ഹസ്രത്ത് മുആവിയ (മൂന്ന്)
സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ
ഉയർന്ന സാമ്പത്തിക ശേഷിയും വിപുലമായ അധികാരപരിധിയും വൈവിധ്യമാർന്ന സാമ്പത്തിക വിനിമയ മാർഗങ്ങളുമുണ്ടായിരുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു മുആവിയ. തന്റെ മുൻഗാമികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രസ്തുത സാഹചര്യത്തിൽ അക്കാലത്ത് പിന്തുടർന്നു പോന്നിരുന്ന പല നിയമങ്ങളും അപര്യാപ്തമായിരുന്നു. പുതിയ സാഹചര്യങ്ങൾക്കും കാലത്തിനും അനുസൃതമായ ഒരു സാമ്പത്തിക നയം രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു.
തന്റെ മുൻഗാമികൾ അനുവർത്തിച്ചു പോന്ന സാമ്പത്തിക നയങ്ങൾ മുആവിയ(റ) ഉടച്ചു വാർത്തു. രാഷ്ട്രത്തിന്റെ വരുമാനം വ്യക്തികൾക്ക് മാത്രമായി നൽകി പോന്നിരുന്ന സമ്പ്രദായത്തിൽ നിന്നും അത് സാമൂഹ്യ പുരോഗതിക്കായി ചിലവഴിക്കാൻ തുടങ്ങി. അഥവാ പൊതുഖജനാവിലെ സമ്പത്ത് രാഷ്ട്ര നിർമ്മാണ പ്രക്രിയക്കും വികസന പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും വിനിയോഗിക്കാൻ തുടങ്ങി. തന്റെ മുൻഗാമികളുടെ കാലത്ത് പല മാർഗങ്ങളിലൂടെ പൊതുഖജനാവിൽ കുന്നുകൂടിയ സമ്പത്തുകളെല്ലാം പൗരന്മാർക്ക് വീതിച്ചു നൽകുകയായിരുന്നു.
ഉമർ(റ)ന്റെ കാലത്ത് പൊതുഖജനാവിൽ സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ അത് പൊതുമേഖലയിലേക്കും വികസന പദ്ധതികളിലേക്കും തിരിച്ചുവിടാൻ മാത്രം രാഷ്ട്രം നാഗരിക പുരോഗതി കൈവരിച്ചിരുന്നില്ല. അതിനാൽ അതെല്ലാം പൗരന്മാർക്കിടയിൽ വീതിച്ചു നൽകുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗമെന്നാണ് അദ്ദേഹം ഗ്രഹിച്ചത്. പൊതുഖജനാവിലെ സമ്പത്ത് വിതരണം ചെയ്യാനായി ഒരു വകുപ്പ് തന്നെ അന്ന് നിലവിൽ വന്നു. എന്നാൽ ജനങ്ങൾക്ക് പൊതുമുതൽ യഥേഷ്ടം വാരിക്കോരി നൽകുന്നതിലൂടെ അവരെ മടിയന്മാരാക്കുകയും തൊഴിലിലും കച്ചവടത്തിലും വിമുഖത കാണിക്കാൻ ഇട വരുത്തുകയും ചെയ്യുമെന്നും ഭരണതന്ത്രജ്ഞതയും നേതൃപാടവവും ഒത്തൊരുമിച്ച അബൂസുഫ്യാൻ(റ) അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. (ഫുതൂഹുൽ ബുൽദാൻ 440). അബൂ സുഫ്യാൻ(റ)ന്റെ നിലപാടിനെ എതിർത്തില്ലെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഉമർ(റ)ന്റെ മുമ്പിൽ കുമിഞ്ഞു കൂടിയ സമ്പത്ത് വിനിമയം ചെയ്യാൻ കൂടുതൽ വഴികളുണ്ടായിരുന്നില്ല.
ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് രാഷ്ട്രത്തിന്റെ സമ്പത്ത് തങ്ങളുടെ അവകാശമായി ശീലിച്ച ജനങ്ങൾ ഇതിന്റെ പേരിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പൊതുമുതൽ യഥേഷ്ടം ലഭിക്കണമെന്നും ഭരണകൂടത്തിന് ഇതിൽ ഇടപെടാൻ അവകാശമില്ലെന്നും വരെ ആളുകൾ ധരിച്ചുവശായി. ധനവിനിയോഗത്തിലുള്ള ഭരണകൂടത്തിന്റെ അവകാശങ്ങളിൽ കൈവെക്കുന്ന അവസ്ഥ വരെ സംജാതമായി. ഖലീഫക്കെതിരെ ജനങ്ങളെ വിശിഷ്യാ, പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവരെ തിരിച്ചുവിടുന്നതിൽ ശീഈ ചിന്താഗതിക്കു തുടക്കം കുറിച്ച ഇബ്നുസബഇന് വലിയ പങ്കുണ്ടായിരുന്നു. ഇയാളുടെ പ്രബോധനത്തിൽ ആകൃഷ്ടരായ ഈജിപ്തുകാരായ ഒരു സംഘം ഖലീഫ ഉസ്മാൻ(റ)നെ സന്ദർശിച്ചു ഖുർആനിലെ “അല്ലാഹു നിങ്ങൾക്ക് ഇറക്കി തന്ന ജീവിതമാർഗത്തെ നിങ്ങൾക്ക് വിലക്കുന്നതിന് അല്ലാഹുവാണോ നിങ്ങൾക്കതിന് അനുമതി നൽകിയത് അതല്ല, നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചതാണോ അത്.” (യൂനുസ് 57) എന്ന സൂക്തം ഉരുവിട്ടു കൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുകയുണ്ടായി. “മദീനക്കാർ ഔദാര്യം പറ്റുന്നില്ലേ എന്ന് വരെ ആളുകൾ ഖലീഫയെ ചോദ്യം ചെയ്യാൻ തുടങ്ങി” (ഇബ്നുഹിബ്ബാൻ 15/358). ചുരുക്കത്തിൽ രോഗാതുരമനസ്കരായ പലരെയും ഈ വിഭാഗം വലിയ കുഴപ്പത്തിലകപ്പെടുത്തുകയും ഭരണനിർവ്വഹണത്തിൽ വരെ കൈകടത്തുന്ന പ്രവണതക്ക് തുടക്കം കുറിക്കുകയും ചെയ്തു. രാഷ്ട്രം പൗരന്മാർക്ക് ഔദാര്യമായി ചെയ്തിരുന്ന പ്രസ്തുത കീഴ്വഴക്കത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനു പകരം അതൊരവകാശമായിക്കണ്ട് അത് കുറഞ്ഞുപോയതിന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച പ്രതിലോമ ശക്തികളുടെ നീക്കങ്ങളുടെ അപകടം തിരിച്ചറിഞ്ഞ ഖലീഫ ഉസ്മാൻ(റ) പ്രസ്തുത ദാനം നിർത്തലാക്കാൻ തീരുമാനിച്ചു. ‘കൃഷിഭൂമിയുള്ളവർ കൃഷി ചെയ്തു ജീവിക്കുക. കന്നുകാലികളുള്ളവർ പാൽ വിറ്റ് ഉപജീവനം തേടുക. നിങ്ങൾക്ക് നൽകാൻ നമ്മുടെ പക്കൽ ധനമില്ല. രാജ്യത്തിന്റെ പൊതുമുതൽ മുഹമ്മദ് നബിയുടെ അനുയായികളിൽപ്പെട്ട യോദ്ധാക്കൾക്കും വയോജനങ്ങൾക്കുമുള്ളതാണ്’ എന്നദ്ദേഹം പ്രസംഗപീഠത്തിൽ കയറി ജനങ്ങളോട് പ്രഖ്യാപിച്ചു. ഖലീഫക്കെതിരിലും ബനൂഉമയ്യക്കെതിരിലും കലാപകാരികളെ ഇളക്കിവിടാൻ ദൃഷ്ടശക്തികൾ ഇതുപയോഗപ്പെടുത്തി എന്നതായിരുന്നു അൽപം വൈകിപ്പോയ പ്രസ്തുത നടപടിയുടെ ദുരന്തഫലം.
തന്റെ മുൻഗാമികൾ പിന്തുടർന്നിരുന്ന സാമ്പത്തികനയം മുആവിയ(റ) ഉടച്ചുവാർത്തു അഥവാ സർക്കാർ ഖജനാവിലുള്ള സമ്പത്ത് വ്യക്തികൾക്ക് വിതരണം ചെയ്യുന്നതിന് പകരം സാമൂഹ്യനന്മക്കുപകരിക്കുംവിധം ചിലവഴിക്കുക എന്നതായിരുന്നു പ്രസ്തുത നയം. വിശദീകരിച്ചു പറയുകയാണെങ്കിൽ, പൊതുമുതൽ രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾക്കും അതിന്റെ ഭാഗമായ സൈനികാവശ്യങ്ങൾ സുരക്ഷാക്രമീകരണങ്ങൾ, നീതിന്യായ വ്യവസ്ഥ നടപ്പാക്കൽ, സാമൂഹ്യ സേവനപദ്ധതികൾ എന്നിവക്കായി നീക്കിവെച്ചു. ജനങ്ങളുടെ കൈകളിൽ സമ്പത്ത് യഥേഷ്ടം കുമിഞ്ഞു കൂടിയാലുണ്ടാകുന്നതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു വിഭാഗം വിധ്വംസക പ്രവർത്തനങ്ങൾക്കും അരാചകത്വം സൃഷ്ടിക്കുവാനുമാണ് പ്രസ്തുത സമ്പത്ത് ഉപയോഗപ്പെടുത്തിയത്. രാഷ്ട്ര വികസനത്തിനായി പൊതുമുതൽ ഉപയോഗിച്ചതിന്റെ ഗുണം ജനങ്ങൾക്ക് തന്നെയാണ് ലഭിച്ചത്. ഇതിന്റെ പേരിൽ ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെട്ടതുമില്ല. പൗരന്മാരുടെ സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതോടൊപ്പം, രാഷ്ട്രത്തിന്റെ ഖജനാവിലുള്ള ധനം ആത്യന്തികമായി പൗരന്മാരുടെ ക്ഷേമത്തിനുള്ളതാണെങ്കിലും പൗരന്മാരുടെ അവകാശങ്ങൾ കൊടുത്തു തീർത്തതിനു ശേഷം അതിന്റെ വിനിമയാവകാശം രാഷ്ട്രത്തിനുള്ളതാണ്. അതുകൊണ്ടാണ് ഈ ധനം നമ്മുടേതാണ് ഈ ആർജിത സമ്പത്ത് നമ്മുടേതാണ്. അത് നാം തീരുമാനിക്കുന്നവർക്ക് നൽകുകയും നാം നിശ്ചയിക്കുന്നവർക്ക് നിഷേധിക്കുകയും ചെയ്യും എന്ന് മുആവിയ(റ)യുടെ പ്രസ്താവനയുടെ താൽപര്യം അഥവാ പൊതുമുതൽ എങ്ങനെയാണ് വ്യയം ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നർത്ഥം. സൈനികരുടെ ശമ്പളം, ആയുധ നിർമ്മാണം, കപ്പൽ നിർമ്മാണം, നാവികസേനാ രൂപീകരണം, പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം, രഹസ്യനിരീക്ഷണ സംവിധാനം, കാർഷികാവശ്യങ്ങൾക്കുള്ള ജലസേചന സംവിധാനങ്ങൾ, ഭൂമി കൃഷിയോഗ്യമാക്കൽ, വിദ്യാഭ്യാസം, തപാൽ, നികുതി, മുദ്രണം എന്നിവക്കുള്ള ചിലവുകൾ, പണ്ഡിതന്മാർക്കുള്ള ശമ്പളം പള്ളിനിർമ്മാണത്തിനുള്ള ചിലവുകൾ തുടങ്ങി തന്റെ മുൻഗാമികളുടെ കാലത്ത് ഇല്ലാത്ത പുതിയ പലതരം ചിലവുകളും രാഷ്ട്രത്തിന്റെ ബാധ്യതയായിത്തീർന്നു. രാഷ്ട്ര വികസനത്തിന് അവർ ചിലവഴിച്ച തുകയുടെ ബാഹുല്യം അചിന്തനീയമാണ്. ഹിഷാം ഇബ്നു അബ്ദിൽ മാലികിന്റെ കാലത്ത് മൗസിലിലെ ഗവർണർ ട്രൈഗ്രീസ് നദിയിലെ ജലം കനാൽ വഴി ജലസേചനത്തിന് ചിലവഴിച്ചത് എണ്ണായിരം മില്ല്യൻ ദിർഹമായിരുന്നു. അമ്പതിനായിരം തൊഴിലാളികൾ ഇതിനായി കഠിനാധ്വാനം ചെയ്യുകയുണ്ടായി. എങ്കിലും സക്കാത്ത്, സദഖ, ഗനീമത്ത് തുടങ്ങിയ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നുള്ള ജനങ്ങളുടെ അവകാശം അവർക്ക് തന്നെ ലഭിച്ചു കൊണ്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾ ബാധിച്ചവർക്കും സ്ത്രീകൾക്കും നവജാത ശിശുക്കൾക്കുമുള്ള ക്ഷേമപദ്ധതികളും ഇതിനു പുറമെ നടപ്പാക്കിയിരുന്നു. മുആവിയ(റ) നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ സദ്ഫലങ്ങൾ രാഷ്ട്രത്തിനും ജനങ്ങൾക്കും നന്നായി പ്രയോജനപ്പെട്ടു. ഈയൊരർത്ഥത്തിലാണ് ധനം നമ്മുടേതാണ്. അഥവാ രാഷ്ട്രത്തിന്റെതാണ് ജനങ്ങൾക്ക് തോന്നിയത് പോലെ ചിലവഴിക്കാനുള്ളതല്ല അതെന്നും പൊതുനന്മ ലാക്കാക്കി അത് ചിലവഴിക്കുമെന്നും ഒരു പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. മുആവിയ(റ)യുടെ ഏകാധിപത്യ പ്രവണതയുടെ ഉദാഹരണമായാണ് ഒരു വിഭാഗം ഈ പ്രസ്താവനയെ കണ്ടത്. എന്നാൽ അദ്ദേഹം ഉദ്ദേശിച്ചത് അതായിരുന്നില്ല. അനുവദനീയവും ഐഹികവും അനിവാര്യവുമായ മാർഗങ്ങളിൽ, അതത് മേഖലകളിലെ വിദഗ്ധരുടെ നിർദ്ദേശ പ്രകാരമായിരുന്നു. പൊതുമുതൽ വിവിധ മേഖലകളിൽ ചിലവഴിച്ചിരുന്നത്. ഇത്തരം കാര്യങ്ങളിൽ അനുഭവ പാരമ്പര്യമോ, വൈദഗ്ധ്യമോ ഇല്ലാത്ത പൊതുജനങ്ങളെ ഇതേൽപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സമൂഹത്തിന്റെ വളർച്ചാ ഘട്ടത്തിൽ അവർക്കാവശ്യമായ ഇത്തരം പരിഷ്കാരങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കാൻ സാധിച്ചുവെന്നതത്രെ മുആവിയ(റ)ന്റെ നവോത്ഥാന പരിശ്രമങ്ങളുടെ കാതൽ.
എന്നാൽ മേൽപ്രസ്താവിച്ച മുആവിയ(റ)യുടെ പ്രഭാഷണത്തിൽ നിന്നുള്ള വരികൾ ഉദ്ധരിച്ച് മുആവിയ(റ) പൊതുമുതൽ തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്തുവെന്ന് പ്രചരിപ്പിക്കാറുണ്ട്. ഇതിന്റെ യാഥാർത്ഥ്യം എന്തെന്ന് നോക്കാം. ഒരു വിഷയത്തിൽ ഒരാൾ നടത്തിയ പ്രസ്താവന സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് പ്രചരിപ്പിച്ചാൽ ഏതൊരാളെയും നമുക്ക് കുറ്റവാളിയായി മുദ്ര കുത്താൻ സാധിക്കും. എന്നാൽ അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചാൽ യാഥാർത്ഥ്യം ബോധ്യപ്പെടുകയും ചെയ്യും. ഇതേ വിഷയത്തിൽ മുആവിയ(റ)യുടെ മറ്റൊരു പ്രസ്താവന അതിയ്യ ഇബ്നുഖൈസ് ഉദ്ധരിക്കുന്നത് ഇങ്ങനെ. പൊതുഖജനാവിൽ നിന്ന് നിങ്ങൾക്ക് നൽകുന്ന ഭാഗങ്ങൾ കഴിഞ്ഞ് മിച്ചം വരുന്നത് ഞാൻ നിങ്ങൾക്ക് വീതിച്ചു നൽകുന്നതാണ് വരുംവർഷങ്ങളിൽ മിച്ചം വരുന്നതും ഞാൻ നിങ്ങൾക്ക് വീതിച്ചു നൽകും. അതിനു സാധിച്ചില്ലെങ്കിൽ എന്നെ ആക്ഷേപിക്കരുത്. കാരണം അത് എന്റെ ധനമല്ല. അല്ലാഹു ഏൽപ്പിച്ച അവന്റെ ധനമാണ് (മിൻഹാജുസ്സുന്ന 6/234). ഈ ധനം നമ്മുടെതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ താൽപര്യം ഇതിൽ നിന്നും വ്യക്തമാണല്ലോ? പൊതുമുതലിന്റെ കൈകാര്യ കർതൃത്വത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ശറഇയ്യായ ഉത്തരവാദിത്തത്തോടു കൂടിയല്ലാതെ പൊതുമുതൽ കൈകാര്യം ചെയ്തിരുന്ന ആളായിരുന്നില്ല മഹാനായ മുആവിയ(റ).
എന്നാൽ തന്റെ മുൻഗാമികളെ പോലെ ഫഖീഹായ അദ്ദേഹവും മുൻകാലത്ത് ഇല്ലാത്ത ചില പ്രശ്നങ്ങളിൽ ഇജ്തിഹാദ് ചെയ്തിരുന്നു. മരണാസന്നഘട്ടത്തിൽ തന്റെ സമ്പത്തിന്റെ പകുതി പൊതുഖജനാവിലേക്ക് നൽകുവാൻ വസിയ്യത്ത് ചെയ്തത് സാമ്പത്തിക വിഷയത്തിലുള്ള അങ്ങേയറ്റത്തെ സൂക്ഷ്മതയെയാണ് വിളിച്ചോതുന്നത്. ധനവിനിമയ രേഖകളിൽ കൃത്രിമത്തം കാണിക്കുന്നത് തടയാൻ അവ മുദ്രണം ചെയ്യാനും അതിന് മുദ്രണ വിഭാഗവും അദ്ദേഹം ആവിഷ്ക്കരിച്ചു നടപ്പാക്കി. ഭരണ നിർവ്വഹണരംഗത്ത് ആധുനിക സർക്കാറുകൾ അവലംബിക്കുന്ന പല പരിഷ്കാരങ്ങളും ഉമവികൾ നടപ്പിൽ വരുത്തിയതാണെന്ന് കാണാം.
സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ
തന്റെ സുരക്ഷക്കായി നബി(സ) ചില നടപടികൾ സ്വീകരിച്ചിരുന്നതായി കാണാവുന്നതാണ്. പ്രബോധനത്തിന്റെ ആരംഭഘട്ടത്തിൽ പിതൃവ്യന്റെ സംരക്ഷണത്തിൽ കഴിഞ്ഞ നബി(സ) പിന്നീട് തന്നെ പിന്തുണച്ച വിവിധ ഗോത്രങ്ങൾക്കിടയിൽ താമസിച്ചു. മദീനയിലും തനിക്ക് ചില സുരക്ഷാക്രമീകരണങ്ങളുണ്ടായിരുന്നു. ആയിശ(റ) ഉദ്ധരിക്കുന്നു. നബി(സ) ഒരിക്കൽ ഉറക്കത്തിൽ നിന്നുണർന്നു കൊണ്ട് പറഞ്ഞു. എന്റെ സ്വഹാബികളിൽ പെട്ട നല്ലൊരാൾ എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ അപ്പോൾ ആയുധങ്ങളുടെ ശബ്ദം ഉണ്ടാക്കി ഒരാൾ കടന്നുവന്നു. ആരാണത് നബി(സ) ചോദിച്ചു. ഞാനാണ് താങ്കൾക്ക് കാവൽ നിൽക്കാൻ വന്നതാണ് സഅദ് ബിൻ അബീ വഖാസ് കടന്നുവന്നു കൊണ്ട് പറഞ്ഞു. പിന്നീട് നബി(സ) നന്നായി ഉറങ്ങുകയും അവിടുത്തെ കൂർക്കം വലി ഞങ്ങൾ കേട്ടു. (ബുഖാരി, മുസ്ലിം)
ഹുദൈഫ ഇബ്നുൽ യമാൻ നബി(സ)യുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു. ഹിജ്റ യാത്ര നബിയുടെ ആസൂത്രണ മികവിന്റെ ഉത്തമ ഉദാഹരണമാണ് രാഷ്ട്രത്തിനകത്തും പുറത്തു നിന്നുമുള്ള ശത്രുക്കളുടെ കുതന്ത്രങ്ങളെ നിരീക്ഷിക്കാൻ അബൂബക്റ്(റ)ന്റെ കാലം മുതൽ ചില സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എങ്കിലും സൂക്ഷ്മമായ ആസൂത്രണങ്ങളുടെ അഭാവം നിമിത്തം മൂന്ന് ഖലീഫമാരുടെ ജീവൻ അപഹരിക്കപ്പെട്ടു. പ്രസ്തുത സംഭവങ്ങളിൽ അതിയായി വേദനിച്ചുവെങ്കിലും, തന്റെ ഭരണകാലം വരെ കണിശമായ ഒരു സമീപനം സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അധികാരം കൈവന്നതിനു ശേഷം രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും സുരക്ഷക്കാവശ്യമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. അദ്ദേഹം നടപ്പിൽ വരുത്തിയ ഏതാനും സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ വായിക്കാം.
ഖലീഫയുടെ വീടിന്റെ കവാടത്തിൽ പാറാവുകാരെ നിയമിച്ചു. ഖലീഫക്ക് ജനങ്ങളെ കാണുന്നതിന് സമയ ക്രമീകരണത്തിനും സമയനഷ്ടം ഒഴിവാക്കാനും ഇതുപകരിച്ചു. ഖലീഫമാരെ ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയ മുൻ അനുഭവങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഒരേസമയം അലി(റ)യും അംറുബ്നുൽ ആസിന്റെ സുരക്ഷാഭടനും കൊല്ലപ്പെട്ടതും ഇതിന് പ്രചോദനമായി.
ഖലീഫക്ക് നമസ്കരിക്കാൻ പ്രത്യേക അറയും സുജൂദിന്റെ സമയത്ത് ശ്രദ്ധിക്കാൻ സുരക്ഷാഭടനെയും രാത്രി നിരീക്ഷണത്തിന് കാവൽക്കാരെയും നിയമിച്ചു.
ശത്രുക്കളുടെ നീക്കങ്ങൾ മണത്തറിയാൻ രഹസ്യാന്വേഷണ നിരീക്ഷകരെ നിയമിച്ചു. ഇസ്ലാമിക രാഷ്ട്രത്തെ തകർക്കാൻ തക്കം പാർത്തു കഴിഞ്ഞ ബാഹ്യശക്തികളെയും അഭ്യന്തര ശത്രുക്കളായ ഖവാരിജ്, ശിയാ വിഭാഗങ്ങൾ പോലുള്ള അഭ്യന്തര ശത്രുക്കളെയും വിമത ഗോത്രങ്ങളെയും ഒരേസമയം കൃത്യമായി പിന്തുടരാനുളഅള സംവിധാനങ്ങൾ ഒരുക്കി.
ശീഅത്തു അലിയിൽ പെട്ടവർ ഹുസൈൻ(റ)യുമായി നടത്തിയ കത്തിടപാടുകൾ ശ്രദ്ധയിൽപെട്ട അദ്ദേഹം ഹുസൈൻ(റ)ന് കാര്യം വിവരിച്ചു കൊണ്ട് ഇസ്ലാമിക സമൂഹത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ടു. (അൻസാബുൽ അശ്റഫ് 3/153). റോമാ ചക്രവർത്തിയുടെ മുമ്പിൽ വെച്ച് തന്റെ ഒരു സൈനികൽ ബന്ധിയായ മുസ്ലിമിന്റെ മുഖത്തടിച്ച സംഭവം മുആവിയ(റ)യുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്റെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് പ്രസ്തുത സൈനികനെ തന്റെ സവിധത്തിലെത്തിച്ച് പ്രസ്തുത സൈനികനെതിരിൽ പ്രതികാര നടപടികൾ സ്വീകരിച്ചു വിട്ടയക്കുകയുണ്ടായി. നിങ്ങളുടെ പരിവാരത്തിൽപെട്ടവരോട് വരെ പ്രതികാരം ചെയ്യാനുള്ള കഴിവ് ഇസ്ലാമിക ഭരണാധികാരിക്കുണ്ടെന്ന് നിന്റെ രാജാവിനോട് പറയണമെന്ന് അദ്ദേഹത്തോട് ആജ്ഞാപിക്കുകയുണ്ടായി. സംഭവമറിഞ്ഞ റോമാ സാമ്രാജ്യത്തിന്റെ അധിപന് മുആവിയ(റ)യെ കുറിച്ച് വലിയ മതിപ്പും ഭയവും ഉടലെടുത്തു.
ജനങ്ങൾക്ക് നേരിടുന്ന പ്രയാസങ്ങങളും അനീതികളും നേരിട്ടു പഠിച്ച് തന്നെ ബോധിപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആഭ്യന്തര തലത്തിൽ പ്രവർത്തിക്കുന്ന തീവ്ര നിലപാടുകാരെയും, സംഘങ്ങളെയും നിരീക്ഷിക്കാൻ മുആവിയ(റ) ചുമതലപ്പെടുത്തിയ രഹസ്യാന്വേഷണ സംവിധാനം മുഖേന കുറ്റവാളികളെ നിരീക്ഷിക്കാനും അവർക്കെതിരിൽ നടപടി സ്വീകരിക്കാനും സാധിച്ചു. ഇതു മുഖേന ഗവർണർമാരുടെയും ഉദ്യോഗ മേധാവികളുടെയും കാര്യപ്രാപ്തി മനസ്സിലാക്കാനും കഴിഞ്ഞു. ബാഹ്യശത്രുക്കളുടെ വിധ്വംസക നീക്കങ്ങളെ നേരിടാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. നയതന്ത്ര ചാരപ്രവർത്തനങ്ങളെ പ്രതിരോധിക്കാനും ഇത് മുഖേന സാധ്യമായി. (തുടരും)