സഅ്ലബ( റ)ഇബ്നു ഹാതിബ് സക്കാത് നിഷേധിച്ചു, എന്ന സംഭവം ഒരു നിരൂപണ പഠനം.
ഡോക്ടർ , അബ്ദുർറഹിമാൻ ആദൃശേരി.
പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ സഹചരന്മാരായി അല്ലാഹു തിരഞ്ഞെടുത്തവരാണ് സഹാബികൾ.അതുകൊണ്ടു തന്നെ മറ്റാർക്കും ലഭിക്കാത്ത മഹത്വം കൈവരിച്ചവരാണ് അവർ. ഇസ്ലാമിനെ മനുഷ്യ സമൂഹത്തിനുമുന്നിൽ പരിചയപ്പെടുത്തിയതും അവരായിരുന്നു. വിശുദ്ധ ഖുർആനിൽ പല സന്ദർഭങ്ങളിലായി അല്ലാഹു അവരുടെ മഹത്വം പ്രഖ്യാപിക്കുന്നത് കാണാം. തന്റെ മുഴുവൻ സഹാബികളിലും സംതൃപ്തരായി കൊണ്ടാണ് റസൂൽ(സ) ഈ ലോകത്തോട് വിട പറഞ്ഞത്. പിൽക്കാലത്ത് ശീഇകൾ, ഖവാരിജുകൾ, മുഅ്ത്തസിലികൾ തുടങ്ങിയ അഹ്ലുസ്സുന്നയുടെ നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചു പോയ കക്ഷികൾ, സഹാബികളുടെ മഹത്വത്തിന് പോറൽ ഏൽപ്പിക്കുന്ന പല കഥകളും പ്രചരിപ്പിക്കുകയുണ്ടായി. കഥ പറഞ്ഞു ആളുകളെ ആകർഷിപ്പിക്കുന്ന ചില മത പ്രഭാഷകർ തങ്ങളുടെ പ്രഭാഷണത്തിന് മാറ്റുകൂട്ടുവാൻ ഇത്തരത്തിലുള്ള നിവേദനങ്ങളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കുകയും ചെയ്തു.
അങ്ങനെ കാലന്തരേണ സമൂഹത്തിൽ ഇത്തരം കഥകൾക്ക് പ്രചുര പ്രചാരം ലഭിക്കുകയുണ്ടായി. ഉമർ (റ) മകളെ കുഴിച്ചുമൂടി എന്ന് പറയുന്ന സംഭവം, അദ്ദേഹം മകന്റെ ഭാര്യയെ വിവാഹമോചനം നടത്തിച്ചു എന്ന കഥ, ജൂത പെൺകുട്ടി നബി (സ) യുടെ വഴിയിൽ മുള്ളു വിതറിയ കഥ, അബൂബക്കർ(റ), പിതാവിന്റെ അനന്തരവകാശം ചോദിക്കാൻ വന്നപ്പോൾ പ്രവാചക പുത്രി ഫാത്തിമ ബീവി(റ)യെ മർദ്ദിച്ച് വാരിയെല്ല് തകർത്തു എന്ന കഥ, ഉസ്മാൻ(റ) പൊതുമുതൽ കുടുംബക്കാർക്ക് വാരിക്കോരി നൽകി എന്ന കഥ, മുആവിയ (റ) മകനെ ബൈഅത്ത് ചെയ്യാൻ സഹാബികൾക്ക് പിന്നിൽ ഊരിപ്പിടിച്ച വാളുമായി ഭടന്മാരെ നിർത്തി എന്ന കഥ തുടങ്ങിയ നൂറുകണക്കിന് ദുർബലവും വ്യാജവുമായ നിവേദനങ്ങൾ സമൂഹത്തിനിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അത് ശിയാക്കളെപ്പോലുള്ളവർ ബോധപൂർവ്വമാണ് പ്രചരിപ്പിക്കുന്നതെങ്കിൽ, സുന്നി പ്രഭാഷകർ വസ്തുതകൾ അന്വേഷിക്കാതെ തങ്ങൾക്ക് ലഭിച്ച സംഭവങ്ങൾ അപ്രകാരം തന്നെ ഉദ്ധരിക്കുന്നു എന്ന് മാത്രം.
ചുരുക്കത്തിൽ സഹാബികളെ കുറിച്ച് സമൂഹ മനസ്സിൽ കരിനിഴൽ വീഴ്ത്താൻ കള്ള കഥകൾ ധാരാളം. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ട ഒരു കഥയാണ് സഅ്ലബ ഇബിനു ഹാതിബ് (റ) സക്കാത്ത് നിഷേധിച്ച് അവസാനം നിഫാഖിലായി മരണപ്പെട്ടു എന്ന് പറയുന്ന സംഭവവും. ഇതിന്റെ വസ്തുത എന്തെന്ന് നോക്കാം. ദുർബല ഹദീസുകൾ രണ്ട് വിധമുണ്ട്. ഒന്ന്, മറ്റു വഴികളിലൂടെ ശരിയായ നിവേദന പ്രകാരം ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ ദൗർബല്യം പരിഹരിക്കപ്പെടുന്ന ഒരു വിഭാഗം. അതാകട്ടെ റിപ്പോർട്ടർമാരുടെ ഓർമ്മക്കുറവ് പോലുള്ള ഗൗരവമല്ലാത്ത പിഴവുകൾ കാരണം ഉണ്ടാകുന്ന ദൗർബല്യമാണ്.അങ്ങിനെയുള്ളവ ഉപരിസൂചിത വഴിയിലൂടെ പരിഹരിക്കപ്പെടുന്നതാണ്. എന്നാൽ മറ്റൊന്ന്; നിവേദകർ കളവ്, ദുർമാർഗ്ഗം, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായത്. വിധി വിലക്കുകൾ, ഖുർആൻ വ്യാഖ്യാനം, വിശ്വാസപരമായ കാര്യങ്ങൾ എന്നീ രംഗത്ത് ഇത്തരം ഹദീസുകൾ ഉപയോഗപ്പെടുത്തുവാൻ പാടില്ല.
ഇവിടെ,തെളിവിന് യോഗ്യമല്ലാത്ത ഗുരുതരമായ ന്യൂനതയുള്ള ഒരു നിവേദനമാണ് സഅ്ലബ (റ) സക്കാത്ത് നിഷേധിച്ചതുമായി ബന്ധപ്പെട്ടു വരുന്ന നിവേദനം. അതിന്റെ നിവേദന പരമ്പരയുടെ കുഴപ്പവും, ഖുർആനിന്റെയും ഹദീസിന്റെയും പൊതു തത്വത്തിനും ഇസ്ലാമിന്റെ പ്രമാണങ്ങൾക്കും നിരക്കാത്ത അഹിതകരമായ ഉള്ളടക്കവും കാരണം ഇത് സ്വീകാര്യമല്ലന്ന് കാണാം. ഹാഫിള് ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ പറയുന്നു : സഅ്ലബത് സകാത് നിഷേധിച്ചു എന്ന ഹദീസ് പ്രമാണയോഗ്യമല്ലാത്ത ദുർബല ഹദീസുകളിൽ പെട്ടതാണ്.
(കിത്താബു സകാത്ത് 3/266)
സംഭവം ഇങ്ങനെ….. അതായത്,”അൻസാരിയായ സഅ്ലബ ഇബ്നു ഹാതിബ് (റ) നബി(സ) യോട് എനിക്ക് സമ്പത്ത് ഉണ്ടാകാൻ പ്രാർത്ഥിക്കണം എന്നും അത് സ്വീകരിക്കുന്ന പക്ഷം അർഹതപ്പെട്ടവർക്ക് എല്ലാം കൊടുക്കാമെന്നും ശപഥം ചെയ്യുകയുണ്ടായി. അപ്രകാരം നബി(സ) പ്രാർത്ഥിച്ചു. അദ്ദേഹം ആട്ടിൻപറ്റത്തെ വാങ്ങി. അത് പുഴുക്കൾ പെറ്റു പെരുകുന്നത് പോലെ പെറ്റുപെരുകി. അദ്ദേഹം മദീനയുടെ പ്രാന്ത പ്രദേശങ്ങളിൽ താഴ്‌വരയിലേക്ക് മാറി താമസിച്ചു. തിരക്കുകൾ കാരണം നിർബന്ധ നമസ്കാരങ്ങൾ ഉപേക്ഷിച്ചു. സക്കാത്ത് നിർബന്ധമാക്കിയപ്പോൾ നബി(സ) സക്കാത്ത് വാങ്ങുവാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് പ്രതിനിധികളെ വിട്ടു, അദ്ദേഹം അത് ജിസ്സിയ്യ ആണെന്നു കരുതി നൽകാൻ വിസമ്മതിച്ചു, അവർ തിരിച്ചുചെന്നപ്പോൾ നബി(സ) “സഅ്ലബ തുലയട്ടെ” എന്ന് പറഞ്ഞു, അപ്പോൾ’ അല്ലാഹുവിനോട് തങ്ങൾക്ക് സമ്പത്ത് ലഭിച്ചാൽ ദാനം ചെയ്യാമെന്ന് കരാർ ചെയ്തവർ, എന്നാൽ സമ്പത്ത് ലഭിച്ചപ്പോൾ അവർ പിശുക്ക് കാണിച്ചു’, എന്ന സൂക്തം ഇറങ്ങി. ഈ വേള അദ്ദേഹത്തിന്റെ ഒരു ബന്ധു സഅ്ലബയെ സമീപിച്ച് അക്കാര്യം അറിയിച്ചപ്പോൾ, സഅ്ലബ നബി ( സ) യെ സമീപിച്ചു. തന്റെ സക്കാത് സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും അല്ലാഹു അത് സ്വീകരിക്കരുതെന്ന് വിലക്കിയിട്ടുണ്ടെന്ന് പ്രവാചകൻ പ്രതികരിച്ചപ്പോൾ അദ്ദേഹം തലയിൽ മണ്ണുവാരിയിട്ടു കരഞ്ഞു.പിന്നീട് അബൂബക്കർ, ഉമർ, ഉസ്മാൻ (റ) എന്നിവരുടെ കാലത്തെല്ലാം അദ്ദേഹം സക്കാത്തുമായി അവരെ സമീപിച്ചപ്പോഴൊന്നും സ്വീകരിച്ചില്ല”, ഇതാണ്, തഫ്സീറുകളിൽ കാണുന്ന കഥയുടെ രത്‌ന ചുരുക്കം.
ഈ സംഭവം ഉദ്ധരിക്കപ്പെട്ടത് അബു ഉമാമ (റ)യിൽ നിന്നും ഖാസിം ഇബ്നു അബ്ദുറഹ്മാൻ , അലി ഇബിനു യസീദ്, മആനുബിനു രിഫാഅ എന്നിവരിലൂടെയാണ്.അങ്ങേയറ്റംദുർബല നിവേദന പരമ്പരകളിൽ പ്രസിദ്ധമാണിത്. ഈ സംഭവത്തെ തന്റെ തഫ്സീറിൽ ഉദ്ധരിച്ച, ഇബ്നു കസീർ ഇതേക്കുറിച്ച് മൗനം പാലിച്ചതിൽ പല പണ്ഡിതരും അൽഭുതം പ്രകടിപ്പിക്കുന്നത് കാണാം.
സൂറഃ അന്നിസാഇലെ163′ 165′ സൂക്തങ്ങളിലെ വിശദീകരണത്തിൽ ഈ പരമ്പരയിലെ മആനുബിനു രിഫാഅ, അലിഇബിനു യസീദ്, കാസിം ഇബിനു അബ്ദുറഹ്മാൻ എന്നിവർ സ്വീകാര്യയോഗ്യമല്ലെന്ന് ഇമാം ഇബ്നു കസീർ പ്രസ്താവിച്ചിട്ടുണ്ട്. (തഫ്സീർ ഇബ്നു കസീർ, 1/558)
തന്റെ ചരിത്ര ഗ്രന്ഥത്തിലും ഇതേ പരമ്പരകളിലൂടെ ഹദീസ് ഉദ്ധരിച്ച ശേഷം ഈ നിവേദക പരമ്പരയുടെ ദൗർബല്യം അദ്ദേഹം പ്രഖ്യാപിച്ചത് കാണാം
(അൽ ബിദായ, 1/139 ,140)
ഇതായിരിക്കാം ഇമാം ഇബ്നു കസീർ തഫ്സീറിൽ ഈ കഥ ഉദ്ധരിച്ചതിനുശേഷം മൗനം അവലംബിക്കാൻ കാരണം. ഇമാം ഇബ്നു അബ്ദുൽ ബർ, ഇബ്നുൽ അസീർ, ഇമാം ദഹബി, കുർത്തുബി എന്നിവർ ഈ കഥയുടെ സാംഗത്യം ചോദ്യം ചെയ്തവരാണ്. ഇമാം ഖുർതുബി തന്റെ തഫ്സീറിൽ പറയുന്നു: ഞാൻ പറയുന്നു, സഅലബതുബിനു ഹാതിബ് അൻസാരികളിൽ പെട്ട ബദറിൽ പങ്കെടുത്തവരാണ്. അല്ലാഹുവും റസൂലും വിശ്വാസം കൊണ്ട് സാക്ഷ്യം പറഞ്ഞവരിൽ പെടും. സഅ്ലബയുടെ കാര്യത്തിൽ അവതരിച്ചതാണെന്ന് പറയുന്ന സംഭവം ഉദ്ധരിച്ചത് ശരിയല്ല,വ്യാജമാണ്. കാരണം അദ്ദേഹം ബദറിൽ പങ്കെടുത്തവരിൽ പ്രമുഖനാണ്. ഈ ഹദീസിന്റെ സനദ് സംശയകരമാണെന്ന് ബൈഹക്കി പറയുന്നുണ്ട്. അങ്ങേയറ്റം ദുർബലമാണെന്നാണ് ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നത്. മുഖ്ബിൽ ഇബിനു ഹാദി ഈ കഥയുടെ സനദും മറ്റും ദുർബലമാണെന്ന് തന്റെ സിഹാഹുൽ മുസ്നദ് മിൻ അസ്ബാബിൻ നുസൂൽ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.മുനാവി, ഫൈദുൽ ഖദീറിലും ഇതിന്റെ ദുർബലത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുയൂതിയുടെ ലുബാബുന്നുഖൂൽ, ബൈഹഖി, തബ്രാനി, ഇബ്നു അബീ ഹാതിം എന്നിവരും ദുർബലമായ പരമ്പരയോട് കൂടി ഉദ്ധരിച്ച ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
ഹാഫിള് ഹൈസമി തന്റെ മജ്മ സവാഇദിൽ ഈ സംഭവം ഉദ്ധരിച്ച ശേഷം ഇതിന്റെ സനദിൽ ഉള്ള അലിയ്യുബിന് യസീദ്, അസ്വീകാര്യൻ ആണെന്ന് പ്രസ്താവിക്കുന്നത് കാണാം. ഹദീസ് പണ്ഡിതരിൽ ഈ നിവേദനത്തിന്റെ സനദിനെ പൂർണ്ണമായി തള്ളിക്കളയുന്നവരും ഭാഗികമായി തള്ളിക്കളയുന്നവരുമുണ്ട്. ചിലർ അലിയ്യുബിന് യസീദിനെ മാത്രം തള്ളുന്നുവെങ്കിൽ മറ്റു ചിലർ സനദിലെ എല്ലാവരെയും തള്ളുന്നവരാണ്. ഇദ്ദേഹം ബുഖാരിയുടെ- ളുഅഫാഉൽ സഗീർ, നസാഇയുടെ- അളുആഫുൽ മത്റൂകീൻ, ദാറുഖുത്ത്നിയുടെ- ളുഅഫാഉൽ മത്റൂകീൻ എന്നീ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. സനദിലെ മൂന്ന് പേരുടെയും ചരിത്രം ഇമാം ദഹബിയുടെ -മീസാനുൽ ഇഅതിദാൽ, 3/161 ഇബിനു കസീറിന്റെ -തഹ്ദീബുത്തഹ്ദീബ്, 7/396 നസാഇയുടെ- തഹ്ദീബുൽ കമാൽ, 21/128 എന്നിവയിൽ കാണാം.
ഇബ്നു അബ്ബാസ് (റ) ലൂടെയും ഇബിനു ഉമൈദ് (റ) തുടങ്ങിയവയിലൂടെയും മറ്റും ഈ കഥ ഉദ്ധരിക്കപ്പെട്ട മറ്റു നിവേദനങ്ങളും അതീവ ദുർബലമാണ്.
കഥയുടെ ഉള്ളടക്കം ഒരു അവലോകനം.
സ്വീകാര്യമല്ലാത്ത നിവേദന പരമ്പരയും ഉള്ളടക്കവുമാണെങ്കിലും ഈ കഥക്ക് സ്വീകാര്യത ലഭിച്ചത് മതപ്രഭാഷകരിലൂടെയാണ്. തഫ്സീറിൽ ഉദ്ധരിക്കപ്പെട്ടതും അതിന് കാരണമാണ്. സംഭവത്തിന്റെ നിവേദന പരമ്പരയുടെദൗർബല്യം നാം പ്രതിപാദിക്കുകയുണ്ടായി.ഈ സംഭവത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് (മത്തിന്) പ്രതിപാദിക്കാം. ഒന്ന്,ഖുർആനിലും ഹദീസിലും ഉദ്ധരിക്കപ്പെട്ട, ബദറിൽ പങ്കെടുത്തവരുടെ ഉന്നത പദവികൾക്ക് നിരക്കുന്നതല്ല ഈ കഥ. കാരണം, ഒരു ബദ് രിയായ സഹാബിയുടെ മേൽ കാപട്യവും മോശമായ പര്യവസാനവും ആരോപിക്കുന്നതാണ് പ്രസ്തുത കഥ. പശ്ചാത്തപിക്കുന്നവന്റെ പശ്ചാത്താപം സ്വീകരിക്കുന്നവൻ എന്ന അല്ലാഹുവിന്റെ വിശേഷണത്തെ നിരാകരിക്കുന്നു എന്നതാണ് മറ്റൊന്ന്. ബദറിൽ പങ്കെടുത്തവരുടെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുകയും അവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സഅ്ലബ ഇബിനു ഹാതിബ് ( റ ) പ്രമുഖ സഹാബിയാണ്, സഹാബിയുടെ ചരിത്രം ഉദ്ധരിക്കുന്ന തബക്കാതുകളിൽ പലരുംഅദ്ദേഹത്തിന്റെ ചരിത്രം വിവരിച്ചിട്ടുണ്ട്. ബദറിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുകയും കഥയുടെ കള്ളത്തരം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇബ്നു ഹിഷാം, ഇബ്നു ഇസ്ഹാഖ് എന്നിവരുടെ സീയറുകളിലും ഇബ്നു സഅദിന്റെ -തബഖാത്തിലും അബ്ദുൽ ബാക്കി അൽ ഉമവി, അബുൽ കാസിം അൽ ബഗവി എന്നിവരുടെ- മഅജമുസ്സഹാബ എന്ന ഗ്രന്ഥങ്ങളിലും ഇബ്നു ഹസമിന്റെ -അൽ മുഅല്ല, തബ് റാനിയുടെ- അൽ മുഅജമുൽ കബീർ, ഇബ്നു അബ്ദുൽ ബർറിന്റെ -അൽ ഇസ്തിആബ്, ഇബ്നുൽ അസീറിന്റെ- ഉസ്ദുൽ ഗാബ, ഇമാം ദഹബിയുടെ- തജ് രീദ് അസ്മാഇസ്സഹാബ, ഇബ്നു ഹജറിന്റെ -അൽ ഇസ്വാബ ബി തമയുസി സ്വഹാബ എന്നിവയിലും അദ്ദേഹത്തിന്റെ ചരിത്രം പ്രതിപാദിക്കുന്നുണ്ട്. ഇബ്നു ഹജർ അദ്ദേഹത്തെ ശക്തമായ പ്രതിരോധിക്കുകയും അദ്ദേഹത്തിന്റെ മേലുള്ള ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. “അദ്ദേഹം ജസീറത്തുൽ അറബിലാണ് ജീവിച്ചതെങ്കിൽ അദ്ദേഹത്തിന് സക്കാത്ത് നൽകേണ്ടിവരും. സകാത്ത് നൽകാതെ അദ്ദേഹത്തിന് ജസീറത്തുൽ അറബിൽ താമസിക്കുവാനും സാധിക്കുന്നതല്ല”. എന്നാണ് ഇമാം ഇബ്നു ഹസം പ്രതിപാദിക്കുന്നത്.
“പാപങ്ങൾ പൊറുത്തു കൊടുത്തു” എന്ന് അല്ലാഹു പ്രഖ്യാപിച്ച, ബദറിൽ പങ്കെടുത്ത ഒരാൾക്ക് നിഫാഖ് സംഭവിക്കുക എന്നത് അല്ലാഹുവിന്റെ ഇൽമ്, ഖുദ്റത്, ഇറാദത്ത് എന്നീ വിശേഷങ്ങളെ ബാധിക്കുന്നതാണ്. ‘ഞാൻ നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു’ എന്ന് ബദറിൽ പങ്കെടുത്തവരോട് ഉള്ള വാഗ്ദാനം സത്യമാണ്, അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല. പശ്ചാത്താപം സ്വീകരിക്കപ്പെടാത്തതെന്ന നിലയിലുള്ള, സഅ്ലബയുടെ സംഭവം അല്ലാഹുവിന്റെ ഗഫൂർ, റഹീം എന്നീ സിഫാത്തുകളെ റദ്ദ് ചെയ്യുന്നതാണ്. “സ്വന്തത്തോട്അതിക്രമം ചെയ്ത എന്റെ ദാസന്മാരെ നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്, അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനും അവൻ ഏറെ കരുണ ചെയ്യുന്നവനുമാണ്.” എന്ന സൂക്തത്തിന്റെ താല്പര്യത്തിനെതിരാണ്, തെറ്റ് തിരിച്ചറിഞ്ഞു ക്ഷമാപണവുമായി വന്ന കഥാനായകനെ തിരിച്ചയച്ചു എന്ന് പറയുന്ന സംഭവം. മരണംവരെ തന്റെ തെറ്റുകളിൽ ഉറച്ചുനിൽക്കുന്നവർ മാത്രമാണ് ഇസ്ലാമിൽ പശ്ചാത്താപം സ്വീകരിക്കപ്പെടാത്തവർ എന്നതിനോടും എതിരാണ്.തെറ്റ് തിരിച്ചറിഞ്ഞു ഖേദിച്ചു കൊണ്ടാണ് കഥാനായകൻ കരഞ്ഞുകൊണ്ട്, നബി ( സ) യെ സമീപിച്ചത് എന്ന് പറയുകയും എന്നിട്ടും നബിയും മൂന്ന് ഖലീഫമാരും സ്വീകരിച്ചില്ല എന്നതും വിശ്വസനീയമേയല്ല?. ഹംസ(റ) ന്റെ ഘാതകനും അബൂജഹലിന്റെ മകനും പശ്ചാത്തപിച്ചു ഉന്നതസ്ഥാനം കരസ്ഥമാക്കിയ ചരിത്രമാണ് ഇസ്ലാമിന്റേത്. ബദറിൽ പങ്കെടുത്തവർക്ക് സ്വർഗ്ഗ പ്രവേശനമുണ്ടെന്ന് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കപ്പെടേണ്ടതാണ്. ബദറിൽ പങ്കെടുത്ത ഹാത്തിബിന്റെ ഭ്രിത്യൻ ഹാത്തിബിനെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട്, ഹാത്തിബ് നരകത്തിൽ കടക്കുമെന്ന് നബി(സ)യോട് പറഞ്ഞപ്പോൾ പ്രവാചകന്റെ പ്രതികരണം “നീ പറയുന്നത് കളവാണ് അദ്ദേഹം ബദറിലും ഹുദൈബിയയിലും പങ്കെടുത്തവനാണ്” എന്നായിരുന്നു.( മുസ്ലിം 2495)
ജീവൻ തൊണ്ടക്കുഴിയിൽ എത്തുന്നതിനും സൂര്യൻ പടിഞ്ഞാറ് നിന്നുദിക്കുന്നതിനും മുമ്പ് ആരുടെയും പശ്ചാത്താപവും ഈമാനും സ്വീകരിക്കപ്പെടും എന്ന മഹത്തായ ഇസ്ലാമിക അധ്യാപനം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കാരുണ്യത്തിന്റെ പ്രവാചകൻ ആരുടെ ഖേദപ്രകടനവും സ്വീകരിച്ചിരുന്ന ദയാലുവായിരുന്നു, അത് തള്ളികളഞ്ഞ ഒരു കഥ നമുക്ക് കാണാൻ സാധിക്കുന്നില്ല.
വിരോധികളിൽ നിന്ന് കഠിനവും ക്രൂരവുമായ അനുഭവങ്ങളും പ്രവർത്തികളും ക്ഷമയോടെ നേരിടുമായിരുന്ന പ്രവാചകൻ ,ഒരാളുടെ വീഴ്ചകൾ പൊറുക്കാതിരിക്കുമോ?, ‘ശിർക്കല്ലാതെ എന്തും അല്ലാഹു പൊറുക്കുമെന്ന,’ ഖുർആനിന്റെ വാഗ്ദാനവും ഈ സംഭവത്തിനെ നിരാകരിക്കുന്നുണ്ട്. “അവർ സ്വന്തത്തോട് അതിക്രമം കാണിച്ചു താങ്കളെ സമീപിച്ചാൽ ,അല്ലാഹുവിനോട് മാപ്പിരക്കുകയും, പ്രവാചകൻ അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ അല്ലാഹു ഏറെ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമായി അവർക്ക് കാണാം” എന്നീ ഖുർആൻ സൂക്തങ്ങളുടെ വെളിച്ചത്തിൽ ഈ കഥ നിരർത്ഥമാണെന്ന് ചിന്തിക്കുന്ന ഏവർക്കും ബോധ്യമാവും. സനദും മത്ത്നും സ്വീകാര്യയോഗ്യമല്ലാത്ത കഥ ബദറിൽ പങ്കെടുത്ത മഹാനായ ഒരു സഹാബിയെ കുറ്റവാളിയായി ചിത്രീകരിക്കാൻ ഉപയോഗിക്കുന്നത് ഏറെ ദുഃഖകരം തന്നെ.