Ahlussunnahind

ജലാലുദ്ദീൻ റൂമി: വഴിയും വഴികേടും

December 29, 2018

Related Articles

ഇസ്ലാമിക ചരിത്രം തെറ്റും ശരിയും

ലബനൻഃ ഹസൻ നസ്റുല്ല. ഹിസ്ബുല്ലയുടെ തനിനിറം

സഅ്ലബ( റ)ഇബ്നു ഹാതിബ് സക്കാത് നിഷേധിച്ചു, എന്ന സംഭവം ഒരു നിരൂപണ പഠനം.

നോമ്പും ആധുനിക ചികിത്സാരീതികളും

ശീഇസം പ്രചരിപ്പിച്ച അത്യാചാരങ്ങൾ

ജലാലുദ്ദീൻ റൂമി: വഴിയും വഴികേടും

അബ്ദുർറഹ്മാൻ ആദൃശ്ശേരി

ലോകമൊട്ടുക്കും ജലാലുദ്ദീൻ റൂമിയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്. ഹോളിവുഡ് സിനിമകളിലും മദ്യക്കുപ്പികളുടെ സ്റ്റിക്കറുകളിലും ലോക നാടക വേദികളിലും മലയാള സിനിമാ പോസ്റ്ററുകളിലും ഷഹബാസ് അമൻ പോലെയുള്ള സിനിമാ-ഗസൽ ഗായകൻമാരുടെ സംഗീതങ്ങളിലും കേരള സമസ്തക്കാരുടെ പത്രമാസികകളിലും മാധ്യമങ്ങളിലും സൂഫീ സംഗീതജ്ഞൻമാരുടെ പാട്ടുകളിലുമെല്ലാം തന്നെ റൂമി നിറഞ്ഞ് നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മതവേദികളിലും മതേതര വേദികളിലും മതവിരുദ്ധ വേദികളിലും റൂമി ഒരുപോലെ ആഘോഷിക്കപ്പെടുന്നു. അഥവാ, ഭാഗ്യവാനും നിർഭാഗ്യവാനുമായി ഒരേ സമയം വിരുദ്ധ വേദികളിൽ നിറഞ്ഞു നിൽക്കാനും ആഘോഷിക്കപ്പെടാനും വിധിക്കപ്പെട്ടവനാണ് ജലാലുദ്ദീൻ റൂമി എന്ന പ്രണയ കാമുകൻ. 

‘സുന്നി’കളും ശീഇകളും ഒരുപോലെ ആഘോഷിക്കുന്ന വ്യക്തിത്വം കൂടിയാണ് റൂമിയുടേത്. അഥവാ, കിഴക്കും പടിഞ്ഞാറും ഒരേപോലെ ആരാധകരുള്ള മറ്റേതൊരു സൂഫീ ഗുരുവാണുള്ളത്?

ക്വുർആനും ഹദീഥും എന്താണെന്നറിയാത്ത മുസ്‌ലിം ബുദ്ധിജീവി നാട്യക്കാർ മസ്‌നവിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു. അതിലെ മുത്തും പവിഴവും കോരിയെടുത്ത് വ്യാഖ്യാനിക്കാനും പാടിപ്പുകഴ്ത്താനും നൂറ് നാക്കാണവർക്ക്. 

മലയാളത്തിന്റെ ‘സൗഭാഗ്യമായി’ (?) എത്രയെത്ര റൂമീ പഠനങ്ങളും മസ്‌നവി പരിഭാഷകളും പുറത്തിറങ്ങിയിരിക്കുന്നു? അതും ജാതി-മത ഭേദങ്ങളില്ലാതെ. റൂമിയുടെ സ്‌നേഹവിഹായസ്സിൽ വട്ടമിട്ട് പറക്കാൻ, ആ പ്രണയ ലഹരിയിൽ മതിമറക്കാൻ, സ്‌നേഹ സാഗരത്തിൽ ആറാടാൻ കൊതിക്കാത്തവരായി ആരാണുള്ളത്? പ്യൂരിറ്റാനിയൻ ചിന്താഗതിയുടെയും റാഡിക്കൽ ഇസ്‌ലാമിന്റെയും വക്താക്കളായി വഹാബീ ‘തീവ്രവാദി’കളല്ലാതെ!?

ഹിജ്‌റ 604 ൽ അഫ്ഗാനിസ്ഥാനിലെ ബൽഖ് എന്ന പ്രദേശത്ത് ജനിച്ച മുഹമ്മദ് ജലാലുദ്ദീൻ ലോകപ്രസിദ്ധ സൂഫീ സാഹിത്യം ‘മസ്‌നവി’യുടെ കർത്താവും മൗലവിയ്യ ത്വരീക്വത്തിന്റെ ഉപജ്ഞാതാവും ആരാധകരുടെയും മുരീദുകളുടെയും പ്രിയപ്പെട്ട മൗലാനയുമാണ്. ഹിജ്‌റ 672 ൽ അദ്ദേഹം ഇന്നത്തെ തുർക്കിയിലെ കോണിയയിൽ ദിവംഗതനായി. തുർക്കി ഇസ്‌ലാമിക ചരിത്രത്തിൽ കിഴക്കൻ റോം എന്ന പേരിൽ അറിയപ്പെടുന്നതിനാൽ ജലാലുദ്ദീൻ റൂമി എന്ന പേരിൽ ഇയാൾ പ്രസിദ്ധനായി. ദൈവിക സ്‌നേഹത്തെയും പ്രണയത്തെയും പാടിപ്പുകഴ്ത്തിയതിനാൽ അനശ്വര പ്രണയത്തിന്റെ മഹാഗുരുവായി ഇയാൾ കിഴക്കും പടിഞ്ഞാറും പ്രസിദ്ധി നേടി. ഇദ്ദേഹത്തിന്റെ യഥാർത്ഥ ചരിത്രം തന്റെ പൗത്രൻ ആരിഫ് ചലബിയുടെ സേവകൻഅഫ്‌ലാകി, ഫരീദോൻ എന്നിവരുടെ രചനകളിൽ നിന്ന് ലഭിക്കും. 

ജലാലുദ്ദീൻ എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം ഇസ്‌ലാമിക നിയമശാസ്ത്രത്തിലും മറ്റു വിജ്ഞാന ശാഖകളിലും വിശാരദനുമായിരുന്നു. സൂഫിസം തലയിൽ കയറിയതോടെ വൈജ്ഞാനിക മേഖലയും പാഠശാലയും ഒഴിവാക്കി നാട് ചുറ്റാനാരംഭിച്ചു. പേർഷ്യൻ ഭാഷയിൽ ‘മസ്‌നവി’ എന്ന സൂഫീ മഹാകാവ്യം രചിക്കുകയും ചെയ്തു. 

പരിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് നിരക്കാത്ത അദൈ്വത വാദവും ഭാരതീയ കാമശാസ്ത്രത്തെ കവച്ചു വെക്കുന്ന അശ്ലീല കഥകളും ഇതിൽ കുത്തി നിറച്ചിരിക്കുന്നു. പാശ്ചാത്യലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന പൗരസ്ത്യ ഗ്രന്ഥം ജലാലുദ്ദീൻ റൂമിയുടെ ‘മസ്‌നവി’ ആകാൻ കാരണം മറ്റൊന്നുമല്ല. ഇദ്ദേഹം കാരണം ധാരാളം പേർഷ്യക്കാരും തുർക്കികളും ഇസ്‌ലാമിൽ നിന്ന് വഴിപിഴച്ച് പോയിട്ടുണ്ട്. റൂമിയെക്കുറിച്ച് ഉദ്ധരിക്കപ്പെട്ട പല സംഭവങ്ങളും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുന്നതും ദൈവനിഷേധത്തിലേക്ക് നയിക്കുന്നതുമാണ് എന്ന് ‘ഇഖ്ദുൽ ജുമാൻ’ എന്ന ഗ്രന്ഥത്തിൽ ബദ്‌റുദ്ദീനുൽ ഐനി രേഖപ്പെടുത്തിയിട്ടുണ്ട്. (2/128). 

ഹിജ്‌റ 672 ൽ ഖൂനിയയിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തെ അവിടെ അടക്കം ചെയ്യുകയും വലിയ ശവകുടീരം നിർമ്മിക്കുകയും ചെയ്തു. ഹിജ്‌റ 821 ൽ താൻ അവിടെ സന്ദർശിച്ചതായും ബദ്‌റുദ്ദീൻ ഐനി രേഖപ്പെടുത്തിയിട്ടുണ്ട്. റൂമിയെ വൈജ്ഞാനിക മേഖലയിൽ നിന്ന് അടർത്തി മാറ്റി വഴികേടിന്റെ വഴിയിലേക്ക് നയിച്ചത് തന്റെ ആത്മീയ ഗുരു ശംസുദ്ദീൻ തബ്‌രീസി എന്ന ശംസെ തബ്‌രീസിയായിരുന്നു എന്നും ഐനി രേഖപ്പെടുത്തിയിട്ടുണ്ട്. റൂമിയും കൂട്ടരും അദൈ്വതവാദികളും അവതാര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണെന്ന വാദം, പ്രതിയോഗികകളായ ശരീഅത്ത് വാദികളായ അക്ഷരവാദികളുടെ അപവാദ പ്രചരണമാണെന്നാണ് റൂമീ ആരാധകർ അവകാശപ്പെടാറുള്ളത്. എന്നാൽ, വസ്തുത എന്താണെന്ന് നോക്കാം. തന്റെ അനുയായികൾ തന്നെ ആരാധിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്ന റൂമി തന്റെ മുന്നിൽനമിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നതായി റൂമിയുടെ ത്വരീക്വത്തിന്റെ സ്രോതസ്സുകൾ വിളംബരം ചെയ്യുന്നതായി കാണാം. തുർക്കി ടെലിവിഷൻ പ്രക്ഷേപണം ചെയ്യുന്ന മൗലവിയ്യാ സൂഫീ നൃത്ത വേദികളിൽ ഇന്നും ഇത്തരത്തിലുള്ള സുജൂദുകൾ നടത്തുന്നത് കാണാവുന്നതാണ്. റൂമിയുടെ ആധികാരിക ചരിത്രകാരൻ അഫ്‌ലാകി ഉദ്ധരിക്കുന്നത് കാണുക: സൃഷ്ടികളുടെ മുമ്പിൽ നമിക്കരുതെന്ന് പറഞ്ഞതിന് ഒരു ശരീഅത്ത് പണ്ഡിതനെ കടുത്ത തെറിയഭിഷേകം നടത്തിയ ശേഷം ”പിശാചിൽ നിന്ന് എന്നെ രക്ഷിക്കുകയും എനിക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ വഴികൾ തുറന്ന് തന്ന് പുതിയ ജീവിതം സമ്മാനിച്ചവന്, എന്റെ ജീവിതം സമർപ്പിച്ചവന് (ശംസ് തബ്‌രീസിന്) സുജൂദ് ചെയ്യാതിരിക്കാനാവുമോ” എന്നാക്രോശിച്ചിരുന്നുവത്രെ! തന്റെ ശിഷ്യൻതനിക്ക് ദിവ്യത്വം കൽപ്പിക്കുന്നതായി അറിഞ്ഞപ്പോൾ റൂമി അത് അംഗീകരിക്കുകയാണുണ്ടായത്. അലാവുദ്ദീൻ തന്റെ ശൈഖ് റൂമിയെ പലപ്പോഴും ഇലാഹ് എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചപ്പോൾ കോണിയയിലെ ഫുക്വഹാക്കൾ ക്വാദി സിറാജുദ്ദീൻ അർമവിയോട് പരാതിപ്പെട്ടു. അലാവുദ്ദീനെ വിളിച്ച് വരുത്തി ”നിങ്ങൾ ജലാലുദ്ദീൻ റൂമിക്ക് ദിവ്യത്വം കൽപ്പിക്കുന്നുണ്ടോ?” എന്ന് ചോദിച്ചപ്പോൾ ”അതെ” എന്നായിരുന്നു ഉത്തരം. ”എനിക്ക് അദ്ദേഹത്തോടുള്ള കടമ വേണ്ടവിധം നിർവ്വഹിക്കാൻ കഴിഞ്ഞിട്ടില്ല. താൻ അദ്ദേഹത്തെക്കുറിച്ച് അതിനപ്പുറവും പറയും, അദ്ദേഹം നാഥൻമാരുടെ നാഥനാണ്, കാര്യമറിയാത്ത ധിക്കാരിയായ ഒരു മജൂസിയായിരുന്നു ഞാൻ. മൗലാനയാണ് എനിക്ക് ആത്മജ്ഞാനം നൽകിയത്. അദ്ദേഹം എനിക്ക് യുക്തിബോധം നൽകുകയും തത്വജ്ഞാനം പഠിപ്പിക്കുകയും ചെയ്തു. ദിവ്യത്വത്തിന്റെ ബാഹ്യാർത്ഥം മാത്രം അറിയുമായിരുന്ന അനുകർത്താവായിരുന്ന എന്നെ ആത്മജ്ഞാനിയാക്കിയത് അദ്ദേഹമാണ്. ആത്മാവിൽ ദിവ്യത്വമില്ലാത്തവന് ദൈവം ആരാണ് എന്നറിയില്ല. വൈയാകരണന് മാത്രമേ വ്യാകരണ പണ്ഡിതനെ തിരിച്ചറിയൂ. നിയമ വിശാരദന് മാത്രമേ നിയമജ്ഞനെ മനസ്സിലാക്കാനാകൂ. അന്ധന് സൂര്യനെയും മൂഢന് ജ്ഞാനിയെയും തിരിച്ചറിയാനാവില്ല. അപ്രകാരം, ദിവ്യത്വമില്ലാത്തവനിൽ നിന്ന് നിനക്ക് ദിവ്യത്വം നേടാനാവില്ല.” കോടതിയിൽ നടന്ന ഈ വാദങ്ങൾ കേട്ടപ്പോൾ ”സ്വയം ഇലാഹായില്ലെങ്കിൽ അയാൾക്കും നാശമാണെന്ന് പറയൂ” എന്നാണ് റൂമി പ്രതിവചിച്ചത്. (മനാക്വിബുൽ ആരിഫീൻ 1/471). 

തന്റെ ഗുരു ശംസെ തബ്‌രീസിൽ നിന്ന് റൂമിക്ക് ലഭിച്ച അദൈ്വത ദർശനം തന്റെ അനുചരൻമാർക്ക് സമർത്ഥമായി പകർന്ന് നൽകുന്നതിൽ റൂമി വിജയിച്ചതിന്റെ ഉത്തമ നിദർശമത്രെ തന്റെ ശിഷ്യനായ അലാവുദ്ദീന്റെ മേൽ വിവരിച്ച പ്രസ്താവന. 

നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ ഗുരു റൂമിയെ ഇലാഹ് എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തെ അഭിസംബോധനം ചെയ്യാൻ അതിലും മികച്ചൊരു പദം ലഭിക്കാത്തത് കൊണ്ടാണെന്നും അതിനേക്കാൾ നല്ല വാക്ക് കിട്ടിയിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ പ്രസ്തുത പേര് ചൊല്ലി വിളിക്കുമെന്നുമായിരുന്നു അലാവുദ്ദീന്റെ ഉത്തരം. (മനാക്വിബുൽ ആരിഫീൻ 1/473). 

പേർഷ്യൻ ഭാഷയിലെ ക്വുർആൻ എന്ന് ഇക്വ്ബാലിനെ പോലുള്ള കവികളും റൂമി ഭക്തരും പുകഴ്ത്തിയ ‘മസ്‌നവി’യുടെ ആമുഖത്തിൽറൂമി തന്റെ ഗ്രന്ഥത്തെ വർണ്ണിക്കുന്നത് എപ്രകാരമെന്ന് കാണുക. ”മസ്‌നവി എന്ന ഈ ഗ്രന്ഥം യാഥാർത്ഥ്യത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതും, മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ മുഖ്യാവലംബവുമാണ്. അല്ലാഹുവിന്റെ അതിമഹത്തായ ജ്ഞാനവും, ഉന്നതമായ നിയമശാസ്ത്ര ഗ്രന്ഥവും തെളിഞ്ഞ പ്രമാണവുമാണ്. അതിന്റെ പ്രകാശത്തിന്റെ ഉദാഹരണം, ദീപം കത്തിച്ചുവെച്ച ഒരു വിളക്കുമാടം പോലെയാണ്. പ്രഭാതത്തെക്കാൾ പ്രഭയുള്ള വെളിച്ചം അത് പ്രസരിപ്പിക്കുന്നു. അരുവികളും ചില്ലകളുള്ള വൃക്ഷങ്ങളും നിറഞ്ഞ കാരുണ്യ പൂങ്കാവനമാണ്. ഈ മാർഗ്ഗം സ്വീകരിച്ചവർക്ക് ‘സൽസബീൽ’ എന്ന് പേരുള്ള ഒരു അരുവിയുണ്ട്. സൂഫീ പഥങ്ങളും കറാമത്തുകളുമുള്ളവർക്കും ഇത് മഹത്തരമായ സ്ഥലങ്ങളും ഉൽകൃഷ്ടമായ വചനങ്ങളുമത്രെ. മഹത്തുക്കൾ ഇതിൽ നിന്ന് ഭുജിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു. സദ്‌വൃത്തർ ഇതിൽ ആനന്ദതുന്തിലരാകുന്നു. ഇത് മാറാരോഗങ്ങൾക്ക് സിദ്ധൗഷധവും സന്താപങ്ങളെ അകറ്റുകയും ക്വുർആനിന്റെ താക്കോലും ജീവിതോപാധികൾവികസിക്കുന്നതും സ്വഭാവഗുണങ്ങളെ പരിമളമാക്കുന്നതും പുണ്യവാൻമാരായ മഹത്തുക്കളായ ഉൽകൃഷ്ടരുടെ കരങ്ങളിൽ സംരക്ഷിക്കപ്പെടുന്ന ഇത് വിശുദ്ധൻമാരല്ലാതെ സ്പർശിക്കാൻ അനുവാദമില്ലാത്തതും അല്ലാഹുവിൽ നിന്ന് അവതീർണ്ണമായതും അതിന്റെ മുൻവശത്തു നിന്നും പിന്നിൽ നിന്നും അധർമ്മം കടന്നു വരാത്തതുമായ ഗ്രന്ഥമാകുന്നു. അല്ലാഹു അതിനെ നിരന്തരമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. അവൻ ഉത്തമനായ സംരക്ഷകനും കാരുണ്യവാൻമാരിൽ ഏറ്റവും കരുണ ചൊരിയുന്നവനുമത്രെ.”

ഇങ്ങനെ പോകുന്നു റൂമിയുടെ മസ്‌നവി വർണനകൾ. വിശുദ്ധ ക്വുർആനിനെ വെല്ലുന്ന വർണനകളാണ് റൂമി തന്റെ പൈശാചിക ദുർബോധനങ്ങൾക്ക് നൽകിയിരിക്കുന്നത്. ”തങ്ങളുടെ കരങ്ങൾ കൊണ്ട് ഗ്രന്ഥം രചിക്കുകയും എന്നിട്ട് കുറഞ്ഞ വിലക്ക് അതിനെ വിൽപ്പന നടത്താൻ വേണ്ടി ഇത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവർക്ക് നാശം. അവർ തങ്ങളുടെ കരങ്ങൾ കൊണ്ട് എഴുതിയുണ്ടാക്കിയതിലും അവർ സമ്പാദിച്ചതിലും അവർക്ക് നാശം.” (സൂറത്ത് അൻആം 93). 

തന്റെ ഗ്രന്ഥത്തിന്റെ അപദാനങ്ങൾ വർണിച്ച ശേഷം ഇതിന് അല്ലാഹു നൽകിയ സ്ഥാനപ്പേരുകളും ഉണ്ടെന്ന് തട്ടി വിടാൻ ഈ ധിക്കാരിക്ക് യാതൊരു ലജ്ജയുമുണ്ടായില്ല. 

തന്റെ ഗുരുവിനെപ്പോലെ തനിക്ക് ദിവ്യത്വവും നുബുവ്വത്തുമുണ്ടെന്ന് വ്യംഗ്യമായി പ്രഖ്യാപിക്കുന്ന റൂമിയെ മസ്‌നവിയുടെ അറബി ആമുഖ ലേഖനത്തിൽനമുക്ക് ദർശിക്കാം. ശംസെ തബ്‌രീസിന്റെ ശിഷ്യൻ ഉലൂഹിയ്യത്തും നുബുവ്വത്തും വാദിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ! 

ഒരിക്കൽ തന്റെ ഗുരുവും സ്‌നേഹഭാജനവുമായ ശംസിനെ തന്റെ ശിഷ്യരിൽ ഒരാൾ അങ്ങാടിയിൽ വെച്ച് കണ്ടുമുട്ടി. സന്തോഷാധിക്യത്താൽ സമനില തെറ്റിയ അയാൾ ”അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന ശംസുദ്ദീൻ തബ്‌രീസി റസൂലുല്ലാഹ്” എന്ന് ആർത്ത് വിളിച്ചുകൊണ്ട് അയാളുടെ മുന്നിൽ നമിച്ചു. (മനാക്വിബുൽ ആരിഫീൻ അൽ അഫ്‌ലാക്കി 2/70). 

ഇതുകേട്ട് ബഹളം വെച്ച വിശ്വാസികളെ സമാധാനിപ്പിച്ച ശംസെ തബ്‌രീസ്, തന്റെ ശിഷ്യനെ കൂട്ടിക്കൊണ്ടുപോയി സ്വകാര്യമായി ഉപദേശിച്ചുവത്രെ. എന്റെ പേര് മുഹമ്മദ് എന്നാണല്ലോ? അതുകൊണ്ട് ”അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്” എന്നുതന്നെ പറഞ്ഞാൽ മതി. കാരണം, ഈ ആളുകൾക്ക് മുദ്രയില്ലാത്ത സ്വർണനാണയം തിരിച്ചറിയാൻ കഴിയില്ല.”

എന്നാൽ, തലച്ചോറ് ശൈഖിന് പണയം വെച്ച മുരീദുകൾക്ക് ഇതിനെല്ലാം ന്യായീകരണമുണ്ട്. സൂഫികളുടെ പ്രയോഗങ്ങൾ ബാഹ്യാർത്ഥത്തിൽ എടുക്കരുത്, അവരുടെ വാക്കുകളുടെ പൊരുളുകൾ ബാഹ്യജ്ഞാനങ്ങളുടെ (ശരീഅത്തിന്റെ) ആളുകൾക്ക് മനസ്സിലാകില്ല, വഹ്‌യ് നിലച്ചാലും ഇൽഹാം നിലക്കില്ല, കശ്ഫുകളുടെ അടിസ്ഥാനത്തിലാണ് ഇവർസംസാരിക്കുന്നത്…..എന്നിങ്ങനെ പോകുന്നു മതത്തിൽ നിന്ന് പുറത്ത് പോകാനിടയാക്കുന്നതും ശരീഅത്തിന് നിരക്കാത്തതുമായ തങ്ങളുടെ ശൈഖുമാരുടെ പൈശാചികവൃത്തികൾക്ക് ന്യായീകരണം ചമക്കാനുള്ള കുഞ്ഞാടുകളുടെ കണ്ടുപിടുത്തങ്ങൾ. 

മസ്‌നവിയുടെ ആമുഖത്തിൽ പറഞ്ഞ മേൽ സൂചിപ്പിച്ച പരാമർശം ബോധപൂർവ്വം പറഞ്ഞതാണെന്നും ആലങ്കാരിക പ്രയോഗമല്ലെന്നും റൂമീ ഭക്തർ തന്നെ പലപ്പോഴും തുറന്ന് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ഒരു റൂമീ ഭക്തനായിരുന്ന ഫരീദ് കാം റൂമിയെക്കുറിച്ച് പറഞ്ഞത് നോക്കുക. 

”അല്ലാഹുവിന്റെ ഹേ സൂര്യൻ നമ്മുടെ മൗലാനാ

മൗലാനയിലേക്ക് ഹൃദയപൂർവ്വം ചേരുക

പ്രണയവഴിയിൽ തന്നെ വഴികാട്ടിയായി സ്വീകരിക്കുക

അഞ്ചാമത്തെ യഥാർത്ഥ ഗ്രന്ഥം (?) മൗലാനയുടേതത്രെ.”

”ഹാലിന്റെ ആളുകളുടെയടുത്ത് താങ്കളുടെ മസ്‌നവി ദൈവവചനമാണ്, താങ്കളുടെ അമാനുഷിക ശക്തി കൊണ്ട നിങ്ങൾ ക്വുർആനിനെ ഒതുക്കിക്കളഞ്ഞിരിക്കുന്നു, മൗലനയുടെ മുഴുവൻ വചനങ്ങളും അല്ലാഹുവിൽ നിന്നുള്ള ഇൽഹാമുകളാണ്, മസ്‌നവി അവന്റെ ഏറ്റവും വ്യക്തമായ ആയത്തുകളത്രെ” എന്നാണ് താഹിർ മൗലവി എന്ന ഭക്തന്റെ പ്രസ്താവന!!

”മൗലാനയുടെ മസ്‌നവി അല്ലാഹുവിന്റെ അഞ്ചാമത്തെ വേദഗ്രന്ഥമാണ്, ജിബ്‌രീൽ അദ്ദേഹത്തിന്റെ തൂലികയാണ്” എന്നാണ് മറ്റൊരു ഭക്തൻ കമാൽ അദീബ് ഓഗലോ പറയുന്നത്. അഥവാ തൗറാത്ത്, സബൂർ, ഇഞ്ചീൽ, ക്വുർആൻ എന്നീ വേദഗ്രന്ഥങ്ങൾക്ക് ശേഷം അല്ലാഹുവിൽ നിന്ന് അവതരിച്ച അഞ്ചാമത്തെ ഗ്രന്ഥമാണ് മസ്‌നവി എന്നാണ് മൗലാനയുടെ ഭക്തർ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇത് മൗലവിയ്യ ത്വരീക്വത്തുകാരുടെ മാത്രം വാദമല്ല. നഖ്ശബന്തീ ത്വരീക്വത്തിന്റെ ആചാര്യനായിരുന്ന മുല്ലാ ജാമി പറയുന്നത്, റൂമി പ്രവാചകനല്ലെങ്കിലും വേദഗ്രന്ഥം ലഭിച്ചവനാണ് എന്നാണ്. ക്വുർആനും മസ്‌നവിയും യാതൊരു വ്യത്യാസവുമില്ലെന്ന് സമർത്ഥിക്കാൻ ശാഹ് അബ്ദുർറഹ്മാൻ ലക്‌നവി പത്ത് തെളിവുകൾ അവതരിപ്പിച്ചിട്ടുണ്ട്. റൂമിയുടെ ഔദ്യോഗിക ചരിത്രകാരൻ അഫ്‌ലാകി പറയുന്നു. ”മസ്‌നവിയുടെ എല്ലാ ഭാഗങ്ങളും മഹത്വത്തിൽ ഒരുപോലെയാണോ എന്നും അത് എഴുതി വെക്കുന്നതിനെക്കുറിച്ചും ഹൃദ്യസ്ഥമാക്കുന്നതിനെപ്പറ്റിയും ചോദിച്ചപ്പോൾ മൗലാന മറുപടി പറഞ്ഞത്, മസ്‌നവിയുടെ രണ്ടാം ഭാഗത്തിന് ഒന്നാം ഭാഗത്തെ അപേക്ഷിച്ച് ഒന്നാമത്തെ ആകാശത്തേക്കാൾ രണ്ടാമത്തെ ആകാശത്തിന് ഉള്ള മഹത്വമുണ്ടെന്നും, അതിന്റെ മൂന്നും നാലും അഞ്ചും ആറും ഭാഗങ്ങൾക്ക് മൂന്നും നാലും അഞ്ചും ആറും ആകാശങ്ങൾ തമ്മിലുള്ള അന്തരമുണ്ടെന്നും, ജബറൂത്തിന്റെ ലോകവും മലകൂത്തിന്റെ ലോകവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയില്ലേ എന്നുമായിരുന്നു മൗലാനയുടെ മറുപടി.” (മനാക്വിബുൽ ആരിഫീൻ 1/686). 

”ഏറ്റവും മഹത്വമേറിയ” അഞ്ചാം ഭാഗത്തിലാണ് കാമസൂത്രത്തെ വെല്ലുന്ന രതിവർണനകൾ അധികവുമുള്ളത്! ഇത് പാശ്ചാത്യരുടെ ‘പുണ്യ’ ഗ്രന്ഥമാകുവാൻ വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതുണ്ടോ? സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ യാതൊരു വ്യത്യാസവും കൽപ്പിക്കാത്ത അദൈ്വതവാദികളായിരുന്നു റൂമിയും കൂട്ടരും. പ്രപഞ്ചത്തിൽ കാണുന്നതെല്ലാം സ്രഷ്ടാവിന്റെ വ്യത്യസ്ത ഭാവങ്ങളാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. വിഗ്രഹങ്ങളിലും പ്രതിഷ്ഠകളിലും വരെ അല്ലാഹുവിന്റെ ‘തജല്ലി’ അവർ ദർശിച്ചു. ഇസ്‌ലാമും വിഗ്രഹാരാധനയിൽ അധിഷ്ഠിതമായ മറ്റു മതങ്ങളും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലെന്ന് അവർ സിദ്ധാന്തിച്ചു.

റൂമി പറയുന്നത് കാണുക: ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നത് സാധാരണ ജനങ്ങളുടെ (ശരീഅത്ത് അംഗീകരിച്ചവരുടെ) സാക്ഷ്യമാണെങ്കിൽ, അല്ലാഹുവല്ലാതെ ഒന്നുമില്ലെന്നതാണ് സവിശേഷ വിഭാഗത്തിന്റെ (ഹക്വീക്വത്ത് വാദികൾ) സത്യസാക്ഷ്യം.” (ഫീഹി മാ ഫീഹി). 

സത്യവിശ്വാസികളിൽ പെട്ടവരല്ലെങ്കിലും തന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നവരുടെ മുമ്പിൽ മൗലാനയും നമിക്കാറുണ്ടായിരുന്നു. ഒരിക്കൽ അർമേനിയക്കാരനായ ഒരു കശാപ്പുകാരൻ ഏഴ് പ്രാവശ്യം മൗലാനയെ നമിച്ചു. മൗലാന അയാളുടെ മുമ്പിലും നമിച്ചു. (മനാക്വിബുൽ ആരിഫീൻ 1/330). 

നൂറ് വർഷം ജീവിച്ച ഒരു സത്യനിഷേധിയെ താൻ ചീത്ത വിളിച്ചാൽ അയാൾ വിശ്വാസിയായി മാറുമെന്നും ഒരു വിശ്വാസിയെ താൻ തെറി വിളിച്ചാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുന്ന വലിയ്യാകുമെന്നും തന്റെ ഗുരു ശംസെ തബ്‌രീസിനെ ഉദ്ധരിച്ച് കൊണ്ട് മൗലാന പറയുന്നത് കാണാം. (മനാക്വിബുൽ ആരിഫീൻ 2/261). 

ഇതേ ശംസെ തബ്‌രീസിനെയാണ് റൂമി തന്റെ ഇലാഹ് എന്ന് വാഴ്ത്തിപ്പറഞ്ഞത്. അശ്അരീ ദൈവശാസ്ത്ര വിശാരദനായിരുന്ന സഅ്ദുദ്ദീൻ തഫ്താസാനി പറയുന്നത് കാണുക: ”ജലാലുദ്ദീൻ റൂമി അദൈ്വതവാദിയായിരുന്ന ശംസ് തബ്‌രീസിനെ ഇലാഹായി സ്വീകരിച്ചു. അയാൾ പറഞ്ഞു: ”എന്റെ സൂര്യൻ, എന്റെ ഇലാഹേ, എന്റെ ജീവിതവും അസ്തിത്വവും താങ്കളിൽ നിന്നാണ്. എന്നോടുള്ള ബാധ്യത നിർവഹിച്ച (എനിക്ക് അദൈ്വതം പഠിപ്പിച്ച) എന്റെ സത്യമേ! താങ്കളും മറ്റെല്ലാ വസ്തുക്കളും ഇലാഹാണെന്ന് എന്നെ പഠിപ്പിച്ചത് താങ്കളാണ്. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ പ്രവാചകൻമാരുടെ അനുയായികളായ ഇമാമുമാരും പണ്ഡിതൻമാരും പൊതുജനങ്ങളും ബുദ്ധിജീവികളുമെല്ലാം വിശ്വസിക്കുന്നത് പോലെ, ബുദ്ധിയും യുക്തിയും തേടുന്നത് പോലെ, വേദ ഗ്രന്ഥങ്ങൾ സിദ്ധാന്തിച്ചത് പോലെ, എല്ലാ ദൂതൻമാരും ഏകോപിച്ച് അഭിപ്രായപ്പെട്ടത് പോലെ ഞാനും അല്ലാഹുവിന്റെ സൃഷ്ടികളുടെ സ്വത്വത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൃഷ്ടികളെ സൃഷ്ടിച്ച വസ്തുക്കളെ പടച്ചവനായി ഗണിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഞാൻ സ്രഷ്ടാവിൽ ലയിച്ചവരിലും (വാസിൽ) അഗാധജ്ഞാനികളിലും പെടാതെ അബദ്ധം പിണഞ്ഞ ഭീരുക്കളിൽ ഉൾപ്പെടുമായിരുന്നു. ഇതുപോലുള്ള വ്യക്തമായ വഴികേട് സ്വീകരിച്ചവരും ശപിക്കപ്പെട്ട വ്യർഥമാർഗ്ഗം പുണർന്നവരും ആകാശഭൂമിയിലുള്ള മുഴുവൻ പേരും ചെയ്യുന്നത്ര ആരാധനകൾ ചെയ്താലും അസാധാരണ കൃത്യങ്ങൾ നടത്തിയാലും ഏറ്റവും വഴിപിഴച്ച സത്യനിഷേധിയും ഏറ്റവും വലിയ പരാജിതനുമാണെന്ന കാര്യം പണ്ഡിതൻമാർക്കെന്നല്ല, ഏത് സാധാരണ മുസ്‌ലിമിനും ബോധ്യപ്പെടുന്ന കാര്യമാണ്.” (അർറദ്ദു അലാ അഹ്‌ലി വഹ്ദത്തിൽ വുജൂദ്). 

നൃത്തവും സംഗീതവും ഉപയോഗിച്ച് കൊണ്ടുള്ള ആരാധനകൾനമസ്‌കാരവും നോമ്പും പോലെ നിർബന്ധ ബാധ്യതയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു ഇയാൾ. 

അഫ്‌ലാകി പറയുന്നത് കാണുക: ”മൗലാനയുടെ സവിധത്തിൽ വെച്ച് മുരീദുകൾ കമ്പി വീണ മീട്ടുമായിരുന്നു. മൗലാന സാരംഗിയുടെ രാഗത്തിൽ ലയിച്ചിരിക്കെ ഒരാൾ വന്ന്, മുഅദ്ദിൻ ബാങ്ക് വിളി ആരംഭിച്ചതായി അറിയിച്ചു. ഇതുകേട്ട് അൽപ്പനേരം ആലോചനയിലാണ്ട് അദ്ദേഹം പറഞ്ഞു: വേണ്ട, ആ ശബ്ദം (ബാങ്ക്) സത്യത്തിലേക്ക് ക്ഷണിക്കുന്നത് പോലെ ഇതും (സാരംഗി) സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്. അത് മനുഷ്യന്റെ ബാഹ്യാവയവങ്ങളെയും ദൃശ്യമായതിനെയും അതിന്റെ കടമ നിർവഹിക്കാൻ ക്ഷണിക്കുന്നുവെങ്കിൽ, ഈ വീണ അവന്റെ അദൃശ്യമായ ആന്തരികാവസ്ഥയെ നന്നാക്കുകയും സത്യത്തെ അറിയാനും സ്‌നേഹിക്കാനുമാണ് ക്ഷണിക്കുന്നത്.” (മനാക്വിബുൽ ആരിഫീൻ 1/613). 

ശംസെ തബ്‌രീസ് തന്റെ ശിഷ്യനെക്കുറിച്ച് ഇങ്ങനെ പറയാറുണ്ടായിരുന്നു: ”റസൂലിനെ കാണാൻ ആഗ്രഹിക്കുന്നവർ മൗലാനയെ ദർശിക്കുക. അദ്ദേഹത്തിന്റെ അവസ്ഥകളും ചലനങ്ങളും റസൂലിന്റേതാണ്. ഇപ്പോൾ സ്വർഗ്ഗപ്രാപ്തി മൗലാനയുടെ തൃപ്തി നേടുന്നതിലും നരകലബ്ധി അദ്ദേഹത്തിന്റെ അനിഷ്ടം സമ്പാദിക്കുന്നതിലുമാണ്. സ്വർഗ്ഗത്തിന്റെ താക്കോൽ മൗലാനയാണ്.” (മനാക്വിബുൽ ആരിഫീൻ 1/442). 

തിരുനബിയുടെ പേരിൽ സത്യനിഷേധം വെച്ചുകെട്ടാൻ പോലും ഇയാൾക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. അയാൾ ചമച്ച ഒരു ‘ഹദീഥ്’ ഇങ്ങനെ: ”എന്റെ ഉമ്മത്തിൽ തന്റെ നിശ്ചയദാർഢ്യവും സത്തയുമുള്ള വ്യക്തികളുണ്ട്. ഞാൻ അവരെ ദർശിക്കുന്ന പ്രകാശം കൊണ്ട് അവർ എന്നെ ദർശിക്കുന്നതാണ്.” (മസ്‌നവി 1/495). 

സർവ്വമത സത്യവാദവും അദൈ്വതവാദവും അരക്കിട്ടുറപ്പിക്കുന്ന തന്റെ വീക്ഷണങ്ങൾ മറ്റൊരിടത്ത് ഇങ്ങനെ പ്രഖ്യാപിക്കുന്നത് കാണാം: 

”എന്റെ ആത്മാവേ!

വെട്ടിത്തിളങ്ങുന്ന പ്രകാശമേ, 

എന്നെ വിട്ടു പോകാതിരുന്നാലും!

എന്റെ പ്രിയനേ! ജ്വലിക്കുന്ന താരമേ!

എന്നെ വിട്ട് പോകാതിരുന്നാലും. 

ഞാൻ തലയിൽ വെച്ച തലപ്പാവ് നോക്കുക!

ഞാൻ അരയിൽ കെട്ടിയ മജൂസിയുടെ അരപ്പട്ട നോക്കുക!

ഞാൻ അരപ്പട്ടയും കമണ്ഡലുവും ചുമക്കുന്നു. 

അല്ലാ, ഞാൻ പ്രകാശം വഹിക്കുന്നു. 

എന്നെ വിട്ട പോകാതിരുന്നാലും. 

മുസ്‌ലിമാണ് ഞാൻ, എന്നാൽ നസ്രാണിയും

ബ്രാഹ്മണനും മജൂസിയുമാണ്. 

അത്യുന്നത സത്യമേ! ഞാൻ നിന്നിൽ അർപ്പിക്കുന്നു.

എന്നെ വിട്ട് പോകാതിരിക്കുക. 

എനിക്ക് ഒരേയൊരു പ്രാർത്ഥനാലയം മാത്രമാണുള്ളത്. 

അത് മസ്ജിദാകട്ടെ, ക്ഷേത്രമാകട്ടെ, ചർച്ചാകട്ടെ.” (സൂഫിസം ഉൽഭവും ചരിത്രവും: നിക്കൾസൺ 95). 

മറ്റൊരിടത്ത് റൂമി തന്റെ വിശ്വാസം എന്താണെന്ന് വ്യക്തമാക്കുന്നത് കാണുക:

”മുസ്‌ലിംകളേ! എന്താണ് ഭാഗധേയം എന്നറിയിക്കുക.

ഞാനാരാണെന്നറിയില്ല.

നസ്രാണിയോ യഹൂദിയോ മജൂസിയോ മുസ്‌ലിമോ അല്ല ഞാൻ. 

ഞാൻ പൗരസ്ത്യനോ പാശ്ചാത്യനോ അല്ല. 

മഹോന്നതനോ അധമനോ അല്ല. 

ഞാൻ പ്രകൃതിയുടെ ചേരുവകളിൽ പെട്ടതല്ല. 

കറങ്ങുന്ന ചക്രവാളത്തിൽ നിന്നുമല്ല. 

ഇന്ത്യക്കാരനോ ചൈനക്കാരനോ അല്ല. 

ബൾഗേറിയക്കാരനോ സിസിലിയനോ അല്ല. 

ഇറാക്വിയോ ഖുറാസാൻകാരനോ അല്ല. 

അടയാളമില്ലായ്മയാണ് എന്റെ അടയാളം.

അസ്ഥിരതയാണ് എന്റെ ഇടം. 

ഞാൻ ദേഹിയോ ദേഹമോ അല്ല.” (ഇസ്‌ലാമിക സൂഫിസത്തിന്റെ ചരിത്രം-ബദവി 29). 

റൂമിയുടെ സേവകരിൽ പെട്ട ഒരു ക്രിസ്ത്യാനിയോട് തന്റെ ത്വരീക്വത്തിൽ പെട്ടവർ, ഇസ്‌ലാമാണ് ഉത്തമമായ മതമെന്ന് അറിഞ്ഞിട്ടും നിങ്ങൾഎന്താണ് ഇസ്‌ലാം സ്വീകരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ, ഞാൻ അമ്പത് വർഷമായി ഈസയുടെ മതത്തിലാണ്, ഞാൻ അതിൽ നിന്ന് മാറുന്നത് ഭയക്കുകയും എനിക്ക് അദ്ദേഹത്തോട് എന്തുപറയുമെന്ന് ലജ്ജ തോന്നുകയും ചെയ്യുന്നു എന്ന് പ്രതികരിച്ചു. ഇതുകേട്ട റൂമി ഇങ്ങനെ പ്രതികരിച്ചു: ”വിശ്വാസത്തിന്റെ രഹസ്യം ഭയമാണ്. ഏതൊരാൾ അല്ലാഹുവിനെ ഭയക്കുന്നുവോ, അവൻ വിശ്വാസമുള്ളവനാണ്. ക്രൈസ്തവനാണെങ്കിലും.” (മനാക്വിബുൽ ആരിഫീൻ 1/707). 

ഫിർഔനെക്കുറിച്ചുള്ള റൂമിയുടെ നിലപാട് നോക്കുക: ”ഫിർഔൻ പൂർണ്ണമായും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് തടയപ്പെടുമെന്ന ഭാവം ശരിയല്ല. ചിലപ്പോൾ, അല്ലാഹുവിന് അദ്ദേഹത്തെ സംബന്ധിച്ച് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടാകാം. അഥവാ, താൻ ശപിക്കപ്പെട്ടതിന് പിന്നിൽ നൻമ ഉണ്ടാവാം. കാരണം, രാജാധിപത്യത്തിന്റെ അനിവാര്യതകളാണല്ലോ പാരുഷ്യവും ലാളനയും തടവറയും വിടുതിയുമെല്ലാം. സ്‌നേഹത്തിന്റെ ആളുകൾ (സൂഫികൾ) ഫിർഔൻ അല്ലാഹുവിന്റെ പരിഗണന അർഹിക്കാത്തവനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ, ബാഹ്യാർത്ഥവാദികൾ (ശരീഅത്തിന്റെ ആളുകൾ) അദ്ദേഹം പൂർണ്ണമായും അനുഗ്രഹം തടയപ്പെട്ടവനാണെന്ന കരുതുന്നു.” (ഫീഹി മാ ഫീഹി 151). 

റൂമിയുടെ രതിനിർവേദത്തിൽ നിന്ന് 

വായാടിയായ ഒരു പ്രഭാഷകൻ മിമ്പറിൽ കയറി പ്രഭാഷണമാരംഭിച്ചു. സ്ത്രീകളും കുട്ടികളും പുരുഷൻമാരും മിമ്പറിന് ചുറ്റും തടിച്ച് കൂടി. ജൂഹ തലയും മുഖവും മൂടി സ്ത്രീകൾക്കൊപ്പമിരുന്നു. ആ സ്ത്രീ പ്രഭാഷകനോട് ഒരു ചോദ്യം ചോദിച്ചു: 

”നമസ്‌കരിക്കുന്നതിന് ഗുഹ്യരോമം തടസ്സമാണോ?”

”അത് വളരെയധികം വളർന്നിട്ടുണ്ടെങ്കിൽ കറാഹത്താണ്.” പ്രഭാഷകൻ പ്രതിവചിച്ചു: 

”നിന്റെ നമസ്‌കാരത്തിന് പൂർണത വേണമെങ്കിൽ കത്തി കൊണ്ടോ ബ്ലെയ്ഡ് കൊണ്ടോ അത് നീക്കുക.” പ്രഭാഷകൻ പറഞ്ഞു. 

”അത് എത്ര വളർന്നാലാണ് നമസ്‌കാരം സ്വീകാര്യമല്ലാതാകുക?” സ്ത്രീ ചോദിച്ചു.

”ഒരു ഗോതമ്പ് മണിയോളം നീണ്ടാൽ വടിക്കണം.” പ്രഭാഷകൻ പറഞ്ഞു.

അപ്പോൾ ജൂഹ അവളോട് പറഞ്ഞു: ”സഹോദരീ! എന്റെ രോമം അയാൾ പറഞ്ഞ അളവിൽ വളർന്നിട്ടുണ്ടോയെന്ന് നോക്കൂ.”

സ്ത്രീ ജൂഹയുടെ വസ്ത്രത്തിനകത്തേക്ക കൈ നീട്ടിയപ്പോൾഅയാളുടെ ജനനേന്ദ്രിയത്തിൽ തട്ടിയതും അട്ടഹസിച്ചതും ഒന്നിച്ചായിരുന്നു. എന്റെ പ്രഭാഷണം അവളുടെ മനസ്സിൽ തട്ടിയിരുന്നു എന്ന് പ്രഭാഷകൻപറഞ്ഞു. ഇത്‌കേട്ട്, അവളുടെ മനസ്സിലല്ല കൈയ്യിലാണ് തട്ടിയത് എന്ന് ജൂഹ പ്രതികരിച്ചു.” (പദ്യം 3425 വാള്യം 5). 

ഇതിലും നൂറിരട്ടി അറപ്പുളവാക്കുന്ന, അങ്ങേയറ്റം ലജ്ജാകരമായ ധാരാളം കഥകൾ നിറഞ്ഞ അശ്ലീല സാഹിത്യമാണ് മസ്‌നവി. ഈ വൃത്തികെട്ട രചനയെയാണ് ചില വിവരദോഷികൾപേർഷ്യനിലെ ക്വുർആൻ എന്ന് വിശേഷിപ്പിച്ചത്. ഹൈന്ദവ, ബൗദ്ധ, ഗ്രീക്ക്, പേർഷ്യൻ മിത്തോളജിയിൽ നിന്ന് കടമെടുത്തതും തന്റെ ഭാവനയിൽ കോർത്തുണ്ടാക്കിയ രസായന കഥകളാണ് കാവ്യശൈലിയിൽ റൂമി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ തകർക്കുവാൻ സൂഫി വേഷം കെട്ടിയ ബാത്വിനീ, മജൂസീ കൂട്ടുകെട്ടിന്റെ ഹീന സൃഷ്ടിയാണ് റൂമിയെന്ന് പറയാവുന്നതാണ്. താർത്താരികൾ ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കി ദമസ്‌കസിലെത്തിയപ്പോൾ റൂമി തന്റെ ദൂതൻമാരെ വിട്ടു. അവരിൽ നിന്ന പാരിതോഷികങ്ങൾ പറ്റിയും പണ്ഡിതൻമാരെ തെറി പറഞ്ഞും തന്റെ ഖാൻഖാഹുകളിൽ അധാർമ്മിക ജീവിതം നയിച്ചും കഴിയുകയായിരുന്നു റൂമി. 

‘മസ്‌നാത്ത്’ എന്ന അറബി വാക്ക് ‘മിശ്‌ന’ എന്ന ഹിബ്രു പദത്തിന്റെ അറബി പ്രയോഗമാണ്. ‘ആവർത്തിച്ച് വായിക്കപ്പെട്ടത്’ എന്നാണ് ഈ പദത്തിന് അർത്ഥം. യഹൂദികളുടെ വേദഗ്രന്ഥത്തിൽ കടത്തിക്കൂട്ടിയതാണല്ലോ മിശ്‌ന? റൂമിയുടെ മസ്‌നവിയോളം മുസ്‌ലിംകളെ വഴിപിഴപ്പിച്ച മറ്റൊരു ക്ഷുദ്രകൃതി നമുക്ക് കാണാൻ സാധിക്കില്ല. അതുകൊണ്ടാണല്ലോ പാശ്ചാത്യലോകം അത് ആഘോഷിക്കുന്നതും, കാരശ്ശേരിയും സി ഹംസയും നിത്യചൈതന്യയതിയും ജി ശങ്കരക്കുറുപ്പും മറ്റും മറ്റും അത് പരിഭാഷപ്പെടുത്താനും പ്രചരിപ്പിക്കാനും ജാതമതഭേദമന്യേ ധൃഷ്ടരാകുന്നതും? അല്ലാഹുവിൽ അഭയം!

MORE ON THIS TOPIC

Related Articles

ഇസ്ലാമിക ചരിത്രം തെറ്റും ശരിയും

ലബനൻഃ ഹസൻ നസ്റുല്ല. ഹിസ്ബുല്ലയുടെ തനിനിറം

സഅ്ലബ( റ)ഇബ്നു ഹാതിബ് സക്കാത് നിഷേധിച്ചു, എന്ന സംഭവം ഒരു നിരൂപണ പഠനം.

നോമ്പും ആധുനിക ചികിത്സാരീതികളും

ശീഇസം പ്രചരിപ്പിച്ച അത്യാചാരങ്ങൾ

COMMENTS

2 thoughts on “ജലാലുദ്ദീൻ റൂമി: വഴിയും വഴികേടും”

Leave a Comment

Your email address will not be published. Required fields are marked *