മുഅ്തസിലികൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾ
ഉമവി ഖിലാഫത്തിന്റെ അവസാന ദശകളിൽ രൂപം കൊള്ളുകയും അബ്ബാസി ഭരണഘട്ടത്തിൽ വളർന്നു വികസിക്കുകയും ചെയ്ത ഒരു ചിന്താപ്രസ്ഥാനമാണ് മുഅ്തസിലിയ്യത്. ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ ഗ്രഹിക്കാൻ കേവല യുക്തി മതി എന്നാണ് ഇവരുടെ വിശ്വാസം.
അലി(റ)യുടെ കക്ഷിയിൽപെട്ട ഇവർ, ഹസൻ(റ) അധികാരം മുആവിയ(റ)ക്ക് ഒഴിഞ്ഞു കൊടുത്തപ്പോൾ ഇരുപക്ഷത്തും ചേരാതെ മാറിനിന്നത് കൊണ്ടാണ് മാറിന്നിവർ എന്നർത്ഥത്തിലുള്ള ‘മുഅ്തസിലികൾ’ എന്നറിയപ്പെടാൻ കാരണമെന്ന് വാദമുണ്ട്.
ഗ്രീക്ക് ഭാരതീയ ജൂത ക്രൈസ്തവ തത്വശാസ്ത്രങ്ങളുടെ സ്വാധീനഫലമായി, രൂപപ്പെട്ട ഒരു ആശയമാണ് മുഅ്തസിലി പ്രസ്ഥാനമെന്ന് പറയാവുന്നതാണ്. മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ്. അവൻ പൂർണ സ്വാതന്ത്ര്യമുള്ളവനാണ്, അത് അവന്റെ സൃഷ്ടിയാണ്, അല്ലാഹുവിന്റെ വിധിയല്ല, ഖലീഫ അബ്ദുൽ മലികിനെതിരെ രംഗത്തുവന്ന മക്കബദുൽ ജുഹനി ഇത്തരം ചില ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നു. അല്ലാഹുവിന് വിശേഷണങ്ങൾ (സ്വിഫാത്ത്) ഇല്ലെന്നും ഖുർആൻ അല്ലാഹുവിന്റെ കലാം അല്ലെന്നും അത് സൃഷ്ടിയാണെന്നും വാദിച്ച് രംഗത്ത് വന്ന ശൈലാൽ അദ്ദിമശ്ഖിയുടെ വാദങ്ങൾ മുഅ്തസിലികളുടെ ആശയമാണ്. ജഹ്മ് ഇബ്നു സഫ്‌വാൻ, ജഅ്ദ് ഇബ്നു ദിർഹം സലം ഇബ്നു അഹ്‌വസ് തുടങ്ങിയവരൊക്കെ മുഅ്തസിലി ചിന്താഗതിയുടെ ആദ്യകാല വക്താക്കളായിരുന്നു. ഉമവികൾ ഇവരിൽ പലരെയും കൊലപ്പെടുത്തുകയുണ്ടായി. വാസിൽ ഇബ്നു അതാഅ് (ഹി. 80-131)ന്റെ നേതൃത്വത്തിലാണ് ഇത് ഒരു പ്രസ്ഥാനമായി രൂപപ്പെട്ടത്. പ്രമുഖ താബിഇ പണ്ഡിതൻ ഹസൻ അൽ ബസ്വരിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. വൻ പാപങ്ങൾ ചെയ്തവൻ വിശ്വാസിയോ അവിശ്വാസിയോ അല്ല, പാപമോചനം നടത്തിയില്ലെങ്കിൽ അയാൾ നരകത്തിൽ നിത്യവാസിയായിരിക്കും എന്ന് വാദിച്ചു കൊണ്ട്, ഹസൻ ബസ്വരിയുടെ വിജ്ഞാന സദസ്സിൽ നിന്നും അദ്ദേഹം മാറിനിന്നു. അതുകൊണ്ടാണ് ബഹിഷ്കരിച്ചവർ (മുഅ്തസില) എന്ന് പേര് ലഭിക്കാൻ കാരണം എന്ന ഒരു പക്ഷമുണ്ട്.
അബ്ബാസിയ ഖലീഫ മഅ്മൂൻ, ബിശ്റുൽ മരീസി അഹ്മദ് അബീ ദാവൂദ് എന്നിവരുടെ പ്രേരണയാൽ മുഅ്തസിലി ചിന്താഗതിയിലേക്ക് ആകൃഷ്ടനായി ചീഫ് ജസ്റ്റിസായിരുന്ന അഹ്മദ് ഇബ്നു ദാവൂദാണ് ഖുർആൻ സൃഷ്ടിവാദത്തിന് നേതൃത്വം നൽകിയത്. ഹിജ്റ 232ൽ ഖലീഫ മുതവക്കിൽ അധികാരമേറ്റെടുക്കുന്നത് വരെ പതിനാല് വർഷം ഭരണരംഗത്ത് മുഅ്തസിലി സ്വാധീനം തുടർന്നു. മുതവക്കിലിന്റെ രംഗപ്രവേശനത്തോടെ അഹ്ലുസ്സുന്നക്ക് സ്വാധീനം ലഭിച്ചു. അദ്ദേഹം ഇമാം അഹ്മദിനെ ആദരിച്ചു. ഇറാഖിൽ ഹി. 334ൽ ശിയാക്കളായ ബുവൈഹികൾ അധികാരത്തിലേറിയതോടെ, ശിയാ മുഅ്തസിലി സൗഹൃദം ശക്തിപ്പെട്ടു. ശിയാ വിശ്വാസിയായിരുന്ന മന്ത്രി സാഹിബ് ബിൻ ഉബാദ് മുഅ്തസിലി ആചാര്യനായിരുന്ന ഖാദി അബ്ദുൽ ജബ്ബാറിനെ റയ്യിലെ ഖാദിയായി നിയമിച്ചു.
മുഅ്തസിലി ചിന്തയുടെ പ്രമുഖ വക്താക്കൾ
വാസിൽ ബിൻ അതാഅ്(80 – 131), അബുൽ ഹുദൈൽ ഹംദാൻ അൽ അല്ലാഫ് (226), ഇബ്റാഹീം ബിൻ യസാർ അന്നള്ളാം (231), ബിശ്റ് ബിൻ അൽ മുഅ്തമിർ (226), മഅ്മർ ബിൻ ഉബ്ബാദ് അസ്സുലമി (220), അംറ് ബിൻ ഉബൈദ് (144), അബു അലി അൽ ജുബ്ബാള (303), ഖാദിർ അബ്ദുൽ ജബ്ബാർ അൽ ഹമദാനി (414) തുടങ്ങിയവർ മുഅ്തസിലി ചിന്താഗതി പ്രചരിപ്പിച്ചവരിൽ പ്രമുഖരത്രെ. പ്രധാനമായും രണ്ട് ആശയങ്ങളാണ് ആദ്യ ഘട്ടത്തിൽ മുഅ്തസിലികൾ മുന്നോട്ടുവെച്ചത്.
ഒന്ന്: മനുഷ്യന് തന്റെ ചെയ്തികൾക്ക് പൂർണ ഉത്തരവാദിത്തമുണ്ട്. അവന്റെ കർമങ്ങൾ അവന്റെ സൃഷ്ടിയാണ്.
രണ്ട്: വൻപാപങ്ങൾ ചെയ്യുന്നവർ വിശ്വാസിയോ അവിശ്വാസിയോ അല്ല. അയാൾ പരലോകത്ത് നരകത്തിൽ നിത്യവാസികളായിരിക്കും.
പിന്നീട് അഞ്ച് തത്വങ്ങൾ അടങ്ങിയ വിശ്വാസധാരയെ അവർ രൂപപ്പെടുത്തി.
1. തൗഹീദ് (ഏകത്വം)
2. അദ്‌ല് (നീതി)
3. അൽവഅ്ദ് വൽ വഈദ് (മുന്നറിയിപ്പ് താക്കീത്)
4. അൽമൻസില തുബൈനൽ മൻസിലതൈൻ (സ്വർഗം – നരകം എന്നിവക്കിടയിലുള്ള സ്ഥാനം)
5. അൽ അംറുബിൽ മഅ്റൂഫ് വന്നഹ്‌യു അനിൽമുൻകർ (നന്മ കൽപിക്കൽ തിന്മ വിലക്കൽ)
തൗഹീദ് എന്നതുകൊണ്ടുള്ള വിവക്ഷ അല്ലാഹു എല്ലാ തരത്തിലുള്ള സാദൃശ്യങ്ങളിൽ നിന്നും സമന്മാരിൽ നിന്നും മുക്തനാണ്. അവന്റെ അധികാരത്തിൽ അവനോട് മത്സരിക്കാൻ ആർക്കുമാവില്ല. സൃഷ്ടികൾക്കുണ്ടാകുന്നതൊന്നും അവന് ഉണ്ടാവുകയില്ല (വിശേഷണങ്ങൾ കർമങ്ങൾ) ഇക്കാര്യങ്ങൾ സ്ഥാപിക്കാൻ അവർ തെറ്റായ പല സിദ്ധാന്തങ്ങളും മെനഞ്ഞെടുത്തു. അല്ലാഹുവിനെ പരലോകത്ത് വെച്ച് കാണുകയില്ല. കാരണം അല്ലാഹുവിന് ഒരു വിശേഷണവും ഇല്ല. അല്ലാഹുവിന് വിശേഷണങ്ങൾ ഉണ്ടാവൽ അവന് സമന്മാർ ഉണ്ടാക്കലാണ്. അത് തൗഹീദിന് വിരുദ്ധമാണ്. അല്ലാഹുവിന് കലാം (സംസാരം) ഇല്ല. അതുകൊണ്ട് ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്.
അദ്‌ല് അല്ലാഹു നീതിമാനാണ്, അതിനാൽ സൃഷ്ടികളുടെ കർമ്മങ്ങൾ അവരുടെ സൃഷ്ടിയാണ്. അപ്പോൾ അവരുടെ തെറ്റുകൾ അവർ ചെയ്യുന്നതാണ്. അല്ലാഹു നൽകിയ കഴിവുകൾ ഉപയോഗിച്ച് അവൻ കൽപിച്ചത് അനുഷ്ഠിക്കുകയും അവൻ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. അവൻ കൽപിച്ച എല്ലാ നന്മകളുടെയും ഉത്തരവാദി അവനാണ്. അവൻ വിലക്കിയ തിന്മകളുടെ ഉത്തരവാദി അവനല്ല. അവർക്ക് സാധിക്കാത്ത കാര്യങ്ങൾ അവരോട് വിലക്കുകയോ കഴിക്കുകയോ ചെയ്തിട്ടില്ല.
അൽ വഅ്ദുവൽ വഈദ് – നന്മ ചെയ്തവന് നന്മക്ക് പ്രതിഫലം ലഭിക്കുകയും തിന്മ ചെയ്തവന് തിന്മക്ക് ശിക്ഷ ലഭിക്കുകയും ചെയ്യും. വൻ പാപങ്ങൾ ചെയ്തവന് പശ്ചാത്തപിച്ചില്ലെങ്കിൽ പൊറുത്ത് കൊടുക്കുകയില്ല.
അൽ മൻസിലതു ബൈനൽ മൻസിലതൈൻ – അഥവാ വൻപാപം ചെയ്തവൻ ഈമാനിന്റെയും കുഫ്റിന്റെയും ഇടയിലാണ് അയാൾ വിശ്വാസിയോ അവിശ്വാസിയോ അല്ല.
അൽ അംറ്ബിൻ മഅ്റൂഫ് വന്നഹ്‌യു അനിൽമുൻകർ – ഇസ്ലാമിക സന്ദേശം എത്തിക്കാനും വഴിപിഴച്ചവർക്ക് സന്മാർഗം കാണിക്കാനും കഴിയുന്ന രീതിയിൽ നന്മ കൽപിക്കലും തിന്മ തടയലും വിശ്വാസികൾക്ക് നിർബന്ധ ബാധ്യതയാണ്, പ്രഭാഷകർ പ്രഭാഷണം കൊണ്ടും പണ്ഡിതർ വിജ്ഞാനം കൊണ്ടും ശക്തൻ ശക്തി കൊണ്ടും ഇത് നിർവ്വഹിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരിക്ക് തെറ്റ് പറ്റിയാൽ അയാൾക്കെതിരിൽ രംഗത്തുവരൽ നിർബന്ധമാണെന്ന് അവർ വിശ്വസിക്കുന്നു.
വിശ്വാസകാര്യങ്ങൾക്ക് പ്രമാണമായി പൂർണമായും യുക്തിയെ ആശ്രയിക്കുന്നു എന്നതാണ് മുഅ്തസിലികളുടെ അടിസ്ഥാനതത്വം. ഒരു വസ്തു നല്ലതാണോ, ചീത്തയാണോ എന്ന് തീരുമാനിക്കേണ്ടത് ബുദ്ധിയാണെന്നാണ് അവരുടെ വാദം, ശിഹിരിസ്താനി പറയുന്നു; ജ്ഞാനങ്ങൾ ബുദ്ധി കൊണ്ട് ഗ്രഹിക്കപ്പെടുന്നതാണ്, അത് അറിയൽ നിർബന്ധമാണെന്ന് ബുദ്ധി താൽപര്യപ്പെടുന്നു. “പ്രവാചകന്മാരെ നിയോഗിക്കുന്നതിന് മുമ്പ് തന്നെ, അനുഗ്രഹദാതാവിന് നന്ദി പറയൽ ബാധ്യതയാണ്.” കേവലയുക്തിയെ മാത്രം ആശ്രയിക്കുന്നുതകൊണ്ട് അല്ലാഹുവിന്റെ വിശേഷണങഅങളെ അവർ നിരാകരിച്ചു ഖുർആനിൽ അല്ലാഹു അർശിൽ ഉപവിഷ്ടനാണ്. കരം, നേത്രം, തൃപ്തി, കോപം, ഇഷ്ടം തുടങ്ങിയ വിശേഷണങ്ങളെ അവർ തള്ളിക്കളഞ്ഞു.
അവരുടെ നേതാക്കൾ സഹാബികളെ അധിക്ഷേപിച്ചു. ജമൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു വിഭാഗം ദുർമാർഗികളാണെന്ന് വാസിൽ ബിൻ അതാഅ് പറഞ്ഞു. അവരുടെ സാക്ഷ്യം തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് അവർ പ്രഖ്യാപിച്ചു. മതത്തിന്റെ അടിസ്ഥാന തത്വത്തിൽ ഓരോരുത്തരും ഗവേഷണം ചെയ്ത് നിലപാടെടുക്കണം. ഒരു പണ്ഡിതന്റെ നിലപാട് തന്റെ ശിഷ്യൻ അനുകരിക്കരുത്, എല്ലാവർക്കും തങ്ങളുടെ ഗവേഷണ ഫലങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിക്കാം.
ഗ്രീക്ക് തത്വശാസ്ത്രം, തർക്കശാസ്ത്രം എന്നിവയുടെ സ്വാധീനഫലമായി മതത്തെ കേവല ബൗദ്ധിക വ്യവഹാരമായും തർക്കശാസ്ത്ര യുക്തിയായുമാണ് അവർ കണ്ടത്. കേവല യുക്തി കൊണ്ട് വിധി പറയാൻ കഴിയാത്ത അദൃശ്യകാര്യങ്ങൾ (ഗൈബിയാത്ത്) അമാനുഷിക കാര്യങ്ങൾ (മുഅ്ജിസാത്ത്) എന്നിവയിൽ ബുദ്ധിയുടെ വിധി മാത്രം പരിഗണിക്കുന്നു എന്നതാണ് മുഅ്തസിലികളുടെ വ്യതിയാന കാരണം. ദീനീ വിശ്വാസങ്ങളെ ദൃഢബോധ്യങ്ങളിലൂടെ മനസ്സിലാക്കുന്നതിനാണ് ഇൽമുൽ കലാം അഥവാ ദൈവശാസ്ത്രം എന്നതുകൊണ്ടുള്ള വിവക്ഷ. ബുദ്ധിയുടെ വെളിച്ചത്തിൽ മതവിശ്വാസങ്ങളെ ഗ്രഹിക്കുന്നതിനാണ് ദൃഢബോധ്യങ്ങൾ എന്ന് പറയുന്നത്. അഹ്ലുസ്സുന്ന ഈ വാദത്തെ നിരാകരിക്കുന്നു. കാരണം വിശ്വാസകാര്യങ്ങളും നിയമങ്ങളും കേവല യുക്തി കൊണ്ട് മാത്രം സാധിക്കുമെങ്കിൽ, പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും ആവശ്യകത എന്താണ്? ഇൽമുൽ കലാമിന്റെ ആളുകളെ ഈത്തപ്പനമട്ടൽ കൊണ്ട് അടിക്കുകയും കുതിരപ്പുറത്ത് കയറ്റി നാടുചുറ്റി, ഖുർആനും സുന്നത്തും തള്ളിക്കളഞ്ഞ് ഇൽമുൽ കലാം സ്വീകരിച്ചാൽ ഇമാം ശാഫിഈയെ ഉദ്ധരിച്ച് ഇമാം അബൂസൗർ പറയുന്നത് (സിയറു അഅ്‌ലാമിന്നു ബലാഅ് 10/29).
ഇൽമുൽ കലാമിന്റെ ആളുകളോട് സംസാരിക്കുകയോ സഹവസിക്കുകയോ ചെയ്യരുതെന്ന് ഇമാം അഹ്മദ് ബിൻ ഹമ്പൽ വിലക്കുകയുണ്ടായി.
മുഅ്തസിലി ചിന്താധാരയുടെ വേരുകൾ യഹൂദ ദർശനത്തിലാണെന്ന് അഭിപ്രായമുണ്ട്. മുഅ്തസിലി ദർശനത്തിന്റെ ആദ്യകാല വക്താവ് ജഅ്ദ് ബിൻ ദിർഹം തന്റെ ചിന്ത അബാൻ ബിൻ സംആനിൽ നിന്നാണ് സ്വീകരിച്ചത്. അദ്ദേഹം അത് താലൂത്തിൽ നിന്നും താലൂത്ത് ലബീദ് ബിൻ അഅ്സം എന്ന യഹൂദിയിൽ നിന്നുമാണ് ഈ ആശയം ഉൾകൊണ്ടത്. അല്ലാഹുവിന് വിശേഷണങ്ങൾ (സ്വിഫാത്ത്) ഇല്ലെന്ന് വാദിച്ചിരുന്ന ക്രൈസ്തവചിന്തകൻ യോഹന്നാദിമശ്ഖിയും മുഅ്തസിലി ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്. വിധിവിശ്വാസത്തെ തള്ളിപ്പറയുന്ന മുഅ്തസിലി വാദം, ഗൈലാനി ദിമശ്ഖി, മഅ്ബദുൽ ജുഹനി എന്നിവരിൽ നിന്നാണ് വാസിൽ ബിൻ അതാഅ് സ്വീകരിച്ചത്. അവർക്ക് പ്രസ്തുത ആശയം ലഭിച്ചതാകട്ടെ അബൂ യൂനുസ് എന്ന ക്രൈസ്തവ ചിന്തകനിൽ നിന്നും.
അല്ലാഹുവിന്റെ സത്ത (ദാത്ത്) വിശേഷണങ്ങൾ (സ്വിഫാത്) എന്നീ വിഷയങ്ങളിൽ മുഅ്തസിലികളെ ഗ്രീക്ക് ദാർശനികൻ അൻബാദേ ക്വീസ് സ്വാധീനിച്ചിട്ടുണ്ടെന്നാണ് ‘ശഹറസ്താനി’ തന്റെ അൽ വിലലു വന്നിഹൽ എന്ന ഗ്രന്ഥത്തിൽ പറയുന്നത്.
അല്ലാഹുവിന്റെ അറിവ്, കാഴ്ച, കേൾവി, സംസാരം തുടങ്ങിയ വിശേഷണങ്ങൾ തന്റെ സത്ത (ദാത്ത്)യാണെന്ന വാദം അല്ലാഫ് എന്ന മുഅ്തസിലി പണ്ഡിതൻ ആവിഷ്കരിച്ചത് അരിസ്റ്റോട്ടിലിയൻ ദർശനത്തിൽ നിന്നാണ്. അബ്ബാസി ഖലീഫ മഅ്മൂനിന്റെ കാലത്ത് ഗ്രീക്ക് ഭാരതീയ ദർശനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. അതോടെ അതിലെ ആശയങ്ങൾക്ക് അറബ് ലോകത്ത് പ്രചാരം സിദ്ധിക്കുകയുണ്ടായി. ഇത് മുഅ്തസിലി, ഖദരി, ജഹ്മി, അശ്അരി, മാതുരീദി തുടങ്ങിയ ദൈവശാസ്ത്രധാരകൾക്ക് വളം വെക്കുകയും ചെയ്തു. ഏറിയും കുറഞ്ഞും അവർ പ്രസ്തുത ചിന്തകളെ സ്വീകരിച്ചു. ഭരണാധികാരികൾക്കെതിരെ കലാപം നയിക്കാൻ ആഹ്വാനം ചെയ്യുന്ന മുഅ്തസിലികളുടെ അംദുൻബിൽ മഅ്റൂഫ് വന്നഹ്‌യുൻ അനിൽ മുൻകർ എന്ന ആശയം ജഹ്മ് ബിൻ സഫ്‌വാനിൽ നിന്നാണ് അവർ സ്വീകരിച്ചത്. ഇയാൾ ഉമവി ഖലീഫമാർക്കെതിരിൽ കലാപം നയിച്ച ആളാണ്.
ഹദീസുകളോടുള്ള സമീപനം
മുഅ്തസിലികൾ മിക്ക ഹദീസുകളെയും തള്ളിക്കളഞ്ഞു. ഖബറുൽ ആഹാദ് (ഏകനിവേദക പരമ്പര) സ്വീകാര്യമല്ലെന്ന വാദമാണ് ഹദീസുകൾ തള്ളിക്കളയാൻ അവരെ പ്രേരിപ്പിച്ചത്. ഇത് മുഖേന പൂർവ്വികരുടെ ചര്യയെയും ഒരാളെ മാത്രം ഒരു നാട്ടിലേക്ക് പ്രബോധനവുമായി പറഞ്ഞയച്ച പ്രവാചക അധ്യാപനത്തെയുമാണ് അവർ നിരാകരിക്കുന്നത്. ഹദീസ് നിവേദകരായ പണ്ഡിതന്മാരെ വൃത്തികെട്ട ഭാഷയിലാണ് അവർ അഭിസംബോധന ചെയ്യുന്നത്. തങ്ങളുദ്ധരിച്ച ഹദീസുകൾ മുഅ്തസിലി ചിന്താഗതിയെ ഗളഹസ്തം ചെയ്യുന്നതാണ് അതിനു കാരണം. അബൂഹുറൈറ(റ), അബ്ദുല്ലാ ഇബ്നു മസ്ഊദ്(റ) എന്നിവരെ വ്യാജന്മാരെന്നും കള്ളന്മാരെന്നും അവർ വിശേഷിപ്പിച്ചു.