21/04/2025, (ഭാഗം 1)
ഉസ്താദ് ഡോ. അജ്മൽ മൻസൂർ മദനി
ഇന്ന് മുതൽ നാം വിശകലനം ചെയ്യാൻ പോകുന്നത് ഗസ്സയിലെ ജിഹാദിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ചാണ്. ഈ വിഷയത്തിൽ പലരും എഴുതുകയും വിവിധ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഇത് ഈ കാലഘട്ടത്തിലെ ഒരു വലിയ വിഷയമായതുകൊണ്ടും, മിക്കവാറും എല്ലാവരും ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതുകൊണ്ടും, ഈ വിഷയത്തിൽ ആര് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യത്തിൽ എല്ലാവരും സംശയത്തിലായതുകൊണ്ടും നമുക്കിത് ചർച്ച ചെയ്യാം. പലരും കരുതുന്നത്, നമുക്ക് അവിടെയെത്താനോ എന്തെങ്കിലും ചെയ്യാനോ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ പരലോകം നഷ്ടപ്പെടുമോ, നമ്മുടെ അവസ്ഥ എന്താകും എന്നൊക്കെയാണ്.
യഥാർത്ഥത്തിൽ, ഈ ദുനിയാവ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണശാലയാണ്. പരീക്ഷണങ്ങൾ എല്ലാ രൂപത്തിലും വരും. നബി ﷺ മക്കയിൽ നുബുവ്വത്തിന് ശേഷം 13 വർഷത്തോളം ജീവിച്ച ആ കാലഘട്ടം (മക്കീ ജീവിതം) നിങ്ങൾ പഠിക്കുക. അന്ന് നബി ﷺ യുടെയും സ്വഹാബത്തിന്റെയും അവസ്ഥ എന്തായിരുന്നു? അവർക്ക് അബിസീനിയയിലേക്ക് ഹിജ്റ പോകേണ്ടി വന്നു, പിന്നീട് മക്ക വിട്ട് മദീനയിലേക്ക് വരേണ്ടി വന്നു. ഏത് അവസ്ഥയിലാണ്, ഏത് സാഹചര്യത്തിലാണ് അവർ വന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം.
ഇനി ഗസ്സയിലെ വിഷയത്തിലേക്ക് വരാം. ആളുകൾ മനസ്സിലാക്കുന്നത് ഈ പോരാട്ടങ്ങളെല്ലാം ബൈത്തുൽ മഖ്ദിസിൻ്റെയോ മസ്ജിദുൽ അഖ്സയുടെയോ പേരിലാണെന്നാണ്. എന്നാൽ, ഈ ഫിത്നയും ഫസാദും നടക്കുന്ന, ഈ നാശനഷ്ടങ്ങളുണ്ടാകുന്ന ഗസ്സ എവിടെയാണ്? ജിഹാദിന്റെ പേരിലും, ഫലസ്തീന്റെ പേരിലും, മസ്ജിദുൽ അഖ്സയുടെ പേരിലും മുസ്ലിംകൾ കൊല്ലപ്പെടുന്ന, ശത്രുക്കൾക്ക് അവസരം നൽകുന്ന ഈ പ്രദേശം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? അത് ഈജിപ്തിൻ്റെ അതിർത്തിയോടു ചേർന്നാണ്. മസ്ജിദുൽ അഖ്സയാകട്ടെ, ജറുസലേം അഥവാ ബൈത്തുൽ മഖ്ദിസ് എന്ന് പറയുന്ന മറ്റൊരു നഗരത്തിലാണ്. അത് ഗസ്സയിൽ നിന്ന് ഒരുപാട് ദൂരെയാണ്.
യുദ്ധം ചെയ്യാനോ എന്തെങ്കിലും നടപടിയെടുക്കാനോ ആണെങ്കിൽ അത് ബൈത്തുൽ മഖ്ദിസിലല്ലേ ചെയ്യേണ്ടിയിരുന്നത്? അതാണ് ആദ്യത്തെ കാര്യം. മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന ബൈത്തുൽ മഖ്ദിസിൻ്റെ പൂർണ്ണ നിയന്ത്രണം ജൂതന്മാരുടെ കയ്യിലാണ്. അവിടെ ലോകത്തെ എല്ലാ സമൂഹത്തിൽപ്പെട്ട ആളുകളും താമസിക്കുന്നുണ്ട്. എന്നാൽ ഗസ്സയിലോ? അവിടെ മുസ്ലിംകൾ മാത്രമാണ് താമസിക്കുന്നത്. അതൊരു ഒറ്റപ്പെട്ട നഗരമാണ്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ഈജിപ്തുമാണ്. ബാക്കി മൂന്നു ഭാഗവും ഇസ്രായേൽ കയ്യേറിയ ഫലസ്തീൻ പ്രദേശമാണ്. അവർ അവിടെ വേലി കെട്ടിത്തിരിച്ചിരിക്കുകയാണ്. അപ്പോൾ അവിടെ യുദ്ധം ചെയ്യുന്നതിൻ്റെ ലക്ഷ്യമെന്താണ്? നാശവും തകർച്ചയുമല്ലാതെ മറ്റൊന്നുമല്ല.
അവർക്ക് ജിഹാദിനോടോ, യുദ്ധത്തോടോ, ബൈത്തുൽ മഖ്ദിസിനോടോ താൽപര്യമുണ്ടായിരുന്നെങ്കിൽ, അവർ പോകേണ്ടിയിരുന്നത് ജറുസലേമിലേക്കായിരുന്നു. അവിടെ ലോകത്തെ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. പല രാജ്യങ്ങൾക്കും അവിടെ കോൺസുലേറ്റുകളുണ്ട്. തുർക്കിയുടെ കോൺസുലേറ്റ് പോലുമുണ്ട്. അവിടെ മറ്റു രാജ്യങ്ങളുടെയും കോൺസുലേറ്റുകളുണ്ട്, ഇപ്പോൾ പല യൂറോപ്യൻ രാജ്യങ്ങളും അവിടെ തങ്ങളുടെ എംബസികൾ തുറന്നുകൊണ്ടിരിക്കുകയാണ്. 2017-ലോ 18-ലോ അമേരിക്കയും അവിടെ എംബസി തുറന്നു. നിങ്ങൾ അവിടെയാണ് യുദ്ധം ചെയ്തിരുന്നതെങ്കിൽ ലോകം മുഴുവൻ ശ്രദ്ധിക്കുമായിരുന്നു. അവിടെ ഇങ്ങനെ വിവേചനമില്ലാത്ത ഒരു ആക്രമണം നടത്താൻ ഇസ്രായേലിന് കഴിയുമായിരുന്നില്ല. കാരണം അവിടെ എല്ലാവരും താമസിക്കുന്നുണ്ട്. അപ്പോൾ മസ്ജിദുൽ അഖ്സയുള്ള നഗരത്തിൽ പോരാടാതെ, ഗസ്സയിൽ പോയി യുദ്ധം ചെയ്യുന്നതിലെന്താണ് പ്രയോജനം? ഇത് ഈജിപ്തിലോ ലബനാനിലോ യുദ്ധം ചെയ്യുന്നതുപോലെയാണ്. ആളുകൾ കരുതുന്നത് ഇത് മസ്ജിദുൽ അഖ്സയ്ക്ക് വേണ്ടിയാണെന്നാണ്, എന്നാൽ അവിടേക്ക് ആർക്കും എത്താൻ പോലും കഴിയില്ല.
ഇവിടെ ഈ യുദ്ധം തുടങ്ങിയ ഹമാസുകാരുടെ അവസ്ഥയെന്താണ്? അവരുടെ നിലയെന്താണ്? ഉദാഹരണത്തിന്, ഫിലിപ്പൈൻസിലെ മിൻഡനാവോ എന്ന പ്രദേശത്ത് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സായുധ സംഘമുണ്ട്. ഫിലിപ്പൈൻസ് ഗവൺമെന്റിനാണ് അവിടെ പൂർണ്ണ നിയന്ത്രണം. അവിടെയിരുന്ന് ഒരു സായുധ സംഘം രാജ്യത്തിനെതിരെ യുദ്ധം തുടങ്ങിയാൽ അവരുടെ അവസ്ഥ എന്തായിരിക്കും? ഒരു വലിയ സൈന്യവും, ലോകശക്തികളുടെ പിന്തുണയുമുള്ള ഒരു രാജ്യത്തിന് മുന്നിൽ അവർക്ക് എന്ത് സ്ഥാനമാണുള്ളത്? അവരുടെ ലക്ഷ്യമെന്തായിരിക്കും?* ഒരുപക്ഷേ ലോകശ്രദ്ധ പിടിച്ചുപറ്റുക, അല്ലെങ്കിൽ സ്വന്തം പ്രദേശത്തുള്ളവരെ കൊല്ലിക്കുക എന്നതല്ലാതെ മറ്റെന്താണ് ലക്ഷ്യം?*
ഇവർ ഒക്ടോബർ 7-ന് നടത്തിയ ആക്രമണത്തിന് മുൻപ് അവിടെ ഇസ്രായേലി സൈന്യം ഉണ്ടായിരുന്നില്ല. ‘വരൂ കാളേ, എന്നെ കുത്തൂ’ എന്ന് പറഞ്ഞ് കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുന്ന വിഡ്ഢിത്തമാണിത്. നിങ്ങളുടെ കയ്യിൽ എന്ത് ശക്തിയാണുള്ളത്? നിങ്ങൾ അവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അവിടേക്ക് പുറത്തുനിന്ന് ആർക്കും വരാൻ കഴിയില്ല. എല്ലാ വഴികളും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ആകാശമാർഗ്ഗവും, കടൽമാർഗ്ഗവും, കരമാർഗ്ഗവും അവരുടെ നിയന്ത്രണത്തിലാണ്. *അവർക്ക് യുദ്ധസാമഗ്രികൾ എവിടെ നിന്നാണ് ലഭിക്കുന്നത്? ഇതിനെക്കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല, ആർക്കും അറിയുകയുമില്ല. അൽ ജസീറ പോലുള്ള *മാധ്യമങ്ങൾ കാണിക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് പോലെയാണ്. അവർ ആക്രമിച്ചു, ഇവർ തിരിച്ചടിച്ചു എന്നൊക്കെ. എന്നാൽ യാഥാർത്ഥ്യം അതല്ല.
ഇസ്രായേൽ വിചാരിച്ചാൽ എല്ലാ വഴികളും അടച്ച് അവരെ പട്ടിണിക്കിട്ടു കൊല്ലാനാകും. അവർക്ക് വെള്ളം പോലും കിട്ടില്ല. ഭക്ഷണസാധനങ്ങൾ പോലും ലഭിക്കില്ല. റേഷനിൽ കുറവ് വരുമ്പോൾ ഗസ്സക്കാർ പ്രതിഷേധിക്കാറുണ്ട്. ഈ ഭക്ഷണസാധനങ്ങളെല്ലാം ആരുടെ വഴിയിലൂടെയാണ് പോകുന്നത്? ഇസ്രായേലിന്റെ വഴിയിലൂടെ. അപ്പോൾ എല്ലാ കാര്യങ്ങളും അവരുടെ നിയന്ത്രണത്തിലായിരിക്കെ, ഭക്ഷണസാധനങ്ങൾ പോലും അവർ നൽകുമ്പോൾ, ഈ യുദ്ധം എങ്ങനെയാണ് നടക്കുന്നത്?
ഗസ്സയുടെ ഹൃദയഭാഗത്തുള്ള ദയറുൽ ബലാ എന്ന സ്ഥലത്താണ് ഹമാസുകാരുടെ കേന്ദ്രം. അവർക്ക് ഈ ആയുധങ്ങളെല്ലാം എവിടെ നിന്ന് വരുന്നു? ഇറാൻ സഹായിക്കുന്നുണ്ടെന്ന് അവർ തുറന്നു സമ്മതിക്കുന്നു, ഈ പണവും, ആയുധങ്ങളും, വാഹനങ്ങളുമെല്ലാം എങ്ങനെയാണ് അവിടേക്ക് എത്തുന്നത്? എല്ലാം ഇസ്രായേലിന്റെ വഴിയിലൂടെയാണ് പോകുന്നത്. ഫലസ്തീൻ എന്നത് ഇപ്പോഴും ഒരു രാജ്യമല്ല. അത് പൂർണ്ണമായും ഇസ്രായേലിന്റെ കയ്യേറ്റത്തിന് കീഴിലാണ്. അതുകൊണ്ടാണ് അതിനെ ‘കയ്യേറപ്പെട്ട ഫലസ്തീൻ’ എന്ന് പറയുന്നത്. ബൈത്തുൽ മഖ്ദിസ് അടക്കം എല്ലാം അവരുടെ നിയന്ത്രണത്തിലാണ്.* ലോകരാജ്യങ്ങളുടെ സമ്മർദ്ദം കാരണം ഫലസ്തീനികൾക്ക് ഒരു അതോറിറ്റി നൽകിയിട്ടുണ്ട്, അവർക്ക് സ്വന്തം കാര്യങ്ങൾ നോക്കിനടത്താൻ. *എന്നാൽ അത് പോലീസ് വകുപ്പിന്റെ അധികാരത്തിൽ ഒതുങ്ങുന്നു. വലിയ സുരക്ഷാ സേനയൊന്നും അവർക്കില്ല. ഗസ്സയിലായാലും വെസ്റ്റ് ബാങ്കിലായാലും എല്ലായിടത്തും ഇസ്രായേലിന്റെ സുരക്ഷാ സേനയുണ്ട്. അപ്പോൾ അവിടെയിരുന്ന് ചിലർ ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥമെന്താണ്?
ഇസ്രായേൽ തന്നെ ഫലസ്തീനികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും, ആക്രമണങ്ങൾ നടത്താനും, കൊലപാതകങ്ങൾ തുടരാനും വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു സംവിധാനമാണിത്. കാരണം അവർക്ക് മനുഷ്യന്റെ ജീവന് ഒരു വിലയുമില്ല. അവർ മറ്റുള്ളവരെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. അവർക്ക് ശക്തി ലഭിച്ചാൽ എന്തും ചെയ്യും. അപ്പോൾ, ഇസ്രായേലിന്റെ പിന്തുണയില്ലാതെ ഹമാസിന് അവിടെ എന്ത് ചെയ്യാൻ കഴിയും?
ഇതിനെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. ഫലസ്തീനിലെ ഒരു പണ്ഡിതൻ തന്നെ ‘ഹഖീഖത്തുൽ ജിഹാദ് ഫീ ഫലസ്തീൻ വ മൗഖിഫുൽ മുസ്ലിം മിൻഹു’ (ഫലസ്തീനിലെ ജിഹാദിന്റെ യാഥാർത്ഥ്യവും അതിൽ മുസ്ലിമിന്റെ നിലപാടും) എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സാദ് ബിൻ തഖി ബിൻ സഈദ് അൽ ജാഫരി എന്ന അദ്ദേഹം മദീന യൂണിവേഴ്സിറ്റിയിൽ പഠിച്ച, ഗസ്സക്കാരനായ ഒരു പണ്ഡിതനാണ്. ജിഹാദിന്റെ പേരിൽ ഫലസ്തീനിൽ പല സംഘടനകളുണ്ടാക്കി അവിടം ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം അതിൽ പറയുന്നു. അവിടെ നിരീശ്വരവാദികളുടെ സംഘടനകൾ പോലുമുണ്ട്, അവരും സ്വാതന്ത്ര്യത്തിന്റെ പേരിൽ യുദ്ധം ചെയ്യുന്നു. ചിലർ റഷ്യയിൽ നിന്നും, ചിലർ യൂറോപ്പിൽ നിന്നും, മറ്റുചിലർ അറബ് രാജ്യങ്ങളിൽ നിന്നും പണം പിരിക്കുന്നു. ഓരോരുത്തർക്കും അവരവരുടേതായ സഹായികളുണ്ട്.
ഇസ്രായേൽ സമാധാനം ആഗ്രഹിക്കുന്നില്ല. കാരണം സമാധാനമുണ്ടായാൽ അവർക്ക് പല പ്രദേശങ്ങളിൽ നിന്നും പിന്മാറേണ്ടി വരും. *അതുകൊണ്ട് ഈ ഫിത്ന തുടരാനായി അവർ തങ്ങളുടെ ഏജന്റുമാരെ ഉപയോഗിക്കുന്നു. എന്നിട്ട് പലരും ചോദിക്കും, എന്തുകൊണ്ടാണ് സലഫികൾ ഈ വിഷയത്തിൽ സംസാരിക്കാത്തതെന്ന്. ഹമാസിനെതിരെ സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞ് അവർ ഞങ്ങളെ ആക്ഷേപിക്കും. ഇത് വിഡ്ഢിത്തമാണ്. സലഫികളോട് വെറുപ്പുള്ളതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്. *ദീനിനെക്കുറിച്ച്, പ്രത്യേകിച്ച് ജിഹാദിനെക്കുറിച്ച് സലഫികളേക്കാൾ നന്നായി ആർക്കാണ് അറിയുക?
ദീൻ എന്നത് വികാരത്തിന്റെയോ തത്വങ്ങളില്ലായ്മയുടെയോ പേരല്ല. ശറഇയ്യായ ജിഹാദിന് അതിൻ്റേതായ നിയമങ്ങളും തത്വങ്ങളുമുണ്ട്. ഞാൻ മുൻപ് സൂചിപ്പിച്ച ഫലസ്തീനി പണ്ഡിതൻ തൻ്റെ പുസ്തകത്തിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇൻഷാ അല്ലാഹ്, അതിലെ വിവരങ്ങൾ പിന്നീട് വിശദമായി വരുന്നതാണ്. സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനോ, കൊല്ലപ്പെടുന്നതിനോ അല്ല ജിഹാദ് എന്ന് പറയുന്നത്. *മക്കയിൽ നബി ﷺ തന്നെയും തൻ്റെ അനുയായികളെയും സംരക്ഷിച്ചു. *മുസ്ലിംകളെ സംരക്ഷിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. ഇസ്ലാമിൻ്റെ ഔന്നത്യവും മുസ്ലിംകളുടെ ജീവന്റെ സംരക്ഷണവുമാണ് ജിഹാദിലെ പ്രധാന കാര്യം.
അല്ലാഹുവിൻ്റെ റസൂൽ ﷺ മദീനയിൽ കിടങ്ങ് (ഖൻദഖ്) കുഴിച്ചതെന്തിനാണ്? ജനങ്ങളെ സംരക്ഷിക്കാൻ. എന്നിട്ട് അതിർത്തിയിൽ പോയി ശത്രുക്കളോട് യുദ്ധം ചെയ്തു. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും കോട്ടകളിൽ സുരക്ഷിതരാക്കി. എന്നിട്ടാണ് മുന്നിൽ പോയി യുദ്ധം ചെയ്തത്. ഉഹ്ദ് യുദ്ധത്തിലും, ശത്രുക്കൾ ആക്രമിച്ചപ്പോൾ, നഗരത്തിലെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി പുറത്തുപോയാണ് യുദ്ധം ചെയ്തത്. മുഅ്തത്ത് യുദ്ധത്തിൽ ഖാലിദ് ബ്നു വലീദ് رَضِيَ اللَّهُ عَنْهُ, വലിയ സൈന്യത്തിന് മുന്നിൽ പെട്ടപ്പോൾ, തന്ത്രപരമായി തൻ്റെ സൈന്യത്തെ രക്ഷിച്ചുകൊണ്ടുവന്നു. ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം.
എന്നാൽ ഇവരുടെ കാര്യമെന്താണ്? ആളുകൾ താമസിക്കുന്ന ദയറുൽ ബലായുടെ മധ്യത്തിൽ നിന്ന് ഇവർ ഒരു മിസൈൽ തൊടുക്കും. ഇസ്രായേലിന് ഇവരെല്ലാം എവിടെയാണ് താമസിക്കുന്നതെന്നും, അവരുടെ വാഹനങ്ങളിൽ കറങ്ങിനടക്കുന്നതെന്നും, ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതെന്നും കൃത്യമായി അറിയാം. എന്നിട്ടും ആ പ്രദേശം ഇന്നും സുരക്ഷിതമാണ്, നിങ്ങൾ ഓർക്കണം. അവിടെ അവർ ഇന്നും ആക്രമണം നടത്തിയിട്ടില്ല. എന്തുകൊണ്ട്? യഥാർത്ഥ ലക്ഷ്യം അവിടെയായിട്ടും എന്തുകൊണ്ടാണ് അവിടെ ആക്രമിക്കാത്തത്? മറ്റു പ്രദേശങ്ങൾ മുഴുവൻ തകർത്തു. നിരായുധരായ സാധാരണക്കാർ താമസിക്കുന്ന മറ്റു പ്രദേശങ്ങളെ നശിപ്പിക്കുന്നു.
അവർ ഒരിടത്ത് നിന്ന് ഒരു മിസൈൽ വിടും. അതിൻ്റെ പേരിൽ ഇസ്രായേൽ തിരിച്ച് വ്യോമാക്രമണം നടത്തും. ഒരു മിസൈൽ കൊണ്ട് വലിയൊരു കെട്ടിടം മുഴുവൻ തകരും. അതിൽ എത്രപേർ മരിക്കുന്നു, എത്രപേർക്ക് പരിക്കേൽക്കുന്നു. എന്നാൽ ഹമാസിൻ്റെ മിസൈൽ ആക്രമണം കാണിക്കുമ്പോൾ, അൽ ജസീറ തന്നെ രണ്ട് രീതിയിലാണ് അത് കാണിക്കുന്നത്. ഇസ്രായേൽ ആക്രമിക്കുമ്പോൾ കെട്ടിടം തകർന്നുവീഴുന്നത് കാണിക്കും. എന്നാൽ ഹമാസ് ആക്രമിക്കുമ്പോൾ ആകാശത്ത് മിസൈൽ പോകുന്ന ഒരു ദൃശ്യം മാത്രം കാണിക്കും. ദീപാവലിക്ക് പടക്കം വിടുന്നതുപോലെ. അത് എവിടെയാണ് പോയി വീഴുന്നതെന്നോ ഒന്നും കാണിക്കില്ല. ഇസ്രായേലിൻ്റെ ആക്രമണം നടക്കുമ്പോൾ, അവർക്ക് കൃത്യമായി അറിയാവുന്നത് പോലെയാണ് വീഡിയോ എടുക്കുന്നത്, ‘ഇപ്പോൾ ഈ കെട്ടിടം തകരും’ എന്ന്. ഒരു ഭാഗത്ത് കെട്ടിടം തകരുന്നു, മറുഭാഗത്ത് ആകാശത്ത് എന്തോ പോകുന്നു. എന്താണ് ഈ വ്യത്യാസം? എന്തുകൊണ്ടാണ് ഹമാസുകാരെ സംരക്ഷിച്ചു നിർത്തുന്നത്?
എന്നിട്ട് ആളുകൾ പറയും സലഫികൾക്ക് ഒന്നും അറിയില്ലെന്ന്. ഈ വിഡ്ഢിത്തം എന്തിനാണ് അവർ ചെയ്തത്? അവർക്ക് താൽപര്യമുണ്ടെങ്കിൽ ബൈത്തുൽ മഖ്ദിസിൽ പോയി യുദ്ധം ചെയ്ത് മസ്ജിദുൽ അഖ്സയെ മോചിപ്പിക്കണമായിരുന്നു. ഗസ്സയിലെ നിരായുധരായ ജനങ്ങളെയല്ല കൊല്ലിക്കേണ്ടിയിരുന്നത്. ഇസ്രായേൽ ഒരു സ്ഥലം ആക്രമിക്കുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകും, ‘നിങ്ങൾ ഈ സ്ഥലം വിട്ടുപോകണം, അല്ലെങ്കിൽ ഒരു ഉറപ്പുമില്ല’ എന്ന്. അപ്പോൾ ആളുകൾക്ക് ഓടിപ്പോകേണ്ടി വരുന്നു. അവിടെ ആരാണ് യുദ്ധം ചെയ്യുന്നത്? ഒരു യുദ്ധവുമില്ല. ഇവർ തുരങ്കങ്ങളിൽ നിന്ന് എന്തെങ്കിലും വിടും, അതിൻ്റെ പേരിൽ ഇസ്രായേൽ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ആക്രമിക്കും. മുന്നിൽ ആരുമുണ്ടാകില്ല, അവിടെയുള്ളവരെല്ലാം കൊല്ലപ്പെടും.
ജിഹാദിൽ ജനങ്ങളെ സംരക്ഷിക്കുകയും ശത്രുക്കളോട് മുന്നിൽ നിന്ന് പോരാടുകയുമാണ് വേണ്ടത്. എന്നാൽ ഇവർ എന്താണ് ചെയ്യുന്നത്? എന്തോ ഒന്ന് എറിഞ്ഞിട്ട് തുരങ്കങ്ങളിൽ പോയി ഒളിക്കും. ആക്രമണം നടക്കുന്നത് സാധാരണക്കാരുടെ മുകളിലാണ്. അതായത്, ‘വരൂ, ഞങ്ങളെ കൊല്ലൂ, ഞങ്ങളുടെ ജനതയെ കൊല്ലൂ’ എന്ന് ശത്രുവിനോട് പറയുന്നതിന് തുല്യമാണിത്. കൊള്ളക്കാരെപ്പോലെ കുറച്ചുപേരെ ബന്ദികളാക്കി തുരങ്കത്തിൽ വെച്ചിരിക്കുന്നു. എന്നിട്ട് വിലപേശുന്നു. അതുവരെ അവർ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നു. എന്നിട്ട് ഇവർ പറയുന്നു, ‘അവർ ശഹീദുകളാകുന്നു’ എന്ന്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ നൽകണം എന്ന്. എന്ത് സ്വാതന്ത്ര്യം? ഇതിലും ഭേദമായിരുന്നില്ലേ അവർ മുൻപ്? മസ്ജിദുൽ അഖ്സയെ മോചിപ്പിക്കൂ. അതിനുവേണ്ടി നിങ്ങൾ ഇന്നുവരെ എന്തുചെയ്തു? അതിൻ്റെ മേൽനോട്ടം യു.എൻ-നും, നടത്തിപ്പ് ജോർദാനും, സുരക്ഷ ഇസ്രായേലിനുമാണ്. നിങ്ങൾ അവിടെ എന്തുചെയ്യുന്നു?
ഫിത്നയും ഫസാദുമല്ലാതെ, 70 വർഷമായി ഒരിഞ്ച് ഭൂമി പോലും മോചിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. മുസ്ലിംകളെ കൊല്ലിക്കുക *എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഗസ്സയെ കൂടുതൽ നശിപ്പിച്ച് അവിടെയും അവർ നിയന്ത്രണം സ്ഥാപിക്കും. എന്നിട്ട് പറയും സലഫികൾക്ക് ഒന്നും അറിയില്ലെന്ന്. ദീനിനെക്കുറിച്ച് സലഫികൾക്ക് അറിയുന്നത്ര മറ്റാർക്കും അറിയില്ല. അവിടുത്തെ ഫലസ്തീനികളും പരിസരത്തുള്ളവരും എല്ലാ വഴികളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. നിങ്ങൾ പറയുന്നു നിങ്ങൾ (ഐക്യരാഷ്ട്രസഭയുടെ വിഭജന നിർദ്ദേശം) അംഗീകരിക്കില്ലെന്ന്. എന്നാൽ അവരെല്ലാം അത് കണ്ടതാണ്. 1948-ൽ ഫലസ്തീന് പുറമെ മറ്റൊരു രാജ്യം കൂടി ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നപ്പോൾ, ആ വിഭജനം ആരും അംഗീകരിച്ചിരുന്നില്ല. ഫലസ്തീനികളോ അയൽരാജ്യങ്ങളായ അറബ് രാജ്യങ്ങളോ അത് അംഗീകരിച്ചില്ല. എല്ലാവരും ഒരുമിച്ച് യുദ്ധം ചെയ്തു. *സൈന്യങ്ങളാണ് യുദ്ധം ചെയ്യാനായി പോയത്. പക്ഷേ, ഇസ്രായേലിന്റെ കൂടെ ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വൻശക്തികളുണ്ടായിരുന്നതുകൊണ്ട് അറബികൾ പരാജയപ്പെട്ടു. അതിന് ശേഷവും അവർ *യുദ്ധം ചെയ്തിട്ടുണ്ട്; 1956-ലും, 1967-ലും, 1972-ലും *ഈജിപ്തിൻ്റെ ഭാഗത്തുനിന്നും യുദ്ധങ്ങളുണ്ടായി.
നിരവധി യുദ്ധങ്ങൾ ചെയ്തതിന് ശേഷം അവർക്ക് മനസ്സിലായി, യുദ്ധം കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ല, രാഷ്ട്രീയവും സാംസ്കാരികവുമായ പരിഹാരമാണ് ഏക വഴിയെന്ന്. അതിനായി അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുറത്തുനിന്ന്, ദൂരെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചെയ്യാൻ കഴിയുന്നത് സാമ്പത്തികമായി സഹായിക്കുക, അല്ലെങ്കിൽ അവർക്ക് വേണ്ടി ദുആ ചെയ്യുക എന്നത് മാത്രമാണ്. അതല്ലാതെ നിങ്ങൾക്കെന്ത് ചെയ്യാൻ കഴിയും? നിങ്ങളെത്ര ഒച്ചവെച്ചിട്ടും നിലവിളിച്ചിട്ടും, പ്രശസ്തിക്ക് വേണ്ടി എന്തൊക്കെയോ പറഞ്ഞതുകൊണ്ടും കാര്യമില്ല. ഇപ്പോൾ തന്നെ പോയി അവിടം മോചിപ്പിക്കാൻ കഴിയുന്ന മട്ടിലാണ് ചിലരുടെ സംസാരം.
*ഇന്ന് യുദ്ധം ജയിക്കുന്നത് വ്യോമ ശക്തിയുള്ളവരാണ്. *അവർ ആകാശത്തുനിന്ന് ആക്രമിക്കുമ്പോൾ നിങ്ങൾക്ക് എന്ത് ചെയ്യാനാകും? നിങ്ങളുടെ കയ്യിലെന്താണുള്ളത്? ചിലർ പറയുന്നു, ‘ഞങ്ങൾ അവിടെ പോയി യുദ്ധം ചെയ്യും’ എന്ന്. ആരോടാണ് നിങ്ങൾ അവിടെ പോയി യുദ്ധം ചെയ്യാൻ പോകുന്നത്? നിങ്ങൾക്കെങ്ങനെ അവിടെയെത്താൻ കഴിയും? എവിടെയാണ് നിങ്ങൾ യുദ്ധം ചെയ്യുക? ഏതെങ്കിലും ഒരു കരയിലല്ലേ യുദ്ധം നടക്കുക? അവിടെയാരും നേർക്കുനേർ യുദ്ധം ചെയ്യുന്നില്ല. അവർ മിസൈൽ അയക്കുകയാണ്. നിങ്ങൾ ഏത് മിസൈലുമായാണ് അങ്ങോട്ട് പോകുന്നത്? ഇത്തരം വിഡ്ഢിത്തങ്ങളാണ് ആളുകൾ പറയുന്നത്.
അയൽരാജ്യങ്ങൾ പലതവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടതാണ്. അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കണ്ടതാണ്. അപ്പോൾ ലക്ഷ്യമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി കൂടുതൽ ആളുകളെ നശിപ്പിക്കുന്നത് നല്ലതാണോ? മുൻപ് അറബികൾ ഇസ്രായേലുമായി യുദ്ധം ചെയ്തപ്പോൾ അത് സൈന്യങ്ങൾ തമ്മിലായിരുന്നു, സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നോ?* സാധാരണക്കാർ ഏകപക്ഷീയമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്.* നിങ്ങളുടെ കയ്യിൽ കഴിവില്ലെങ്കിൽ പിന്നെ എന്തിനാണ് ശത്രുവിനെ പ്രകോപിപ്പിച്ച് സ്വന്തം ജനതയെ കൊലക്ക് കൊടുക്കുന്നത്? എന്നിട്ട് ഇറാനിൽ പോയി പറയുന്നു, ‘ഞങ്ങൾ വിജയിച്ചു, നിങ്ങളുടെ കാരുണ്യം കൊണ്ട് ഞങ്ങൾ വിജയിച്ചു’ എന്ന്. എന്ത് വിജയമാണിത്?
മാധ്യമങ്ങളിലൂടെ എല്ലാം വ്യക്തമാണ്. ഹമാസുകാർ ഫലസ്തീനികൾക്ക് നാശമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല. എന്നാൽ തുടക്കം മുതൽ ഇന്നുവരെ എല്ലാ രൂപത്തിലും ഫലസ്തീനികളെ സഹായിച്ചവർക്കെതിരെയാണ് ഇവർ കുപ്രചരണം നടത്തുന്നത്. അവർക്കുവേണ്ടി യുദ്ധം ചെയ്ത, ജീവനും സമ്പത്തും നൽകിയ, എല്ലാ തലത്തിലും സഹായിച്ച അറബ് രാജ്യങ്ങൾക്കെതിരെ. ഫലസ്തീൻ അതോറിറ്റി നിലനിൽക്കുന്നത് തന്നെ പുറത്തുനിന്നുള്ള സഹായം കൊണ്ടാണ്. അവരുടെ ഭരണച്ചെലവുകൾ, സ്കൂളുകൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ എന്നിവയെല്ലാം പുറത്തുനിന്നുള്ള സഹായത്തിലാണ് പ്രവർത്തിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള ഫലസ്തീൻ എംബസികൾ പോലും സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. അവിടുത്തെ ഉദ്യോഗസ്ഥരുടെ ശമ്പളം പോലും നൽകുന്നത് പുറത്തുനിന്നുള്ള രാജ്യങ്ങളാണ്. ആരാണ് ഇതെല്ലാം നൽകുന്നത്? അറബികളാണ്. ഇതെല്ലാം നടത്തുന്നത് അവരാണ്.
അതുപോലെ, ഭക്ഷണസാധനങ്ങളും മരുന്നുകളും ആരാണ് നൽകുന്നത്? അവരാണ്. ക്യാമ്പുകളിൽ താമസിക്കുന്നവരായാലും, വെസ്റ്റ് ബാങ്കിലും ഗസ്സയിലും താമസിക്കുന്നവരായാലും അവർക്ക് വീടുകളും താമസസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ആരാണ്? അവരാണ്. എന്നിട്ട് നിങ്ങൾ ഒച്ചവെക്കുന്നവർ അവർക്ക് വേണ്ടി എന്തുചെയ്തു? നാശം വിതയ്ക്കുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കുറഞ്ഞത് അവർക്ക് വേണ്ടി ദുആ ചെയ്യുക. അകത്തും പുറത്തും നിന്നുള്ള അക്രമികൾക്കെതിരെ ബദ്ദുആ (ശപിച്ച് പ്രാർത്ഥിക്കുക) ചെയ്യുക. അടിച്ചമർത്തപ്പെട്ട ഫലസ്തീനികൾക്ക് വേണ്ടി ദുആ ചെയ്യുക. ഇതിൽ കൂടുതൽ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. ബാക്കിയെല്ലാം നാടകമാണ്. ജിഹാദ്, ജിഹാദ് എന്ന് വിളിച്ചുകൂവുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അയൽരാജ്യങ്ങൾ പോലും ഒന്നും ചെയ്യാൻ കഴിയാതെ പലതരം നാടകങ്ങൾ കളിക്കുകയാണ്.
ഈ പ്രത്യേക പശ്ചാത്തലത്തിലാണ് പറയുന്നത്, ഒക്ടോബർ 7-ലെ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ്. ഇതിനെക്കുറിച്ച് ഞാനൊരു വിശദമായ ലേഖനം തയ്യാറാക്കുന്നുണ്ട്. ഇത് ഒരു വംശഹത്യക്കുള്ള പദ്ധതിയാണ്. അതിൽ ഇറാനും ഇസ്രായേലും ഹമാസിനെ എങ്ങനെയാണ് ഉപയോഗിച്ചത്, ഗസ്സയെ എങ്ങനെ ജനങ്ങളിൽ നിന്ന് ഒഴിപ്പിച്ച് ഇസ്രായേലിന് പൂർണ്ണമായി കൈമാറാം എന്നതായിരുന്നു പദ്ധതി. ഇതിന് പിന്നിൽ അമേരിക്കയുടെയും പദ്ധതിയുണ്ട്. *എന്നിട്ട് ആളുകൾ ആരെയാണ് ചീത്തവിളിക്കുന്നത്? *അറബികളെ. എല്ലാം ചെയ്തുകൊടുത്ത അറബികളെ. ഇതെല്ലാം ജനങ്ങളെ ഫിത്നയിലാക്കാനുള്ള ശ്രമമാണ്. ഇതിന് പിന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. എന്നാൽ വികാരജീവികളായ ചിലർക്ക് ഇതൊന്നും മനസ്സിലാകില്ല. മാധ്യമങ്ങൾ കാണിക്കുന്ന കള്ളപ്രചരണങ്ങളിൽ അവർ വീണുപോകുന്നു. യഥാർത്ഥത്തിൽ അവിടുത്തെ അവസ്ഥയെന്താണെന്ന് അവർക്കറിയില്ല.
ഇൻഷാ അല്ലാഹ്, ഈ വിഷയത്തിൽ പരമ്പര തുടരുന്നതാണ്.