുംബത്തോടു വിശിഷ്യാ അലിയോടും സ്നേഹപ്രകടനത്തിൽ അതിര് കവിഞ്ഞ് ആദ്യം അലി നബിയുടെ പിൻഗാമിയാണെന്ന് വാദിക്കുകയും പിന്നീട് അലിക്ക് ദൈവിക പരിവേശം ചാർത്തികൊടുക്കുകയും ചെയ്തു.
ഹി. 32ൽ അബൂദർ അൽഗിഫാരിയെ സമീപിച്ച് ഇയാൾ മുആവിയ(റ)വിനെതിരിൽ ആക്ഷേപം ഉന്നയിച്ചു പിന്നീട് ബസറയിലും ഈജിപ്തിലും ചെന്ന് ഈസാ നബി അന്ത്യനാളിൽ ഭൂമിയിലേക്ക് തിരിച്ചുവരുമെങ്കിൽ, അദ്ദേഹത്തെക്കാൾ ശ്രേഷ്ഠനായ മുഹമ്മദ് നബിയും തിരിച്ചുവരുെമന്ന് പ്രചരിപ്പിച്ചു. നബി, അന്ത്യപ്രവാചകനാണെങ്കിൽ അലി അവസാനത്തെ വസിയ്യാണെന്ന് അയാൾ തട്ടിവിട്ടു. ഉസ്മാൻ അലിയുടെ അവകാശമായ ഖിലാഫത്ത് തട്ടിയെടുത്ത അക്രമിയാണെന്നും അയാൾ പ്രചരിപ്പിച്ചു. പല പുതുവിശ്വാസികളും അതിൽ വഞ്ചിതരായി. അവരാണ് ഉസ്മാൻ(റ)ക്കെതിരിൽ കലാപം അഴിച്ചുവിട്ടതും അദ്ദേഹത്തെ കൊലപ്പെടുത്തിയതും.
അലി(റ) തനിക്ക് ദിവ്യത്വം ആരോപിച്ച അദ്ദേഹത്തെ നാടുകടത്തുകയുണ്ടായി. എന്നാൽ അലി കൊല്ലപ്പെട്ടത് അറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ തലച്ചോറ് ഒരു തളികയിൽ കൊണ്ടുവന്നാലും നാമത് വിശ്വസിക്കില്ലെന്നും അദ്ദേഹം ആകാശത്തു നിന്നിറങ്ങി ഭൂമി മുഴുവൻ അടക്കി ഭരിക്കുമെന്നും അദ്ദേഹം വാദിച്ചു.
തങ്ങളുടെ ഇമാമുകൾ ദൈവികസത്വത്തിന്റെ അവതാരങ്ങളാണെന്ന് അവർ വിശ്വസിച്ചു. ഇതാണ് പിന്നീട് സൂഫികൾ ഏറ്റെടുത്ത് പ്രപഞ്ചം നിയന്ത്രിക്കുന്നത് സൂഫി ഖുതുബുകളും ഗൗസുകളുമാണെന്ന് പ്രചരിപ്പിച്ചത്. നബി(സ) മക്ക വിജയിച്ചെങ്കിൽ കേരളത്തിലെ ഒരു മനോരോഗി ലോകം ജയിച്ചടക്കിയെന്നും അയാൾ നമ്മുടെ കൺമുമ്പിൽ നിന്ന് താൽക്കാലികമായി മറഞ്ഞിരിക്കുകയാണെന്നും ഒരു സമസ്ത പണ്ഡിതൻ പ്രസംഗിച്ചത് ശിയാക്കളുടെ വാദമായ ഇമാമുമാരുടെ ദിവ്യത്വം അവരുടെ തിരിച്ചുവരവ് (റുജ്അ്) തുടങ്ങിയ ആശയങ്ങളിൽ നിന്നാണ്. അലി തിരിച്ചുവന്ന ശേഷം തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുമെന്നും ലോകത്ത് നീതി നടപ്പാക്കുമെന്നും കൊല്ലപ്പെട്ട ആൾ അലിയായിരുന്നില്ല; പ്രത്യുത അലിയുടെ വേഷം പൂണ്ട പിശാചായിരുന്നുവെന്നും ഈസാ നബിയെ പോലെ അലി ആകാശാരോഹണം ചെയ്യുകയാണുണ്ടായതെന്നും അയാൾ തട്ടിവിട്ടു. ഈസാ കൊല്ലപ്പെട്ടുവെന്ന് യഹൂദരും ക്രൈസ്തവരും കള്ളപ്രചരണം നടത്തിയപോലെ അലി കൊല്ലപ്പെട്ടുവെന്ന് നവാസിബുകളും (അഹ്ലുബൈത്തിന്റെ ശത്രുക്കൾ) ഖവാരിജുകളും കള്ളപ്രചരണം നടത്തുകയാണുണ്ടായതെന്നും അയാൾ വാദിച്ചു. ഈസായോടു സാദൃശ്യമുള്ള ഒരാൾ കുരിശിലേറ്റപ്പെട്ടതായി യഹൂദരും ക്രൈസ്തവരും കണ്ടപ്പോൾ അവർ അത് ഈസയാണെന്നു പ്രചരിപ്പിച്ചതു പോലെ, അലി(റ)യോടു രൂപസാദൃശ്യമുള്ള ഒരാൾ കൊല്ലപ്പെട്ടതു കണ്ടപ്പോൾ, അത് അലിയാണെന്ന് തെറ്റിദ്ധരിക്കുകയാണുണ്ടായതെനനും ഇബ്നു സബഅ് പ്രചരിപ്പിച്ചു. എന്നാൽ അലി(റ) ആകാശത്തേക്ക് ഉയർത്തപ്പെടുകയാണുണ്ടായത്. ദൈവികസത്ത കുടികൊള്ളുന്നത് കൊണ്ട് അലി എന്നെന്നും ജീവിച്ചിരിക്കും. മരണം അദ്ദേഹത്തിന് സംഭവിക്കുകയില്ല. അദ്ദേഹം മേഘപാളികളിൽ വസിക്കുന്നു. ഇടിയും മിന്നലും അദ്ദേഹത്തിന്റെ ശബ്ദവും ചാട്ടവാറടി ശബ്ദവുമാണ്. (അൽമിലലുൽ വന്നിഹൽ വാള്യം 1/174).
സൃഷ്ടികൾക്ക് ദിവ്യത്വം കൽപിക്കുക, ഇമാമുമാർ, മറഞ്ഞ കാര്യങ്ങൾ അറിയും. അവർ മരിച്ചാലും പ്രപഞ്ച കാര്യങ്ങളിൽ ഇടപെടും. ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണമായ തൗഹീദിന്റെ കടക്ക് കത്തിവെക്കുന്ന ഈ മൂന്ന് ആദർശപരമായ വ്യതിയാനങ്ങളാണ് ശീഇസം ഇസ്ലാമിൽ കടത്തികൂട്ടിയ മഹാപാതകങ്ങൾ. പിൽക്കാലത്ത് സൂഫിസത്തിലെ ഗൂഢാർത്ഥവാദി (ബാഥിനികൾ) കളിലൂടെ സുന്നി സമൂഹങ്ങളിലും ഈ ബഹുദൈവത്വ ചിന്താഗതികൾ വേരുറച്ചു വ്യത്യസ്ത കാലങ്ങളിലായി, അബൂമൻസൂർ ഹല്ലാജ്, ഇബ്നു അറബി, ജലാലുദ്ദീൻ റൂമി, ഇബ്നു ഫാരിള്, ഇബ്നു സബ്ഊൻ, അഫീഫുദ്ദീൻ തലിംസാനി തുടങ്ങിയ സൂഫികളും ഇസ്ലാമിക ലോകത്തുള്ളതുപോലെ മുളച്ച, നൂറുകണക്കായ ത്വരീഖത്തുകളും ഈ വ്യതിയാന ചിന്തക സുന്നി സമൂഹത്തിലും പ്രചരിപ്പിച്ചു.
ജൂതനായ ഇബ്നു സബഇനോളം ഇസ്ലാമിന് ദ്രോഹം വരുത്തിയ മറ്റൊരാളെ നമുക്ക് ചരിത്രത്തിൽ കാണാൻ സാധ്യമല്ല. ഇമാമുമാരിൽ ഉലൂഹിയ്യത്ത് റുജ്അ് വലിയ്യ് വിലായത്ത് തുടങ്ങിയ ബഹുദൈവത്വത്തിലധിഷ്ഠിതമായ വിശേഷങ്ങൾ ചാർത്തിക്കൊടുത്ത ശേഷം അയാൾ തന്റെ വിഷലിപ്ത ആശയങ്ങളുടെ പ്രചരണവുമായ നാടുകൾ ചുറ്റിക്കറങ്ങി ഇസ്ലാമിന് ഏറ്റവും വലിയ ദുരന്തമായി തീർന്ന ശീഇസത്തിന്റെ ഉപജ്ഞാതാവും ഖവാരിജിയ്യത്തിന്റെ ഉപജ്ഞാതാവും ഇയാൽ തന്നെയാണ്. മുസ്ലിംകൾ ഐക്യകണ്ഠേന തിരഞ്ഞെടുത്ത ഖലീഫ ഉസ്മാൻ(റ)നെതിരിൽ അപവാദ പ്രചരണങ്ങളുമായി അയാൾ നാടുകൾ ചുറ്റിക്കറങ്ങി. നബിയുടെ സഹാബികൾ ജീവിച്ചിരുന്ന മക്കയിലും മദീനയിലും അതിന് സ്വീകാര്യത ലഭിച്ചില്ല എന്നാൽ പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവരും അപരിഷ്കൃതരും, മുനാഫിഖുകളുമായ ആളുകൾ അത് ചെവികൊണ്ടു. ഈജിപ്തിലും ഇറാഖിലും അയാൾക്ക് അനുയായികളുണ്ടായി ചിലർ അതിന്റെ പ്രചാരകരും മറ്റു ചിലർ അത് വിശ്വസിക്കുകയും ചെയ്തു. ഇറാഖിലെ യമനി ഗോത്രങ്ങളും ജൂതവംശജരും അയാൾക്ക് മണ്ണ് പാകപ്പെടുത്തി കൊടുത്തു. ഇസ്ലാമിനേക്കാൾ വംശീയ ചിന്തക്ക് പ്രാധാന്യം നൽകിയവർ അയാളുടെ പിന്നാലെ കൂടി. അവരിൽ പലരും മനസ്സിൽ കടുത്ത വെറുപ്പോടെ ബാഹ്യമായി മുസ്ലിംകളായി അഭിനയിക്കുന്നവരായിരുന്നു.
തന്റെ രഹസ്യപ്രവർത്തനങ്ങളുടെ താവളമായി ഇറാഖിലെ ബസറയെ അയാൾ തിരഞ്ഞെടുത്തു. കൊള്ളക്കാരനായ ഹകീമു ബിൻ ജബലയുടെ അതിഥിയായി കൂടി ബസറയിൽ തനിക്ക് ചെവിതരുന്ന ഒരു ആൾക്കൂട്ടത്തെ ലഭിച്ചു. അയാളുടെ പ്രവർത്തനങ്ങൾ ഗവർണർ അബ്ദുല്ല ഇബ്നു ആമിറിന്റെ ശ്രദ്ധയിൽപെട്ടു. അയാളെ കൂഫയിലേക്ക് നാടുകടത്തി. കൂഫ തന്റെ ദൗത്യത്തിന് ഫലഭൂയിഷ്ടമായ മണ്ണാണെന്ന് അയാൾ മനസ്സിലാക്കി. ഉമർ(റ) ഫദക്, തൈമാ വാദി ഖുറാ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കിയ യഹൂദികൾ അവിടെയായിരുന്നു നിവസിച്ചിരുന്നത്. തന്റെ അജണ്ടകൾ നടപ്പാക്കാൻ ഇബ്നു സബഇന് പ്രസ്തുത യഹൂദർ എല്ലാ സഹായവും നൽകി. എന്നാൽ കൂഫയിലെ ഗവർണർ സഈദ് ഇബ്നുൽ ആസിന്റെ ജാഗ്രത ഇബ്നു സബഇന് വിനയായി. അയാളെ അവിടെ നിന്നും പുറത്താക്കി. എന്നാൽ അതിനുമുമ്പ് തന്നെ കുഴപ്പത്തിന്റെ വിത്ത് വിതറാൻ അയാൾക്ക് സാധിച്ചു. ആ നാട്ടുകാരുമായി അയാൾ എഴുത്തുകുത്തുകൾ തുടർന്നു കൊണ്ടിരുന്നു. ബസറയിലും കൂഫയിലെ രഹസ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിഷവിത്തുകൾ വിതറുകയും ചെയ്തശേഷം അയാൾ ശാമിലേക്കും, ഈജിപ്തിലേക്കും പുറപ്പെട്ടു. അവിടെ വെച്ച് അബൂദർ അൽഗിഫാരിയെ കണ്ട അയാൾ അദ്ദേഹത്തെ ഗവർണർ മുആവിയ(റ)ക്കെതിരിൽ ഇളക്കിവിടാൻ ശ്രമിച്ചു. തന്റെ ശുദ്ധഗതിവക്ത മുതലെടുത്ത് മുആവിയ സമ്പത്ത് അല്ലാഹുവിന്റെതാണെന്നു പറഞ്ഞു മുസ്ലിംകൾക്ക് നൽകാതെ സ്വന്തമാക്കുകയാണെന്ന് അയാൾ അപവാദം പറഞ്ഞു. എന്നാൽ ഉബാദത്ത് ബിൻസാമിത്, അബൂ ദർദാഅ് തുടങ്ങിയ സഹാബികൾക്കിടയിൽ തന്റെ പദ്ധതി വിലപ്പോയില്ല.
ഒരിക്കൽ കൂടി ശാമിൽ പ്രചരണം നടത്തിയെങ്കിലും മുആവിയ(റ)യുടെ യുക്തിഭദ്രമായ നിലപാട് കാരണം തന്റെ പദ്ധതികൾ വിജയിച്ചില്ല. അങ്ങനെ അയാൾ ഹി. 34ന് ഈജിപ്തിലേക്ക് തിരിച്ചു. ഈജിപ്തിൽ തനിക്കനുകൂലമായ കാലാവസ്ഥയാണ് ഇബ്നു സബഅിന് ലഭിച്ചത്. ഉസ്മാൻ(റ) ഖലീഫയോട് വിരോധമുള്ള യമനീ ഗോത്രങ്ങൾ അവിടെയുണ്ടായിരുന്നു. ഇബ്നു സബഇന്റെ അനുയായികൾ ഖലീഫക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നിരന്തരം എഴുതിയിരുന്ന കത്തുകളിൽ വിശ്വസിച്ചവരായിരുന്നു അവർ. ആയിശ(റ)യുടെ പേരിൽ വരെ ഉസ്മാൻ(റ)നെ ആക്ഷേപിച്ചുകൊണ്ട് വ്യാജ കത്തുകൾ അവർ അയച്ചിരുന്നു. അവരാണ് ഒരു ഹജ്ജ് വേളയിൽ മദീനയിൽ സംഘടിച്ച് ഖലീഫയെ വധിച്ചത്. ഇതിന് സമാനമായി ഹജ്ജ് വേളയിൽ അടുത്തകാലത്ത് ശിയാക്കൾ സ്ഫോടനവസ്തുവുമായി വന്ന് പുണ്യഗേഹം കലാപഭൂമിയാക്കി മാറ്റിയ ചരിത്രം നമുക്കറിയാം.
വർഷങ്ങൾ നീണ്ട ആസൂത്രണത്തോടു കൂടിയുള്ള പദ്ധതികളുടെ വിജയമാണ് ഖലീഫയുടെ വധത്തോടുകൂടി സംഭവിച്ചത്. അവരുടെ പദ്ധതിയുടെ ചുരുക്കം ഇതായിരുന്നു.
- ഖലീഫയെക്കുറിച്ചും ഗവർണർമാരെ കുറിച്ചും വ്യാജപ്രചാരണങ്ങൽ നടത്തുക. “നിങ്ങലുടെ ഭരണാധികാരികൾക്കെതിരിൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തുടങ്ങുക” എന്നായിരുന്നു ഇബ്നു സബഇന്റെ ഉപദേശം. ഇതിന്റെ പിന്നിൽ നന്മ കൽപിക്കുകയും തിന്മ തടയുകയും ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണെന്ന് വരുത്തിത്തീർക്കുക ഇന്നും മുസ്ലിം ലോകം കലാപ ഭൂമിയാക്കുന്ന ഖവാരിജുകൾ ഈ രീതിയാണ് പിന്തുടരുന്നത്. അറബ് വസന്തം മുഖേന ശതകോടികളുടെ നാശനഷ്ടങ്ങളാണ് അവർ വരുത്തിവെച്ചത്. കൂടാതെ ദശലക്ഷങ്ങൾ കൊല്ലപ്പെടുകയും കോടിക്കണക്കിന് പേർ നാടും വീടും നഷ്ടപ്പെട്ട് അഭയാർത്ഥികളാവുകയും ചെയ്തു.
- കള്ള കത്തുകൾ ഉണ്ടാക്കി സഹാബികളുടെയും ഉമ്മാഹാത്തുൽ മുഅ്മിനീന്റെയും പേരിൽ വിവിധ നാടുകളിലേക്കയച്ചു ഖലീഫക്കെതിരിൽ ആളുകളെ ഇളക്കിവിട്ടു.
- സഹാബികളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. അബൂദർ ഗിഫാരിയെ മുആവിയ(റ)ക്കെതിരിൽ ഇളക്കിവിട്ടു ജമൽ സിഫ്ഫീൻ യുദ്ധവേളയിൽ, യുദ്ധം നിർത്താൻ ധാരണയായ ശേഷം ഉരു ഭാഗത്തും നുഴഞ്ഞുകയറി യുദ്ധം ആളിക്കത്തിച്ചു.
- അലിയെയും നബി കുടുംബത്തെയും ഖലീഫയെ ആക്ഷേപിക്കാൻ പരിചയായി ഉപയോഗിച്ചു ഉസ്മാൻ(റ) അനർഹമായ അധികാരം തട്ടിയെടുത്തതാണെന്ന് പ്രചരിപ്പിച്ചു.
ഇസ്ലാമിക ലോകത്ത് ശിർക്കും കുഫ്റും പ്രചരിപ്പിച്ച ആദർശ വ്യതിയാനത്തിന് നേതൃത്വം നൽകിയ പോലെ പിന്നീട് നൂറ്റാണ്ടുകളായി ചോരപ്പുഴകൾ ഒഴുകാൻ കാരണമായ ഭരണകൂട വിരുദ്ധ കലാപത്തിന്റെ കാരണമായ ഖാരിജി ചിന്തയുടെ സൂത്രധാരനും ഇബ്നു സബഅ് തന്നെയായിരുന്നു.
ശിയാക്കളുടെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും
ഇസ്ലാമിന് പരിചയമില്ലാത്ത വിശ്വാസരംഗത്തെ മൂന്ന് ഗുരുതരമായ വ്യതിയാനങ്ങളും ഭരണകൂടത്തിനെതിരിൽ രംഗത്തുവന്ന് കലാപങ്ങളും രക്തപ്പുഴകളും ഒഴുക്കാൻ കാരണമായ വിപ്ലവ ചിന്തയെക്കുറിച്ചും നാം പ്രതിപാദിച്ചു. ഇനി ഇസ്ലാമിൽ അവർ കടത്തികൂടിയ ദുരാചാരങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
ശവകുടീര സന്ദർശനം ശിയാക്കൾക്ക് ഒഴിച്ചുകൂടാനാകാത്ത പുണ്യകർമമാണ്. ഹാറൂന് ബിൻ ഖാരിജ അബൂ അബ്ദില്ലയിൽ നിന്ന് നിവേദനം. ഞാൻ ഹുസൈൻ(റ)ന്റെ ഖബർ സന്ദർശനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു. അയാൾ നരകാവകാശിയാണ് (വസാഇലുശ്ശീഅ 10/336). ഹുസൈൻ(റ)ന്റെ ഖബർ സന്ദർശനം അവരുടെ മതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. യഹൂദിയായ ഇബ്നു സബഅ് വിഗ്രഹാരാധന സ്ഥാപിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി ധാരാളം വ്യാജ ഹദീസുകൾ അവർ കെട്ടിച്ചമച്ചു. തങ്ങളുടെ ഇമാമുമാരുടെ ഖബറുകൾ വിശുദ്ധ ഹറമുകളായി അവർ ഗണിക്കുന്നു.
കർബല മക്കയെക്കാൾ പുണ്യപ്രദേശമാണ് ശിയാ വിശ്വാസികൾക്ക്, ശിയാ പണ്ഡിതൻ മജ്ലിസിയുടെ ബിഹാറുൽ അൻവാറിൽ, അബൂ അബ്ദില്ല (ജഅ്ഫർ സാദിഖ്)യിൽ നിന്ന് നിവേദനം ചെയ്യുന്നു. “കർബലയുടെ മണ്ണ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിനക്ക് (മക്കക്ക്) ഒരു മഹത്വവും കൽപിക്കില്ലെന്നും കർബല ഉൾവഹിക്കുന്നവൻ (ഹുസൈൻ) ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെയും നീ അഭിമാനം കൊള്ളുന്ന കഅ്ബയെയും സൃഷ്ടിക്കുമായിരുന്നില്ല, നീ ആനന്ദിക്കുകയും സ്ഥിരചിത്തയാവുകയും ചെയ്യുക. വൈമനസ്യം കൂടാതെ കർബലയോട് അഹങ്കരിക്കാതെ നിന്ദ്യതയോടു കൂടി അതിന്റെ വിനയാന്വിതമായ വാലായി മാറുക. ഇല്ലെങ്കിൽ, ഞാൻ നിന്നോട് കോപിക്കുകയും നിന്നെ നരകത്തിൽ എറിയുകയും ചെയ്യുക.”
അബ്ബാസ് കാശാനിയുടെ ‘മസാബീഹുൽ ജിനാൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. “ഇസ്ലാമിൽ ഏറ്റവും വിശുദ്ധ ഭൂമി കർബലയാണെന്ന കാര്യത്തിൽ സംശയമില്ല. അതിന് മറ്റേതൊരു പ്രദേശത്തേക്കാൾ മഹത്വവും സവിശേഷതയും അതിന് ലഭിച്ചിട്ടുണ്ടെന്ന് പ്രമാണങ്ങളിൽ കാണാം.”
അത് അല്ലാഹുവിന്റെ വിശുദ്ധ ഭൂമിയാണ് അല്ലാഹുവിനാൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ഭൂമിയും സുരക്ഷിതവും അനുഗ്രഹീതവുമായ സ്ഥലവുമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും ഹറമും ഇസ്ലാമിന്റെ ഖുബ്ബയുമാണ് അല്ലാഹുവിനെ ആരാധിക്കാൻ അവൻ ഇഷ്ടപ്പെടുന്ന സ്ഥലവും. അതിലെ മണ്ണിന് രോഗശാന്തിയുണ്ട്. കർബലക്കുള്ള സവിശേഷതകൾ, കഅ്ബക്ക് പോലുമില്ല. (പേജ് 360)
“ഏഴ് മറകളെയും ഭേദിക്കുന്നതും ഏഴ് ഭൂമികളെക്കാൾ ഉയർന്നതുമാണ് ഈ മണ്ണ്. ഈ സവിശേഷത ഒരാൾക്കുമില്ല. നബിയുടെ ഖബറിന് പോലും.” (തഹ്റീറുൽ വസീല 141) – ഖുമൈനി
മിസ്ബാഹു തൂസിയിൽ പറയുന്നത് കാണുക: “അറഫ ദിവസം അറഫയുടെ താഴ്വരയിൽ നിൽക്കുന്നതിലും എത്രയോ ശ്രേഷ്ടതയും മഹത്തരവുമാണ് കർബലയിൽ നിൽക്കുന്നത്.” (പേജ് 498)
ഇബ്നു മസ്കാൻ അബൂ അബ്ദില്ലയിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹു അറഫയിൽ നിൽക്കുന്നവർക്ക് മുമ്പായി ഹുസൈൻ(റ) ഖബറിടം സന്ദർശിക്കുന്നവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും അവരുടെ ആവശ്യങ്ങൾ പൂർത്തിയാക്കി കൊടുക്കുകയും അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും അവരുടെ വിഷയങ്ങളിൽ ശുപാർശ ചെയ്യുകയും ചെയ്യും. പിന്നീട് അറഫയിൽ നിൽക്കുന്നവർക്കും അങ്ങനെ ചെയ്യും. (സവാബുൽ അഅ്മാൻ 82)
കഅ്ബയിൽ ചെന്ന് ഹജ്ജ് ചെയ്യുക എന്ന ഇസ്ലാമിന്റെ പഞ്ചസൗധങ്ങളിൽ ഒന്നായ ഹജ്ജിനേക്കാൾ, എത്രയോ പുണ്യകരമാണ് തങ്ങളുടെ ഇമാമിന്റെ ശവകുടീരത്തിൽ ചെന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ എന്ന് ശിയാക്കൾ സ്ഥപാികകുന്നു. അതിനവർ ധാരാളം കെട്ടുകഥകളടങ്ങിയ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. മനാസിക്കുൽ മശാഹിദ് (ദർഗകളിലെ അനുഷ്ഠാനങ്ങൾ (കാമിലുസ്സിയാറാത്ത്) സമ്പൂർണ്ണ ജാറം സന്ദർശനം തുടങ്ങിയവ ഉദാഹരണം.)
ബദ്റിൽ പങ്കെടുത്ത ഒരു ലക്ഷം രക്തസാക്ഷികളുടെ പ്രതിഫലം ഹുസൈൻ(റ)ന്റെ ഖബർ സന്ദർശിച്ചവർക്കും ലഭിക്കുമെന്ന് ശിയാക്കൾ അവകാശപ്പെടുന്നു. “ആഗ്രഹപൂർവ്വം അവിടെ എത്തുന്നവന് സ്വീകാര്യമായ ആയിരം ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലവും, ബദ്റിൽ പങ്കെടുത്ത ആയിരം രക്തസാക്ഷികളുടെയും ആയിരം നോമ്പുകാരന്റെയും ആയിരം ദാനത്തിന്റെയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് സമർപ്പിച്ച ആയിരം പേരുടെയും പ്രതിഫലം ലഭിക്കുന്നതാണ്.” (ബിഹാറുൽ അൻവാർ 18/98)
തങ്ങളുടെ ഇമാമുമാരുടെ ഖബർ കെട്ടിപ്പൊക്കുന്നതും അവിടെ സന്ദർശിക്കുന്നതും അവരോട് പ്രാർത്ഥിക്കുന്നതുമെല്ലാം അളവറ്റ പ്രതിഫലങ്ങൾക്ക് കാരണമാവുന്നതും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതും പ്രവാചകന്റെ ശുപാർശക്ക് അർഹരാകുന്നതുമാണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു. പിന്നീട് സൂഫികളിലൂടെ സുന്നികളിലേക്കും ഈ അന്ധവിശ്വാസം പടരുകയാണുണ്ടായത്.
ഖുമൈനി, ജഅ്ഫർ സാദിഖിലേക്ക് ചേർത്തിക്കൊണ്ട് തൂസിയിൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂ ആമിർ ജഅ്ഫർ സാദിഖിനോട് ചോദിച്ചു. അമീറുൽ മുഅ്മിനീന്റെ ഖബർ സന്ദർശിക്കുന്നതും അദ്ദേഹത്തിന്റെ ഖബറിൽ കെട്ടിടം പണിയുന്നവന്റെയും പ്രതിഫലമെന്താണ്? അപ്പോൾ അദ്ദേഹം തന്റെ പിതാമഹൻ ഹുസൈൻ(റ) ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. നബി(സ) എന്റെ പിതാവ് അലി(റ)യോട് പറഞ്ഞു. നീ ഇറാഖിലേക്ക് പോകും. അവിടെ അടക്കപ്പെടും. നിങ്ങളുടെയും മക്കളുടെയും ഖബറുകൾ സ്വർഗത്തിലെ ഒരു പ്രദേശവും അതിന്റെ മുറ്റവുമാകും. അല്ലാഹു അവന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരുടെ മനസ്സുകളിൽ നിങ്ങളോടുള്ള സ്നേഹം നിറക്കും, അവർ നിങ്ങൾക്ക് വേണ്ടി പ്രയാസവും നിന്ദ്യതയും സഹിക്കും. അവർ നിങ്ങളുടെ ഖബറുകൾ പുനർനിർമ്മിക്കും. അല്ലാഹുവിനോടും റസൂലിനോടും അടുപ്പം തേടി നിങ്ങളുടെ ഖബറുകൾ സന്ദർശിക്കു… (കശ്ഫുൽ അസ്റാർ 8)
അലി(റ) കൊല്ലപ്പെട്ട കൂഫയിലെ മസ്ജിദിൽ നമസ്കരിക്കുന്നത് മസ്ജിദുൽ അഖ്സയിൽ നമസ്കരിക്കുന്നതിനേക്കാൾ പ്രതിഫലാർഹമാണെന്ന് അവർ വിശ്വസിക്കുന്നു. അറഫാ ദിവസം അറഫയിൽ നിൽക്കുന്നവരെ നോക്കുന്നതിന് മുമ്പ് അല്ലാഹു ഹുസൈൻ(റ)ന്റെ ഖബർ സന്ദർശിക്കുന്നവരെ നോക്കുന്നത് എന്തുകൊണ്ടൊണെന്ന് ജഅ്ഫർ സാദിഖിനോട് ചോദിച്ചപ്പോൾ അവരിൽ (സുന്നികളിൽ) ജാരസന്തതികളുണ്ട് ഇവരിൽ (ശിയാക്കളിൽ) ജാരസന്തതികളില്ല എന്നായിരുന്നു മറുപടി. (ബിഹാറുൽ അൻവാർ മജ്ലിസി 98/85).
പുണ്യം ലഭിക്കാൻ മതം വിലക്കിയ ആർത്തട്ടഹാസങ്ങളും നെഞ്ചത്തടിക്കലും നെഞ്ചും കവിളും അടിച്ചു പിളർക്കലും യാ ഹുസൈൻ എന്ന് ആർത്തു കരയലും ഹുസൈൻ(റ) വിഗ്രഹങ്ങളും ശവമഞ്ചങ്ങളുമായി തെരുവിൽ പ്രകടനം നടത്തുകയും ചങ്ങലകളും കത്തിയും ചുഴറ്റി ശരീരത്തിൽ മുറിവുണ്ടാക്കലുമെല്ലാം ഇവർ ഉണ്ടാക്കിയ ചില അത്യാചാരങ്ങളാണ്. ഇതൊക്കെ അല്ലാഹുവിന്റെ ചിഹ്നത്തോടുള്ള ആദരവ് പ്രകടിപ്പിക്കലാണെന്ന് ശിയാ പുരോഹിതൻ ആലു കാശിഫുൽ ഗിതാഅ് പറയുന്നു.
ശിർക്ക് ശിയാ വീക്ഷണത്തിൽ
കാര്യങ്ങൾ നിറവേറ്റാൻ കഴിവുള്ള റബ്ബാണെന്ന വിശ്വാസത്തോടെ നബിയോടോ ഇമാമുകളോടോ കാര്യസാധ്യത്തിന് അപേക്ഷിച്ചാൽ മാത്രമേ ശിർക്ക് സംഭവിക്കുകയുള്ളൂ എന്നാണ് ശിയാവിശ്വാസം. എന്നാൽ ലോകങ്ങളുടെ നാഥനായ അല്ലാഹു കൊടുത്ത കഴിവിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ചോദിക്കുന്നതെങ്കിൽ അത് ശിർക്കാവില്ല. ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത മരണപ്പെട്ടവരോട് കാര്യസാധ്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നത് ശിർക്കാണെന്ന് പറഞ്ഞാൽ, തങ്ങൾ പ്രവാചകന്മാരുടെയും ഇമാമുമാരുടെയും ആത്മാവുകളോട് അല്ലാഹു അവർക്ക് നൽകിയ കഴിവിൽ നിന്നാണ് ചോദിക്കുന്നതെന്നാണ് അവർ മറുപടി നൽകുക.
ഖുമൈനി കശ്ഫുൽ അസ്റാർ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക. “അല്ലാഹു അല്ലാത്തവരോട് അവർ റബ്ബും ഇലാഹുമാണെന്ന് വിശ്വസിച്ചുകൊണ്ട് സഹായാഭ്യർത്ഥന നടത്തുന്നതാണ് ശിർക്ക്. എന്നാൽ ഈ വിശ്വാസമില്ലാതെ മറ്റുള്ളവരോട് സഹായാഭ്യർത്ഥന നടത്തുന്നത് ശിർക്കല്ല. ഇക്കാര്യത്തിൽ മരിച്ചവർ ജീവിക്കുന്നവർ എന്ന വ്യത്യാസമില്ല. അതിനാൽ ഒരാൾ കല്ലിനോടും മണ്ണിനോടും ചോദിച്ചാലും ശിർക്കാവില്ല.” (പേജ് 30)
ജീവനില്ലാത്ത മണ്ണിനെ ജീവചൈതന്യത്തിന്റെ ഉറവിടമാക്കാൻ അല്ലാഹുവിന് കഴിയില്ലെന്ന് ആർക്കും പറയാനാവില്ലെന്നവർ വാദിക്കുന്നു. അതിനാൽ നിത്യജീവിതമുള്ള രക്തസാക്ഷികളുടെ രക്തം വീണ മണ്ണ് അവരുടെ സ്വാധീനശക്തിയിൽ നിന്ന് മുക്തമാണെന്ന് പറയാൻ കഴിയില്ല.
ഹുസൈൻ(റ)ന്റെ ഖബറിലെ മണ്ണ് എല്ലാ രോഗത്തിനും ശമനമാണ് അവരുടെ പണ്ഡിതൻ തൂസി പറയുന്നു. അബൂ അബ്ദില്ലയോട് ഞാൻ നിത്യരോഗത്തിന്റെയും വ്യാധികളുടെയും പിടിയിലാണെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഹുസൈൻ ബിൻ അലിയുടെ ഖബറിലെ മണ്ണിനെക്കുറിച്ച് നിനക്കറിയില്ലേ? അത് എല്ലാ രോഗത്തിനുമുള്ള ശമനൗഷധവും എല്ലാ വ്യാധികളിൽ നിന്നുമുള്ള മുക്തിയുമാണ്. (അമാലി അത്തൂസി 1/326)
ഹുസൈൻ(റ)ന്റെ ഖബറിലെ മണ്ണ് കൊണ്ട് രോഗശമനം തേടുന്നതിനെക്കുറിച്ച് ഖുമൈനി പറയുന്നത് കാണുക. “ഹുസൈൻ(റ)ന്റെ ഖബറിലെ മണ്ണ് സവിശേഷമായതാണ്. അതിനെ മറ്റൊന്നിനോടും ചേർത്തുകൊണ്ടോ ഒരു പയർമണിയാക്കേൾ കൂടുതലായോ ഭക്ഷിക്കരുത് അതിനെ മറ്റ് മണ്ണുമായി ചേർക്കരുത്. അത് നബിയുടെയും ഇമാമുമാരുടെയും ഖബറുകളിലെ മണ്ണായാലും ശരി.” (തഹ്രീറുൽ വസീല 1/326)
നബിയോടും ശിയാ ഇമാമുമാരോടും ആദരവ് മൂലമോ ശാന്തിയും സമാധാനവും ലഭിക്കാനോ അല്ലാഹുവിന് ആരാധന നടത്താനോ ആണെങ്കിൽ, ഇമാമുമാരുടെയും മറ്റ് ഖബറിടങ്ങളിൽ താഴികക്കുടങ്ങളും ജാറങ്ങളും നിർമ്മിക്കുന്നത് പുണ്യകരമാണ്.
ചരിത്ര പുരുഷന്മാരുടെ ഖബറുകൾക്ക് മുകളിൽ സൗധങ്ങളും താഴികക്കുടങ്ങളും നിർമ്മിക്കാൻ ആരംഭിച്ചത് ഈജിപ്തിലെ ഫാതിമി ശിയാ ഭരണാധികാരികളാണ്. ഹുസൈൻ(റ) സയ്യിദ സൈനബ് എന്നിവരുടെ ഖബറുകൾ അവർ ഈ രീതിയിൽ പുനർനിർമ്മിച്ചു. അബ്ബാസികളുടെ പ്രതാപകാലം വരെ ഇത്തരത്തിലുള്ള ദുരാചാരം നടമാടിയിരുന്നില്ല. കാരണം അന്ന് ജനങ്ങളിൽ ഇസ്ലാമിക വിശ്വാസാചാരങ്ങൾ സദൃഢമായിരുന്നു. സഹാബികൾ, താബിഉകൾ, അവരുടെ പിന്മുറക്കാർ എന്നിവരുടെ കാലത്ത് ഹിജാസ്, യമൻ, ഇറാഖ്, ശാം, ഈജിപ്ത്, ഖുറാസാൻ, മൊറോക്കോ എന്നിവിടങ്ങളിലൊന്നും ഒരു നബിയുടെയോ സഹാബികളുടെയോ അഹ്ലുബൈത്തിൽ പെട്ടവരുടെയോ ഖബറുകളൊന്നും കെട്ടിപ്പൊക്കിയിരുന്നില്ല. അബ്ബാസി ഖിലാഫത്ത് ദുർബലപ്പെട്ട ഘട്ടത്തിലാണ് ഹിജ്റ മുന്നൂറിന്റെ അവസാനത്തിൽ അൽമുഖ്തദിറിന്റെ ഭരണഘട്ടത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. ജൂതന്മാരായ ഉബൈദികൾ ഫാതിമികളാണെന്ന് അവകാശപ്പെട്ടു രംഗത്ത് വന്നത് ഇക്കാലത്താണ്. അവർ ഈജിപ്ത് അധിനിവേശപ്പെടുത്തി അവരുടെ മന്ത്രിമാർ ജൂതന്മാരായിരുന്നു. മതനിന്ദയും അധാർമ്മികതയും അത്യാചാരങ്ങലും അവരുടെ കാലത്ത് വ്യാപകമായി. നജഫിൽ അലി(റ)യുടെ ഖബർ കെട്ടിപ്പൊക്കിയത് അവരുടെ കാലത്താണ്. അന്ന് ഇറാഖ് ഭരിച്ചിരുന്നത് ശിയാക്കളായ ബുഹൈവികളായിരുന്നു. കടുത്ത ശിയാ വിശ്വാസിയായിരുന്ന അളുദ്ദുദ്ദൗലയാണ് നജഫിലെ ഒരു ഖബർ അലി(റ)യുടെതാണെന്ന് പറഞ്ഞ് കുടീരം പണിതത്.
ഹുസൈൻ(റ)ന്റെതാണെന്ന് പ്രചരിപ്പിക്കപ്പെട്ട ഖബറും അതിന്റെ പരിസരത്തുള്ള വീടുകളും തകർക്കാനും അതിന്റെ പരിസരത്ത് താമസിക്കുന്നവരോട് സ്ഥലം വിടാനും ഖലീഫ അൽമുതവക്കിൽ ഉത്തരവിടുകയുണ്ടായി. ആളുകൾ അവിടം വിട്ടുപോയി. ആ സ്ഥലം വിളവെടുക്കുന്ന കൃഷിഭൂമിയാക്കി മാറ്റി. (അൽബിദായ വന്നിഹായ 10/315)
സംഹുദി പറയുന്നു. ഫാത്തിമ(റ)യുടെയും മറ്റ് പൂർവ്വികരുടെയും ഖബറുകൾ അറിയപ്പെടാതിരിക്കാൻ കാരണം അതിന്മേൽ കെട്ടിടങ്ങളോ, കുമ്മായമോ ഇല്ലാത്തത് കൊണ്ടായിരുന്നു. (വഫാഉൽ വഫാഅ് 3/906)
അദ്ദേഹം തുടർന്ന് പറയുന്നു. അൽമജ്ദ് പറയുന്നു. ഈ സമുദായത്തിന്റെ നേതാക്കളുടെ ഖബറുകൾ ബഖീഇലാണുള്ളത്. എന്നാൽ സലഫുസ്വാലിഹീങ്ങൾ ഖബറുകളോട് അതിരുകവിഞ്ഞ ആദരവ് പുലർത്താത്തവരായത് കൊണ്ടും അവയിൽ കുമ്മായം പൂശാത്തതു കൊണ്ടും അവ ഭൂരിപക്ഷത്തിന്റെയും അടയാളങ്ങൾ ഇല്ലാതായി. അതിനാൽ എണ്ണപ്പെട്ട ഖബറുകൾ ഒഴികെ ആരുടെതാണെന്ന് അറിയുകയില്ല. (വഫാഉൽ വഫാ 3/916)
ശിയാക്കൾ ഖബറുകൾ കെട്ടി ഉയർത്തി അലങ്കരിക്കുന്നതിന് മുമ്പ് സുന്നികൾക്ക് മഹാന്മാരുടെ ഖബറുകളോടുള്ള ഈ സമീപനം സംഹുദിയുടെ ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാം.
ശിയാ പണ്ഡിതൻ മൂസാ മൂസവി പറയുന്നു. പ്രവാചകന്മാർ മഹാന്മാർ എന്നിവരുടെ വിഷയത്തിൽ അതിരുവിടുന്ന കാര്യത്തിൽ ശിയാക്കളോട് സലഫികൾ അല്ലാത്ത മറ്റു മുസ്ലിംകളും പങ്കുചേരുന്നു. എന്നാൽ ശിയാക്കൾ ഇക്കാര്യത്തിൽ മറ്റു വിഭാഗങ്ങളേക്കാൾ വളരെ മുന്നിലാണ്. (അശ്ശീഅവത്തസ്ഹീഹ് 99)
ശിയാക്കളുടെ ആധികാരിക അവലംബ കൃതികളായ, മൻലായഹ്ളുറുഹുൽ ഫഖീഹ്, തൂസിയുടെ തൗദീസുൽ അഹ്കാം, അൽകാഫി, ഖുമ്മിയുടെ സവാബുൽ അഅ്മാൽ തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇമാമുകളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നതിന്റെയും അവരോട് പ്രാർത്ഥിക്കുന്നതിന്റെയും അവരെ അല്ലാഹുവിൽ പങ്കുചേർക്കുന്നതിന്റെയും ധാരാളം ഉദാഹരണങ്ങൾ കാണാം. ശിയാ ഇമാമുമാരുടെ കുടീരങ്ങൾ സന്ദർശിക്കുന്നതിന്റെ പോരിശ മാത്രം പറയുന്ന ഗ്രന്ഥമാണ് മുഫീദിന്റെ “കിതാബുൽ മസാർ വ മനാസികുൽ മസാർ, പ്രശ്നപരിഹാരം, ആധിയകറ്റൽ, ദീർഘായുസ്സ്, പാപമോചനം, സ്വർഗപ്രവേശനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുണ്യങ്ങളാണ് ഇതിൽ സന്ദർശകർക്ക് ഓഫർ ചെയ്യുന്നത്.”
ദർഗകളിൽ ചെയ്യേണ്ട അനുഷ്ഠാനങ്ങളെ കുറിച്ച് ശിയാ പണ്ഡിതൻ മുഫീദ് മനാസികുൽ മശാഹിദ് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളുടെ ഖബറുകളെ അല്ലാഹുവിന്റെ ഭവനത്തിൽ ഹജ്ജ് ചെയ്യുന്നതിനോട് സമീകരിച്ചിരിക്കുകയാണിതിൽ.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു. ആദ്യമായി ജാറങ്ങൾ സന്ദർശിക്കുന്നതിന്റെയും ശ്രേഷ്ടതകൾ വിവരിക്കുന്ന ഹദീസുകൾ നിർമ്മിച്ചത് ശിയാക്കളാണ്. മസ്ജിദുകൾ നിഷ്ക്രിയമാക്കുകയും ജാറങ്ങൾ സജീവമാക്കുകയുമാണ് അവർ ചെയ്തത്. ശിർക്കും ബിദ്അത്തും യാതൊരു പ്രമാണവുമില്ലാതെ ദീനിൽ അവർ ചമച്ചുണ്ടാക്കി (അർറദ്ദുഅലൽ അഖ്നാഇ 47)
ഈ വിഷയവുമായി ബന്ധപ്പെട്ട 458 വ്യാജ ഹദീസുകൾ കാണാം. അതിൽ 338 ഹദീസുകളും ഹുസൈൻ(റ) ഖബർ സന്ദർശനത്തിന്റെ മഹത്വങ്ങൾ വിവരിക്കുന്നതാണ്.
കാര്യസാധ്യങ്ങൾക്കായി പരേതനോട് പ്രാർത്ഥിക്കുക, അവർക്ക് വേണ്ടി നേർച്ച വഴിപാട്, ബലിദാനം ചെയ്യുക. ഖബറിൽ ചുംബിക്കുക, തൊട്ടുതലോടുക, അതിൽ കിടന്ന് വാരിപ്പുണരുക, അതിലെ പൊടിയും മണ്ണും ഭക്ഷിക്കുക, അതിനു ചുറ്റും നിശ്ചിത തവണ വലയം ചെയ്യുക, നിശ്ചിത ദിവസങ്ങൾ അവിടെ ഭജനമിരിക്കുക, ഭയഭക്തിയോടും വിനയാന്വിതരായും അതിനെ വണങ്ങുക, വാദ്യോപകരണങ്ങൾ ഉപയോഗിച്ചു സംഗീത നിശകൾ നടത്തുക, നൃത്തം ചെയ്യുക, ഉത്സവങ്ങൾ നടത്തുക, അലങ്കാര വസ്തുക്കൾ, തോരണങ്ങൾ, അലങ്കാര ദീപങ്ങൾ എന്നിവകൾ കൊണ്ട് വിലകൂടിയ തോരണങ്ങളും പുതപ്പുകളും ഖബറുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്നു. അതിന്റെ താഴികക്കുടങ്ങളിൽ സ്വർണ്ണവും അമൂല്യരത്നങ്ങളും പതിപ്പിക്കുന്ന അതിന്മേൽ ശിയാ ഇമാമുമാരുടെ പേരുകൾ മുദ്രണം ചെയ്ത പതാകകൾ പറത്തുന്നു.
ജനനമരണ ആഘോഷങ്ങൾ
ശിയാക്കൾ ജനനം, മരണം, രക്തസാക്ഷ്യം, യുദ്ധങ്ങൾ, സംഭവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു വർഷം നൂറോളം ആഘോഷങ്ങളും ആചരണങ്ങളും സംഘടിപ്പിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുഹർറം ഒമ്പതിന് നടക്കുന്ന ഹുസൈൻ(റ)ന്റെ രക്തസാക്ഷ്യ ദിനമായ ആശൂറാ ആഘോഷമാണ്. അനുശോചനങ്ങളുടെ ഭാഗമായി കരച്ചിൽ, നെഞ്ചത്തടിക്കൽ, ആയുധങ്ങൾ കൊണ്ട് ശരീരം മുറിപ്പെടുത്തൽ തുടങ്ങിയ ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നു.
ആർത്തനാദം, കരച്ചിൽ, നെഞ്ചത്തടിക്കൽ, നെഞ്ചും പുറവും മാരകായുധങ്ങൾ ചുഴറ്റി മുറിവാക്കൽ തുടങ്ങിയ പ്രാകൃതങ്ങളായ ദേഹോപദ്രവങ്ങൾ അടങ്ങുന്ന ചടങ്ങുകൾ അനുശോചന സദസ്സ് എന്ന പേരിൽ ഏറ്റവും പുണ്യകരമായ ആരാധനകളെന്ന പേരിൽ ആശുറാ ദിനമെന്ന പേരിൽ ശിയാക്കൾ കൊണ്ടാടുന്നു.
ഏഴാകാശവും ഭൂമിയും അദ്ദേഹത്തിന്റെ മരണത്തിൽ കരഞ്ഞെന്നും നാലായിരം മലക്കുകൾ അദ്ദേഹത്തെ സഹായിക്കാൻ ഇറങ്ങിയെങ്കിലും അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. അവർ അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ ഖബറിന് ചുറ്റും ഹുസൈൻ(റ)ന്റെ വധത്തിൽ പ്രതികാരം ചെയ്യുക എന്ന മുദ്രാവാക്യം വിളിച്ചു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ മരണദിവസം ആകാശത്ത് നിന്ന് രക്തവും ചുവന്ന മണ്ണും വർഷിച്ചുവെന്നും നിങ്ങൾ ഹുസൈൻ(റ) ഓർത്ത് കണ്ണീർ വാർത്താൽ അല്ലാഹു നിങ്ങളുടെ മുഴുവൻ പാപങ്ങളും പൊറുക്കുമെന്നും തങ്ങളുടെ ദുഃഖത്തിൽ പങ്കെടുത്താൽ സ്വർഗത്തിൽ ഉന്നതപദവി നേടാമെന്നുമെല്ലാം ഇമാം അലി(റ)യെ ഉദ്ധരിച്ച് ശിയാഗ്രന്ഥങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാണാം. (അൽ അൻവാറുന്നുഅ്മാനിയ്യ 3/239)
ആദ്യകാലത്ത് ചെറിയ അനുശോചന സദസ്സുകളായി തുടക്കം കുറിച്ച ആശൂറാ പരിപാടികൾ ഹിജ്റ നാലം നൂറ്റാണ്ടിൽ ശിയാ ഭരണകൂടമായ ബുവൈഹികൾ അധികാരത്തിലേറിയതോടെ മുഹർറം ആഘോഷങ്ങൾ വ്യാപകമാവുകയും വളരെ ആവേശത്തോടെ കർബല സംഭവം വാർഷിക ദുഃഖാചരണ ചടങ്ങുകളായി പരിവർത്തിക്കപ്പെടുകയും ചെയ്തു. എഡി പതിനാറാം നൂറ്റാണ്ടിൽ ഇറാനിൽ സഫവികൾ അധികാരത്തിലേറിയപ്പോൾ, രക്തസാക്ഷ്യത്തെ പ്രതിനിധീകരിക്കുന്ന ടാബ്ലോകളായി ദുഃഖാചരണം പരിവർത്തിക്കപ്പെട്ടു. ചടങ്ങുകൾക്ക് ജനകീയ മുദ്ര ലഭിച്ചു. അഹ്ലുബൈത്ത് ചരിത്രപാരായണം, ചങ്ങല കൊണ്ടടിക്കൽ, നെഞ്ചത്തടിച്ചു കൊണ്ടുള്ള തെരുവിലൂടെ ആബാലവൃദ്ധം റാലികൾ നടത്തുന്നതും വ്യാപകമായി.
അലി ശരീഅത്തിൽ പറയുന്നു. അനുശോചന ചടങ്ങുകൾ ഇമാമുകളുടെ കാലം മുതലേ ശിയാവൃത്തങ്ങളിൽ ആചരിച്ചിരുന്നുവെങ്കിലും ഇറാനിൽ സഫവികൾ അധികാരത്തിൽ വന്നത് മുതൽ വ്യതിയാനങ്ങൾ ആരംഭിച്ചു. ഹുസൈനി ആഘോഷങ്ങൾക്കായി ഒരു മന്ത്രിയെ ചുമതലപ്പെടുത്തി. യൂറോപ്പിലേക്ക് പോയി അവിടെ നടക്കുന്ന ക്രൈസ്തവ മത സാമൂഹിക ആഘോഷങ്ങളും ഉത്സവങ്ങളും കണ്ടു ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണകൾ ഉണർത്തുന്ന ചടങ്ങുകളെ കുറിച്ച് പഠിച്ച് അത്തരം ചടങ്ങുകളിൽ ചർച്ചുകൾ അലങ്കരിക്കുന്ന രീതികൾ എല്ലാം കണ്ടു ഇറാനിൽ തിരിച്ചുവന്നു. പേർഷ്യൻ ശൈലിയിലേക്ക് മാറ്റി ശിയാ അനുശോചന ചടങ്ങുകളിൽ അവതരിപ്പിച്ചു. മുഹർറം ആഘോഷത്തിന്റെ പുതിയ ശൈലിക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്. (അലവി ശീഇസവും സഫഫിശീഇസവും 207 അലി ശരീഅത്തി)
നബിദിനാഘോഷം
ഇസ്ലാമിന് മുമ്പേ റോമക്കാരും ഫറോവമാരും തങ്ങളുടെ ദേവന്മാരുടെ ജന്മദിനാഘോഷം ആചരിക്കാറുണ്ടായിരുന്നു. പിന്നീട് ക്രൈസ്തവർ അതേറ്റെടുത്ത് ക്രിസ്തുമസ് ദിനം ആഘോഷിക്കാൻ തുടങ്ങി. മൊറോക്കോയിൽ ജൂത പാരമ്പര്യം പേറുന്ന തീവ്ര ശിയാ വിഭാഗമായ ഫാതിമികൾ ഈജിപ്തിൽ അധികാരത്തിൽ വന്നത് മുതലാണ് മുസ്ലിം ലോകത്ത് നബിദിനാഘോഷം ആരംഭിച്ചത്. പ്രസിദ്ധ ചരിത്രകാരൻ മഖ്രീസി തന്റെ അൽഖുതത് എന്ന ഗ്രന്ഥത്തിൽ പറയുന്നു:
“ഫാതിമി ഭരണാധികാരികൾക്ക് വർഷം മുഴുക്കെ ആഘോഷങ്ങളും ചടങ്ങുകളും ആചരിക്കാറുണ്ടായിരുന്നു. വർഷാരംഭം ആശുറാദിനം, നബിദിനം, അലി, ഹസൻ, ഹുസൈൻ, ഫാത്തിമ എന്നിവരുടെ ജന്മദിനം, ഭരണാധികാരി അൽ മുഅതസിന്റെ ജന്മദിനം, റജബ് ഒന്ന്, പതിനഞ്ച്, റമളാൻ ഒന്ന്, റമളാൻ പതിനഞ്ച്, ഖതം ദിനം, ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ, ഗദീർബും തുടങ്ങിയ ആഘോഷങ്ങൾ.”
ജന്മദിനങ്ങൾക്ക് പ്രാധാന്യം നൽകി അധ്യായങ്ങൾ രചിച്ച ആദ്യത്തെ ഗ്രന്ഥകാരൻ. ഒരു പക്ഷേ അൽകാഫിയാകാം നബിയുടെ ജന്മദിനം, അമീറുൽ മുഅ്മിനീൻ (അലി)ന്റെ ജന്മദിനം, ഫാത്തിമ സുഹറ(റ)ന്റെ ജന്മദിനം, ഹസൻ ബിൻ അലിയുടെ ജന്മദിനം, ഹുസൈൻ ബിൻ അലിയുടെ ജന്മദിനം, അലി ബിൻ ഹുസൈന്റെ ജന്മദിനം, മുഹമ്മദ് ബിൻ അലിയുടെ ജന്മദിനം, ജഅ്ഫർ ബിൻ മുഹമ്മദിന്റെ ജന്മദിനം തുടങ്ങി മുഴുവൻ ഇമാമുമാരുടെയും ജന്മദിനത്തെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ഇതിൽ കാണാം. അതിൽ പ്രതിപാദിച്ച ഹദീസുകൾ മുഴുവനും ദുർബ്ബലമോ, വ്യാജമോ ആയവയാണെന്ന് ശിയാ പണ്ഡിതൻ അൽ മജ്ലിസി തന്നെ നിരൂപണം നടത്തിയതായി കാണാം.
അൽ ഹഖീഖത്തുൽ മുഹമ്മദിയ്യ
നബിയുടെ പ്രകാശമാണ് ആദ്യ സൃഷ്ടി, സൂഫികൾ ഇങ്ങനെ സൂറത്തുൽ മുഹമ്മദിയ്യ, അന്നൂറുൽ മുഹമ്മദിയ അർറൂഹുൽ മുഹമ്മദി തുടങ്ങി പല പേരിലും പ്രയോഗിക്കാറുണ്ട്. ആദ്യം അല്ലാഹു സൃഷ്ടിച്ചത് പ്രവാചകന്റെ പ്രകാശമാണ്. അത് അല്ലാഹുവും ഒരേ സ്വത്വമാണ് തുടങ്ങിയ ആശയങ്ങൾ ഇതുൾകൊള്ളുന്നു. നബി പ്രകാശത്തിന്റെ നിത്യത എന്ന വാദം ആദ്യമായി അവതരിപ്പിച്ചത് ശിയാക്കളാണെന്ന് ഇബ്നു അറബിയുടെ ഫുസൂസുൽ ഹികം എന്ന ഗ്രന്ഥത്തിൽ മുഹമ്മദിയ വചനം എന്ന ആശയത്തെ വിശദീകരിച്ചുകൊണ്ട് അബുൽ അലാ അൽ അഫീഫി വിശദീകരിക്കുന്നുണ്ട്.
ശിയാ പണ്ഡിതൻ ഫർഗാനി (743) പറയുന്നു. ആദം മുതൽ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാർ മഹാ ആത്മാവിന്റെ പ്രകാശനമാണ്. അതിന്റെ നുബുവ്വത്ത് നിത്യവും നിരന്തരവുമാണ്. എന്നാൽ അതിന്റെ വ്യത്യസ്ത ഭാവങ്ങളുടെ നുബുവ്വത്ത് താൽക്കാലികമാണ്. എന്നാൽ മുഹമ്മദ് നബിയുടെ നുബുവ്വത്ത് നിത്യമാണ്. കാരണം അദ്ദേഹത്തിന്റെ പൊരുൾ മഹാത്മാവിന്റെ (അല്ലാഹു)ന്റെ പൊരുളാണ്. (അൽമുഖദ്ദിമാത് 11)
ഖുമൈനി പറയുന്നു. അലി ആത്മീയ പദവിയുടെ തലത്തിൽ നബിയിൽ ലയിക്കുന്നത് കാരണം ഞാനും അലിയും ഒരു വൃക്ഷത്തിൽ നിന്നാണെന്ന് നബി പറഞ്ഞിട്ടുണ്ട്. ഞാനും അലിയും ഒരു പ്രകാശത്തിൽ നിന്നാണെന്നും നബി പറഞ്ഞിട്ടുണ്ട്. (ശറഹു ദുആസ്സിഹ്ർ 87).
“നബിയും മഹാന്മാരായ ഇമാമുകളും ഈ ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് പ്രകാശമായിരുന്നു. അല്ലാഹു അവരെ അർശിന് ചുറ്റും സ്ഥാപിച്ചു.” (അൽഹുകൂമത്തുൽ ഇസ്ലാമിയ്യ 52)
ചുരുക്കത്തിൽ ഇന്ന് സുന്നികളെന്ന് അവകാശപ്പെടുന്നവർ പുലർത്തുന്ന പല വിശ്വാസങ്ങലും അനുഷ്ഠിക്കുന്ന പല ആചാരങ്ങളും ശിയാക്കൾ കടത്തി കൂട്ടിയ ദുരാചാരങ്ങളാണ്. അത് സൂഫികൾ വഴി സുന്നി സമൂഹത്തിൽ കടന്നു കൂടുകയാണുണ്ടായതെന്ന് കാണാവുന്നതാണ്.