മൗദൂദിയും ഖുമൈനിയും ഭായീ ഭായീ
ആമുഖം
കമ്മ്യൂണിസം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ പ്രസ്ഥാനം ശീഇസമായിരിക്കും. കമ്മ്യൂണിസം ഒരു നൂറ്റാണ്ടിനിടയിൽ പതിനാല് കോടി മനുഷ്യരെയാണ് കൊന്നൊടുക്കിയതെങ്കിൽ, ശീഇസം പതിനാല് നൂറ്റാണ്ട് കാലങ്ങൾക്കിടയിലാണ് ജനകോടികളെ കൊന്നൊടുക്കിയതെന്ന് മാത്രം. ശിയാക്കൾ കൊന്നത് മുസ്ലിംകളെ മാത്രമായിരുന്നെങ്കിൽ, കമ്മ്യൂണിസത്തിന്റെ തോക്കിനിരയായവരിൽ ഭൂരിഭാഗവും മുസ്ലിംകളാണ് എന്നതാണ് വ്യത്യാസം. അബ്ദുല്ലാഹിബ്നു സബഅ്, മഹാനായ ഉഥ്മാൻ(വ)വിനെ കൊലപ്പെടുത്തി ഉത്ഘാടനം കുറിച്ച നരമേധം മുഖ്താറുസ്സഖഫി അബൂ മുസ്ലിം ഖുറാസാനി, മൈമൂൻ ഖദ്ദാഹ്, ഉബൈദുല്ല, ശാഹ് ഇസ്മായീൽ സഖഫി തുടങ്ങിയ ശിയാ ഭീകരൻമാരും ഉബൈദി, ഫാത്വിമി, ബുവൈഹി, സഫവി ഭരണകൂടങ്ങളും ഹശ്ശാശി, നുസൈരി, ക്വർമത്വി തുടങ്ങിയ ഭീകര വിഭാഗങ്ങളുമാണ് കഴിഞ്ഞ കാലങ്ങളിൽ അഹ്ലുസ്സുന്നയുടെ ഉൻമൂലനത്തിന് നേതൃത്വം നൽകിയതെങ്കിൽ, 1979 ൽ ഇറാനിൽ ക്വുമൈനിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വിപ്ലവഭരണ തുടക്കമാണ് ആഗോള തലത്തിൽ അഹ്ലുസ്സുന്നയെ ഉൻമൂലനം ചെയ്യുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇറാക്വിലും സിറിയയിലും മാത്രം ഇരുപത് ലക്ഷത്തോളം സുന്നീ മുസ്ലിംകളെ “ഹിസ്ബുല്ല’യുടെയും ഇറാൻ ഭരണകൂടത്തിന്റെയും റഷ്യ, തുടങ്ങിയ പാശ്ചാത്യ ശക്തികളുടെയും സഹായത്തോടെ അവർ കൊന്നുകളഞ്ഞു. ഒന്നരക്കോടിയിലധികം സിറിയക്കാർ ഇപ്പോൾ അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ അലഞ്ഞു കഴിയുകയാണ്. സ്വന്തം പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മറ്റുള്ളവർ സിറിയയിൽ തന്നെ പ്ലാസ്റ്റിക് ടെന്റുകളിൽ നരകിച്ച് കഴിയുകയാണ്. ഇറാക്വിലെ സ്ഥിതിഗതിയും മറിച്ചല്ല. സുന്നീ ഉൻമൂലനത്തിന് നേതൃത്വം നൽകിയ നൂരീ മാലികിയെ അധികാരത്തിലെത്തിച്ചത് ഇറാക്വിലെ ഇഖ്വാൻ കക്ഷിയായ “അൽ ഹിസ്ബുൽ ഇസ്ലാമി’യാണ്. ഇവരുടെ സഖ്യമാണ് നൂരീ മാലികിയുടെ “ഹിസ്ബു ദഅവ’യെ അമേരിക്കൻ സഹായത്തോടെ അധികാരത്തിലേറ്റിയത്. സുന്നിയായതിന്റെ പേരിൽ “ഹിസ്ബുൽ ഇസ്ലാമി’യുടെ നേതാവും ഇറാക്വ് വൈസ് പ്രസിഡന്റുമായിരുന്ന താരീക്വ് ഹാശിമിക്ക് ജീവരക്ഷാർത്ഥം നാട് വിട്ട് തുർക്കിയിൽ അഭയം തേടേണ്ടി വന്നു. എന്നിട്ടും ആഗോള തലത്തിൽ ഇഖ്വാനും ഹമാസും ഇറാൻ വിധേയത്വം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.
ഇഖ്വാനികൾ നാസിബികളാണെങ്കിലും
(സുന്നികളെ ശിയാക്കൾ വിളിക്കുന്ന പരിഹാസപ്പേര്) ഇൗജിപ്തിൽ നമുക്ക് അക്കൗണ്ട് തുറക്കാൻ ഇഖ്വാനികളെ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഇറാനിലെ ശിയാ അധികൃതർ പ്രസിദ്ധീകരിച്ച അമ്പത് വർഷ പ്രൊജക്ടിൽ പ്രതിപാദിച്ചത് ഇതോട് ചേർത്ത് വായിച്ചാൽ ചിത്രം പൂർണ്ണമാകും.
ശീഇസത്തോടും ഇറാനോടും ജമാഅത്തിന്റെയും മൗദൂദിയുടെയും നിലപാടുകൾ എന്തായിരുന്നു എന്നറിയാൻ ഇറാൻ വിപ്ലവത്തിന് ശേഷം ഇന്നോളം പുറത്തിറങ്ങിയ പ്രബോധനം വാരികയുടെ താളുകൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും. പ്രബോധനമടക്കമുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങളുടെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ അവർക്ക് സമ്പത്ത് വാരിക്കോരി കൊടുത്ത അറബ് ഭരണാധികാരികൾക്ക് “ഭാഗ്യം’ ലഭിച്ചില്ലെങ്കിലും ഖുമൈനിക്ക് പലപ്പോഴും അതിന് “സൗഭാഗ്യം’ ലഭിച്ചതായി കാണാം.
വിപ്ലവത്തിന്റെ വിജയം ആഘോഷിക്കാൻ വിധിയുണ്ടായില്ലെങ്കിലും വിപ്ലവത്തെക്കുറിച്ച് മൗദൂദിയുടെ അങ്ങേയറ്റത്തെ അബദ്ധജഢിലമായ നിലപാട് ഇറാനിലെ ശീഇൗ പ്രസിദ്ധീകരണമായ “സൗത്തുൽ ഉമ്മ’യും ഇഖ്വാൻ പത്രമായ “അദ്ദഅ്വ’യും പ്രസിദ്ധീകരിച്ചത് നോക്കുക. “ഖുമൈനിയുടെ വിപ്ലവം ഇസ്ലാമിക വിപ്ലവമാണ്. അതിന്റെ ആളുകൾ ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ നിന്ന് ഇസ്ലാമിക ശിക്ഷണം നേടിയ ചെറുപ്പക്കാരാണ്. മുസ്ലിംകൾ പൊതുവിലും ഇസ്ലാമിക പ്രസ്ഥാനങ്ങൾ വിശേഷിച്ചും ഇൗ വിപ്ലവത്തെ എല്ലാ നിലക്കും പിന്തുണക്കുകയും സർവ്വ വിധേനയും അതുമായി സഹകരിക്കേണ്ടതുമാണ്.’’ (സൗത്തുൽ ഉമ്മ: റജബ് 1981).
നാൽപ്പത് വർഷക്കാലം ഇറാനെയും ഖുമൈനിയെയും കലവറയില്ലാതെ പിന്തുണച്ച ജമാഅത്ത് വാരികയായ പ്രബോധനത്തിൽ ഇപ്പോൾ ഇറാനിനെ വിമർശിച്ചുകൊണ്ട് ലേഖനം വരുന്നത് ജമാഅത്തുകാർക്ക് കാര്യം ബോധ്യപ്പെട്ടതുകൊണ്ടല്ല. മറിച്ച്, രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സുന്നീ രാഷ്ട്രങ്ങളെ തകർക്കാനും ശിഥിലമാക്കാനും ചിലവഴിച്ചത് കൊണ്ട് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട അഭ്യന്തര സംഘർഷവും സാമ്പത്തിക തകർച്ചയും കാരണം, തകരാൻ പോകുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായേ ബുദ്ധിയുള്ളവർക്ക് നിരീക്ഷിക്കാനാകൂ.
മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും എവ്വിധം ഇറാനിലെ ശിയാ വിപ്ലവത്തെ പിന്തുണച്ചുവെന്ന് കാണിക്കുന്നതാണ് പാക്കിസ്ഥാനിലെ “അൽ മജ്ലിസുൽ ആലമി ലി സ്വിയാനതിൽ ഇസ്ലാം’ എന്ന സംഘടന പ്രസിദ്ധീകരിച്ച ലേഖനം. അതിന്റെ പൂർണ്ണരൂപം ചുവടെ.
“ഇമാം ഖുമൈനി ലോക മുസ്ലിംകളുടെ മുഴുവൻ നേതാവാണ്’’ എന്നായിരുന്നു പാകിസ്ഥാൻ ജമാഅത്ത് അമീറായിരുന്ന മിയാൻ തുഫൈൽ പ്രസ്താവിച്ചത്. (നിദായെ വക്ത്. 1979 മാർച്ച്).
പഞ്ചാബ് പ്രവിശ്യയുടെ ജമാഅത്ത് അമീർ ഫത്ഹ് മുഹമ്മദ് ഒരുപടി കൂടി കടന്ന് പറഞ്ഞത് നോക്കുക. “ജഅ്ഫരീ-ഹനഫീ കർമ്മശാസ്ത്ര തർക്കങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ വിഷയം ആയത്തുല്ലാ റൂഹുല്ലാ ക്വുമൈനിയുടെ തീരുമാനത്തിന് വിട്ടു കൊടുക്കുകയും പാകിസ്ഥാനിലെ മുഴുവൻ മുസ്ലിംകളും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ അനുസരിക്കുകയും വേണം.’’ (റസാഗാർ, ലാഹോർ).
ജമാഅത്ത് ലാഹോർ മേഖലാ അമീറും കേന്ദ്ര കൂടിയാലോചനാ സമിതി അംഗവുമായ അസ്അദ് ഗീലാനിയുടെ പ്രസ്താവനയിൽ പറയുന്നത് നോക്കുക.
“അല്ലാഹുവിന്റെ കഴിവിൽ മാത്രം ആശ്രയിച്ച് കൊണ്ട് ഇമാം ക്വുമൈനി ലോകത്തിന് മുമ്പിൽ പ്രായോഗികമായ ഒരു പാഠം സമർപ്പിച്ചിരിക്കുന്നു. വിഭാഗീയ ചിന്തകൾ വെടിഞ്ഞ് സത്യസാക്ഷ്യ വചനം ഉരുവിടുന്നവർക്കെല്ലാം ഇസ്ലാമിലുള്ള അവകാശം വകവെച്ചു കൊടുക്കണം. ഇറാൻ വിപ്ലവം ഇസ്ലാമിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന വിപ്ലവമാണ്. ഒരു വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന വിപ്ലവമല്ല അത്. ഇസ്ലാമിക വിപ്ലവമാണത്. അതിനെ ഏതെങ്കിലുമൊരു വിഭാഗവുമായി ബന്ധപ്പെടുത്തുന്നത് അറിവില്ലായ്മ കൊണ്ടാണ്. ഇത് കേവലം ഒരു വിഭാഗത്തിന്റെ മാത്രം വിപ്ലവമായി കണക്കാക്കിയാൽ ഇസ്ലാമിക വിപ്ലവം സംഭവിക്കുക അന്ത്യനാൾ വരെ അസംഭവ്യമായിരിക്കും.’’
1986 ്രെബഫുവരി രണ്ടിന് ഇസ്ലാമാബാദിൽ ചേർന്ന ഇറാൻ വിപ്ലവ വാർഷിക പരിപാടിയിലാണ് ഗീലാനി പ്രസ്തുത പ്രസ്താവന നടത്തിയത്.
“ഇസ്ലാമിക വിപ്ലവത്തിനെതിരിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം ചുരുങ്ങിയ കാലയളവിനുള്ളിൽ വിറ്റു പോവുകയും ചെയ്തു. ഇൗ പുസ്തകങ്ങൾ രചിച്ചവരും പ്രസിദ്ധീകരിച്ചവരും സയണിസ്റ്റ് ശക്തികളുമായി ബന്ധമുള്ളവരോ അവരുടെ ഏജന്റുമാരോ ആണ്. വർത്തമാന കാലത്തെ മഹാ നായകനാണ് ഇമാം ഖുമൈനി. പാശ്ചാത്യ-പൗരസ്ത്യ ഭേദമന്യേ മുഴുവൻ സാമൂഹ്യ ശക്തികളുമായി ചെറുത്ത് നിൽക്കാൻ അല്ലാഹുവിൽ ഉറച്ച് വിശ്വസിച്ചാൽ മാത്രമേ സാധിക്കൂ എന്ന് പ്രവൃത്തിയിലൂടെ ലോകത്തെ പഠിപ്പിച്ചത് ഖുമൈനിയാണ്.’’ (നിദായെ വഖ്ത് 1986 ്രെബഫുവരി).
ഖുമൈനിയുടെ വിപ്ലവം പാക്കിസ്ഥാനിലേക്ക് കൊണ്ടുവരാൻ നാം തോളോടു തോളുരുമ്മി പ്രവർത്തിക്കുകയും ജമാഅത്തെ ഇസ്ലാമി നിങ്ങളുടെ കൂട്ടാളികളാണെന്ന് ശിയാക്കൾ വിശ്വസിക്കണമെന്നുമായിരുന്നു അതേ വർഷം മാർച്ചിൽ പാക്കിസ്ഥാനിലെ ജഗ്വാളിൽ സംഘടിപ്പിച്ച ഇറാൻ വിപ്ലവ വാർഷികാഘോഷ പരിപാടിയിൽ ഇയാൾ പ്രസംഗിച്ചത്. പാക്കിസ്ഥാനിൽ മാത്രമല്ല, മുസ്ലിം ലോകത്ത് മുഴുവനും ഖുമൈനിയുടെ വിപ്ലവം പോലെയുള്ള വിപ്ലവം ഉണ്ടാകേണ്ടതുണ്ട്. ആഭാസങ്ങളിലും തിൻമയുടെ കുലംകുത്തിയൊഴുക്കിലും കഴിഞ്ഞിരുന്ന ഇറാനിൽ ഇസ്ലാമിക വ്യവസ്ഥയെ ഒൗദ്യോഗികമായി അംഗീകരിച്ച ഖുമൈനി മുസ്ലിം ലോകത്ത് അത്യപൂർവ്വ വ്യക്തിത്വമാണെന്നും ഗീലാനി പ്രഖ്യാപിച്ചു. ശിയാ സഹോദരങ്ങളെ ജമാഅത്ത് പ്രവർത്തകർ തങ്ങളുടെ സുഹൃത്തുക്കളായി പരിഗണിക്കണം. ജമാഅത്ത് നാൽപ്പത് വർഷമായി ഇസ്ലാമിക വിപ്ലവത്തിന് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ആമാശയത്തിന്റെ അടിമത്വത്തിൽ നിന്ന് കുറഞ്ഞ കാലംകൊണ്ട് തന്റെ ജനതയെ അല്ലാഹുവിന്റെ അടിമത്വത്തിലേക്ക് കൊണ്ടുവന്നതാണ് ഇമാം ഖുമൈനിയുടെ സവിശേഷത. വിഭാഗീയതകളെ അവസാനിപ്പിച്ച് ഇസ്ലാമിക സ്വത്വബോധത്തെ ഉണർത്തേണ്ടതുണ്ടെന്ന് പ്രസ്തുത യോഗത്തിൽ പ്രസംഗിച്ച ജമാഅത്ത് കൂടിയാലോചനാ സമിതി മെമ്പർ അബ്ദുൽ ഹക്ക്വ് പ്രസ്താവിച്ചു. (നിദായെ വക്വ്ത് 1986 മാർച്ച്).
ലാഹോറിൽ 1984 ൽ സംഘടിപ്പിക്കപ്പെട്ട ഇറാൻ വിപ്ലവ വാർഷിക യോഗത്തിൽ ഗീലാനി പറഞ്ഞത് കാണുക. “ഇറാൻ വിപ്ലവം ശീഇൗ വിപ്ലവമല്ല, ഇസ്ലാമിക വിപ്ലവമാണ്. ഇറാൻ ഭരണകൂടം നബിതിരുമേനിയുടെയും സഖാക്കളുടെയും ഭരണത്തപ്പോലെയാണ്.’’ (ജംഗ് 1984 ്രെബഫുവരി).
വിഹ്രഹഭജ്ഞകൻ ഖുമൈനിക്ക് നമോവാകം
ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗലാനാ മൗദൂദിക്ക് സന്ദേശവുമായി ഖുമൈനിയുടെ രണ്ട് ദൂതൻമാർ 1979 ജനുവരിയിൽ പാക്കിസ്ഥാൻ സന്ദർശിച്ചതായി പാക്ക് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. ഖുമൈനി ഇറാനിലെ മുസ്ലിംകളുടെ ഹൃദയതാളമായത് പോലെ പാക്കിസ്ഥാൻ മുസ്ലിംകളുടെ ചൈതന്യമാണ് മൗദൂദി എന്നാണ് സന്ദേശത്തിന്റെ താൽപ്പര്യം. ശിയാ നേതാക്കളും ജമാഅത്ത് പ്രമുഖരും വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. സുന്നീ-ശീഇൗ വിഭജനമില്ല. നമ്മുടെ നേതാവ് ഖുമൈനി ഖുമൈനി മാത്രം എന്നായിരുന്നു അവർ ഉയർത്തിയ മുദ്രാവാക്യം. മുസ്ലിം വിപ്ലവം വിപ്ലവം, ക്വുമൈനിയും മൗദൂദിയും സഹോദരങ്ങൾ, തങ്ങളുടെ നേതാക്കൾ ഖുമൈനിയും മൗദൂദിയും എന്നീ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ മുഖരിതമാക്കി. ഇറാൻ വിപ്ലവം നൂറ് ശതമാനവും ഇസ്ലാമിക വിപ്ലവമാണ്, മുസ്ലിം ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി തങ്ങൾക്ക് ബന്ധമുണ്ട്, അവരിൽ ഏറ്റവും പ്രമുഖനാണ് മൗലാനാ മൗദൂദി എന്ന് പ്രതിനിധികൾ വ്യക്തമാക്കി. (ഏഷ്യാ വീക്ക്ലി 1979 ജനുവരി).
1979 ജനുവരി 24 ന് ജമാഅത്ത് പ്രതിനിധി സംഘം മൗദൂദിയുടെ സന്ദേശവുമായി മിയാൻ തുഫൈലിന്റെ നേതൃത്വത്തിൽ ഇറാനിലേക്ക് പോയി. ഇറാൻ ഗവൺമെന്റായിരുന്നു അവരുടെ പരിപാടികൾ ക്രമീകരിച്ചത്. പ്രതിനിധീ സംഘങ്ങൾക്ക് യാത്ര ചെയ്യാൻ ജമാഅത്ത് ഒരു വിമാനം ചാർട്ട് ചെയ്തിട്ടുണ്ടായിരുന്നു. വിപ്ലവ നായകൻ ഖുമൈനിയെ കാണാൻ പോയ പ്രതിനിധി സംഘത്തെ വരവേൽക്കാൻ റഷ്യൻ അംബാസിഡറോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ഖുമൈനി നേരിട്ടെത്തി. ഇസ്ലാമിക വിപ്ലവത്തിന്റെ മഹാ വിജയത്തിൽ മിയാൻ തുഫൈൽ ഖുമൈനിയെ ആശംസകളറിയിച്ചു. ഖുമൈനിക്കും പ്രധാനമന്ത്രി മഹ്ദി ബാസർഖാനും പ്രതിനിധി സംഘം സഹായസഹകരണങ്ങൾ ഉറപ്പ് നൽകി.
വിപ്ലവം ഇറാനിലെ സാമൂഹിക-സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം ഞങ്ങൾക്കറിയാം, ലോകത്താകമാനമുള്ള വ്യത്യസ്ത ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഉയർന്ന യോഗ്യതയുള്ളവരായ പ്രതിഭകളുടെ ശേഷികൾ ഒരു പ്രതിഫലവും കൂടാതെ ഇറാന് ലഭ്യമാക്കാമെന്നവർ വാഗ്ദാനം നൽകി.
“അവർ നിങ്ങളുടെ വലംകൈയ്യായി പ്രവർത്തിക്കും. ഇസ്ലാമിക വിപ്ലവത്തിന്റെ തുടർച്ചക്കും നിലനിൽപ്പിനും എന്ത് സഹായവും നൽകാൻ തങ്ങൾ തയ്യാറാണ്. ഏത് വിധേനയുമുള്ള സഹായസഹകരണങ്ങൾ നൽകാൻ ഒരുക്കമാണ്.’’
“നിങ്ങളുടെ സന്ദർശനം അങ്ങേയറ്റം സന്തോഷകദായകമാണ്.’’ ഇറാനികൾക്ക് വേണ്ടിയും സ്വന്തമായും ഹൃദ്യമായി ഖുമൈനി നന്ദി പ്രകാശിപ്പിച്ചു. ഇസ്ലാമിക പ്രസ്ഥാന നായകൻ മൗലാനാ മൗദൂദി ഖുമൈനിക്ക് അയച്ച കത്ത് പ്രതിനിധികൾ ഖുമൈനിക്ക് കൈമാറി.
ഇറാന്റെ വളർച്ചക്കും വിപ്ലവത്തിന്റെ നൻമക്കും ഉതകുന്ന അമൂല്യമായ അഭിപ്രായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബാസർഖാൻ പ്രതിനിധി സംഘത്തോട് അഭ്യർത്ഥിച്ചു. ഇറാൻ ഇസ്ലാമിക വിപ്ലവത്തിന് എെക്യദാർഢ്യം പ്രകടിപ്പിക്കാൻ മാർച്ച് 16 ന് മുസ്ലിം ലോകത്തിലുടനീളം മുസ്ലിം ഏകതാ ദിനമായി ആചരിക്കണമെന്ന് പ്രതിനിധി സംഘം നിർദ്ദേശിച്ചു. സംഘത്തിന്റെ നിർദ്ദേശത്തിൽ ബാസർഖാൻ അതിയായി സന്തോഷിച്ചു. മുസ്ലിംകൾക്കിടയിൽ എെക്യം ഉൗട്ടിയുറപ്പിക്കാനും ഇറാൻ ജനതക്ക് ശക്തി പകരാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസ്തുത ദിവസം സമ്മേളനങ്ങളും എെക്യദാർഢ്യ പ്രകടനങ്ങളും സംഘടിപ്പിക്കാനും ഇറാൻ വിപ്ലവ രക്തസാക്ഷികൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ഇറാൻ ഗവൺമെന്റിന് അനുമോദന സന്ദേശങ്ങൾ അയക്കാനും ബാസർഖാൻ നിർദ്ദേശിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് പ്രതിനിധി സംഘം മടങ്ങിയത്. ഇറാൻ ഗവൺമെന്റ് ചാർട്ടർ ചെയ്ത വിമാനത്തിലാണ് തങ്ങൾ മടങ്ങിയതെന്ന് മിയാൻ തുഫൈൽ പറഞ്ഞു. ഉപ പ്രധാനമന്ത്രി ഇബ്റാഹീം യസ്ദിയുമായും തങ്ങൾ കൂടിക്കാഴ്ച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. ഇറാനിലെ ദൃശ്യങ്ങൾ അവർ പൂർണ്ണമായും ഇസ്ലാമിക ഭരണം സ്വീകരിച്ചതായി ബോധ്യപ്പെടുത്തി. സ്വർഗ്ഗത്തിൽ അണി നിരന്ന രക്തസാക്ഷികളുടെ ദൃശ്യമാണ് സമകാലിക ഇറാനിൽ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. (ഏഷ്യാ വീക്ക്ലി 1979 മാർച്ച്).
ശീഇസത്തിന് മൗദൂദിയുടെ സംഭാവനകൾ
നബി(ഴ) തിരുമേനിയുടെ തിരു സഖാക്കൾക്കെതിരിൽ ആക്ഷേപങ്ങളും വിമർശനങ്ങളും ഉന്നയിച്ച് കൊണ്ട് ശീഇസത്തെ മൗദൂദി പിന്തുണച്ചിട്ടുണ്ട്. വിശേഷിച്ചും തന്റെ “ഖിലാഫത്തും രാജവാഴ്ച്ചയും’ എന്ന വിഷലിപ്തമായ രചനയിൽ സ്വഹാബീ നിന്ദ കോരിച്ചൊരിഞ്ഞത് കൊണ്ട് ശിയാക്കൾ ഇൗ ഗ്രന്ഥത്തെ മുക്തകണ്ഡം പ്രശംസിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ മുസ്ലിംകൾ ഗവൺമെന്റിനോട് സ്വഹാബത്തിന്റെ മഹത്വം സംരക്ഷിക്കാനാവശ്യപ്പെട്ടപ്പോൾ പാക്കിസ്ഥാനിലെ ശിയാക്കൾ പ്രസ്തുത ആവശ്യത്തെ നിരാകരിച്ച് കൊണ്ട് “റസാഖാർ’ എന്ന അവരുടെ പത്രത്തിൽ ഇങ്ങനെ എഴുതി. “സ്വഹാബികളെ ആക്ഷേപിക്കൽ അനുവദനീയമല്ലെന്ന് ഞങ്ങൾ ശിയാക്കൾ കരുതുന്നില്ല. ക്വുർആന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തിൽ ഞങ്ങൾ അവരെ ആക്ഷേപിക്കാറുണ്ട്. അഹ്ലുസ്സുന്നയിലെ ചില പ്രമുഖർ സ്വഹാബികൾ ആക്ഷേപമുക്തരല്ലെന്ന് പറഞ്ഞിട്ടുണ്ട്. മൗലാനാ മൗദൂദി തന്റെ “ഖിലാഫത്തും രാജവാഴ്ച്ചയും’ എന്ന ഗ്രന്ഥത്തിൽ സ്വഹാബികളെ നിരൂപണം നടത്തിയിട്ടും ഇൗ പുസ്തകം പാക്കിസ്ഥാനിലെ എല്ലാ പ്രദേശങ്ങളിലും വിൽക്കപ്പെടുന്നുണ്ട്.’’ (റസാഖാർ 1980 ഒക്ടോബർ).
നബിതിരുമേനിയുടെ സ്വഹാബികളെ ആക്ഷേപിക്കുന്നതും നിരൂപണ വിധേയമാക്കുന്നതും വിലക്കുന്ന ദശക്കണക്കിന് ഹദീഥുകൾ നമുക്ക് കാണാവുന്നതാണ്. പ്രവാചകൻ മാത്രമേ നിരൂപണങ്ങളിൽ നിന്ന് മുക്തനായിട്ടുള്ളൂ എന്നൊരു സിദ്ധാന്തം അവതരിപ്പിച്ചതും തോന്നിയ പോലെ സ്വഹാബികളെ ആർക്കും ആക്ഷേപിക്കാനുള്ള അംഗീകാരം നൽകിയതും അഹ്ലുസ്സുന്നക്കിടയിൽ മൗദൂദിയാണ്. അത് അദ്ദേഹത്തിന്റെ അനുയായികൾ നന്നായി ദുരുപയോഗം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ വീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.
പാക്കിസ്ഥാനിലെ ശീഇൗ പ്രസിദ്ധീകരണമായ “സദായെ ബലിസ്ഥാൻ’ മൗദൂദിയുടെ പേരിന്റെ കൂടെ “ആയത്തുല്ലാഹ്’ എന്ന അലങ്കാര പദം ചേർത്തപ്പോൾ ഒരു ശിയാ വിശ്വാസി, ആ പദം ശിയാ പണ്ഡിതൻമാരെ മാത്രം വിശേഷിപ്പിക്കുന്ന പേരാണെന്നും മൗദൂദി സാഹിബ് ശിയാ വിശ്വാസിയല്ലെന്നും എതിർവാദമുന്നയിച്ചപ്പോൾ പത്ര മേധാവി ഇങ്ങനെ മറുപടി പറയുകയുണ്ടായി.
“ഇൗ വാദം നിലനിൽക്കുന്നതല്ല. കാരണം, തന്റെ പ്രതിനിധികൾ മുഖേന പിന്തുണയറിയിച്ച് കൊണ്ട് ഇമാം ഖുമൈനിക്ക് ആദ്യമായി എഴുത്തയച്ചത് മൗദൂദിയാണ്. ആദ്യമായി പത്രദ്വാരാ പ്രസ്താവനയിറക്കിയതും മൗദൂദിയും അമീർ മിയാൻ തുഫൈൽ സാഹിബുമായിരുന്നു. ഖുമൈനിയുടെ പ്രതിനിധികളെ അങ്ങേയറ്റത്തെ ആദരവോടുകൂടിയാണ് മൗദൂദിയും അമീറും വരവേറ്റത്. അത് പാടില്ലെന്ന് ചില ദുഷിച്ച പണ്ഡിതൻമാർ വിലക്കിയിരുന്നു. ലോകത്തിലെ സവിശേഷമായ സംഘടനയാണ് ആയത്തുല്ലാ മൗലാനാ മൗദൂദിയുടെ ജമാഅത്ത് ഇസ്ലാമി. അവർ ചാവേറുകളാണ്. ഇറാൻ വിപ്ലവത്തെ ഏറ്റവും വിലപ്പെട്ടതും അമൂല്യമായതും നൽകി പിന്തുണച്ച ചാവേറുകളാണവർ. ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ പത്ര പ്രസിദ്ധീകരണങ്ങളും വിശിഷ്യാ, “ജസാറത്, നിദായെ വക്ത്’ എന്നീ പത്രങ്ങൾ ഇറാൻ വിപ്ലവത്തെ വിശേഷിപ്പിക്കുന്നതിൽ നടത്തിയ ഭഗീരത യത്നം അങ്ങേയറ്റത്തെ മതിപ്പും ആദരവും അർഹിക്കുന്നതാണ്. ആയത്തുല്ലാ മൗദൂദിയും സഹപ്രവർത്തകരും പാക്കിസ്ഥാനിലെ ശിയാക്കളുടെ ദൗത്യമാണ് നിർവ്വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ ഇറാൻ വിപ്ലവത്തെ പിന്തുണക്കൽ മുഴുവൻ മുസ്ലിംകളുടെയും ബാധ്യതയാണ്. കർമ്മവും അറിവും ഭക്തിയും വിരക്തിയും മേളിച്ച ഏറ്റവും പ്രമുഖ ശിയാ പണ്ഡിതർക്ക് നൽകുന്ന സ്ഥാനപ്പേരാണ് ആയത്തുല്ലാ പദവി എന്നതിൽ സംശയമില്ല. ഇൗ പദവി മറ്റു ഫുക്വഹാക്കൾക്ക് അർഹിക്കുന്നതല്ല. ഇമാം ക്വുമൈനിയുടെ പ്രതിനിധികൾ ഉസ്താദ് മൗദൂദിക്ക് ഇൗ പദവി നൽകിയതിനാൽ നാം എന്തു ചെയ്യും?’’ (സദായെ ബൽതിസ്ഥാൻ 1979 മാർച്ച്).
ശിയാ നേതാവ് ഗഫാർ മഹ്ദി മൗലാനാ മൗദൂദിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് പറഞ്ഞത് കാണുക.
“മൗദൂദിയുടെ പ്രശസ്തമായ “ഖിലാഫത്തും രാജവാഴ്ച്ചയും’ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിത്വം ഞാൻ തിരിച്ചറിഞ്ഞു. അത് വായിച്ചപ്പോഴാണ് പക്ഷപാതമില്ലാത്ത മഹാനായ പണ്ഡിതനും ഉന്നത ചരിത്രകാരനുമാണ് അദ്ദേഹം എന്ന ചിന്ത എന്റെ മനസ്സിൽ വേരോടിയത്. സുന്നീ ശീഇൗ സമന്വയത്തിന്റെ നായകനാണ് മൗദൂദിയെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇഥ്നാ അശ്രീ ശിയാ വിശ്വാസിയാണ്. മഹാനായ മുജാഹിദ് ആയത്തുല്ലാ ഖുമൈനി അങ്ങേയറ്റത്തെ ആദരവോടെയാണ് ഉസ്താദ് മൗദൂദിയെ വീക്ഷിക്കുന്നതെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഒരു ഇസ്ലാമിക ചിന്തകനെന്ന നിലയിൽ മൗദൂദിക്ക് പാക്കിസ്ഥാനിലുള്ളതിനേക്കാൾ മഹത്വം ഇറാനിലുണ്ട്. മുസ്ലിംകൾക്കിടയിലെ എെക്യത്തിന്റെ കാവൽക്കാരനും എല്ലാ വിജ്ഞാനങ്ങളിലും വിശാരദനുമായ മൗലാനാ മൗദൂദി ഇന്ന് നമ്മോടൊപ്പമില്ലെന്നത് ദുഃഖകരമാണ്. എന്നാൽ, നമ്മെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന്റെ ദീപ്തമായ ചിന്തകൾ അറുപതിൽ പരം ഗ്രന്ഥങ്ങളിലായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇൗ പണ്ഡിതനോടുള്ള എന്റെ വിശ്വാസവും അഗാധമായ സ്നേഹവായ്പും പ്രകടിപ്പിക്കാനാണ് ഞാനീ വരികൾ കുറിക്കുന്നത്. ജീവിതകാലത്ത് പലപ്പോഴും ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഞാനും എന്റെ രണ്ട് മക്കളും അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചിട്ടുണ്ട്.’’ (ജസാറത്ത്-മൗദൂദി സ്പെഷ്യൽ പതിപ്പ്).
പാക്കിസ്ഥാനിലെ ഇറാൻ എംബസി മേധാവി മൗദൂദിയുടെ അനുസ്മരണ പരിപാടിയിൽ പറഞ്ഞത്, “ഖുമൈനി ഷാ പഹ്ലവിക്കെതിരിൽ ഉയർത്തിയ ശബ്ദത്തിന്റെ മാനങ്ങൾ തിരിച്ചറിഞ്ഞ ഏക ചിന്തകൻ മൗദൂദിയാണ്’’ എന്നായിരുന്നു. “ഖുമൈനിയെ കാണാൻ ഇറാനിലേക്ക് പോകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും മരണം ആ സ്വപ്നം പൂവണിയുന്നതിന് തടയിട്ടു.’’ (നിദായെ വക്ത് 1979 നവംബർ).
ശിയാ മുജ്തഹിദ് നഖീ നഖ്വി പറയുന്നത് കാണുക. “അഹ്ലുസ്സുന്നയിലെ ബഹുഭൂരിപക്ഷത്തിനിടയിൽ ഉസ്താദ് മൗദൂദിക്ക് അതുല്യമായ സ്ഥാനമുണ്ട്. മൗദൂദി തന്റെ ഹൃദയ വിശാലത കാരണം സ്വഹാബികളുടെ അവലംബ യോഗ്യത, അഹ്ലുസ്സുന്നതിനോടുള്ള നിലപാട്, മുത്അയുടെ സാധ്യത എന്നീ വിഷയങ്ങളിൽ ശീഇൗ വീക്ഷണത്തിന്റെ സത്യസന്ധത അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.’’ (അൽ മുത്അ വൽ ഇസ്ലാം. നഖീ നഖ്വി).
ശിയാ മാഗസിന്റെ എഡിറ്റർ മൗദൂദിയെക്കുറിച്ച് പറയുന്നത് കാണുക. “മുസ്ലിം ലോകത്തിലെ പണ്ഡിതൻമാർ മൗദൂദിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മതരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പരേതൻ ധീരമായി സത്യം വ്യക്തമാക്കുകയും മുസ്ലിം എെക്യത്തിന് നില കൊള്ളുകയും ചെയ്തു. അദ്ദേഹത്തിന്റെ “ഖിലാഫത്തും രാജവാഴ്ച്ചയും’ എന്ന കൃതി എന്നെന്നും തന്റെ സ്മാരക ഗ്രന്ഥമായി നിലനിൽക്കും. അതിൽ മൗദൂദി മൂന്ന് ഖലീഫമാരെയും മുആവിയയെയും നിശിതമായി വിമർശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്ക് കുടിയേറിയവനാണെങ്കിലും പണ്ഡിത നിരയിൽ ഉന്നത സ്ഥാനം നേടിയ അദ്ദേഹം ജമാഅത്തിനെ ഉന്നതിയുടെ ഉത്തുംഗതയിൽ എത്തിച്ചു. മതപഠന ശാലകളിൽ ശിയാ വിദ്യാർത്ഥികൾക്ക് ശീഇൗ മത ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിനെ ഉസ്താദ് മൗദൂദി പിന്തുണച്ചിരുന്നു.
സുന്നികൾക്കും ശിയാക്കൾക്കുമിടയിൽ തർക്കം നിലനിൽക്കുന്ന വിഷയങ്ങളിൽ ശരിയായ വീക്ഷണം ഏതാണെന്ന് വ്യക്തമാക്കിയിരുന്ന അദ്ദേഹം വിഭാഗീയതയിൽ ഇടപെട്ടിരുന്നില്ല. മൗദൂദിയും തന്റെ പ്രസ്ഥാനവും ഇറാൻ വിപ്ലവത്തെ പിന്തുണക്കുക മാത്രമല്ല, ആയത്തുല്ലാ ക്വുമൈനിയെ അഭിനന്ദനങ്ങൾ അറിയിക്കാൻ ജമാഅത്ത് പ്രതിനിധികളടങ്ങുന്ന ഒരു സംഘത്തെ ഇറാനിലേക്ക് അയക്കുക കൂടിയുണ്ടായി. സയ്യിദ് മുർതസാ ഹുസൈന്റെ നേതൃത്വത്തിൽ ശിയാ പ്രതിനിധികൾ അദ്ദേഹത്തിന്റെ ജനാസയിൽ പങ്കെടുക്കുകയുണ്ടായി. മൗദൂദിയുടെ വിയോഗത്തിൽ അനുശോചിച്ച് കൊണ്ട് ആയത്തുല്ലാ ഖുമൈനി അയച്ച സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു. “സയ്യിദ് മൗദൂദി പാക്കിസ്ഥാന്റെ മാത്രമല്ല, മുസ്ലിം ലോകത്തിന്റെ മുഴുവൻ നേതാവായിരുന്നു. ലോകത്താകമാനം അദ്ദേഹം ഇസ്ലാമിക വിപ്ലവ ചിന്ത ഇളക്കി വിട്ടു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇറാനിൽ നടന്ന പോലെ ലോകത്തുടനീളം വിപ്ലവങ്ങൾ നടക്കുകയും ഇസ്ലാം വിജയിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മരണം മുഴുവൻ ലോകത്തിനും തീരാ നഷ്ടമാണ്. തന്റെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുക മുസ്ലിംകളുടെ ആവശ്യമാണ്.’’ (ശീഅഃ 1979 ഒക്ടോബർ).
ഇറാൻ ആത്മീയ നേതാവായിരുന്ന ആയത്തുല്ലാ ശരീഅത്ത് മദാരി പറയുന്നു. “മുഴുവൻ മുസ്ലിം ലോകവും ആദരിക്കേണ്ട ഒരു വ്യക്തിത്വമാണ് മൗദൂദിയുടേത്. ഇസ്ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകൾ അർപ്പിച്ച ദേഹമാണ് അദ്ദേഹം. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ പിന്തുണച്ചതു മൂലം ഇറാൻ ജനതയുടെ ഹൃദയം കവർന്നെടുത്ത അദ്ദേഹം ഇറാൻ യുവതയുടെ വിപ്ലവ ദീപമായിരുന്നു. ഇറാൻ മുഴുവൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു.’’ (ശിയാ മാഗസിൻ 1979 ഒക്ടോബർ).
ഹൃദയ താളമൊന്ന്, അഭിരുചിയൊന്ന്
അബുൽ അഅ്ലാ മൗദൂദിയുടെയും ഖുമൈനിയുടെയും ആത്മസൗഹൃദത്തെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി അംഗമായ ഖാഫിൽ കർനാൽവി ഉറുദുവിൽ അതീവ ഹൃദ്യമായ ഒരു കവിത എഴുതിയിട്ടുണ്ട്. അതിലെ ആശയങ്ങൾ ഇങ്ങനെ വായിക്കാം.
“രണ്ട് ജ്യോതിസ്സുകൾ, ഒന്നവിടെ ഒന്നിവിടെ
ദൈവനാമത്തിൽ ഇറാനും പാക്കിസ്ഥാനും ഒന്നിച്ചിരിക്കുന്നു
ഹൃദയവായ്പ് ഒന്ന് അഭിരുചിയൊന്ന്
അവിടെ ഖുമൈനി ഇവിടെയോ മൗദൂദി
ഇന്നലെ അവർ ഒരേ വചസ്സ്, ഇന്ന് ഒരേ മനസ്സ്
ഇറാൻ ബലിദാനികൾക്ക് എന്റെ നമോവാകം
ആത്മീയ സ്ഥലികൾക്ക് ഹൃദയ രക്തം പകർന്നവർ
ജ്വലിക്കുന്ന ചിന്തകൾ കൊണ്ട് വിരുന്നൂട്ടിയ വിശുദ്ധൻ ഖുമൈനി
ഇറാനിയൻ ചേതനകളെ യക്വീനിൽ ജ്വാല പടർത്തി
ഇന്ന് ഇറാനിലോ പാക്കിസ്ഥാനിലോ ഇരുളിന്റെ ഇടങ്ങളില്ല
എന്തെന്നാൽ, ഒരു സൂര്യനവിടെ, മറ്റൊന്നിവിടെ.
കടപ്പാട്: അൽ മജ്ലിസുൽ ആലമീ ലി സ്വിയാനത്തിൽ ഇസ്ലാം പാക്കിസ്ഥാൻ
1 thought on “മൗദൂദിയും ഖുമൈനിയും ഭായീ ഭായീ”
بارك الله فيكم، جزاكم الله خيرا لخدمة الإسلام والمسلمين